UPDATES

സിനിമ

ഓസ്കര്‍: കത്തോലിക്ക പുരോഹിതരുടെ ലൈംഗിക ചൂഷണ കഥ പറയുന്ന സ്‌പോട്ട്‌ലൈറ്റ് മികച്ച ചിത്രം

Avatar

മാര്‍ട്ടിന്‍ ബാരന്‍
(വാഷിങ്ടണ്‍ പോസ്റ്റ്)

മിക്ക വര്‍ഷവും അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിക്കുമ്പോള്‍ ശ്രദ്ധിച്ചിരിക്കാനും അതല്ലെങ്കില്‍ ഉറങ്ങാതിരിക്കാനെങ്കിലും ഞാന്‍ ശ്രമിക്കാറുണ്ട്. മിക്കവാറും ഞാന്‍ പരാജയപ്പെടുകയാണു പതിവ്.

ഞായറാഴ്ച രാത്രി എന്നാല്‍ ക്ഷീണത്തെ തോല്‍പിക്കാന്‍ മറ്റൊരു തത്തുല്യകാരണമുണ്ട്. സ്വാര്‍ത്ഥതാല്‍പര്യം, കൂടാതെ ഞാന്‍ ഡോള്‍ബി തിയറ്ററിനുള്ളിലുമായിരിക്കും.

ബോസ്റ്റണ്‍ അതിരൂപതയിലെ പുരോഹിതര്‍ ഒരു ദശകത്തോളം നടത്തിയ ലൈംഗികചൂഷണങ്ങള്‍ പുറത്തുകൊണ്ടുവന്നത് 2002ലെ ബോസ്റ്റണ്‍ ഗ്ലോബ് അന്വേഷണമാണ്. ഇതിന്റെ ആദ്യത്തെ ആറുമാസങ്ങളിലെ അന്വേഷണമാണ് ‘സ്‌പോട്ട്‌ലൈറ്റ്’ ബിഗ് സ്‌ക്രീനിലെത്തിക്കുന്നത്.

ആ അന്വേഷണത്തിനു തുടക്കമിട്ട പുതിയ എഡിറ്ററെന്ന നിലയില്‍ ലിയെവ് സ്‌ക്രൈബര്‍ എന്നെ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. വികാരരഹിതനും നര്‍മബോധമില്ലാത്തവനും മര്‍ക്കടമുഷ്ടിക്കാരനുമായ ഒരാളായാണ് എന്നെ ചിത്രീകരിച്ചിരിക്കുന്നത്. ഇതുകണ്ട എന്റെ പല പ്രഫഷണല്‍ സുഹൃത്തുക്കളും പെട്ടെന്നുതന്നെ എന്നെ തിരിച്ചറിയുന്നു. അടുത്ത സുഹൃത്തുക്കള്‍ക്ക് അത്ര പരിചിതനായ ഞാനല്ല അതെങ്കിലും.

ഗ്ലോബിന്റെ സ്‌പോട്ട്‌ലൈറ്റ് അന്വേഷണസംഘം പുറത്തുകൊണ്ടുവന്ന ലൈംഗികവിവാദം പിന്നീട് പലതലങ്ങളിലായി വളര്‍ന്നു. 14 വര്‍ഷങ്ങള്‍ക്കുശേഷവും ഇത്ര വലിയ തോതിലുള്ള ഒരു തെറ്റ് മറച്ചുവച്ചതിനെപ്പറ്റി കത്തോലിക്കാസഭ ചോദ്യങ്ങള്‍ നേരിടുന്നു. ഇത്തരം കുറ്റങ്ങള്‍ ഒഴിവാക്കാന്‍ എടുത്ത നടപടികളെപ്പറ്റിയും.

മികച്ച ചിത്രം ഉള്‍പ്പെടെ ആറ് ഓസ്‌കര്‍ നാമനിര്‍ദേശങ്ങളാണ് ചിത്രം നേടിയത്. മുഴുവന്‍ നാമനിര്‍ദേശങ്ങളിലും ചിത്രം വിജയിക്കട്ടെ എന്നു ഞാന്‍ ആഗ്രഹിക്കുന്നു. എങ്ങനെയാണ് മാധ്യമപ്രവര്‍ത്തനം നടക്കുന്നതെന്ന് ആധികാരികമായി ചിത്രീകരിച്ച എല്ലാവരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. എന്തുകൊണ്ട് ഇത്തരം മാധ്യമപ്രവര്‍ത്തനം ആവശ്യമാണെന്നതിന്റെ ഉത്തരവും ചിത്രം തരുന്നു.

ഒരു പ്രതിമയുടെ രൂപത്തിലെത്തുന്ന അവാര്‍ഡ് മികച്ച ചലച്ചിത്രത്തിനുള്ള ബഹുമാനമാണ്. ഈ ചിത്രത്തിനു ലഭിക്കുന്ന അംഗീകാരങ്ങള്‍ എനിക്ക് പ്രധാനപ്പെട്ടവയാണ്. അവ വിലയിരുത്തപ്പെടാന്‍ ഇനിയും കാലമെടുക്കും.

ചലച്ചിത്രം സ്വാധീനമുണ്ടാക്കിയാല്‍ അംഗീകാരങ്ങള്‍ വരും. മാധ്യമപ്രവര്‍ത്തനത്തില്‍ ഉടമകളും പ്രസാധകരും എഡിറ്റര്‍മാരും അന്വേഷണാത്മക പത്രപ്രവര്‍ത്തനം വീണ്ടും ഊര്‍ജിതമാക്കും. അവിശ്വാസികളായ പൊതുജനം ശക്തമായ മാധ്യമസ്ഥാപനങ്ങളും വ്യാപകമായ പ്രാദേശിക റിപ്പോര്‍ട്ടിങ്ങും നിലനില്‍ക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയും. നാമെല്ലാവരും അധികാരവും ശബ്ദവുമില്ലാത്തവരുടെ പരാതികള്‍ കൂടുതല്‍ കൂടുതല്‍ കേള്‍ക്കപ്പെടണമെന്നു മനസിലാക്കും. പ്രത്യേകിച്ച് ലൈംഗിക അതിക്രമത്തിനും മറ്റ് അക്രമങ്ങള്‍ക്കും ഇരകളായവരുടെ.

വിമര്‍ശകരുടെ അംഗീകാരത്തിനൊപ്പം സ്‌പോട്ട്‌ലൈറ്റ് മറ്റൊരു ചാരിതാര്‍ത്ഥ്യജനകമായ കാര്യം നേടിക്കഴിഞ്ഞു. ഇ മെയിലുകള്‍ വഴി, ട്വീറ്റുകളും ഫേസ്ബുക്ക് പോസ്റ്റുകളും വഴി, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്രേരണ നേടിയതായി അറിയിച്ചുകൊണ്ടിരിക്കുന്നു. ആവേശഭരിതരായതായും തൊഴിലില്‍ കൂടുതല്‍ ശക്തമായി ഉറച്ചുനില്‍ക്കാനുള്ള പ്രേരണ നേടിയതായും അറിയിക്കുന്നു. വളരെയധികം മുറിവുകളേറ്റ ഈ തൊഴില്‍മേഖലയില്‍ ഇത് ചെറിയ കാര്യമല്ല. ഇന്റര്‍നെറ്റില്‍ ദുരിതപൂര്‍ണമായ സാമ്പത്തികപ്രതിസന്ധി ഞങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാരുള്‍പ്പെടെ മിക്കവാറും എല്ലാവരില്‍നിന്നും വിമര്‍ശനം നേരിട്ട നാളുകളില്‍ ‘മാലിന്യ’മെന്നു വിളിക്കപ്പെട്ടിട്ടുണ്ട്.

ഒരു ജേണലിസ്റ്റ് എനിക്ക് ഇങ്ങനെ എഴുതി: ‘ ചലച്ചിത്രത്തിനു പ്രേരകമായ കഥ നാമെല്ലാം എന്തിനാണ് ഈ ജോലി ചെയ്യുന്നതെന്ന് നമ്മെ ഓര്‍മിപ്പിക്കുന്നു. എല്ലാ ദുഃഖങ്ങളും പ്രശ്‌നങ്ങളും അതിജീവിച്ച് നാം ഇതില്‍ നിലനില്‍ക്കുന്നത് എന്തിനാണെന്നും ഇത് കാണിച്ചുതരുന്നു.’

ഒരു മുന്‍നിര ദേശീയ പ്രസിദ്ധീകരണത്തിലെ ലേഖകന്‍ തന്റെ കുടുംബത്തോടൊപ്പമാണ് ചിത്രം കണ്ടത്. ‘ ഇപ്പോള്‍ ഞാന്‍ ‘കൂള്‍’ ആണെന്ന് മക്കള്‍ കരുതുന്നു.’

ചില പ്രസാധകരുടെ പ്രതികരണം ഹൃദയസ്പര്‍ശിയായിരുന്നു. പത്രത്തിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ചിത്രം കാണാനായി ഒരു പ്രസാധകന്‍ കലിഫോര്‍ണിയയില്‍ മുഴുവന്‍ തിയറ്ററും ബുക്ക് ചെയ്തു. മറ്റൊരാള്‍ ഫേസ്ബുക്കില്‍ ഇങ്ങനെ എഴുതി: ‘നിങ്ങളും സ്‌പോട്ട്‌ലൈറ്റ് ടീമും ഇത്തരം വിമര്‍ശനാത്മകമായ ജോലി എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന് എനിക്കു കാണിച്ചുതരുന്നു.’

പൊതുജനങ്ങളുടെ പിന്തുണയായിരുന്നു ഏറ്റവും കൃതാര്‍ത്ഥതയുണ്ടാക്കിയത്. ഒരാള്‍ ട്വിറ്ററില്‍ എഴുതി: ‘ സ്‌പോട്ട്‌ലൈറ്റ് കണ്ടു. നൈരന്തര്യമുള്ള മാധ്യമപ്രവര്‍ത്തനത്തിന് എത്ര അമ്പരപ്പുളവാക്കുന്ന നന്മ ചെയ്യാനാകുമെന്ന് വീണ്ടും മനസിലായി.’

എന്റെ തൊഴിലില്‍ ഉള്ള സമ്മര്‍ദം ഇല്ലാതാക്കാനോ ഇടയ്ക്കിടെ അനുഭവിക്കേണ്ടിവരുന്ന ശത്രുത ഇല്ലാതാക്കാനോ ഒരു ചലച്ചിത്രത്തിനാകില്ല.  അതിനുവേണ്ടിയല്ല എന്റെ അഞ്ച് സഹപ്രവര്‍ത്തകര്‍ക്കൊപ്പം – വാള്‍ട്ടര്‍ റോബിന്‍സണ്‍, മൈക്കല്‍ റെസെന്‍ഡെസ്, സാഷ ഫൈഫര്‍, മാറ്റ് കാരള്‍, ബെന്‍ ബ്രാഡ്‌ലി ജൂനിയര്‍ – ഈ ചിത്രത്തിന്റെ നിര്‍മാണത്തില്‍ സഹകരിച്ചത്. അത് പറയപ്പെടേണ്ട ഒരു കഥയാണെന്നു മാത്രമേ ഞാന്‍ കരുതിയുള്ളൂ. എന്തുകൊണ്ട് പറയപ്പെടേണ്ടതില്ല?

ഈ ആശയവുമായി ആരെങ്കിലും വരിക എന്നത് ഞങ്ങളെ അതിശയിപ്പിച്ചു. ഏഴു വര്‍ഷം മുന്‍പ് ചെറുപ്പക്കാരായ നിര്‍മാതാക്കള്‍ – നിക്കോള്‍ റോക്ലിനും ബ്ലൈ ഫോസ്റ്റും – ഗ്ലോബിന്റെ വാര്‍ത്താമുറിയില്‍ വന്നപ്പോള്‍ ഞങ്ങള്‍ അത്രയധികം ഇതേപ്പറ്റി ഉത്സുകരുമായിരുന്നില്ല. ഞങ്ങളുടെ കഥയ്ക്കുള്ള അവകാശവും ഞങ്ങളുടെ സഹകരണവും അവര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇത് എന്നെങ്കിലും നിര്‍മ്മിക്കപ്പെടുമെന്ന് ഞങ്ങള്‍ കരുതിയില്ല. അവരുടെ പ്രതിബദ്ധത ദൃശ്യമായിരുന്നെങ്കിലും. രണ്ടുവര്‍ഷം ഒന്നും നടക്കാതിരുന്നത് ആ സംശയത്തിനു ബലമേകി.

2011ല്‍ സ്റ്റീവ് ഗോലിന്റയും മൈക്കല്‍ ഷുഗറിന്റെയും ഉല്‍സാഹത്തില്‍ അനോണിമസ് കണ്ടന്റ് എന്ന കമ്പനി സംരംഭം ഏറ്റെടുത്തു. ടോം മക്കാര്‍ത്തിയെയാണ് സംവിധായകനായി തീരുമാനിച്ചിരുന്നത്. ജോഷ് സിങ്ങര്‍ എഴുത്തുകാരന്‍. അവസാനം ഒരു സിനിമ നിര്‍മിക്കപ്പെട്ടേക്കുമെന്ന തോന്നലുണ്ടായി.

ടോമും ജോഷും ഹൃദയഹാരിയായ ജോഡിയായിരുന്നു. ‘ ദ് സ്‌റ്റേഷന്‍ ഏജന്റ് ‘, ‘ വിന്‍ വിന്‍’, ‘ദ് വിസിറ്റര്‍’ തുടങ്ങി ആരാധിക്കപ്പെടുന്ന ചിത്രങ്ങള്‍ സംവിധാനം ചെയ്തയാളാണ് ടോം. യേലില്‍ കണക്കും സാമ്പത്തികശാസ്ത്രവും പഠിച്ചയാളാണ് ജോഷ്. ഹാര്‍വാര്‍ഡില്‍നിന്ന് നിയമബിരുദവും എംബിഎയും നേടി. മക്കിന്‍സ്‌കി ആന്‍ഡ് കമ്പനിയില്‍ ബിസിനസ് അനലിസ്റ്റായി ജോലി ചെയ്തശേഷം സ്വാഭാവികമായും തിരക്കഥാകൃത്താകാന്‍ തീരുമാനിച്ചു. ‘ ദ് വെസ്റ്റ് വിങ്’, ‘ ദ് ഫിഫ്ത് എസ്റ്റേറ്റ് ‘ എന്നിവയാണ് മുന്‍ചിത്രങ്ങള്‍.

ടോമും ജോഷും ഞങ്ങളുടെ ജോലിയെപ്പറ്റി ഒരു അന്വേഷണം ആരംഭിച്ചു. അങ്ങനെയൊന്ന് ഞാന്‍ നേരത്തെ കണ്ടിട്ടുണ്ടായിരുന്നില്ല. അവരുടെ ഗവേഷണം മികച്ചതായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, ഇരകള്‍, ബോസ്റ്റണ്‍ സമൂഹത്തിലെ മറ്റുള്ളവര്‍ എന്നിവരുമായി അന്തമില്ലാത്ത കൂടിക്കാഴ്ചകള്‍… എല്ലാം പുരോഹിതരുടെ ലൈംഗികപീഡനങ്ങളെപ്പറ്റി. ഗ്ലോബില്‍ സൂക്ഷിച്ചിട്ടുള്ള വാര്‍ത്തകള്‍ വായിച്ച അവര്‍ സൂക്ഷിക്കപ്പെട്ടിരുന്ന ഇ മെയിലുകള്‍ കണ്ടു. ആയിരക്കണക്കിന് കോടതിരേഖകള്‍ പരിശോധിച്ചു. എനിക്ക് അറിയാവുന്ന എല്ലാ കാര്യങ്ങളും ചോദിച്ചറിഞ്ഞു.

ഗ്ലോബില്‍ നടന്നതിനെപ്പറ്റി എനിക്കറിയാവുന്നതിനെക്കാള്‍ കൂടുതല്‍ ജോഷും ടോമും അറിഞ്ഞു. തിരക്കഥ വായിച്ചപ്പോഴാണ് പല കാര്യങ്ങളും ഞാന്‍ മനസിലാക്കിയത്. ജീവനക്കാരുടെ ഇടയില്‍ ഈ വാര്‍ത്ത പിന്തുടരുന്നതിനെ സംബന്ധിച്ചുണ്ടായിരുന്ന എതിര്‍പ്പിനെപ്പറ്റി എനിക്കറിയില്ലായിരുന്നു. ഗ്ലോബിന്റെ എഡിറ്ററായി ജോലി തുടങ്ങിയപ്പോള്‍ വാര്‍ത്താമുറിയില്‍ എനിക്ക് സോഴ്‌സുകളൊന്നും ഉണ്ടായിരുന്നില്ല. ആരും പിന്നീട് ഇതൊന്നും പറഞ്ഞുതന്നതുമില്ല.

അവര്‍ ഇത്രയധികം ജോലി ചെയ്തശേഷവും പദ്ധതി നടപ്പാകുമോ എന്ന കാര്യത്തില്‍ സംശയം നിലനിന്നു.

അശുഭാപ്തി വിശ്വാസിയാകുക എളുപ്പമായിരുന്നു. (1) കുട്ടികളോടും കൗമാരക്കാരോടുമുള്ള ലൈംഗിക അതിക്രമം ആര്‍ക്കായാലും വിഷമമുണ്ടാക്കുന്ന കാര്യമാണ്. (2) കത്തോലിക്കരെയും അവരുടെ ചര്‍ച്ചിനെയും ചലച്ചിത്രം വേദനിപ്പിക്കുമെന്ന അപകടം. (3) കഥാപാത്രങ്ങളിലും സംഭാഷണത്തിലും അധിഷ്ഠിതമായിരുന്നു ചലച്ചിത്രം. ആക്ഷനില്ല, സ്‌പെഷല്‍ ഇഫക്ടുകളില്ല. ചുരുക്കത്തില്‍ ഹോളിവുഡ് ഫോര്‍മുലയില്ല. (4) മാധ്യമപ്രവര്‍ത്തകര്‍ പൊതുവെ വെറുക്കപ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ അവരെപ്പറ്റിയുള്ള ചലച്ചിത്രങ്ങള്‍ക്ക് അധികം കാഴ്ചക്കാരുണ്ടാകാറില്ല.

അവസാന കാരണം മാരകമായിരുന്നു. കത്തോലിക്കര്‍ക്ക് ഇപ്പോള്‍ ജനപ്രിയനായ ഒരു മാര്‍പാപ്പയുണ്ട്. ഈ സമയത്ത് സഭയ്‌ക്കെതിരെ വിരല്‍ ചൂണ്ടുന്ന ചലച്ചിത്രം എങ്ങനെ നിര്‍മ്മിക്കാനാകും?

ചലച്ചിത്രനിര്‍മാണ മേഖലയെപ്പറ്റി എനിക്ക് ഒന്നുമറിയില്ലെന്നു തെളിയിക്കാനായി എല്ലാം ഒത്തുവന്നു. മൈക്കല്‍ റെസെന്‍ഡസായി വേഷമിട്ടതിന് മികച്ച സഹനടനുള്ള നാമനിര്‍ദേശം നേടിയ മാര്‍ക്ക് റഫലോയാണ് ആദ്യമായി കരാര്‍ ഒപ്പിട്ടവരില്‍ ഒരാള്‍. ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്കിടയില്‍ സ്‌പോട്ട്‌ലൈറ്റിന് സമയം കണ്ടെത്തി മാര്‍ക്ക്. ഞാന്‍ കേട്ടതും വായിച്ചതും അനുസരിച്ച് മാര്‍ക്കിന്റെ ഉല്‍സാഹമാണ് മറ്റ് വന്‍കിട അഭിനേതാക്കളെയും നിര്‍മാണത്തിനുവേണ്ട പണവും കൊണ്ടുവന്നത്.

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനുശേഷം കാര്യങ്ങള്‍ ദ്രുതഗതിയില്‍ നീങ്ങി. 2014 സെപ്റ്റംബര്‍ 12ന് വൈകിട്ട് ലിയെവിനെ കാണാനാകുമോ എന്ന് ടോം എന്നോടു ചോദിച്ചു. ലിയെവ് ഇക്കാര്യം ആവശ്യപ്പെട്ട് ഇ മെയിലും അയച്ചു. പിശുക്കി സംസാരിക്കുക മാത്രമല്ല നിര്‍ദേശങ്ങള്‍ തരികമാത്രം ചെയ്തുശീലമുള്ള ഒരാളെ കാണാന്‍ തയാറെടുത്തിരിക്കുകയായിരുന്നു താന്‍ എന്നാണ് ലിയെവ് പിന്നീട് പറഞ്ഞത്. എന്റെ ബഹുമാന്യത ഇങ്ങനെയായിരുന്നു!

രണ്ടുമണിക്കൂറോളം ഞങ്ങള്‍ സംസാരിച്ചു. സംസാരത്തിനിടെ ഇത് വെറുംകൂടിക്കാഴ്ചയല്ലെന്നും ഒരു നിരീക്ഷണ അവസരമാണെന്നും എനിക്കു തോന്നി. മനശാസ്ത്രഞ്ജന്റെ മുറിയിലേതുപോലെ. നിരീക്ഷണങ്ങള്‍ രഹസ്യമായിരിക്കില്ലെന്നു മാത്രം. അവ കോടിക്കണക്കിന് ആളുകളുടെ മുന്‍പില്‍ വെളിപ്പെടുത്തപ്പെടും.

പിന്നീട് ടോമും ഞാനും ഇ മെയിലുകളില്‍ സംസാരിച്ചു.

ടോം: എങ്ങനെയുണ്ടായിരുന്നു? എന്താണ് അഭിപ്രായം?

ഞാന്‍: അത് എങ്ങനെയുണ്ടായിരുന്നു എന്ന് അദ്ദേഹം കരുതുന്നു എന്നതാണ് പ്രധാനം. എന്നെ പൂര്‍ണമായി മനസിലാക്കാന്‍ കഴിഞ്ഞില്ല എന്ന് അദ്ദേഹത്തിന് നിരാശയുണ്ടായിക്കാണണം. അങ്ങനെ തോന്നുന്ന ആദ്യത്തെയാളല്ല ലിയെവ്.

ടോം: നന്നായി നടന്നെന്നാണ് അദ്ദേഹം കരുതുന്നത്. നിങ്ങളെ പൂര്‍ണമായി മനസിലാക്കാന്‍ കഴിഞ്ഞില്ലെന്നതില്‍ അദ്ദേഹം നിരാശനാണ്. പക്ഷേ നിരാശനാകുക എന്നത് ലിയെവിന്റെ ആകര്‍ഷണീയതയുടെ ഭാഗമാണ്.

പിന്നീട് ലിയെവ് മറ്റൊരു വിശദീകരണം തന്നു. തന്റെ ഭാഗം മനസിലാക്കാന്‍ വിഷമിക്കുകയായിരുന്നു അദ്ദേഹം.

2015 സെപ്റ്റംബര്‍ 14ന്  ടൊറന്റോ രാജ്യാന്തര ചലച്ചിത്രോല്‍സവത്തില്‍ പ്രിന്‍സസ് ഓഫ് വെയില്‍സ് തിയറ്ററിലാണ് മറ്റ് രണ്ടായിരം പേര്‍ക്കൊപ്പം ആദ്യമായി ഞാന്‍ ‘സ്‌പോട്ട്‌ലൈറ്റ് ‘ വലിയ സ്‌ക്രീനില്‍ കാണുന്നത്.

ചലച്ചിത്രം അതിശക്തമായിരുന്നു. ചലച്ചിത്രോല്‍സവം തുടങ്ങി അഞ്ചുദിവസം കഴിയുമ്പോള്‍ ചിത്രത്തിനിടയ്ക്കും അവസാനം ക്രെഡിറ്റ് കാണിക്കുമ്പോഴും കാണികളില്‍ നിന്നു കൈയടി നേടിയ ഏക ചലച്ചിത്രം സ്‌പോട്ട്‌ലൈറ്റാണെന്ന് ലോസ് ആഞ്ചലസ് ടൈംസ് എഴുതി. അഭിനേതാക്കളെ ടോം സ്‌റ്റേജിലേക്കു വിളിച്ചപ്പോഴും കാണികള്‍ കൈയടിച്ചു. പിന്നീട് ടോം ജേണലിസ്റ്റുകളെ സ്‌റ്റേജിലേക്കു വിളിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ജീവിതത്തില്‍ അപൂര്‍വമായ ഒന്നാണ് പിന്നീട് സംഭവിച്ചത്. സദസ് എണീറ്റുനിന്ന് ഞങ്ങളെ ആദരിച്ചു.

അത് വികാരനിര്‍ഭരമായ ഒരു നിമിഷമായിരുന്നു. ചലച്ചിത്രത്തിനു നിദാനമായ ജോലിയെപ്പറ്റി ഞാന്‍ ഓര്‍ത്തു. അതിന്റെ ഫലം ഇനി എത്രയധികമായിരിക്കും എന്ന് സങ്കല്‍പിച്ചു.  മാധ്യമപ്രവര്‍ത്തനം എന്തുകൊണ്ട് ആവശ്യമാണെന്ന് പൊതുജനം മനസിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. ഞാന്‍ കൂടി പങ്കാളിയായ ഈ രംഗത്തിന്റെ അപൂര്‍വത എന്നെ വിഷമിപ്പിച്ചു. ലൈംഗിക അതിക്രമം പോലെയുള്ള സങ്കടകരമായ ഒരു സംഭവം പ്രശസ്തിയിലും പപ്പരാസിയിലും റെഡ് കാര്‍പ്പെറ്റിലും വന്നെത്തിയിരിക്കുന്നു.

ചലച്ചിത്രം പൂര്‍ത്തിയായിവരുന്ന സമയത്ത് ഒരു ജേണലിസ്റ്റിന് ആധികാരികമല്ലാതായി തോന്നുന്ന എന്തെങ്കിലും ചിത്രത്തിലുണ്ടോ എന്ന് ടോം എന്നോടു ചോദിച്ചു. എനിക്ക് ഒന്നും കാണാനായില്ല. ‘എന്തിന്? അത് പ്രധാനമാണോ?’ എന്ന് ഞാന്‍ ചോദിച്ചു.

‘വളരെ’ എന്നായിരുന്നു ഉത്തരം.

ലോകമെമ്പാടുമുള്ള മാധ്യമപ്രവര്‍ത്തകര്‍ ഇതിനോടകം ചിത്രം കണ്ടുകഴിഞ്ഞിരുന്നു. അതേപ്പറ്റി പ്രതികരിക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തനം, പ്രത്യേകിച്ച് അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം എങ്ങനെയാണ് എന്നതിന്റെ തികച്ചും ആധികാരികമായ ചിത്രീകരണമാണിത് എന്നായിരുന്നു അഭിപ്രായങ്ങള്‍.

എന്നെപ്പറ്റിയുള്ള ചിത്രീകരണത്തില്‍ പരാതിക്ക് ഇടയില്ല. തിരക്കഥ എന്നെ ആദരിക്കുന്നു. ലിയെവ് സ്‌ക്രൈബറുടെ കുറ്റമറ്റ അവതരണവും.

മറ്റുള്ളവരുടെ കണ്ണിലൂടെ എന്നെ കാണാനുള്ള അവസരമായിരുന്നു ഈ ചലച്ചിത്രം. എന്നെ ഇത്ര കൃത്യമായി അവതരിപ്പിക്കാനായത് എങ്ങനെ എന്ന് ഈ വര്‍ഷം ആദ്യം സാഷ ലിയെവിനോടു ചോദിച്ചു. ‘വികാരപരമായി വളരെ അകലം സൂക്ഷിക്കുന്ന’ ‘ വളരെ ദൂരെ നില്‍ക്കുന്ന’ ഒരാളുമായി വളരെക്കുറച്ചുമാത്രം പരിചയം കൊണ്ട് ഇത് എങ്ങനെ സാധിച്ചു എന്ന്.

അടുത്ത സുഹൃത്തുക്കള്‍ എന്നെപ്പറ്റിയുള്ള ചിത്രീകരണത്തില്‍ ചില കാര്യങ്ങള്‍ വിട്ടുപോയതായി കണ്ടെത്തി. എനിക്കുവേണ്ടി ഫേസ്ബുക്കില്‍ വാദിക്കാന്‍ ഒരാള്‍ തയ്യാറായതില്‍ ഞാന്‍ അതിശയിക്കുന്നു. എന്റെ ‘ എളുപ്പത്തില്‍ ഒത്തുപോകാനുള്ള കഴിവും നര്‍മബോധവും’ ചിത്രത്തിലില്ല എന്നായിരുന്നു അവര്‍ പറഞ്ഞത്. ‘ മാര്‍ട്ടിയുടെ കഥാപാത്രം ചിത്രത്തില്‍ ഒന്നു പുഞ്ചിരിക്കുകപോലും ചെയ്യുന്നില്ല. പക്ഷേ, യഥാര്‍ത്ഥ ജീവിതത്തില്‍ ഫലിതപ്രിയനാണ് മാര്‍ട്ടി.’

ബോസ്റ്റണ്‍ ഗ്ലോബിലെ ആദ്യമാസങ്ങള്‍ എനിക്ക് ബുദ്ധിമുട്ടേറിയതായിരുന്നു എന്നതാണ് സത്യം. എന്റെ പെരുമാറ്റം അത് പുറത്തുകാണിച്ചിരുന്നില്ലെങ്കിലും. ആ സമയത്ത് വാര്‍ത്താമുറിയിലെ അന്തരീക്ഷം ‘ സന്തോഷകരമല്ലാത്ത മികവിനു വേണ്ടിയുള്ള തിരച്ചിലാ’യിരുന്നു എന്നാണ് അന്ന് ഒരു റിപ്പോര്‍ട്ടര്‍ പറഞ്ഞത്.

രണ്ടുപേരൊഴികെ പത്രത്തിലെ ഒരാളെയും പരിചയമില്ലാതെയാണ് ഞാന്‍ അവിടെയെത്തുന്നത്. ബോസ്റ്റണില്‍ത്തന്നെ വര്‍ഷങ്ങളായി ഞാന്‍ കാണാത്ത ദമ്പതികള്‍ മാത്രമായിരുന്നു എന്റെ പരിചയക്കാര്‍. ‘പുതിയ ആള്‍’ എന്നല്ല ‘പുറംനാട്ടുകാരന്‍’ എന്നാണ് നഗരത്തില്‍ ഞാന്‍ അറിയപ്പെട്ടത്. എനിക്കു ലഭിച്ച ഉന്നത പദവി വേണമെന്ന് നാല് കഴിവുറ്റ ആളുകള്‍ ആഗ്രഹിച്ചിരുന്നു. ഇവര്‍ക്ക് എന്നോട് റിപ്പോര്‍ട്ട് ചെയ്യുന്നവരായി ജോലി ചെയ്യേണ്ടിവന്നു.

സഭാ അന്വേഷണം മുതല്‍ മാധ്യമപ്രവര്‍ത്തനം തന്നെ വളരെ ഗൗരവമായ ഒന്നായി മാറി. ഞാന്‍ വന്ന് ആറാഴ്ചയ്ക്കകമായിരുന്നു 9/11.  ദിവസങ്ങള്‍ക്കകം ആന്ത്രാക്‌സ് വന്നു. എല്ലാവര്‍ക്കും സംഘര്‍ഷം നിറഞ്ഞ കാലമായിരുന്നു. എനിക്ക് ഏകാന്തത നിറഞ്ഞതും.

സന്തോഷകരമെന്നു പറയട്ടെ, കാര്യങ്ങള്‍ മെച്ചപ്പെട്ടു. ഗ്‌ളോബിലെ എന്റെ പതിനൊന്നര വര്‍ഷങ്ങള്‍, സഹപ്രവര്‍ത്തകര്‍, ബോസ്റ്റണില്‍ എനിക്കുണ്ടായ സുഹൃത്തുക്കള്‍ എല്ലാം എനിക്കു നിധിപോലെയാണ്.

സ്‌പോട്ട്‌ലൈറ്റ് ഒരു ചലച്ചിത്രമാണ്, വാര്‍ത്താചിത്രമല്ല എന്ന് ഓര്‍ക്കുന്നതു നല്ലതാണ്. ഗ്ലോബിന്റെ അന്വേഷണം എങ്ങനെയാണ് നടന്നത് എന്നതിനോട് വിശാല അര്‍ത്ഥത്തില്‍ ചിത്രം നീതി പുലര്‍ത്തുന്നു. എന്നാല്‍ അത് എല്ലാ സംഭാഷണത്തിന്റെയും കൂടിക്കാഴ്ചയുടെയും സ്റ്റെനോഗ്രാഫിക് വിവരണമല്ല. രണ്ടുമണിക്കൂര്‍ നീളുന്ന ഒരു ചലച്ചിത്രത്തിനുവേണ്ടി ജീവിതം കൃത്യമായി കഥാപാത്രങ്ങളെയും പ്രമേയങ്ങളെയും പ്രശ്‌നങ്ങളെയും അവതരിപ്പിക്കുന്നില്ല.

ഞാന്‍ ഏറ്റവുമധികം കേട്ട ചോദ്യത്തിനുത്തരം ഇതാണ്. കര്‍ദിനാള്‍ ബെര്‍നാര്‍ഡ് ലോയുടെ വസതിയില്‍നിന്നു പോരുമ്പോള്‍ അദ്ദേഹം എനിക്ക് വേദപുസ്തകം തന്നു. അതേ പുസ്തകമാണ് ചിത്രത്തിലുള്ളത്. എന്നാല്‍ ചലച്ചിത്രത്തിലെ രംഗാവതരണം കുറച്ചുകൂടി മെച്ചമാണ്. ഞങ്ങളുടെ സംഭാഷണം ഇരുവരും ഒഴിവാക്കാന്‍ ആഗ്രഹിച്ച ഒരു വിഷയത്തിനു ചുറ്റുമായിരുന്നു – ഗ്ലോബിലെ അന്വേഷണം.

ചിത്രത്തില്‍ ഇല്ലാത്തതും ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നതുമായ ഒരു കാര്യം എന്താണെന്ന ചോദ്യവും ചോദിക്കപ്പെട്ടു. ഉത്തരം ഇതാണ് – വര്‍ഷങ്ങള്‍ക്ക് അണയ്ക്കാന്‍ കഴിയാത്ത എന്റെ ക്ഷോഭം.

2002ല്‍ ഹാര്‍വാര്‍ഡ് ലോ പ്രഫസര്‍ മേരി ആന്‍ ഗ്ലെന്‍ഡന്‍ ഒരു കത്തോലിക്കാ കോണ്‍ഫറന്‍സില്‍ നടത്തിയ പ്രസംഗമാണ് പരാമര്‍ശ വിഷയം. മേരി പിന്നീട് വത്തിക്കാനിലെ യുഎസ് സ്ഥാനപതിയായി. അവര്‍ പറഞ്ഞത് ഇങ്ങനെയാണ്: ‘ കൃത്യതയും ന്യായവും അനുസരിച്ചുപറയുകയാണെങ്കില്‍ ബോസ്റ്റണ്‍ ഗ്ലോബിന് പുലിറ്റ്‌സര്‍ സമ്മാനം കൊടുക്കുക എന്നത് ഒസാമ ബിന്‍ ലാദന് നോബല്‍ സമ്മാനം കൊടുക്കുന്നതുപോലെയാണ്.’

ഞങ്ങളുടെ അന്വേഷണത്തിനു മുന്‍പും അതിനുശേഷവും സഭ സ്വീകരിച്ച നിഷേധാത്മക നിലപാടിനെപ്പറ്റിയുള്ള സാക്ഷ്യപത്രമായിരുന്നു ആ പ്രസംഗം.

ഗ്ലോബിന്റെ അന്വേഷണം നീതിയുക്തവും കൃത്യവുമാണെന്നു തെളിഞ്ഞു. വളരെ മുന്‍പേ നടക്കേണ്ടതുമായിരുന്നു അത്. 2003ല്‍ അന്വേഷണത്തിന് പുലിറ്റ്‌സര്‍ പുരസ്‌കാരം ലഭിച്ചു. ‘ പുരോഹിതരുടെ ലൈംഗിക ചൂഷണത്തെപ്പറ്റിയുള്ള ധീരവും സമഗ്രവുമായ റിപ്പോര്‍ട്ട്, രഹസ്യങ്ങളില്‍ ചുഴിഞ്ഞിറങ്ങിയ, പ്രാദേശിക, ദേശീയ, രാജ്യാന്തര പ്രതികരണങ്ങളുണ്ടാക്കിയ, റോമന്‍ കത്തോലിക്കാ സഭയില്‍ മാറ്റങ്ങളുണ്ടാക്കിയ ഒന്നാണ് അന്വേഷണ’മെന്നായിരുന്നു സമിതിയുടെ വിലയിരുത്തല്‍.

13 വര്‍ഷം മുന്‍പ് ഫാ. തോമസ് പി. ഡോയലില്‍നിന്ന് ഒരു കത്ത് എനിക്കു ലഭിച്ചു. സഭയ്ക്കുള്ളില്‍ നിന്ന് പീഡനത്തിനിരയായവര്‍ക്കുവേണ്ടി ഒറ്റയ്ക്കു പോരാടിയ ഒരാളായിരുന്നു ഫാ. ഡോയല്‍.

‘ കുട്ടികളുടെയും കൗമാരക്കാരുടെയും ലൈംഗിക ചൂഷണവും അത് ഒളിച്ചുവയ്ക്കലും നൂറ്റാണ്ടുകളായി കത്തോലിക്കാ സഭയില്‍ ഉണ്ടായിട്ടുള്ള സംഭവങ്ങളില്‍ ഏറ്റവും മോശമായിരുന്നു. സംരക്ഷകരാകേണ്ട പുരോഹിതര്‍ വിശ്വാസവഞ്ചകരായതിന്റെ ഉദാഹരണമായിരുന്നു ഇത്. കത്തോലിക്കാ കുട്ടികള്‍ വഞ്ചിക്കപ്പെട്ടു. അവരുടെ മാതാപിതാക്കള്‍ വഞ്ചിക്കപ്പെട്ടു. പൊതുജനം വഞ്ചിക്കപ്പെട്ടു. നിങ്ങളും ഗ്ലോബ് ജീവനക്കാരും ഇത് ശ്രദ്ധിച്ചില്ല എങ്കില്‍ ഈ ഭീകരത തുടര്‍ന്നേനെ.’

‘ ഇരകളായവര്‍ക്കും രക്ഷപെട്ടവര്‍ക്കും നീതിക്കു വേണ്ടി വര്‍ഷങ്ങളായി പോരാടുന്ന ഒരാളെന്ന നിലയില്‍ ഞാന്‍ നിങ്ങള്‍ക്കു നന്ദി പറയുന്നു. നിങ്ങളും ഗ്ലോബും ഇരകള്‍ക്കു വേണ്ടി, സഭയ്ക്കുവേണ്ടി, സമൂഹത്തിനുവേണ്ടി ചെയ്തത് അളക്കപ്പെടാവുന്നതല്ല. അത് ചരിത്രപ്രധാനമാണ്. കാലങ്ങളോളം അതിന്റെ സദ്ഫലങ്ങള്‍ മാറ്റൊലി കൊള്ളും.’

മൂന്നുവര്‍ഷം മുന്‍പ് വാഷിങ്ടണ്‍ പോസ്റ്റില്‍ ചേരുന്നതുവരെ ഞാന്‍ ഫാദര്‍ ഡോയലിന്റെ കത്ത് എന്റെ മേശപ്പുറത്ത് വച്ചിരുന്നു. എനിക്കും ഗ്ലോബിനും ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകേണ്ടിവന്ന സമയങ്ങളില്‍ ഞാന്‍ എന്തിനാണ് മാധ്യമരംഗത്ത് വന്നതെന്നും എന്താണ് എന്നെ അതില്‍ ഉറപ്പിച്ചുനിര്‍ത്തുന്നതെന്നും ഓര്‍മിപ്പിക്കാന്‍ ഈ കത്തിനായി.

അന്ന് ചലച്ചിത്രങ്ങള്‍ ഉണ്ടായിരുന്നില്ല; അവാര്‍ഡുകളും. പക്ഷേ പ്രതിഫലം ഞാന്‍ അനുഭവിച്ചിരുന്നു. അത് എക്കാലവും നീണ്ടുനില്‍ക്കുകയും ചെയ്യും.

(മാര്‍ട്ടിന്‍ ബാരണ്‍ വാഷിങ്ടണ്‍ പോസ്റ്റിന്റെ എക്‌സിക്യൂട്ടിവ് എഡിറ്ററാണ്)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍