അഴിമുഖം പ്രതിനിധി
ഇന്ന് ഇന്ത്യന്‍ കായിക രംഗത്ത് ഏറ്റവുമധികം പണം ഒഴുകുന്ന ടൂര്‍ണമെന്റാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് നടത്തുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. ഐപിഎല്‍ നടക്കുന്ന സമയത്ത് ക്രിക്കറ്റ് ആവേശച്ചൂട് മാത്രമല്ല സൂര്യന്റെ താപവും തെര്‍മോമീറ്ററിന്റെ രസനിലയുയര്‍ത്തും. ഇന്ത്യയിലെമ്പാടും വരള്‍ച്ച പടര്‍ന്നു കൊണ്ടിരിക്കുന്ന ഈ സമയത്ത് കര്‍ഷകരും കന്നുകാലികളും വന്യമൃഗങ്ങളും തുള്ളിവെള്ളത്തിനായി അലയുമ്പോള്‍ ബിസിസിഐ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലെ പുല്ലിന്റെ പച്ചപ്പ് നിലനിര്‍ത്താനായി ഒരു മാസം ഉപയോഗിക്കുന്നത് ലക്ഷക്കണക്കിന് ലിറ്റര്‍ ജലമാണ്.
ഇത് ജല ദുരുപയോഗമല്ലേ. ചോദ്യം മഹാരാഷ്ട്ര ഹൈക്കോടതിയുടേതാണ്. 20 മത്സരങ്ങളാണ് ഐപിഎല്ലിന്റെ ഭാഗമായി മഹാരാഷ്ട്രയില്‍ നടക്കുന്നത്. മുംബൈയില്‍ എട്ടെണ്ണം, ഒമ്പതെണ്ണം പൂനെയില്‍, നാഗ് പൂരില്‍ മൂന്നെണ്ണം. രണ്ട് പ്ലേ ഓഫ് മത്സരങ്ങളും ഫൈനലും ഉള്‍പ്പെടെയുള്ള കണക്കാണിത്. ആകെ 60 മത്സരങ്ങളാണ് ഐ പി എല്ലില്‍ നടക്കുക.
ഇത്രയും മത്സരങ്ങള്‍ക്കായി ജലം ദുരുപയോഗം ചെയ്യുന്നതിന് എതിരെ ലോക്സാട്ട പ്രസ്ഥാനം ബോംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 20 മത്സരങ്ങള്‍ക്കായി 60 ലക്ഷം ലിറ്റര്‍ ജലം ഉപയോഗിക്കേണ്ടി വരുമെന്നാണ് ലോക്‍സാട്ടയുടെ ആരോപണം. യഥാര്‍ത്ഥത്തില്‍ ചെലവാകുക ഇതിലും അധികമാകും. വാങ്കഡെയില്‍ നടക്കുന്ന എട്ട് മത്സരങ്ങള്‍ക്കു മാത്രമായി 40 ലക്ഷം ലിറ്റര്‍ ജലം ചെലവഴിക്കുമെന്നാണ് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന കണക്കു തന്നെ. മറ്റു മൂന്ന് സ്റ്റേഡിയങ്ങളിലെ ആനുപാതികമായ ഉപയോഗം ഇതുമായി ചേര്‍ത്ത് വായിക്കേണ്ടതാണ്.
മഹാരാഷ്ട്ര അതീവ ജല ദൗര്‍ലഭ്യത്തിലൂടെ കടന്നു പോകുമ്പോഴാണ് ക്രിക്കറ്റ് ആഢംബരത്തിനായി ലക്ഷക്കണക്കിന് ലിറ്റര്‍ ജലം ഉപയോഗിക്കുന്നത്.
സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഒരു ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് ജനങ്ങള്‍ക്ക് ജലം ലഭിക്കുന്നത്. ഓരോ ദിവസം കഴിയുന്തോറും ഭൂഗര്‍ഭ ജല നിരക്ക് കുറഞ്ഞു വരുന്നുമുണ്ട്. സംസ്ഥാനത്തെ ജലസംഭരണികളില്‍ 30 ശതമാനം ജലം മാത്രമാണ് അവശേഷിക്കുന്നത്. മഴയെത്താന്‍ ഇനിയും ഏറെ കാത്തിരിക്കണം.
ജനങ്ങള്‍ക്കാണോ ഐപിഎല്‍ മത്സരങ്ങള്‍ക്കാണോ കൂടുതല്‍ പ്രധാന്യം എന്നാണ് ഹൈക്കോടതി ക്രിക്കറ്റ് അസോസിയേഷനോട് ചോദിച്ചത്. രൂക്ഷവിമര്‍ശനം അസോസിയേഷന്‍ നേരിടുകയും ചെയ്തു. കുറ്റകരമാണ് ഇങ്ങനെ ജലം വെറുതെ കളയുന്നതെന്ന് പറഞ്ഞ കോടതി മത്സരങ്ങള്‍ മഹാരാഷ്ട്രയില്‍ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് മാറ്റിക്കൂടേയെന്ന് ആരായുകയും ചെയ്തു.
എന്നാല്‍ കുടിവെള്ളമല്ല തങ്ങള്‍ ഗ്രൗണ്ട് നനയ്ക്കാനായി ഉപയോഗിക്കുന്നതെന്നാണ് അസോസിയേഷന്റെ വാദം. ഐപിഎല്‍ മാറ്റിയാലും ജല പ്രതിസന്ധി വഷളാകുമെന്ന് അസോസിയെഷന്‍ പറഞ്ഞപ്പോള്‍ ഐപിഎല്‍ ചെയര്‍മാനായ രാജീവ് ശുക്ലയാകട്ടെ മത്സരങ്ങള്‍ മാറ്റില്ലെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു.