UPDATES

കേരളം

കബനി നദി വരളുമ്പോള്‍ വയനാടിന് സംഭവിക്കുന്നത്

കബനി നദിയെ ആശ്രയിച്ചാണ് ഇനി പുല്‍പ്പളളി, മുളളന്‍കൊല്ലി എന്നീ പഞ്ചായത്തുകളിലെ ജനജീവിതം. കുടിവെളളത്തിന് കബനിയില്‍ തടയണ നിര്‍മ്മിക്കണമെന്ന് ചര്‍ച്ചകള്‍ തകൃതിയായി നടക്കുന്നുണ്ടെങ്കിലും ഇത് വേനല്‍ക്കാലത്തെ മാത്രം പ്രശ്‌നമായി നില്‍ക്കുകയും പിന്നീട് മറയുകയും ചെയ്യുന്നു.

വയനാടിന്റെ ജീവവായുവായ നദിയാണ് കബനി. ഈ നദിയെ ആശ്രയിച്ചാണ് വയനാടിന്‍റെ അതിര്‍ത്തി പ്രദേശങ്ങളായ പുല്‍പ്പളളി, മുളളന്‍കൊല്ലി പ്രദേശവാസികള്‍ ജീവിക്കുന്നത്. വീണ്ടും ഒരു വരള്‍ച്ച കൂടി വയനാട് ജില്ലയെ ബാധിക്കുമ്പോള്‍ വയനാടന്‍ ജനത അനുഭവിക്കുന്ന ദുരിതങ്ങള്‍ ചില്ലറയൊന്നുമല്ല. ജില്ലയുടെ ഏക നദിയായ കബനി നദി ബീച്ചനഹളളി അണക്കെട്ടില്‍ പതിച്ച് കര്‍ണാടക സംസ്ഥാനം സംഭരിക്കുന്ന ജലം ആ സംസ്ഥാനത്തെ ഭൂരിഭാഗം കര്‍ഷകരിലേക്കുമെത്തുമ്പോള്‍ വയനാട് ജില്ലയിലെ ജനങ്ങള്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ക്കുപോലും ജലം തികയുന്നില്ല.

കേരളത്തില്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്നവര്‍ക്ക് വര്‍ഷങ്ങള്‍ പലതുകഴിഞ്ഞിട്ടും കൃഷിക്കായി വെള്ളമെത്തിക്കാന്‍ കഴിയുന്നില്ല. വരള്‍ച്ചയെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നവര്‍ അധികാരത്തിലേറുമ്പോഴും സ്ഥിതി മറിച്ചല്ല. നിറഞ്ഞ കബനിയുടെ കരയില്‍ വിണ്ടുകീറിയ പാടങ്ങളും വിറങ്ങലിച്ച മനസുമായി കഴിയുന്ന കൃഷിക്കാരും കുടിവെളളം പോലുമില്ലാതെ നരകിക്കുന്ന ആയിരങ്ങളുമുണ്ട്. കാവേരി നദീജലത്തില്‍ കേരളത്തിനുളള വിഹിതം ഉപയോഗിക്കേണ്ടത് കബനിയില്‍ നിന്നാണ്. 21 ടി.എം.സി. ജലം കേരളത്തിന് ഉപയോഗിക്കാം. എന്നാല്‍ ഇതില്‍ കഷ്ടിച്ച് അഞ്ച് ടി.എം.സി. ജലം മാത്രമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. മഴയുണ്ടായിരുന്നതിനാല്‍ നേരത്തെ ഇതിന് പ്രസക്തിയില്ലായിരുന്നു. എന്നാല്‍ വേനലിന് മുന്‍പേ വയനാടിനെ വരള്‍ച്ച വല്ലാതെ ബാധിച്ചു.

കബനി നദിയെ ആശ്രയിച്ചാണ് ഇനി പുല്‍പ്പളളി, മുളളന്‍കൊല്ലി എന്നീ പഞ്ചായത്തുകളിലെ ജനജീവിതം. കുടിവെളളത്തിന് കബനിയില്‍ തടയണ നിര്‍മ്മിക്കണമെന്ന് ചര്‍ച്ചകള്‍ തകൃതിയായി നടക്കുന്നുണ്ടെങ്കിലും ഇത് വേനല്‍ക്കാലത്തെ മാത്രം പ്രശ്‌നമായി നില്‍ക്കുകയും പിന്നീട് മറയുകയും ചെയ്യുന്നു. വരള്‍ച്ച ലഘൂകരണമെന്ന പേരില്‍ ഈ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം വന്‍പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. വെറും പ്രഖ്യാപനം കൊണ്ടൊന്നും ജലക്ഷാമം പരിഹരിക്കാനാവില്ല. കാര്യമായ തോതില്‍ ജലസേചനം നടത്തിയാല്‍ മാത്രമേ മഴയകന്ന അതിര്‍ത്തി ഗ്രാമങ്ങളെ രക്ഷിക്കാനാവൂ. ഡെക്കാന്‍ പീഠഭൂമിയോട് ചേര്‍ന്നുളള വരണ്ട പ്രദേശങ്ങളിലാണ് കബനീ ജലമൊഴിച്ച് കര്‍ണ്ണാടകയിലെ ആയിരക്കണക്കിനേക്കര്‍ സ്ഥലത്ത് കൃഷിയിറക്കുന്നത്.

പുല്‍പ്പളളി, മുളളന്‍കൊല്ലി പഞ്ചായത്തുകളുടെ അതിര്‍ത്തിയിലൂടെ കര്‍ണാടകയിലേക്ക് പ്രവേശിക്കുന്ന കബനിയുടെ തീരങ്ങളില്‍ വരണ്ട കാഴ്ചകളാണ് നമ്മെ കാത്തിരിക്കുന്നത്. ചേകാടിയിലും മരക്കടവിലും കൊളവളളിയിലും ഏക്കറുകണക്കിന് പാടം കൊടുംവേനലില്‍ വിണ്ടുകീറി. കിണറുകളിലും കുളങ്ങളിലും വെളളമില്ല. മുളളന്‍കൊല്ലി പഞ്ചായത്തുകളിലെ മൂന്ന്, നാല്, അഞ്ച്, ആറ്, എഴ് വാര്‍ഡുകളാണ് പ്രധാനമായും കബനി നദി ഉള്‍പ്പെടുന്ന വാര്‍ഡുകള്‍. കര്‍ണ്ണാടകയില്‍ നിന്നുളള ചൂടുളള കാറ്റിനെ പ്രതിരോധിക്കാന്‍ ഗ്രീന്‍ ബെറ്റ്, വരള്‍ച്ചയെ പ്രതിരോധിക്കുക, മഴക്കുറവിന് പരിഹാരം, നഷ്ടപ്പെട്ട പച്ചപ്പ് വീണ്ടെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് കഴിഞ്ഞ വര്‍ഷം 80 കോടി രൂപയുടെ വരള്‍ച്ചാ ലഘൂകരണ പദ്ധതി ജില്ലാഭരണകൂടത്തിന്റെയും മുളളന്‍കൊല്ലി ഗ്രാമപഞ്ചായത്തിന്റേയും നേതൃത്വത്തില്‍ 1500ല്‍ പരം തണല്‍ മരങ്ങള്‍ കബനി നദിക്കരയില്‍ നട്ടുപിടിപ്പിച്ചു. പക്ഷേ ആ മരതൈകള്‍ നട്ട 33 ഏക്കറിലധികം സ്ഥലം ഇന്ന് തരിശ് നിലമായി കിടക്കുകയാണ്. രാത്രിയില്‍ കാട്ടാനകളുടെ വിഹാരകേന്ദ്രമായും പകല്‍ സമയത്ത് ജനങ്ങള്‍ കന്നുകാലികളെ മേച്ചും കബനി നദിക്കരയിലെ ‘ഓര്‍മ്മ മരം’ പദ്ധതി ഒരു ഓര്‍മ്മ മാത്രമായി മാറി. മരം നട്ടതല്ലാതെ മരം സംരക്ഷിക്കാനുളള യാതൊരുവിധ നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്നത് തന്നെയാണ് കാരണം.

‘എന്‍റെ പഞ്ചായത്തിലെ മുളളന്‍കൊല്ലി, മരക്കടവ്, പാടിച്ചിറ, കബനിഗിരി എന്നീ വാര്‍ഡുകളില്‍ വലിയ പ്രശ്‌നങ്ങളൊന്നും ഇല്ലെങ്കിലും ചിലയിടങ്ങളില്‍ വെളളത്തിന്റെ ദൗര്‍ലഭ്യം പ്രകടമാണ്. വെളളത്തിന് ദൗര്‍ലഭ്യം നേരിടുന്ന പ്രദേശങ്ങളില്‍ വെളളമെത്തിക്കാനുളള നടപടികള്‍ പഞ്ചായത്ത് തലത്തില്‍ ആസൂത്രണം ചെയ്തു വരികയാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കിണര്‍ റീചാര്‍ജിംഗ് പദ്ധതിയാണ്. മഴവെളളം സംഭരിച്ച് അതിനെ ശുദ്ധീകരിച്ച് കിണറുകളില്‍ അതിനെ ശേഖരിച്ച് വരും കാലങ്ങളിലെ വലിയ വരള്‍ച്ചകളില്‍ അതിനെ പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. കിണര്‍ റീചാര്‍ജിംഗ് പദ്ധതിക്കായി 251 വീടുകളില്‍ തൊഴിലുറപ്പ് സംഘത്തിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കി ആദ്യഘട്ട പരിപാടി നടപ്പിലാക്കി കഴിഞ്ഞു. ദീര്‍ഘവീക്ഷണത്തോടെയുളള ഈ പദ്ധതി വിജയിക്കുകയാണെങ്കില്‍ കൊടുംവരള്‍ച്ചകളെ നേരിടാന്‍ വയനാടിന് സാധിക്കും. മാത്രമല്ല മറ്റ് പ്രദേശങ്ങളിലേക്കും പദ്ധതി വിപുലീകരിക്കും – മുളളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ പറയുന്നു.

വയലിനോട് ചേര്‍ന്ന കരസ്ഥലങ്ങളിലെ എല്ലാ കൃഷിയും വാടിയുണങ്ങി. തീപ്പൊരി വീണാല്‍ കത്തിയമരാന്‍ പാകത്തിന് തോട്ടങ്ങള്‍, തരിശ് സ്ഥലത്ത് നിന്നാല്‍ സൂര്യതാപത്തില്‍ മയങ്ങിവീഴുന്ന സ്ഥിതി. കര്‍ണാടകയില്‍ നിന്ന് വീശുന്ന ചൂടുകാറ്റ് ജീവനുളള എല്ലാറ്റിനേയും ഉണക്കുന്നു. കൃഷിയിടത്തില്‍ വെളളമെത്തിയാല്‍ കൃഷിയും പച്ചപ്പും തണുപ്പും നിലനില്‍ക്കുന്നതിന് പുറമെ ചുറ്റമുളള കിണറുകളിലും കുളങ്ങളിലും ജലലഭ്യത ഉറപ്പുവരുത്താനുമാകും.

നാടിന്റെ പ്രതീക്ഷയായി നിലകൊളളുന്ന ക്ഷീര സംഘങ്ങളിലെ പാലളവ് നാള്‍ക്കുനാള്‍ കുറയുന്നു. അതിജീവനത്തിനായി പശുക്കളെ ആശ്രയിക്കുന്ന ഒരു കൂട്ടം ക്ഷീരകര്‍ഷകര്‍ ഈ ജലദൗര്‍ലഭ്യം മൂലം അവയെ വേണ്ടവിധം പരിചരിക്കാനാവാതെ വിറ്റൊഴിവാക്കുന്ന അവസ്ഥാ പുല്‍പ്പളളി, മുളളന്‍കൊല്ലി, കൊളവളളി, പൂതാടി, വണ്ടിക്കടവ് എന്നീ പ്രദേശങ്ങളില്‍ സ്ഥിരം കാഴ്ചയാണ്. ‘പത്തുമുപ്പത് വര്‍ഷമായി പശുക്കളെ വളര്‍ത്തി ഉപജീവനമാര്‍ഗം കണ്ടെത്തുന്ന ഒരു കര്‍ഷകനാണ് ഞാന്‍. ഇതില്‍ നിന്ന് കിട്ടുന്ന വരുമാനമാണ് മക്കളുടെ വിദ്യാഭ്യാസമടക്കമുളള പല കാര്യങ്ങളിലും സഹായമായത്. ഈ വെളളമില്ലാത്ത അവസ്ഥയില്‍ പശുക്കളുടെ പരിപാലനം വളരെയേറെ ക്ലേശകരമായിക്കൊണ്ടിരിക്കുകയാണ്. ഈ ഒരു അവസ്ഥയില്‍ ഞങ്ങള്‍ പശുക്കളെ വി ക്കേണ്ട സ്ഥിതിയിലാണ്. ഇവിടെയുളള പല ക്ഷീരകര്‍ഷകരുടേയും അവസ്ഥ വ്യത്യസ്തമല്ല. പശുവിന് കൊടുക്കാന്‍ പുല്ലോ വെളളമോ ഇല്ലാത്ത അവസ്ഥയെക്കുറിച്ച് ക്ഷീരകര്‍ഷകനായ കബനിഗിരി വലിയ വീട്ടില്‍ ജോണി പ്രതികരിച്ചു.

കോളനികളിലാണ് കുടിവെളള പ്രശ്നം ഏറ്റവും കൂടുതലായുള്ളത്. നിലവില്‍ കബനിഗിരി വാട്ടര്‍ അതോറിറ്റിയുടെ വെളളമാണ് ലഭ്യമായിട്ടുളളത്. അതില്‍ തന്നെ ആഴ്ചയില്‍ രണ്ടുദിവസം മാത്രമാണ് വെളളമെത്തുന്നത്. ജലം ശേഖരിച്ചുവെയ്ക്കാനുളള സൗകര്യങ്ങളോ മറ്റ് സംവിധാനങ്ങളോ കോളനിയി ഒരുക്കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം വാട്ടര്‍ കീയോസ്‌ക്കുകള്‍ നിര്‍മ്മിച്ച് വില്ലേജിന്റെ നേതൃത്വത്തി വെളളമെത്തിച്ചിരുന്നു. ഇത്തവണ ഈ പ്രവര്‍ത്തനം തുടരുമോയെന്ന് അറിയില്ല എന്നാണ് വാര്‍ഡ് മെമ്പര്‍ ജീന ഷാജി പറഞ്ഞത്. വില്ലേജില്‍ നിന്നും വെളളമെത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പഞ്ചായത്ത് വേണ്ട നടപടി സ്വീകരിക്കുമെന്നും വരള്‍ച്ച രൂക്ഷമായ പ്രദേശങ്ങള്‍ പ്രത്യേകമായി തെരഞ്ഞെടുത്ത് അവിടങ്ങളില്‍ വെളളമെത്തിക്കാനുളള മാര്‍ഗങ്ങള്‍ അവലംബിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. ബന്ധപ്പെട്ട അധികാരികള്‍ക്കുപോലും ഈ വിഷയത്തി കാര്യമായ ധാരണയില്ല എന്നത് ഈ പ്രശ്‌നത്തിന്റെ രൂക്ഷതയെ വര്‍ദ്ധിപ്പിക്കുന്നു.

(പുല്‍പ്പള്ളി പഴശിരാജ കോളേജിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥികളുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാമിന്റെ ഭാഗമായി ചെയ്ത റിപ്പോര്‍ട്ട്)

Avatar

അലക്സ് മനു മാത്യു, ശ്യാം സുന്ദര്‍

ഇരുവരും വയനാട് പുല്‍പ്പളളി പഴശ്ശിരാജ കോളേജിലെ ഒന്നാംവര്‍ഷ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികള്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍