UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജെട്ടി പാന്‍റ്സിന്റെ പുറത്തിടേണ്ടി വരുന്ന ഇന്ത്യൻ മുസ്ലീമിന്റെ ജീവിതം

Avatar

ഡി. ധനസുമോദ്

എറണാകുളം ടൗൺ ഹാളിൽ സൈന്‍സ് ഡോക്യുമെന്ററി ആന്‍ഡ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ സിനിമ കാണുന്നതിനിടയിൽ വൈബ്രന്റ് മോഡിൽ കിടന്ന ഫോൺ കുറേ നേരമായി പിടക്കുന്നു. ഫിലിം കാണുന്നതിനാൽ അറ്റൻഡ് ചെയ്തില്ല. ഒടുവിൽ നോക്കിയപ്പോൾ 13 മിസ്ഡ് കോൾ. അതും ഒരേ ഫോൺ നമ്പറിൽ നിന്ന്. ശബ്ദം പരമാവധി താഴ്ത്തി തിരിച്ചു വിളിച്ചു.  ചേർത്തലയിലെ മുസ്ലിം സുഹൃത്താണ്. സ്കൂളിൽ ഒരുമിച്ചു പഠിച്ചതാണ് എന്ന് പറഞ്ഞാണ് പരിചയം പുതുക്കിയത്. സംസാരിക്കുന്ന ആളുടെ ശബ്ദം വല്ലാതെ വിറക്കുന്നുണ്ട്. പിന്നീട് തിരിച്ചുവിളിച്ചാൽ മതിയോ എന്ന് ചോദിച്ചപ്പോൾ വളരെ അത്യാവശ്യം ഒരു കാര്യം സംസാരിക്കാനാണ്  എന്ന് പറഞ്ഞു. ഒടുവിൽ ഫോൺ ഹോൾഡ് ചെയ്തു പുറത്തിറങ്ങി.  

ഫേസ് ബുക്കിൽ ഒരു കമന്റ് ഇട്ടതു വലിയ കുഴപ്പമായി എന്ന് പറഞ്ഞാണ് അവൻ സംസാരം തുടങ്ങിയത്. പാക് അനുകൂലമായോ ഇന്ത്യവിരുദ്ധമായോ ഒന്നും എഴുതിയില്ല. ചിലരുടെ പോസ്റ്റ് കാണുമ്പൊൾ ഇവനൊക്കെ വിസര്‍ജ്ജിക്കുന്നതു പോലും ത്രിവർണത്തിൽ ആണോ എന്ന് തോന്നിപ്പോകും എന്ന കമന്റ് ആണ് കൂട്ടുകാരനെ കുഴപ്പത്തിൽ ചാടിച്ചിരിക്കുന്നത്. ഈ കമന്റ് സൈബർ പോലീസ് പരിശോധിക്കുകയാണെന്നു വിവരം ലഭിച്ചതാണ് പ്രശ്നമായത്. ഉടൻ തന്നെ കമന്റ് ഡീലിറ്റ് ചെയ്തു. പക്ഷെ പേടി മാറുന്നില്ല. എന്ത് ചെയ്യണം എന്ന് അറിയാൻ ആണ് വിളി. മുസ്ലിം പേരും ഇടതുപക്ഷക്കാരനും കൂടി ആകുമ്പോൾ ആകെ ഭയം തോന്നുന്നു എന്ന് അയാൾ പറഞ്ഞു. ത്രിവർണം എന്ന് പറഞ്ഞാൽ ഏതു നിറവും ആകാമല്ലോ ഈ കമന്റിന്റെ പേരിൽ ഭയപ്പെടേണ്ട എന്നും ആശ്വസിപ്പിച്ചു. കുറേ നാൾ ഫേസ്ബുക്കിൽ നിന്നും വിട്ടു നിൽക്കാൻ അയാൾ തീരുമാനിച്ചു. 

ഒരു ചെറുപ്പക്കാരന്റെ മാത്രം ഭയമല്ല, ദേശസ്നേഹം പരസ്യമായി പ്രകടിപ്പിക്കാത്തവർ പാക് അനുകൂലി ആണെന്ന തരത്തിൽ `സംഘി പോസ്റ്റുകൾ `സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഇക്കാലത്ത് ഇത്തരം ഭയം സ്വാഭാവികം. ഫേസ്ബുക്കിലെ മറ്റൊരു മുസ്ലിം സുഹൃത്തു ഷാഹു അമ്പലത്ത് പോസ്റ്റ് ആരംഭിക്കുന്നത് ഇങ്ങനെ ആണ്. “പ്രിയപ്പെട്ട സുഹൃത്തുക്കളെ ഇങ്ങനെയുള്ള ഒരു വേളയിൽ ഞാനൊരു ഇന്ത്യക്കാരനായതിൽ അഭിമാനിക്കുന്നു എന്ന് പറയുമ്പോൾ അത് ചിലപ്പോൾ രക്ഷപ്പെടാനുള്ള കുറുക്കു വഴി ആയി ഞാന്‍ പറയുന്നതായി ചിലപ്പോൾ തോന്നാം. രാജ്യത്തിന് വേണ്ടി ജീവിക്കാനും വേണ്ടിവന്നാൽ മരിക്കാനും ഞാന്‍ തയ്യാറാണ് എന്ന് എന്നെ അറിയുന്നവര്‍ക്ക് അറിയാം. കാരണം ഞാൻ എന്നും ഒരു ഇന്ത്യക്കാരനാണ്. നിങ്ങൾക് എന്റെ പഴയ പോസ്റ്റുകൾ നോക്കിയാൽ അത് ബോധ്യപ്പെടും. അതുകൊണ്ടു തന്നെ പറയട്ടെ Iam proud to b an Indian”. ഈ സുഹൃത്തിന് ഇങ്ങനെ എഴുതി തുടങ്ങേണ്ടി വന്നത് മറ്റൊന്നുംകൊണ്ടല്ല. വേറെ ആരോ ഷാഹുവിന്റെ പേരിൽ ഫേക്ക് ഐഡി ഉണ്ടാക്കി അതിൽ ഇന്ത്യ വിരുദ്ധ പോസ്റ്റ് ഇട്ടു. പിന്നെ പറയണോ പൂരം.  ഷാഹു പോലീസ് പിടിയിലായി. പൊതുസമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ഇടപെടലിനെ തുടർന്ന് നിരപരാധി ആണെന്ന് മനസിലായതോടെ ഷാഹുവിനെ പോലീസ് വെറുതെ വിട്ടു. രാജ്യദ്രോഹത്തോടൊപ്പം കൃത്രിമം, വഞ്ചന എന്നിവ ചെയ്ത  യഥാർത്ഥ പ്രതി ഇപ്പോഴും വിലസുന്നു. വ്യാജ പ്രൊഫൈൽ സൃഷ്ടിച്ചവൻ അടുത്ത ആളുടെ പേരിൽ പ്രൊഫൈൽ ഉണ്ടാക്കുന്ന തിരക്കിൽ ആയിരിക്കും.

ഷാഹുവിന്റെ പോസ്റ്റിൽ പിന്നീടുള്ള വരികളിൽ ഇങ്ങനെ കുറിക്കുന്നു; “എന്നാലും അള്ളാഹു എന്റെ കൂടെ ഉണ്ട്. ഒരേ സമയത്തുള്ള രണ്ടു പോസ്റ്റുകൾ നിങ്ങൾക്കു ഇവിടെ കാണാം. അത് വ്യക്തമാക്കുന്നത് ആരുടെയോ ഒരു കൈ കടത്തൽ ഉണ്ട് എന്നുള്ളതാണ്.എനിക്കെതിരെ ഈ പ്രവർത്തനം ആര് ചെയ്തത് ആയാലും മോശമായി പോയി. ഇത് ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരിക തന്നെ ചെയ്യും. നിങ്ങൾ എല്ലാവരും എനിക്കു പൂർണ പിന്തുണ തരണം എന്ന് വിനീതമായി ഞാൻ അപേക്ഷിക്കുന്നു.”

ഇതേ കുറിച്ച് അഷ്‌കർ പറയുന്നത് ഏറെ ശ്രദ്ധേയമാണ്. “ഉത്തരേന്ത്യയിൽ ആയിരുന്നെങ്കിൽ ഷാഹുവിന്റെ ഖബറിന് മുകളിൽ ഒരു മൈലാഞ്ചിച്ചെടി തളിരിട്ടു തുടങ്ങിയിട്ടുണ്ടാവും. കാരണം അവിടെ നുണ പ്രചരിപ്പിച്ച ഉടൻ വീട്ടിൽ കയറി അക്രമവും തുടങ്ങും. പോലീസിൽ പരാതിപ്പെട്ടാൽ സ്ഥിതി അതിനേക്കാൾ കഷ്ടമാണ്. പോലീസ് തന്നെ ഇരയെ സംഘികൾക്ക് വിട്ടു കൊടുത്ത് നിയമത്തെ കാറ്റിൽ പറത്തും.” 

അഷ്‌കർ, കേരളം അത്ര സുരക്ഷിതം ആണ് എന്ന് പറയാനാവില്ല. തുടക്കത്തിൽ സൂചിപ്പിച്ച സുഹൃത്ത് പോലീസ് നടപടികളേക്കാൾ ഭയപ്പെടുന്നത് അയാളുടെ കട തല്ലിപ്പൊളിക്കാൻ ഉയരുന്ന കുറിവടികളെ ആണ്. സിനിമ തുടങ്ങുന്നതിനു മുൻപേ ചിത്രാഞ്ജലി തീയറ്ററിൽ ദേശീയ ഗാനം ആരംഭിക്കുമ്പോൾ എഴുന്നേറ്റു നിൽക്കാത്തതു പോലും ദേശദ്രോഹമാകുന്ന കാലത്ത്, യുദ്ധത്തിനെതിരെ പറയുന്നത് പോലും പലർക്കും അസഹനീയമാകുന്ന കാലത്ത്, ദേശസ്നേഹത്തിന്റെ പുതപ്പു ചുറ്റാതെ എങ്ങനെ പുറത്തിറങ്ങും?

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍