UPDATES

വിദേശം

ഞങ്ങളിവിടെയുണ്ട്; ജപ്പാനിലെ യുദ്ധകാല ലൈംഗിക അടിമകള്‍ ആബെയോട്

Avatar

ആന്‍ഡി ഷാര്‍പ്പ്
(ബ്ലൂംബര്‍ഗ് ന്യൂസ്)

ജപ്പാന്‍ പ്രധാനമന്ത്രി ഷിനോസോ ആബെ അമേരിക്ക സന്ദര്‍ശനത്തിനൊരുങ്ങുമ്പോള്‍ തന്നെ ഇമ്പീരിയല്‍ സേനയുടെ ഒരു മുന്‍ലൈംഗിക അടിമ, രാജ്യത്തിന്റെ യുദ്ധ ചരിത്രവുമായി ബന്ധപ്പെട്ട് ആബെ നേരിടാന്‍ പോകുന്ന സംഘര്‍ഷത്തിന്റെ ഒരു ചെറിയ സൂചന നല്‍കുകയുണ്ടായി.

“എഴുപതു വര്‍ഷത്തിനു ശേഷവും ജാപ്പനീസ് ഗവണ്‍മെന്‍റ് അന്ന് സംഭവിച്ചത് നിഷേധിക്കുന്നു”, കിം ബോക്ക് ഡോംഗ് എന്ന 89കാരി പറയുന്നു. “യുദ്ധകാലത്ത് ജപ്പാന്‍ ചെയ്ത തെറ്റുകള്‍ പരിഹരിക്കാന്‍ ഇപ്പോഴും അവര്‍ ഒന്നും ചെയ്യുന്നില്ല. കഴിഞ്ഞകാലത്തെ തെറ്റുകള്‍ തിരുത്തി മാപ്പ് ചോദിക്കേണ്ട ഉത്തരവാദിത്തം ആബെയ്ക്കുണ്ട്.”

ജപ്പാന്റെ യുദ്ധ ഭൂതകാലം അമേരിക്കയിലെത്തുന്ന ആബെയെ വേട്ടയാടാന്‍ സാധ്യതയുണ്ട്. അമേരിക്കയില്‍ ഏതാണ്ട് 1.7 മില്യന്‍ കൊറിയന്‍ അമേരിക്കക്കാരാണ് ഉള്ളത്. ഈ പ്രശ്നം സജീവമാക്കി നിറുത്താനായി മറ്റൊരു യുദ്ധകാല ലൈംഗിക അടിമ സ്ത്രീ കൂടി വാഷിംഗ്‌ടണിലെത്തിയിട്ടുണ്ട്. ഇരുപത്തിനാല് അമേരിക്കന്‍ നിയമനിര്‍മ്മാതാക്കള്‍ ആബെയ്ക്ക് കത്തെഴുതുന്നതില്‍ “ചരിത്രസംഭവങ്ങള്‍ തിരിച്ചറിയാനും ആളുകളുടെ മുറിവുകള്‍ ഉണക്കാനും” ആഹ്വാനമുണ്ട്. ഒരു കോണ്‍ഗ്രസ് ജോയിന്റ് സെഷനില്‍ പങ്കെടുക്കുന്ന ആദ്യ ജാപ്പനീസ് പ്രധാനമന്ത്രിയാവും ആബേ.

കലാപകാലത്ത് ലൈംഗിക അടിമകളായ ആയിരക്കണക്കിന് സ്ത്രീകളില്‍ ഒരാളാണ് കിം. ഇവരില്‍ പലരും കൊറിയന്‍ സ്ത്രീകളാണ്. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിന് മുന്‍പ് ജപ്പാന്‍ ഈ വിഷയത്തെ അഭിസംബോധന ചെയ്യണമെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് ഗ്വെന്‍ ഹേ പാര്‍ക്ക്‌ പറഞ്ഞിരുന്നു. ഡിസംബറില്‍ ആബെ സ്ഥാനമേറ്റതിനുശേഷം ഒരു ബൈലാറ്ററല്‍ സമ്മിറ്റ് നടത്താന്‍ പാര്‍ക്ക് വിസമ്മതിച്ചിരുന്നു.

1940ലെ വസന്തകാലത്ത് ജപ്പാന്‍ കൊറിയയില്‍ അധിനിവേശം നടത്തിയ കാലത്താണ് അന്ന് പതിനാലുകാരിയായിരുന്ന കിം ജാപ്പനീസ് സേനയുടെ “വിശ്രമകേന്ദ്രത്തിലെത്തിയത്”. അതിനുശേഷം അവരെ ചൈന, ഹോങ്കോംഗ്, സുമാത്ര, ജാവ, മലേഷ്യ, സിംഗപൂര്‍ എന്നിവിടങ്ങളില്‍ കൊണ്ടുപോയി. 1947ല്‍ യുദ്ധമവസാനിച്ചു രണ്ടു വര്‍ഷം കൂടി കഴിഞ്ഞാണ് അവര്‍ സ്വന്തം നാട്ടില്‍ തിരിച്ചെത്തിയത്.

“ജാപ്പനീസ് പടയാളികള്‍ക്ക് കുപ്പായങ്ങള്‍ ഉണ്ടാക്കുന്ന ഒരു ഫാക്റ്ററിയില്‍ ജോലിയ്ക്ക് പോകുന്നു എന്നായിരുന്നു പറഞ്ഞിരുന്നത്.” കിം പറയുന്നു. “എന്നാല്‍ എത്തിയപ്പോഴാണ് ഫാക്റ്ററിയല്ല, ആണുങ്ങളെ പരിചരിക്കുന്ന ഒരിടമാണ് അതെന്നു മനസിലായത്. ഞങ്ങള്‍ വിടരാന്‍ കഴിയാതെ പോയ പൂക്കളെ പോലെയായിരുന്നു.”

ആഴ്ച ദിവസങ്ങള്‍ ശാന്തമായിരുന്നുവെന്നും ശനിയാഴ്ചകളില്‍ ഉച്ച മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ ആളുകള്‍ ക്യൂ നിന്നിരുന്നുവെന്നും ഞായറാഴ്ചകളില്‍ അത് രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ചുമണിവരെയായിരുന്നുവെന്നും കിം ഓര്‍ക്കുന്നു.

1993ല്‍ അന്നത്തെ മുഖ്യകാബിനറ്റ്‌ സെക്രട്ടറി യോഹെ കോനോ ജപ്പാന്റെ പട്ടാളസ്ത്രീ പീഡയുടെ പേരില്‍ മാപ്പ് പറഞ്ഞിരുന്നു. കോനോയുടെ മാപ്പിന്റെ പരിസരം എന്താണെന്ന് പിന്നീട് ആബെ ഭരണം അന്വേഷിക്കുന്നുണ്ടായിരുന്നു. ജപ്പാന്റെ മിലിട്ടറി വേശ്യാലയങ്ങളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിതരായ സ്ത്രീകളുടെ സാക്ഷ്യങ്ങളുടെ പേരിലാണ് മാപ്പുപറച്ചില്‍ സംഭവിച്ചത്. കോനോയുടെ നിലപാട് മുഖവിലയ്ക്കെടുക്കുന്നതായി ആബെയും പറഞ്ഞിരുന്നു.

വിശ്രമ-സ്ത്രീകളുടെ പ്രശ്നം അമേരിക്കയിലും കോളിളക്കം സൃഷ്ടിച്ചിരുന്നു. ഒരു അമേരിക്കന്‍ ചരിത്രപുസ്തകത്തിലെ വിവരങ്ങള്‍ തന്നെ “നടുക്കി”യെന്നു ആബെ ജനുവരിയില്‍ പറഞ്ഞു. ജപ്പാന്‍ രണ്ടുലക്ഷത്തോളം സ്ത്രീകളെയും പെണ്‍കുട്ടികളെയും പട്ടാള വേശ്യാലയങ്ങളില്‍ ജോലിചെയ്യാന്‍ നിര്‍ബന്ധിതരായി കൊണ്ടുവന്നുവെന്നും പിന്നീട് സത്യം മറച്ചുവയ്ക്കാനായി അവരെ കൊന്നുകളഞ്ഞുവെന്നുമാണ് പുസ്തകത്തില്‍ പറഞ്ഞിരുന്നത്.

ഒരു സംഘം ജാപ്പനീസ് ചരിത്രകാരന്‍മാര്‍ പ്രസാധകരായ മക്ഗ്രോഹില്ലിനോട് ഈ പുസ്തകം തിരുത്താന്‍ ആവശ്യപ്പെട്ടിരുന്നു.

“ടെക്സ്റ്റ്ബുക്ക് പ്രശ്നവും പരിഹരിക്കേണ്ടതുണ്ട്”, കിം പറയുന്നു. “കുട്ടികളെ പഠിപ്പിക്കുമ്പോള്‍ നിങ്ങള്‍ക്ക് ചരിത്രസംഗതികള്‍ മറച്ചുവെയ്ക്കാന്‍ പറ്റില്ല.”

സ്ത്രീകളെ നിര്‍ബന്ധിത വേശ്യാവൃത്തിക്ക് വിധേയരാക്കിയതാണോ അവര്‍ സ്വമേധയാ എത്തിയതാണോ എന്ന് ജപ്പാനില്‍ ഇപ്പോഴും ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. ലൈംഗിക അടിമകള്‍ എന്ന പ്രയോഗം അവരെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നത് ഉചിതമല്ല എന്ന് കാബിനറ്റ്‌ സെക്രട്ടറി യോഷിഹിടെ സുഗ സെപ്റ്റംബറില്‍ പ്രസ്ഥാവിച്ചിരുന്നു.

വീല്‍ചെയറില്‍ പത്രസമ്മേളനത്തിനെത്തിയ കിം ആ പ്രസ്താവനയെ കളിയാക്കി. താന്‍ ജപ്പാന്റെ ലൈംഗികഅടിമകളുടെ ഒരു ജീവിക്കുന്ന തെളിവാണെന്ന് കിം പറഞ്ഞു.

“തെളിവ് ഇവിടെയുണ്ട്. ഞാന്‍ ജീവനോടെയുണ്ട്. ഞാനാണ് തെളിവ്.”, കിം പറഞ്ഞു. “തെളിവില്ല എന്ന് പറയുന്നത് അസംബന്ധമാണ്.”

അഴിമുഖം യു ടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍