UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വയനാടിന്റെ ജൈവവൈവവിധ്യമേഖല നാശത്തിന്റെ വക്കിലാണ്, ഫലപ്രദമായ ഇടപെടല്‍ കൂടിയേ തീരൂ

Avatar

ജിബിന്‍ വര്‍ഗീസ് പുല്‍പ്പളളി

ലോകത്തിലെ ഏറ്റവും പ്രാധാന്യം നിറഞ്ഞ 34 ജൈവവൈവിധ്യ മേഖലകളില്‍ ഏറ്റവും പ്രധാനപ്പെട്ടവയിലൊന്നാണ് വയനാടിന്റെ ജൈവ വൈവിധ്യ മേഖല. അതില്‍ തന്നെ വംശനാശ ഭീഷണി നേരിടുന്ന ലോകത്തെ അപൂര്‍വ്വങ്ങളായ ജനുസ്സുകളും പ്രാധാന്യമര്‍ഹിക്കുന്ന നിരവധി സസ്യജനിതക വിഭവങ്ങളും ഉള്‍പ്പെടുന്നുണ്ട്. ആഗോള തലത്തില്‍ അന്യംനിന്ന് പോകുന്ന 325 സസ്യജനുസ്സുകള്‍ ഈ പ്രദേശത്ത് കാണപ്പെടുന്നുണ്ട്. നീതിപൂര്‍വ്വമല്ലാത്ത ഇടപെടലുകള്‍ കൊണ്ടും സുസ്ഥിരമല്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍കൊണ്ടും തന്നെയാണ് വയനാട് ഇപ്പോള്‍ അഭിമുഖീകരിക്കുന്ന കാലാവസ്ഥാവ്യതിയാനത്തിനും ജൈവസമ്പുഷ്ടതയുടെ നശീകരണത്തിനും കാരണം എന്ന് പറയാം. ജനങ്ങളില്‍, പ്രകൃതി സംരക്ഷണത്തെപ്പറ്റി തുടക്കം മുതല്‍ തന്നെ അവബോധം നല്‍കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കഴിഞ്ഞ നാളുകളില്‍ ഒരു പരിധി വരെയെങ്കിലും ഇന്ന് ജില്ലയില്‍ സംഭവിക്കുന്ന ജൈവ വൈവിധ്യശോഷണത്തിനെതിരായും പരിസ്ഥിതി നശികരണത്തിന് എതിരായും പ്രവര്‍ത്തിക്കാന്‍ കഴിയുമായിരുന്നു എന്ന കാര്യത്തില്‍ ഇരുപക്ഷമില്ല. 

ഇനിയൊരു രക്ഷാ ദൗത്യത്തിലേക്ക് കടക്കുന്നു എങ്കില്‍ അതിനെ ഏറ്റവും സൂക്ഷ്മതയോടും തയ്യാറെടുപ്പോടും കൂടി സമീപിച്ചില്ലെങ്കില്‍ അതിന്റെ ഫലം ഗുണത്തേക്കാള്‍ ഏറെ ദോഷമേ ഉണ്ടാക്കു. അപ്പോള്‍ അങ്ങനെ ഒരു ഉദ്യമത്തിന് ആദ്യം വേണ്ടത് ജനപങ്കാളിത്തം തന്നെയാണ്. അതിന്, ജനങ്ങളില്‍ ജൈവ വിഭവങ്ങളുടെയും അവ ഉള്‍കൊള്ളുന്ന പരിസ്ഥിതിയുടെയും പരിപാലനത്തിനും സംക്ഷണത്തിനും പൊതു താല്‍പ്പര്യവും സംരക്ഷണവും ഉറപ്പാക്കുക എന്നതാണ്. ഒപ്പം പ്രകൃതി സംരക്ഷണ മൂല്യം കൈവിടാതെ സൂക്ഷിക്കുന്ന ഗ്രാമവാസികളായ ജനങ്ങള്‍ക്ക് പൊതുവായും വ്യക്തികള്‍ക്ക് പ്രത്യേകമായും അര്‍ഹിക്കുന്ന അംഗീകാരം നല്‍കേണ്ടതുമുണ്ട്. ഗ്രാമ പഞ്ചായത്ത്, കുടുംബശ്രീ, അയല്‍ക്കുട്ടങ്ങള്‍ തുടങ്ങി നിലവിലുള്ള സംവിധാനങ്ങളിലൂടെ ഈ കാര്യങ്ങള്‍ സാധ്യമാക്കാവുന്നതാണെന്ന് ജൈവവൈവിധ്യ രജിസ്റ്റര്‍ നിര്‍മ്മാണത്തിന് നേതൃത്യം നല്‍കുന്ന കല്‍പ്പറ്റ എം.എസ് സ്വാമിനാഥന്‍ ഗവേഷണ കേന്ദ്രത്തിലെ സീനിയര്‍ സയന്റിസ്റ്റായ ജി. ഗിരിജന്‍ പറയുന്നു. 

പ്രകൃതി വിഭവങ്ങളുടെ പരിപാലനം, അവയുമായി ബന്ധപ്പെട്ട അറിവുകളുടെ ക്രോഡീകരണം എന്നിവയില്‍ ലിംഗഭേദമന്യേ പ്രാദേശിക ജനപങ്കാളിത്തത്തോടെ പഞ്ചായത്തിന്റെ നേത്യത്വത്തില്‍ വയനാട് ജില്ലയിലെ നാലു പഞ്ചായത്തുകളില്‍ ജൈവ വൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കുവാന്‍ എം.എസ് സ്വാമിനാഥന്‍ ഗവേഷണ കേന്ദ്രത്തിന് സാധിച്ചിട്ടുണ്ട്. ഈ ഒരു മികച്ച നീക്കം ‘രജിസ്റ്ററി’ല്‍ മാത്രം ഒതുങ്ങാതെ മുന്നോട്ട് പോകേണ്ടതുണ്ട്. പദ്ധതിക്കാവശ്യമായ സാങ്കേതിക സഹായങ്ങളും പരിശീലനവും ബോധവത്ക്കരണവുമെല്ലാം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അധികാരികളുടെ ഭാഗത്ത് നിന്നുമൊക്കെ ഉണ്ടാവേണ്ടതുണ്ട്. 

വനത്തെയും വനവിഭവത്തെയും സസ്യങ്ങളെയുമെല്ലാം അടുത്തറിയാവുന്ന ആദിവാസി വിഭാഗങ്ങളിലും ഗ്രാമതലങ്ങളിലുമുള്ള കുട്ടികളില്‍ ജൈവ വൈവിധ്യത്തെക്കുറിച്ച് അറിവ് പകരുക വഴി അവരുടെ പഠന നിലവാരം മെച്ചപ്പെടുത്താനും ആദിവാസി സമുഹത്തെ മുഖ്യധാരയില്‍ എത്തിക്കാനും പരമ്പരാഗത അറിവുകളുടെ പ്രാധാന്യത്തെ ബോധ്യമാക്കാനും കഴിയുന്നെങ്കില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജൈവ വൈവിധ്യതയെ സംരക്ഷിച്ച് നിര്‍ത്താന്‍ കഴിയുമെന്നതില്‍ തര്‍ക്കമില്ല. അങ്ങനെ എങ്കില്‍ പരിസ്ഥിതി അവബോധം സിദ്ധിച്ച ഒരുമികച്ച തലമുറയെ വാര്‍ത്തെടുക്കാനും ഇതില്‍ കൂടി കഴിയും. പരമ്പരാഗത അറിവെന്നാല്‍ ഒരു പ്രത്യേക സമൂഹത്തില്‍പ്പെട്ട ആളുകള്‍ തങ്ങളുടെ ജീവിതചര്യകളില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും ആര്‍ജിച്ചെടുത്തതും കാലങ്ങളായി നിലനിന്നു വരുന്നതുമായ അറിവുകളാണ്. ഇത്തരം അറിവുകള്‍ തനത് സംസ്‌കാരവും ജൈവ വൈവിധ്യവും നിലനിര്‍ത്തിപ്പോരുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട്. എന്നാല്‍ സാമൂഹ്യനിലനില്‍പ്പിന്റെ തന്നെ നെടുംതൂണായിരുന്ന നാട്ടറിവുകള്‍ ഇന്ന് ആപത്ഘട്ടത്തിലാണ്. ഒപ്പം പലതും അന്യം നിന്ന് പോവുകയാണ്. പരമ്പരാഗത ചര്യകളോടുള്ള അവഗണന തന്നെയാണ് ഇതിന് കാരണം. 

പ്രകൃതിയോടേറ്റവും ഇണങ്ങി ജീവിക്കുന്ന ആദിവാസി സമൂഹത്തില്‍ പ്രകൃതി വിഭവങ്ങള്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നതിലുള്ള നൈപുണ്യം വളര്‍ത്തിയെടുക്കുക മാത്രമേ അതിനുള്ള വഴിയുള്ളൂ. ഔഷധസസ്യങ്ങള്‍, വനവിഭവങ്ങള്‍, മിത്രകീടങ്ങള്‍, പൂമ്പാറ്റകള്‍, പക്ഷികള്‍, മണ്‍തരങ്ങള്‍, കാര്‍ഷിക വിളകള്‍, ജലാശയങ്ങള്‍, വനങ്ങള്‍, വന്യജീവികള്‍ തുടങ്ങിയവയെക്കുറിച്ച് ജില്ലയിലെ ആദിവാസി ഗ്രാമതലത്തില്‍പ്പെട്ട തിരഞ്ഞെടുത്ത കുട്ടികള്‍ക്ക് ആധുനിക വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ കോര്‍ത്തിണക്കി ബോധവത്ക്കരണം സൃഷ്ടിക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും ഒരു പരിധിവരെ അതിലൊന്നും ഉദ്ദേശിച്ച ഫലം ലഭിച്ചില്ല. ജൈവ വൈവിധ്യ സംരക്ഷണത്തിന് ഗ്രാമവികസനം അനിവാര്യമാണെന്നിരിക്കേ, ട്രൈബല്‍ പ്രൊമൊട്ടര്‍മാര്‍ക്കും ആശാവര്‍ക്കേഴ്‌സിനും വാര്‍ഡ്‌മെമ്പര്‍മാര്‍ക്കും അംഗണ്‍വാടി വര്‍ക്കേഴ്‌സിനുമൊക്കെ വിവരസാങ്കേതിക വിദ്യയില്‍ പരിശീലനം നല്‍കി പരമാവധി ഗ്രാമീണ ജനതയുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ജൈവ വൈവിധ്യ നിയമം, കര്‍ഷകാവകാശ നിയമങ്ങള്‍, ജനിതക വൈവിധ്യനിയമം, വന നിയമങ്ങള്‍ തുടങ്ങിയവയെല്ലാം ഒരേ ചരടില്‍ കോര്‍ത്ത് ഗ്രാമീണ ജനതക്ക് ബോധവത്ക്കരണം നല്‍കിയാല്‍ ഇനിയും നഷ്ട്ടപ്പെട്ട് പോകുന്ന ജൈവ വൈവിധ്യത്തെ തടയാന്‍ കഴിഞ്ഞേക്കും എന്ന് ഈ മേഖലയിലുള്ള വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ജില്ല ഇനിയുമേറെ സഞ്ചരിക്കേണ്ടതുണ്ട്. വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങള്‍ എതൊക്കെയാണെന്ന് തിരിച്ചറിയുകയും, വന്യമായി കാണുന്നതും കൃഷിചെയ്യുന്നതുമായ ഭക്ഷ്യയോഗ്യ സസ്യങ്ങള്‍ തിരിച്ചറിഞ്ഞ് അവയുടെ ഉപയോഗവും സംരക്ഷണവും ഉറപ്പു വരുത്തുകയും, ജില്ലയിലെ നിലവിലുള്ള കാര്‍ഷിക വിളകളുടെ സ്ഥാനം നിര്‍ണ്ണയിക്കുകയും ചതുപ്പ് നിലങ്ങളുടെയും നെല്‍വയലുകളുടെയും സംരക്ഷണത്തിന് പ്രാധാന്യം നല്‍കി പദ്ധതി ആവിഷ്‌ക്കരിക്കുകയുമാണ് വയനാടിന്റെ നഷ്ട്ടപ്പെട്ടുപോയ ജൈവസമ്പുഷ്ടതയെ തിരികെ കൊണ്ടുവരാനുള്ള ശ്രമകരമായ ദൗത്യത്തില്‍ ദ്രുതഗതിയില്‍ ചെയ്ത് തീര്‍ക്കേണ്ടതായ പ്രവര്‍ത്തനങ്ങള്‍. 

കാവുകളുടെയും കാര്‍ഷിക വൈവിധ്യ ആവാസവ്യവസ്ഥകളുടെയും പുനരുദ്ധാരണവും ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുമ്പോള്‍ തന്നെ, ജില്ലയിലെ ഭക്ഷ്യജൈവ വൈവിധ്യം ഗുണത്തിലും എണ്ണത്തിലും സവിശേഷമായ ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ്. ഏകദേശം ഇരുപതില്‍ അധികം പാരമ്പര്യ നെല്‍വിത്തിനങ്ങള്‍ ജില്ലയില്‍ കാലങ്ങളായി കൃഷി ചെയ്തു വരുന്നുണ്ട്. അതില്‍ തന്നെ നവര, ചെന്നെല്ല് മുതലായവ ഔഷധഗുണങ്ങള്‍ ഉളളവയുമാണ്. വന്യമായി വളരുന്ന കിഴങ്ങിനങ്ങളും പഴവര്‍ഗ്ഗ സസ്യങ്ങളും വനത്തെ അശ്രയിച്ച് കഴിയുന്ന ആദിവാസി വിഭാഗങ്ങളുടെ ഭക്ഷ്യ സുരക്ഷയില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ അത്തരം സസ്യങ്ങളുടെ സംരക്ഷണം അവയുടെ സ്വഭാവിക ആവാസ വ്യവസ്ഥയില്‍ തന്നെ ഉറപ്പിക്കുന്നതിനോടൊപ്പം ആദിവാസി ജനതയെ മാറ്റി നിര്‍ത്തി ഒരു ജൈവ വൈവിധ്യ സംരക്ഷണം അസാധ്യവുമാണ് എന്നത് ശക്തമായി തിരിച്ചറിയേണ്ടതുമാണ്. കാരണം മറ്റൊന്നല്ല, ഇപ്പോള്‍ ഇവിടെയുളള ഭക്ഷ്യയോഗ്യമായ മുന്നൂറോളം സസ്യങ്ങളും ഔഷധ ഗുണ പ്രധാന്യമുളള അറുന്നൂറോളം സസ്യങ്ങളും പ്രാദേശികമായി ഉപയോഗ്യമായ മറ്റ് പല സസ്യങ്ങളെയും തിരിച്ചറിയാന്‍ കഴിയുന്നതും ഈ ജനതക്കു മാത്രമാണ്. 

അതുകൊണ്ട് തന്നെ, ഇനിയെങ്കിലും ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ നേട്ടവും ആവശ്യകതയും തിരിച്ചറിഞ് സമൂഹവും, സര്‍ക്കാരുെമല്ലാം ഒരുമിച്ച് കൈകോര്‍ത്തില്ലങ്കില്‍ വരും തലമുറയ്ക്ക് ഇവിടെ വാസം സാധ്യമല്ലാതാവും. ഈ പച്ചപ്പും, പ്രക്യതി സൗന്ദര്യമെല്ലാം അന്യമായി തീരാം.

ഉപജീവനവുമായി ബന്ധപ്പെട്ട പരമ്പരാഗത ജീവിതചര്യകളെക്കുറിച്ച് ഗ്രാമത്തിലെ പഴമക്കാരുടെ സഹായത്തോടെ ആഴത്തിലുള്ള പഠനം നടത്തുകയും പരമ്പരാഗത അറിവുകളെ കുറിച്ചും അവയുടെ നിത്യേനയുള്ള ഉപയോഗത്തെയും കുറിച്ച് ഗ്രാമ വാസികളില്‍, പ്രത്യേകിച്ച് യുവാക്കളില്‍ അവബോധം സൃഷ്ടിക്കുകയും ആവാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഉപജീവനം മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ പദ്ധതികള്‍ ലഭ്യമാക്കിയും പരമ്പരാഗത ജീവിത ചര്യകളുടെ സംരക്ഷണവും നിയമപരമായ രജിസ്ട്രേഷനുമെല്ലാം നടത്തുന്നത് മറ്റൊരു മാര്‍ഗമാണ്. അങ്ങനയെങ്കില്‍ പാരമ്പര്യ അറിവുകള്‍ സംരക്ഷിക്കുന്നതിനായി ആദിവാസി യുവജനങ്ങളുടെ ശാക്തീകരണത്തിലൂടെയുള്ള ഉത്‌ബോധനത്തിനും, കൂട്ടായ പങ്കാളിത്തത്തിലൂടെ ഉപജീവനവുമായി ബന്ധപ്പെട്ട പരമ്പരാഗത നാട്ടറിവുകള്‍ ആധാരമാക്കിക്കൊണ്ട് വാണിജ്യപ്രാധാന്യമുള്ളതും, ജൈവവൈവിധ്യത്തെ അടിസ്ഥാനമാക്കിയുള്ളതുമായ മറ്റു ഉത്പന്നങ്ങള്‍ കണ്ടെത്തുകയും കുടുംബശ്രീകള്‍, ഊരുകൂട്ടങ്ങള്‍ മറ്റു സ്വയം സഹായ സംഘകള്‍ വഴി മികച്ച കൂട്ടായ്മകള്‍ രൂപപ്പെടുത്തിക്കൊണ്ട് നിരവധി തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനും കഴിയും. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും ഉള്‍പ്പെടുത്തി ഒരു കൂട്ടായ പ്രവര്‍ത്തനം, അല്ലെങ്കില്‍ വലിയ ഒരു ലക്ഷ്യത്തിനു വേണ്ടി ഒരൊറ്റ മനസ്സോടെയുള്ള പ്രവര്‍ത്തനം അത്യന്താപേക്ഷിതമാണ്. എങ്കില്‍ മാത്രമേ നഷ്ടപ്പെട്ടുപോയ ജൈവസമൃദ്ധിയെ തിരികെ കൊണ്ടു വരാന്‍ നമുക്കു കഴിയൂ.

(സ്വതന്ത്രമാധ്യമപ്രവര്‍ത്തകനാണ് ജിബിന്‍ വര്‍ഗീസ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍