UPDATES

കേരളം

വയനാട് കോണ്‍ഗ്രസില്‍ കലാപം; ഡി സി സി സെക്രട്ടറിയുടെ സംസ്‌കാര ചടങ്ങില്‍ പ്രസിഡന്റിന് വിലക്ക്

എം കെ രാംദാസ്

തെരഞ്ഞെടുപ്പ് പരാജയത്തില്‍ അപമാനിതനായി ആത്മഹത്യചെയ്ത വയനാട് ഡി സി സി സെക്രട്ടറിയുടെ മരണ കാരണം സമഗ്രാന്വേഷണത്തിന് വിധേയമാക്കണമെന്ന് ആവശ്യം. സംശയത്തിന്റെ കുന്തമുന ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റിലേയ്ക്കും വനിതാ ഡി സി സി സെക്രട്ടറിയിലേയ്ക്കും നീങ്ങിയതോടെയാണ് അന്വേഷണാവശ്യം ഉയര്‍ന്നത്. മാനന്തവാടി മുന്‍സിപ്പാലിറ്റി പുത്തന്‍പുര വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി വി ജോണ്‍ തനിക്കു നേരിട്ട ദയനീയ തോല്‍വിയെത്തുടര്‍ന്ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഐ ഗ്രൂപ്പിന്റെ ജില്ലയിലെ മുഖമായിരുന്ന ഇദ്ദേഹത്തിന് വിമത കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പിന്നില്‍ 39 വോട്ട് മാത്രമാണ് ലഭിച്ചിരുന്നത്. സ്വന്തം ഗ്രൂപ്പില്‍ നിന്ന് തന്നെയുള്ള കാലുവാരലാണ് ദയനീയ തോല്‍വിയ്ക്ക് കാരണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു. മരണത്തിന് ഉത്തരവാദികളായവരുടെ പേര് സൂചിപ്പിക്കുന്ന ഒരു കത്ത് പൊലീസ് മൃതദേഹത്തില്‍ നിന്ന് കണ്ടെടുത്തിരുന്നു. ആത്മഹത്യാക്കുറിപ്പ് പരസ്യപ്പെടുത്താന്‍ ഇല്ലെന്നും, കോടതിയില്‍ മാത്രമേ ഹാജരാക്കൂവെന്നുമാണ് പൊലീസ് നിലപാട്. 

സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്സിനുള്ളില്‍ നിന്ന് മാത്രമല്ല വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഡി സി സി ജനറല്‍ സെക്രട്ടറി സില്‍വി തോമസ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് തുടങ്ങിയവരും ഡി സി സി പ്രസിഡന്റ് കെ എല്‍ പൗലോസുമാണ് തോല്‍വിയുടെ പ്രധാന കാരണക്കാരെന്ന് പി വി ജോണിന്റെ മകന്‍ വര്‍ഗ്ഗീസ് പി ജോണ്‍ പറയുന്നു. പിതാവിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ വര്‍ഗ്ഗീസ് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. സി പി ഐ(എം) ജില്ലാ നേതാക്കലും ഈ കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ പി എ മുഹമ്മദ്, എ എന്‍ പ്രഭാകരന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനം വിളിച്ചാണ് ഈ ആവശ്യം ഉന്നയിച്ചത്. 

പി വി ജോണിന്റെ തോല്‍വിക്കായി ഡി സി സി നേതൃത്വം പരസ്യമായി പ്രവര്‍ത്തിച്ചതായി മാനന്തവാടിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. പി വി ജോണിന്റെ സംസ്‌കാര ചടങ്ങിനിടെ കടുത്ത രോഷമാണ് ഡി സി സി നേതൃത്വത്തിനെതിരെ ഉയര്‍ന്നത്. ഡി സി സി പ്രസിഡന്റ് കെ എല്‍ പൗലോസിന് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. കുറ്റാരോപിതര്‍ സംസ്‌കാരചടങ്ങിന് എത്തരുതെന്ന് ജോണിന്റെ കുടുംബവും മാനന്തവാടിയിലെ ഭൂരിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുന്നറിയിപ്പ് നല്‍കിയിരുന്നു. 

തെരഞ്ഞെടുപ്പിലെ ദയനീയ പരാജയവും ജനറല്‍ സെക്രട്ടറിയുടെ ആത്മഹത്യയും പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ പിടിപ്പുകേടായാണ് വിലയിരുത്തപ്പെടുന്നത്. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിക്കെതിരെ നടപടിവേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. 

ഐ ഗ്രൂപ്പിലെ ഉന്നതനാണ് ആത്മഹത്യ ചെയ്ത ഡി സി സി ജനറല്‍ സെക്രട്ടറി പി വി ജോണ്‍. ഡി സി സി പ്രസിഡന്റും ആരോപണവിധേയയായ വനിതാ സെക്രട്ടറിയും ഇതേ ഗ്രൂപ്പിലാണ്. ഗ്രൂപ്പിനുള്ളില്‍ കുറുമുന്നണികളുണ്ടാക്കി എതിരാളികളെ പരാജയപ്പെടുത്തുക എന്നതാണ് തെരഞ്ഞെടുപ്പില്‍ ജില്ലയിലാകെ നടന്നത്. ഈ ശ്രമങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കുകയോ പിന്തുണയ്ക്കുകയോ ആണ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ചെയ്തിരിക്കുന്നത് എന്ന് പരസ്യ ആരോപണം ഉയര്‍ന്നിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍