UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മഹാത്മ ഗാന്ധി ഒരു വംശവെറിയനായിരുന്നോ?

Avatar

അഴിമുഖം പ്രതിനിധി

മഹാത്മ ഗാന്ധി ഒരു വംശവെറിയനായിരുന്നോ?

ലോകം ഗാന്ധി ജയന്തി ആഘോഷിച്ചു കഴിഞ്ഞ ഈ വേളയില്‍ ഘാനയ്ക്ക് ഇതിന് ഉത്തരമുണ്ട്. മഹാത്മ ഒരു വംശവെറിയനാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു സംഘം പ്രൊഫസര്‍മാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഘാന സര്‍വകലാശാല കാമ്പസില്‍ സ്ഥാപിച്ചിരുന്ന മഹാത്മ ഗാന്ധിയുടെ പ്രതിമ നീക്കം ചെയ്യാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുകയാണ്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ പ്രതീകമായി കഴിഞ്ഞ ജൂണില്‍ ആക്രയിലെ ഘാന സര്‍വ്വകലാശാല കാമ്പസില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് ഗാന്ധി പ്രതിമ അനാവരണം ചെയ്തത്. എന്നാല്‍ പ്രതിമ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രൊഫസര്‍മാര്‍ നിവേദന പ്രചാരണം ആരംഭിക്കുകയായിരുന്നു. ഗാന്ധി ഒരു വംശവെറിയനാണെന്നും സര്‍വകലാശാല, ആഫ്രിക്കന്‍ വീരന്മാരുടെയും വീരവനിതകളുടെയും പ്രതിമകള്‍ക്കാണ് ‘മുന്‍ഗണനയും പ്രാധാന്യ’വും നല്‍കേണ്ടതെന്നും നിവേദനത്തില്‍ പറയുന്നു.

‘വളര്‍ന്നു വരുന്ന ഒരു യൂറേഷ്യന്‍ വന്‍ശക്തിയുടെ താല്‍പര്യങ്ങള്‍ക്ക് വിധേയമാകുന്നതിനേക്കാള്‍ നമ്മുടെ അന്തസിനായി നിലകൊള്ളുന്നതാണ് നല്ലത്’ എന്നും നിവേദനം ചൂണ്ടിക്കാണിക്കുന്നു. അഫ്രിക്കന്‍ കറുത്ത വര്‍ഗ്ഗക്കാരെക്കാള്‍ ‘തീര്‍ത്തും ശ്രേഷ്ഠരാണ്’ ഇന്ത്യക്കാര്‍ എന്ന് ഗാന്ധിയെഴുതിയ ഭാഗങ്ങളും നിവേദനത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്.

ചെറുപ്പകാലത്ത് ദക്ഷിണാഫ്രിക്കയില്‍ ജീവിച്ചിരുന്നപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ കറുത്ത വര്‍ഗ്ഗക്കാരോട് വംശവെറിയന്‍ സമീപനം പുലര്‍ത്തുക മാത്രമല്ല ഗാന്ധി ചെയ്തതെന്നും ഒരു പ്രാചീന സാമൂഹിക അധികാരശ്രേണിയും ഇപ്പോഴും ആ രാജ്യത്തിന്റെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ സ്ഥാനം നിര്‍ണയിക്കുന്നതുമായ ഇന്ത്യന്‍ ജാതി വ്യവസ്ഥ നിലനിര്‍ത്തുന്നതിനായി അദ്ദേഹം പ്രചാരണം നടത്തുകയും ചെയ്തതായി ആയിരത്തിലേറെപ്പേര്‍ ഒപ്പിട്ട നിവേദനത്തില്‍ ആരോപിക്കുന്നു. വിവാദത്തില്‍ ‘ആഴത്തിലുള്ള ഉത്കണ്ഠ’യുണ്ടെന്നും പ്രതിമയുടെ സ്ഥാനം മാറ്റി സ്ഥാപിക്കാന്‍ ആലോചിക്കുന്നതായും ഘാന വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

‘പ്രതിമയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വിവാദങ്ങള്‍ അവസാനിപ്പിക്കുന്നതിനുമായി ഘാന സര്‍വകലാശാലയില്‍ നിന്നും അത് മാറ്റി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു,’ എന്ന് മന്ത്രാലയം പറയുന്നു. ‘ഒരു മനുഷ്യനെന്ന നിലയിലുള്ള തെറ്റുകള്‍ മഹാത്മ ഗാന്ധിക്ക് ഉണ്ടായിരുന്നിരിക്കാമെങ്കിലും മനുഷ്യര്‍ തിരുത്തലുകള്‍ക്ക് വിധേയരാകാറുണ്ട് എന്ന കാര്യം നാം വിസ്മരിക്കരുത്.’ എന്നും.

ഭൂഖണ്ഡത്തിലെ കോളനിവല്‍ക്കരണത്തിന്റെ പൈതൃകത്തെയും വംശവെറിയുടെ ചരിത്രത്തെയും കുറിച്ച് വിദ്യാര്‍ത്ഥികള്‍ സംവാദങ്ങളില്‍ ഏര്‍പ്പെട്ടതോടെ, ആഫ്രിക്കന്‍ സര്‍കലാശാലകളിലെ പ്രതിമകള്‍ കടുത്ത വാദപ്രതിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. 1902-ല്‍ അന്തരിച്ച കുപ്രസിദ്ധ വംശവെറിയനും ഖനന വ്യവസായിയുമായിരുന്ന സിസില്‍ റോഡ്‌സിന്റെ പ്രതിമ കേപ് ടൗണ്‍ സര്‍കലാശാല കാമ്പസില്‍ നിന്നും നീക്കം ചെയ്യുന്നതിനുള്ള പ്രചാരണത്തില്‍ ദക്ഷിണാഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ വര്‍ഷം വിജയിച്ചിരുന്നു.

ഗാന്ധി ഒരു വംശവെറിയനായിരുന്നു എന്ന് സ്ഥാപിക്കുന്നതിനായി വിമര്‍ശകര്‍ ഉദ്ധരിക്കുന്ന അദ്ദേഹത്തിന്റെ ഒരു വാചകം ഇതാണ്: ‘വേട്ട തൊഴിലാക്കിയ, ഒരു ഭാര്യയെ കിട്ടുന്നതിനായി നിശ്ചിത എണ്ണം കന്നുകാലികളെ സമ്പാദിക്കുന്നവനും അതിനുശേഷം അലസനും നഗ്നനുമായി തന്റെ ജീവിതം തള്ളിനീക്കുന്നവനുമായ വെറും കാഫിറായി നമ്മളെ താഴ്ത്തിക്കെട്ടാന്‍ ആഗ്രഹിക്കുന്ന യൂറോപ്യന്‍മാര്‍ അടിച്ചേല്‍പ്പിക്കുന്ന അപമാനത്തിനെതിരായ ഒരു തുടര്‍ പോരാട്ടമാണ് നമ്മുടേത്.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍