UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ടിവി കാഴ്ച കുട്ടികളിലെ പ്രമേഹ സാധ്യത കൂട്ടും

കുട്ടികളില്‍ അഞ്ചില്‍ ഒരാള്‍ വീതം ദിവസവും മൂന്ന് മണിക്കൂറിലധികം ടി വി യ്ക്കും കമ്പ്യൂട്ടറിനും മുന്നില്‍ ചെലവിടുന്നു എന്നാണ് പഠനം പറയുന്നത്

സഹന ബിജു

സഹന ബിജു

തുടര്‍ച്ചയായി മൂന്നു മണിക്കൂറിലധികം ടി വി കാണുകയോ കമ്പ്യൂട്ടറോ സ്മാര്‍ട്ട് ഫോണോ ഉപയോഗിക്കുകയും ചെയ്യുന്നത് കുട്ടികളില്‍ പ്രമേഹ സാധ്യത കൂട്ടും എന്ന് ഒരു പഠനം മുന്നറിയിപ്പ് നല്‍കുന്നു. മുതിര്‍ന്നവരില്‍ ടി വി കാഴ്ച അധികമായാല്‍ ശരീര ഭാരം കൂടാനും ടൈപ്പ് 2 പ്രമേഹത്തിനും സാധ്യത ഉണ്ടെന്ന് മുന്‍ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ കുട്ടികളില്‍ അപകട സാധ്യത ഉണ്ടോ എന്ന് വ്യക്തമായിരുന്നില്ല.

കുട്ടികളില്‍ അഞ്ചില്‍ ഒരാള്‍ വീതം ദിവസവും മൂന്ന് മണിക്കൂറിലധികം ടി വി യ്ക്കും കമ്പ്യൂട്ടറിനും മുന്നില്‍ ചെലവിടുന്നു എന്നാണ് ആര്‍ക്കൈവസ് ഓഫ് ഡിസീസ് ഇന്‍ ചൈല്‍ഡ് ഹുഡ് എന്ന ജേര്‍ണലിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നത്. ലണ്ടന്‍, ബെര്‍മിംഗ്ഹാം, ലെയ്സെസ്റ്റര്‍ എന്നിവിടങ്ങളിലെ 200 പ്രൈമറി സ്‌കൂളുകളിലെ ഒന്‍പതും പത്തും വയസുള്ള 4500 കുട്ടികളിലാണ് പഠനം നടത്തിയത്.

2004 മുതല്‍ 2007 വരെ ഇംഗ്ലണ്ടില്‍ നടത്തിയ ചൈല്‍ഡ് ഹാര്‍ട്ട് ആന്‍ഡ് ഹെല്‍ത്ത് സ്റ്റഡിയില്‍ പങ്കെടുത്ത കുട്ടികളുടെ വിവരങ്ങളാണ് പരിശോധിച്ചത്. ഉപാപചയ പ്രവര്‍ത്തനങ്ങളും ഹൃദയ സംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യതാ ഘടകങ്ങളും പരിശോധിച്ചു. അതായത് രക്തത്തിലെ കൊഴുപ്പ്, ഇന്‍സുലിന്‍ പ്രതിരോധം, ഫാസ്റ്റിംഗ് ബ്ലഡ് ഗ്‌ളൂക്കോസ് നില, ശരീരത്തിലെ കൊഴുപ്പ് ഇവ പരിശോധിച്ചു. മൂന്ന് മണിക്കൂറില്‍ കൂടുതല്‍ സ്‌ക്രീനുകള്‍ക്ക് മുന്‍പില്‍ ചെലവിടുന്ന കുട്ടികളില്‍ ഇവയുടെ എല്ലാം അളവ് കൂടുതല്‍ ആണെന്ന് കണ്ടു.

ദിവസം എത്ര മണിക്കൂര്‍ ടി വി കാണാനും വീഡിയോ ഗെയിം കളിക്കാനും ചെലവിടുന്നു എന്ന് അവരോട് ചോദിച്ചു. 28%പേര്‍ ഒന്ന് മുതല്‍ രണ്ട് മണിക്കൂര്‍ വരെയും 13%പേര്‍ രണ്ട് മുതല്‍ മൂന്നു മണിക്കൂര്‍ വരെയും ടി വി കാണുന്നവരാണ്. അഞ്ചില്‍ ഒരാള്‍ അതായത് 18%പേര്‍ ദിവസവും മൂന്നു മണിക്കൂറിലധികം ടി വി കാണുന്നവരാണ്. 37%കുട്ടികള്‍ ഒരു മണിക്കൂറില്‍ താഴെ മാത്രം ടി വി കാണുമ്പോള്‍ 4%പേര്‍ ടി വി കാണാറേ ഇല്ല എന്നും പറഞ്ഞു.

മൂന്ന് മണിക്കൂറിലധികം ടി വി കാണുന്ന കുട്ടികളില്‍ ഇന്‍സുലിന്‍ പ്രതിരോധം 11%കൂടുതല്‍ ആണെന്ന് കണ്ടു. പേശി, കൊഴുപ്പ്, കരള്‍ കോശങ്ങള്‍ ഇന്‍സുലിനോട് വേണ്ട രീതിയില്‍ പ്രതികരിക്കാത്ത അവസ്ഥ ആണിത്. പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകം ആണിത്. ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടാനും ഇത് കാരണമാകും.

വിശപ്പിനെയും ഇന്‍സുലിന്‍ പ്രതിരോധത്തെയും ഫാസ്റ്റിംഗ് ഗ്ലൂക്കോസ് നിലയെയും നിയന്ത്രിക്കുന്ന ലെപ്റ്റിന്‍ എന്ന ഹോര്‍മോണിന്റെ അളവും ദിവസവും കൂടുതല്‍ സമയം ടിവി-യ്ക്കും കമ്പ്യൂട്ടറിനും മുന്നില്‍ ചെലവിടുന്നതും തമ്മില്‍ ശക്തമായ ബന്ധം ഉണ്ടെന്നും പഠനം പറയുന്നു.

കുട്ടികള്‍ ടിവി-യ്ക്കും വീഡിയോ ഗെയിമിനും സ്മാര്‍ട്ട് ഫോണുകള്‍ക്കും മുന്നില്‍ ചെലവഴിക്കുന്ന സമയം കുറയ്ക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കും എന്നും പഠനം പറയുന്നു. ലണ്ടനിലെ സെന്റ് ജോര്‍ജ്‌സ് യൂണിവേഴ്‌സിറ്റിയിലെ റിസര്‍ച്ച് ഫെല്ലോ ആയ ക്ലയര്‍ നൈറ്റിം ഗെയ്‌ലിന്റെ നേതൃത്വത്തിലാണ് ഈ പഠനം നടത്തിയത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സഹന ബിജു

സഹന ബിജു

ജേണലിസത്തിൽ ബിരുദാനന്തര ബിരുദം, എം ഫിൽ. മനോരമ ഓൺലൈനിൽ വെബ്‌ അസോസിയേറ്റ് ആയിരുന്നു. ഇപ്പോൾ സ്വതന്ത്ര മാധ്യമപ്രവർത്തക.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍