UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിപിഎമ്മിന്റേത് അശാസ്ത്രീയ മാലിന്യസംസ്‌കരണം; ഇത് കുടിവെള്ളവും മുട്ടിക്കും

Avatar

ജോയ് ബാലകൃഷ്ണന്‍

വൈപ്പിന്‍ മുതല്‍ ബാംഗ്ലൂര്‍, മംഗലാപുരം വരെ ജനവാസ കേന്ദ്രങ്ങളില്‍ അതീവ അപകടകാരിയായ ഉയര്‍ന്ന മര്‍ദ്ദത്തില്‍ എല്‍. എന്‍. ജി. പൈപ്പ് ലൈനുകളും, റിയാക്റ്ററുകളും സ്ഥാപിക്കുവാന്‍ നമുക്ക് ഉന്നത സാങ്കേതികവിദ്യയും സാമ്പത്തികവുമുണ്ട്. പക്ഷെ, കേരളത്തിലെ മനുഷ്യാരോഗ്യത്തിന് വളരെ അത്യാവശ്യമായ മാലിന്യസംസ്‌ക്കരണം പ്രാവര്‍ത്തികമാക്കുവാന്‍ നമുക്ക് കഴിയുന്നില്ല. കാരണമെന്തെന്ന് പഠിക്കുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നത് ഇന്റലക്ച്വല്‍ കറപ്റ്റഡായ ചില വ്യക്തികളും ഉദ്യോഗസ്ഥരും നമ്മുടെ നേതാക്കളെ, പ്രത്യേകിച്ച് ഇടതുപക്ഷ നേതാക്കളെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണെന്ന് വ്യക്തമാകുന്നു.

മാലിന്യമെന്ന പ്രതിസന്ധി ഗുരുതരമായി നേരിട്ടുകൊണ്ടിരിക്കുമ്പോഴും സുരക്ഷിതമായ മാലിന്യ നിര്‍മാര്‍ജ്ജന മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനു പകരം തങ്ങളുടെ വിദേശ ഫൈനാന്‍സറുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കേരളത്തില്‍ വിപണി ഒരുക്കുകയാണ് ഇന്റലക്ച്വല്‍ കറപ്റ്റഡായ വ്യക്തികളും ഉപജാപക വൃന്ദങ്ങളും ശ്രമിക്കുന്നത്. അവര്‍ ജോസഫ് സി ജെഗ് കോണ്‍ക്രീറ്റില്‍ നിര്‍മിച്ച, വെറും 3000 രൂപ മാത്രം വില വരുന്ന ഡിസൈന്‍ രജിസ്ട്രേഡ് ഡിസൈന്‍ ആണെന്ന വ്യാജേന 10000 രൂപയ്ക്ക് വിറ്റുകൊണ്ടിരിക്കുന്നു. ഇവരുടെ ഗൂഢലക്ഷ്യങ്ങള്‍ സി.പി.എമ്മിനു തിരിച്ചറിയാനാകുന്നുമില്ല.

ഓരോ വീട്ടിലും ബയോഗ്യാസ് പ്ലാന്റുകളും പൈപ്പ് കമ്പോസ്റ്റും സ്ഥാപിക്കുന്ന തിരക്കിലാണ്. ഇതു പൂര്‍ണ്ണമായും നടപ്പിലാകുമ്പോള്‍ കേരളീയര്‍ ആരോഗ്യമുള്ള സമൂഹമായി ജീവിച്ചുകൊള്ളുമെന്നും അവരുടെ അന്തരീക്ഷവും കുടിവെള്ളവും സംരക്ഷിക്കപ്പെടുമെന്നും സിപിഎം കണക്കുകൂട്ടുന്നു. യഥാര്‍ത്ഥത്തില്‍ ഈ പദ്ധതി പൂര്‍ത്തിയാക്കപ്പെടുമ്പോള്‍ കുടിവെള്ളം പൂര്‍ണ്ണമായി നശിക്കുകയും അന്തരീക്ഷം രോഗാണുക്കളെക്കൊണ്ടു നിറയുകയുമാണ് ചെയ്യുക. ഉണ്ടാവുന്ന ഈ ഗുരുതര വിപത്തിനെ സിപിഎം കാണുന്നില്ല. തോമസ് ഐസക്കിന്റെ ‘ആദ്യത്തെ സമ്പൂര്‍ണ്ണ ശുചിത്വ വാര്‍ഡ്’ എന്ന മാതൃഭൂമിയിലെ ലേഖനത്തിനു മറുപടിയായി 5/2/2013ല്‍ മാതൃഭൂമിയില്‍ വന്ന സുധീഷ്‌ മേനോന്റെ ലേഖനത്തില്‍ ഇതേക്കുറിച്ചു കൂടുതല്‍ പ്രതിപാദിച്ചിട്ടുണ്ട്.

പരിശുദ്ധമായ വായു, മണ്ണ്, ജലം
ശുദ്ധവായുവും ശുദ്ധജലവുമാണ് ഒരു ജനതയുടെ പ്രാഥമമികാവശ്യം. ഇവ രണ്ടും ലഭിക്കണമെങ്കില്‍ ശുചിത്വമുള്ള പ്രകൃതിയും ശുചിത്വമുള്ള പരിസരവും വളരെ അത്യാവശ്യമാണ്. ലോകത്ത് എല്ലായിടത്തും കേരളത്തിലും നഗരങ്ങളില്‍ 100 വര്‍ഷങ്ങള്‍ മുന്‍പ് വരെ മണ്ണും വായുവും ജലവും മലിനീകരിക്കപ്പെടാത്തതായിരുന്നു, പരിശുദ്ധമായിരുന്നു.

ശ്രീനാരായണ ഗുരു നൂറുവര്‍ഷങ്ങള്‍ക്കു മുമ്പ് മാലിന്യം മനുഷ്യ സമൂഹത്തിനുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെ സംബന്ധിച്ച് സഗൗരവം ചിന്തിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ പഠിച്ചാല്‍ നമുക്ക് വ്യക്തമാകും. പഞ്ചേന്ദ്രിയങ്ങള്‍ വൃത്തിയാക്കിക്കൊണ്ട് രണ്ടുനേരം കുളിക്കണമെന്നും, വീട് രണ്ടുനേരം വൃത്തിയാക്കി ചന്ദനത്തിരി കത്തിക്കണമെന്നും ഗൃഹാന്തരീക്ഷത്തില്‍ മലമൂത്രവിസര്‍ജ്യങ്ങള്‍ ചെയ്യരുതെന്നും ശ്രീനാരായണ ഗുരു ജനങ്ങളെ ഉപദേശിക്കുന്നു. ശ്രീനാരായണഗുരു ഗൃഹാന്തരീക്ഷത്തില്‍ മലമൂത്രവിസര്‍ജ്ജനം നടത്താന്‍ പാടില്ലായെന്നാണ് ഉപദേശിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വരികളെ ദുര്‍വ്യാഖ്യാനം ചെയ്ത് മാലിന്യ സംസ്‌കരണം കൂടി ഗൃഹാന്തരീക്ഷത്തില്‍ നടത്താമെന്നാണ് ഇടതു ബുദ്ധിജീവികള്‍ ലേഖനങ്ങളെഴുതുന്നത്. 

നിലവിലെ ഉറവിട മാലിന്യ സംസ്‌കരണ പദ്ധതികള്‍ ജനങ്ങള്‍ക്കെതിരേയുള്ള വെല്ലുവിളിയാണ്. ഈ സംസ്‌കരണ രീതിയുടെ ഉത്പ്പന്നം ഭാവിയില്‍ ജനസമൂഹത്തിനു മേല്‍ പതിക്കുന്ന ഭീകര രോഗസഞ്ചയങ്ങളാണ്.

ജൈവവസ്തു ജീര്‍ണ്ണനവും രോഗാണുക്കളും 
മനുഷ്യാരോഗ്യത്തിന് വളരെ ഹാനികരമായ രോഗാണുക്കളും സൂക്ഷ്മജീവികളും ജൈവവസ്തു ജീര്‍ണ്ണനത്തിനുവേണ്ടി മനുഷ്യാവിസര്‍ജ്യങ്ങളിലടക്കമുളള ജൈവവസ്തുക്കളില്‍ സ്വയം ജനിക്കുന്നുണ്ട്. സൂക്ഷ്മജീവികളുടെയും രോഗാണുക്കളുടെയും എല്ലാം പ്രവര്‍ത്തനഫലമാണ് ജൈവസ്തുക്കളുടെ ജീര്‍ണ്ണനം. മാലിന്യത്തില്‍ 80 ശതമാനവും ജൈവവസ്തുക്കളാണ്. മനുഷ്യാവാസകേന്ദ്രങ്ങളില്‍ ജൈവവസ്തുക്കളുടെ ജീര്‍ണ്ണനം അനുവദിക്കുന്നത് മനുഷ്യാരോഗ്യത്തിന് തികച്ചും ഹാനികരമാണ്.

‘സലമോണില’ രോഗാണു വായുവും ജലവും വഴിയും ‘ഇ കോളി’ രോഗാണു ജലവും വഴിയും മനുഷ്യരില്‍ എത്തുന്നു. ഇത് വൃക്കരോഗം, വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയിഡ് തുടങ്ങി മാരക വിപത്തുക്കള്‍ മനുഷ്യരില്‍ ഉണ്ടാക്കുന്നു. ‘ഇ കോളി’യുടെ സാന്നിധ്യമുള്ള ജലത്തില്‍ മനുഷ്യാരോഗ്യത്തിന് ഹാനികരമായ നൈട്രേറ്റുകളും ഓക്‌സൈഡുകളും എല്ലാവിധ രോഗാണുക്കളും ഉണ്ടായിരിക്കും.

മാലിന്യത്തിന്റെ സാമൂഹ്യ മനഃശാസ്ത്രം
വ്യക്തികള്‍ സ്വത്ത് സംരക്ഷിക്കും, അനാവശ്യ വസ്തുക്കള്‍ സംരക്ഷിക്കില്ലായെന്നത് സാമൂഹ്യ മനഃശാസ്ത്രമാണ്. വ്യക്തികള്‍ ചേര്‍ന്ന സമൂഹം ഉപേക്ഷിക്കുന്ന അനാവശ്യ വസ്തുക്കളായ മാലിന്യം സമൂഹാരോഗ്യത്തിന് തന്നെ ഹാനികരമാകുന്നതുകൊണ്ടാണ് മുന്‍തലമുറ മാലിന്യം ലോകത്ത് എല്ലായിടത്തും നഗരപിതാവിന്റെ സ്വത്തായി നിയമം വഴി പ്രഖ്യാപിച്ചിരിക്കുന്നത്. നമ്മുടെ കേരള മുന്‍സിപ്പല്‍ നിയമം 330 ലും നഗരമാലിന്യം നഗരപിതാവിന്റെ സ്വത്താണ്.

സജീവ നഗരജീവിതം
ശാസ്ത്രീയപഠനങ്ങളെല്ലാം വ്യക്തമാക്കുന്നത് മനുഷ്യന്‍ കേരളത്തില്‍ സജീവ നഗരജീവിതം തുടങ്ങിയിട്ട് 2000-ല്‍പരം വര്‍ഷമായി എന്നാണ്. മനുഷ്യവാസമുള്ളിടത്ത് സ്വാഭാവികമായും മാലിന്യവുമുണ്ടാകും. മുന്‍കാലത്ത് ലോകനഗരങ്ങളില്‍ നഗരപിതാവിന്റെ നേതൃത്വത്തില്‍ മനുഷ്യ വിസര്‍ജ്യങ്ങളടക്കം നഗരമാലിന്യം ശേഖരിച്ച് ജനവാസകേന്ദ്രങ്ങളില്‍ നിന്നകലെ സൂര്യപ്രകാശത്തില്‍ സംസ്‌കരിച്ച് ജൈവാവശിഷ്ടം കൃഷിക്ക് വളമായി ഉപയോഗിച്ചിരുന്നു. മേല്‍ നഗരങ്ങളില്‍ 100 വര്‍ഷങ്ങള്‍ മുന്‍പ് വരെ മണ്ണും വായുവും ജലവും ഇതുമൂലം മലിനീകരിക്കപ്പെടാത്തതായിരുന്നു. 

ശ്രീനാരായണഗുരു വ്യക്തമാക്കുന്നു- ”മനുഷ്യവാസമുള്ളിടത്ത് മലവും ശവവും ഉണ്ടാവും. ഇവ രണ്ടും ഒഴിവാക്കുക വലിയ പ്രയാസമാണ്. സകല ദിക്കിലും ദുര്‍ഗന്ധവും, രോഗങ്ങളുമുണ്ടാക്കും.”

പ്രശ്‌നപരിഹാരത്തിന് മാലിന്യവും മലവും വളമാക്കി – വളം ചെടിക്ക് നല്‍കി ചെടിയിലൂടെ ഭക്ഷ്യവസ്തുവായും, ചെടി ഉപയോഗിച്ച് ബാക്കി വരുന്ന വളം ജലത്തിലൂടെ മിനറല്‍സ് ആയും മനുഷ്യന് ലഭിക്കുന്നു. പ്രകൃതിയുടെ ഈ നൈട്രജന്‍ സൈക്കിള്‍ സിദ്ധാന്തം ശ്രീനാരായണഗുരു നൂറുവര്‍ഷങ്ങള്‍ക്കു മുമ്പ് വ്യക്തമാക്കിയിരുന്നു.

ശ്രീനാരായണഗുരു പരിതപിക്കുന്നു- ”മനുഷ്യ വിസര്‍ജ്യത്തിന്റെ ദുര്‍ഗന്ധം സഹിക്കില്ല. മൃഗങ്ങള്‍ക്കുപോലും ഇത്രയും നാറ്റമില്ല” .

ശ്രീനാരായണ ഗുരു സയന്‍സില്‍ വിശ്വസിച്ചിരുന്നു. ശുഭാപ്തി വിശ്വാസിയായ അദ്ദേഹം ശാസ്ത്ര സമൂഹത്തില്‍ (വിദേശികളൊ?) വിശ്വാസമര്‍പ്പിക്കുന്നു. അവര്‍ ദുര്‍ഗന്ധം അകറ്റാനുള്ള എന്തെങ്കിലും മരുന്ന് കണ്ടുപിടിക്കും എന്ന് വിശ്വസിക്കുന്നു. മരുന്ന് ദുര്‍ഗന്ധമകറ്റിയാല്‍ സുഖമായില്ലേ! ഈ ശാസ്ത്ര സമൂഹം കണ്ടുപിടിച്ച മാര്‍ഗ്ഗമാണ് സെപ്റ്റിക് ടാങ്ക് എന്ന ജൈവ ബോംബ്. 80 വര്‍ഷം കൊണ്ട് കേരളത്തിലെ 90 ശതമാനം കുടിവെള്ളവും ശാസ്ത്രത്തിന്‍റെ കണ്ടുപിടുത്തമായ ജൈവബോംബ് എന്ന സെപ്റ്റിക് ടാങ്ക് നശിപ്പിച്ചു. ഗുരുവിന്റെ വിശ്വാസപ്രകാരമുള്ള എന്തെങ്കിലും മരുന്ന് ഇന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ല.

സെപ്റ്റിക് ടാങ്കുകള്‍
സെപ്റ്റിക് ടാങ്കുകള്‍ മനുഷ്യജീവിതത്തിന്റെ ഭാഗമായത് അമേരിക്കയിലെ റൈറ്റ് സഹോദരന്മാര്‍ വിമാനം കണ്ടുപിടിച്ചതിന് ശേഷമാണ്. വ്യക്തമായി എഴുതിയാല്‍ 19-ാം നൂറ്റാണ്‍ിന്റെ ആദ്യകാലഘട്ടത്ത് യൂറോപ്യന്‍ രാജ്യങ്ങളിലെ വ്യാവസായിക നവോത്ഥാനത്തിന്റെ ഉത്പന്നങ്ങളാണ് സെപ്റ്റിക് ടാങ്കും അനുബന്ധ ഉപകരണങ്ങളും. ലോകം മുഴുവന്‍ ചുറ്റി സഞ്ചരിക്കുന്ന യൂറോപ്യന്മാര്‍ സെപ്റ്റിക് ടാങ്കും അനുബന്ധ ഉപകരണങ്ങളും ലോകമാകെ പ്രചരിപ്പിച്ചു.

സെപ്റ്റിക് ടാങ്കുകളുടെ കണ്ടുപിടുത്തത്തോടെ പ്രകൃതിയുടെ നിലനില്‍പ്പിന് അടിസ്ഥാനമായ നൈട്രജന്‍ സൈക്കിളിന്റെ തുടര്‍ച്ച അവസാനിക്കപ്പെടുകയും ജലമലിനീകരണത്തിന്‍ തുടക്കം ആരംഭിക്കുകയും ചെയ്തു. ലോകജനതയുടെ സെപ്റ്റിക് ടാങ്ക് വഴിയുള്ള മാലിന്യസംസ്‌കരണം സൃഷ്ടിക്കുന്നത് മനുഷ്യാരോഗ്യത്തിന് വളരെ ഹാനികരമായ രോഗാണുക്കളടങ്ങിയ മാലിനജലവും ഹരിതഗൃഹവാതകങ്ങളും. ലോകനഗരങ്ങളില്‍ 100 വര്‍ഷങ്ങള്‍ കൊണ്ട് 90% ജലം നശിക്കുകയും ചെയ്തു. അടുത്ത 100 വര്‍ഷം കഴിയുമ്പോള്‍ മലിനജലവിതാനം ഉയര്‍ന്ന-താഴ്ന്ന പ്രദേശങ്ങളില്‍ മണ്ണിനു മുകളില് എത്തിയെന്നു വരാം.

കേരള ജനതയുടെ പ്രാഥമികാവശ്യം
ശുദ്ധവായുവും ശുദ്ധജലവുമാണ് കേരള ജനതയുടെ പ്രാഥമമികാവശ്യം. ഇവ രണ്ടും ലഭിക്കണമെങ്കില്‍ ശുചിത്വമുള്ള പ്രകൃതിയും ശുചിത്വമുള്ള പരിസരവും വളരെ അത്യാവശ്യമാണ്. കേരളത്തിലെ പ്രകൃതിയും പരിസരവും ശുചിത്വമായി പരിപാലിക്കേണ്ട ചുമതല കഴിഞ്ഞ 14 വര്‍ഷമായി ശുചിത്വ മിഷനില്‍ നിക്ഷിപ്തമാണ്.

ശുചിത്വ മിഷന്റെ കഴിഞ്ഞകാല വീഴ്ച്ചകള്‍
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശുചിത്വമിഷന്റെ അമരത്ത് അദ്യമായി ഐ.എ.എസ് കാരെ ചുമതലപ്പെടുത്തി. കെ. വാസുകി ഐ.എ.എസ് ആണ് ഇപ്പോള്‍ അതിന്റെ ചുമതല വഹിക്കുന്നത്. കേരളത്തിലെ 90 ശതമാനം കിണറുകളും നദി അടക്കമുള്ള കുടിവെള്ള ജലസ്രോതസ്സുകളും ഇ കോളി എന്ന മാരക രോഗാണുമൂലം മലിനീകരിക്കപ്പെട്ടുവെന്ന് ശുചിത്വമിഷന്റെ കഴിഞ്ഞകാല വീഴ്ച്ചകള്‍ വ്യക്തമാക്കിക്കൊണ്ട് ഒരു നോട്ടീസ് പ്രസിദ്ധീകരിച്ചിരിക്കുന്നു. കേരളത്തില്‍ സെപ്ടിക് ടാങ്ക് സുരക്ഷിതമല്ല എന്നും 80% കുടിവെള്ളവും കേടുവന്നുകഴിഞ്ഞുവെന്നുമുള്ള റിപ്പോര്‍ട്ടുുകള്‍ പുറത്തുവന്നിട്ടുണ്ട്.

കേരളത്തിലെ കുടിവെള്ളം ഇ കോളി രോഗാണു മൂലം മലിനീകരിക്കപ്പെടാന്‍ പ്രധാന കാരണം കിണറുകളടക്കമുള്ള ജലസ്രോതസ്സുകളും, സെപ്റ്റിക് ടാങ്കും തമ്മിലുള്ള അകലക്കുറവാണെന്ന് കൂടി ശുചിത്വമിഷന്‍ വ്യക്തമാക്കുന്നു. വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയിഡ് തുടങ്ങി മാരക വിപത്തുക്കള്‍ നമ്മുടെ ഇളം തലമുറയെ വന്‍ ദുരന്തത്തിലേക്ക് ഉടനെ തള്ളിവിടുമെന്നും ഇപ്പോള്‍ മുന്നറിയിപ്പു നല്‍കുന്നു. കേരളമാണ് കുടിവെള്ളത്തില്‍ രോഗാണുക്കളും രാസവസ്തുക്കളും കലരുന്നതുകൊണ്ടാണ് ഏറ്റവും കൂടുതല്‍ വൃക്കരോഗികള്‍ ഉളള സംസ്ഥാനം.

കേരളത്തില്‍ കുടിവെള്ളം ഉത്പന്നമാക്കണമെന്ന എ.ഡി.ബി. വായ്പാവ്യവസ്ഥ പാലിക്കുവാന്‍ ഗവണ്‍മെന്റെ് സെപ്റ്റിക് ടാങ്കും, കുടിവെള്ളസ്രോതസ്സും തമ്മിലുള്ള ദൂരം 20 മീറ്ററില്‍ നിന്നും ഏഴര മീറ്ററായി 2007 ല്‍ കുറച്ചപ്പോള്‍ ശുചിത്വമിഷന്റെ ഭാഗത്തുനിന്നും കേരളത്തിന്റെ കുടിവെള്ളം നശിക്കുമെന്ന് സര്‍ക്കാരിനോ പൊതുജനങ്ങള്‍ക്കോ യാതൊരു മുന്നറിയിപ്പും നല്‍കിയില്ല. ഇത് ശുചിത്വ മിഷന്റെ വന്‍വീഴ്ച്ചയായി അക്കാലത്ത് വിദഗ്ദര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

കേരളത്തില്‍ വിദേശപണംകൊണ്ട് വിദേശികളുടെ ഉത്പന്നങ്ങള്‍ക്ക് വിപണിയൊരുക്കുന്നതിന് തന്ത്രങ്ങള്‍ മെനയുന്ന പരിഷത്തിന്റെ അനുഭാവികളാണ് കഴിഞ്ഞ 13 വര്‍ഷത്തെ ശുചിത്വമിഷന്റെ അമരക്കാര്‍ . ശുചിത്വമുള്ള പ്രകൃതിയും ശുചിത്വമുള്ള പരിസരവും പുനഃസൃഷ്ടിച്ച് ശുദ്ധവായുവും ശുദ്ധജലവും എങ്ങിനെ ലഭ്യമാക്കാമെന്ന് അവര്‍ക്ക് ചിന്തിക്കേണ്ട കാര്യമില്ല.

യൂറോ സ്റ്റാന്‍ഡേര്‍ഡ് ബയോഗ്യാസ് പ്ലാന്റുകളുടെ താപനില വ്യക്തമാക്കുന്ന കേരളത്തിലെ ജി.ഒ. (എം.എസ്) നം.39/എല്‍.എസ്.ജി.ഡി 11.02.2008 റീഡ് ജി.ഒ (ആര്‍.ടി) നം. 3498/07 എല്‍. എസ്.ജി.ഡി24/12/2007 തിരിച്ചറിയാന്‍ കഴിയാത്തവരാണ് ശുചിത്വപാലകരായ ശുചിത്വമിഷന്‍. കേരളത്തിന്റെ നഗരമാലിന്യ സംസ്‌കരണ ഡയറക്റ്റര്‍ കക്കൂസ് മാലിന്യവും നഗരമാലിന്യവും എന്തു ചെയ്യണമെന്നറിയാതെ പരിഹാരമാര്‍ഗ്ഗങ്ങളില്ലാതെ കുറേ ചോദ്യങ്ങളുമായി നില്‍ക്കുന്നു.

കേരളത്തിന്റെ മാലിന്യ സംസ്‌കരണം ഇതായിരിക്കണം
പ്രകൃതിയും പരിസരവും ശുദ്ധമായി നില നില്‍ക്കണമെങ്കില്‍ ആദ്യം പ്രകൃതിയുടെ നൈട്രജന്‍ സൈക്കിള്‍ നിലനില്‍ക്കേത് വളരെ അത്യാവശ്യമാണ്. പ്രകൃതിയിലെ പ്രത്യേകിച്ച് ജൈവസമൃദ്ധമായ കേരളത്തിലെ മാലിന്യ സംസ്‌ക്കരണത്തിന് പ്രകൃതിയിലെ നൈട്രജന്‍ സൈക്കിള്‍ പൂര്‍ത്തീകരിച്ചുകൊണ്‍ണ്ട് തന്നെ വേണം ഒരു ഉത്തമ മാതൃക സൃഷ്ടിക്കാന്‍.

1- ഒരു പ്രദേശത്തെ ഭൂമിശാസ്ത്രം അടിസ്ഥാനപ്പെടുത്തി 500 മുതല്‍ 2000 വീടുകളിലെ മനുഷ്യ വിസര്‍ജ്യം അടക്കമുള്ള മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിനുവേണ്ടി യൂറോ സ്റ്റാന്‍ഡേര്‍ഡ് ബയോഗ്യാസ്പ്ലാന്റ് സ്ഥാപിക്കുകയും ബയോഗ്യാസ് പ്ലാന്റില്‍ നിന്നും പുറത്തുവരുന്ന ബയോഗ്യാസ് ഉപയോഗപ്പെടുത്തി ലിക്വിഡ് മാന്യുര്‍ പാസ്ച്ചറൈസ് ചെയ്ത ശേഷം കൃഷിക്ക് ഉത്തമവളമായി ഉപയോഗിക്കുക. പാസ്ചറൈസേഷനു ശേഷം ബാക്കിവരുന്ന ബയോഗ്യാസ് ചുറ്റുവട്ടത്തെ 50 മുതല്‍ 200 കുടുംബങ്ങള്‍ക്കു പാചക വാതകമായി നല്‍കാനും കഴിയും.

2 നിലവിലുള്ള കെട്ടിടങ്ങളിലെ സെപ്റ്റിക് ടാങ്കുകളില്‍ നിന്ന് മലിനജലം പുറത്തേക്ക് ഒഴുകുന്നില്ലായെന്ന് ഉറപ്പുവരുത്തിയശേഷം സെപ്റ്റിക് ടാങ്കുകള്‍ നിറയുന്ന മുറയ്ക്ക് വാഹനങ്ങളില്‍ ശേഖരിച്ച് കേന്ദ്രീയ സംസ്‌ക്കരണശാലകളില്‍ കൊണ്ടുപോയി സംസ്‌കരിച്ച് ലിക്വിഡ് മാന്യുര്‍ പാസ്ച്ചറൈസ് ചെയ്ത ശേഷം കൃഷിക്ക് ഉത്തമവളമായി ഉപയോഗിക്കുക.

പ്രകൃതിയുടെ നൈട്രജന്‍ സൈക്കിള്‍ നിലനിര്‍ത്തിക്കൊണ്ട് മാലിന്യ സംസ്‌കരണവും കുടിവെള്ള സംരക്ഷണവും മാനവരാശിയുടെ നിലനില്‍പ്പിന് അത്യാവശ്യമാണ്. ആദ്യത്തെ സംസ്‌കരണപദ്ധതി പൊതു ഉടമസ്ഥതയില്‍ തുടങ്ങുന്നതാണ് ഉത്തമം. കെട്ടിട ഉടമസ്ഥരില്‍ നിന്ന് ഇതിനുവേണ്ട പണം കണ്ടെത്താം. പൊതുജനങ്ങള്‍ ഇതിനുവേണ്ടി പണം നല്‍കിയാല്‍ ഭാവിയില്‍ രോഗാണുക്കള്‍ ഇല്ലാത്ത ശുദ്ധവായുവും ശുദ്ധജലവും സ്വന്തം ഭൂമിയില്‍നിന്നു ലഭിക്കും, രോഗമില്ലാത്ത ജനങ്ങള്‍ക്ക് മരുന്നിന് വേണ്ട പണവും ലാഭിക്കാം. പദ്ധതി നടപ്പിലാക്കേണ്ടത് കേരളത്തിലെ എല്ലാ നഗരങ്ങളിലും, ഗ്രാമങ്ങളിലും വേരുകളുള്ള, ജൈവവളത്തെ നന്നായി അറിയുന്ന കൃഷി വകുപ്പ് ആയാല്‍ ഉത്തമം.

യൂറോ സ്റ്റാന്‍ഡേര്‍ഡ് ബയോഗ്യാസ്പ്ലാന്റ് സ്ഥാപിക്കാന്‍
വൈപ്പിന്‍കരയില്‍ എല്‍.എന്‍.ജി. ടാങ്കുകളില്‍ ഉയര്‍ന്ന മര്‍ദ്ദത്തില്‍ എത്തുന്ന ദ്രാവകരൂപത്തിലുള്ള അതിഭയങ്കര അപകടകാരിയായ വാതക പൈപ്പ്‌ലൈനുകള്‍ വൈപ്പിന്‍മുതല്‍ ബാംഗ്ലൂര്‍ മംഗലാപുരം വരെയും കൂടംകുളത്തെ ആണവ നിലയവും ജനവാസകേന്ദ്രങ്ങളിലാണ്. അവ സൃഷ്ടിക്കുന്ന ഭീതിയൊന്നും ബയോറിയാക്റ്ററുകളും അനുബന്ധ പൈപ്പ്‌ലൈനുകളും ജനവാസ കേന്ദ്രങ്ങളില്‍ സൃഷ്ടിക്കുന്നില്ല. ഈ രണ്ടു പദ്ധതികള്‍ക്കും ആവശ്യമായ ഉയര്‍ന്ന സാങ്കേതിക വിദ്യയും മുതല്‍ മുടക്കും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്ന ബയോറിയാക്റ്ററുകള്‍ സ്ഥാപിക്കാന്‍ ആവശ്യമില്ല.

കേരളത്തിനുണ്ടാകുന്ന സാമ്പത്തിക നേട്ടം
ഇടതുപക്ഷ നഗരസഭ തിരുവനന്തപുരം നഗരത്തില്‍ മാലിന്യ സംസ്‌കരണം അവസാനിപ്പിച്ച് മാലിന്യം കത്തിക്കല്‍ തുടങ്ങിയതിനു ശേഷം ശ്വാസകോശ രോഗങ്ങളുടെ മരുന്നുകളുടെ വില്പ്പന തിരുവനന്തപുരത്ത് 100 ശതമാനം വര്‍ദ്ധിച്ചതായി പ്രമുഖ മരുന്നു കമ്പനിയുടെ അകൗണ്ടന്റ് സാക്ഷ്യപ്പെടുത്തുന്നു. 

മാലിന്യം കലര്‍ന്ന കുടിവെള്ളം ഉപയോഗിക്കുന്നതുകൊണ്ടും വിഷരാസ വസ്തുക്കള്‍ കലര്‍ന്ന ഭക്ഷണം കഴിക്കുന്നതുകൊണ്ടും കേരള ജനത ഇന്ന് 20000 കോടി രൂപ പ്രതിവര്‍ഷം ഔഷധാരോഗ്യ മേഖലയില്‍ ചെലവിടുന്നുണ്ട്. നൈട്രജന്‍ സൈക്കിള്‍ പുനഃരാരംഭിച്ചുകൊണ്ടുള്ള മാലിന്യ സംസ്‌കരണം പ്രാവര്‍ത്തികമാക്കിയാല്‍ കേരള ജനതയ്ക്ക് ശുദ്ധജലവും ശുദ്ധമായ ഭക്ഷ്യവസ്തുക്കളും ലഭിക്കും. ഇതുമൂലം 5000 കോടി രൂപ പ്രതിവര്‍ഷം കേരള ജനതയ്ക്ക് സാമ്പത്തികലാഭമാകുമെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

(വെയ്സ്റ്റ് മാനേജ്‌മെന്റ് രംഗത്ത് ഇന്‍ഡസ്ട്രിയല്‍ അഡ്വൈസറായി പ്രവര്‍ത്തിക്കുകയാണ് ലേഖകന്‍)

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍