UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വയനാട്ടിലെ കെട്ടിടനിര്‍മ്മാണ നിയന്ത്രണം അട്ടിമറിക്കാന്‍ ശ്രമം

Avatar

എന്‍ കെ രാംദാസ്

പൊതുജനസമ്മതം നേടിയ കെട്ടിടനിര്‍മ്മാണ നിയന്ത്രണം അട്ടിമറിക്കാന്‍ ഭരണതലത്തില്‍ ശ്രമം. ജില്ല ദുരന്ത നിവാരണ സമിതി അധ്യക്ഷനെന്ന നിലയില്‍ കെട്ടിടനിര്‍മ്മാണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള വയനാട് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശമാണ് റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങി വഴിതിരിച്ച് വിടാന്‍ ശ്രമിക്കുന്നത്. 

ലോക പരിസ്ഥിതി ദിനമായ ജൂണ്‍ ആറിനാണ് ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ വയനാട്ടില്‍ കെട്ടിടങ്ങളുടെ നിര്‍മ്മിതി സംബന്ധിച്ച് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. പരിസ്ഥിതിലോല പ്രദേശമെന്ന് പൊതുവെ പരിഗണിക്കപ്പെടുന്ന വയനാട്ടില്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന നിരന്തര ആവശ്യമാണ് നിയന്ത്രണത്തിന് വഴിവെച്ചത്. സംരക്ഷണം ആവശ്യപ്പെടുന്ന പശ്ചിമഘട്ടപ്രദേശങ്ങളില്‍ ഉള്‍പ്പെടുന്ന വയനാട്ടില്‍ വിനോദ സഞ്ചാര വികസന പദ്ധതികളുടെ മറവില്‍ വന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് അരങ്ങേറുന്നത്. വയനാട്ടിലേക്കുള്ള പ്രവേശനകവാടമായി അറിയപ്പെടുന്ന വൈത്തിരി ഇത്തരം ഒരു പ്രദേശമാണ്. നൂറ് കണക്കിന് കെട്ടിടങ്ങള്‍ ഈ പ്രദേശത്ത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ പടുത്തുയര്‍ത്തി. ഹോം സ്റ്റേകള്‍, ടൂറിസ്റ്റ് റിസോര്‍ട്ടുകള്‍ എന്നീ പേരുകളില്‍ ഭൂനിയമങ്ങള്‍ ലംഘിച്ച് കെട്ടിടങ്ങള്‍ ഉയര്‍ന്നു. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളായി പരിഗണിക്കപ്പെടുന്ന ലക്കിടി മുതല്‍ വടുവഞ്ചാല്‍ വരെ നീണ്ട് കിടക്കുന്ന ചെമ്പ്ര മലയില്‍ നിയമവിരുദ്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. വിള നിയന്ത്രണം നിലവിലുള്ള ഏലം, കാപ്പി തോട്ടങ്ങളിലാണ് നിര്‍മ്മിതികളില്‍ ഏറെയും. 

കാലാവസ്ഥാ മാറ്റം രൂക്ഷമായ വയനാട്ടില്‍ ക്രമം തെറ്റിപ്പെയ്യുന്ന കനത്ത മഴയും മിക്കപ്പോഴും ഉരുള്‍പ്പൊട്ടലിനും ഭൂചലനങ്ങള്‍ക്കും വേദിയായി. വയനാടിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളുടെ സുരക്ഷ കവചമായി നിലകൊണ്ടിരുന്ന ബാണാസുരന്‍ മലകളും നിയമവിരുദ്ധ നിര്‍മ്മാണങ്ങളുടെ വേദിയാണ്. വ്യാപകമായ നിയമവിരുദ്ധ കരിങ്കല്‍ ഖനനവും പാരിസ്ഥിതിക ദുരന്തങ്ങള്‍ക്ക് കാരണമാകും. 

ജില്ല ദുരന്ത നിവാരണ സമിതിയുടെ നിര്‍ണ്ണായക നിയന്ത്രണ തീരുമാനം വളരെ പെട്ടെന്ന് ഉണ്ടായതല്ല. നിരന്തര പ്രകൃതി ദുരന്തങ്ങളും ജനഭീതിയും ഈ തീരുമാനത്തിന് പിന്നിലുണ്ട്. വയനാടന്‍ മണ്ണിന്റെ ഘടന അതിലൊന്നാണ്. അതികം ചരലും കല്ലും ഇല്ലാത്ത മണ്ണിന്റെ ഉപരിതല ഘടന മഴപെയ്യുന്നതോടെ മണ്ണൊലിപ്പിനും ഉരുള്‍പ്പൊട്ടലിലും ഇടയാക്കി. വ്യാപമായ വനനാശം ഈ ദുരന്തങ്ങളെ അധികരിച്ചു. 

വയനാടിന് അതിരിട്ട് തലയുയര്‍ത്തി നില്‍ക്കുന്ന മലമടക്കുകള്‍ കൃഷിക്ക് ഉപയോഗിച്ചതോടെയാണ് പ്രകൃതി ദുരന്തങ്ങളുടെ ആരംഭവും. തേയില കൃഷിക്ക് വേണ്ടി ചെമ്പ്ര മലകളും കരിങ്കല്ലിനു വേണ്ടി ബാണാസുര മലകളും അനിയന്ത്രിതമായി ഉപയോഗിച്ചു. നിബിഢവനം വെട്ടിയകറ്റിയും പുല്‍ മേടുകള്‍ നശിപ്പിച്ചുമാണ് കൊളോണിയല്‍ ഭരണകാലത്ത് ഈ പ്രദേശങ്ങളില്‍ കൃഷി ആരംഭിക്കുന്നത്. ചോദിക്കാനും പറയാനും ആളില്ലാത്ത നിലയില്‍ ലക്കും ലഗാനവും ഇല്ലാതെ പ്രകൃതിയെ കൊള്ളയടിച്ചു. ഇപ്പോഴും അത് തുടരുന്നു. 

കാലാവസ്ഥയില്‍ വലിയ മാറ്റം പിന്നാലെ വന്നു. ബാണാസുരന്‍ മലകളുടെ കാര്യം തന്നെ എടുക്കാം. ചെമ്പ്രമലയുടെ ഒടുക്കം മുതല്‍ ബ്രഹ്മഗിരി മലകളുടെ തുടക്കം വരെയുള്ള വിശാല ഭൂവിഭാഗത്തിന്റെ കാലാവസ്ഥയും ജീവിതവും നിയന്ത്രിച്ചിരുന്നത് ബാണാസുരന്‍ മലകളാണ്. ബാണാസുര ജലസംഭരണ നിര്‍മ്മാണത്തിനായി നശിപ്പിക്കപ്പെട്ട വനസമ്പത്തുകള്‍ ഫലഭൂയിഷ്ടമായ കൃഷിയിടങ്ങള്‍ക്കോ കണക്കില്ല. ബാണാസുര മല മടക്കുകളില്‍ ഉരുള്‍പൊട്ടല്‍ ഇപ്പോള്‍ വ്യാപകമാണ്. ഒരു കുടുംബത്തിലെ മുഴുവന്‍ പേരും അപ്രത്യക്ഷരായ കാപ്പിക്കളം ദുരന്തം അതിലൊന്നാണ്. അടുത്ത കാലത്തുണ്ടായ വാളാരംകുന്ന് ദുരന്തം മറ്റൊന്ന്. മഴ കനത്ത് പെയ്താല്‍ എപ്പോഴും ഒലിച്ച് ഇറങ്ങാവുന്ന അവസ്ഥയിലാണ് ബാണാസുര മലകള്‍. മണ്ണിനടിയിലൂടെ ഇവിടെ ജലധാരകള്‍ രൂപപ്പെട്ടു. മലയടിവാരത്തെ സാധാരണ മനുഷ്യന്റെ ജീവിതം ഇതോടെ ഭീതി ജനകമായി. തരിശ്ശാക്കപ്പെട്ട കുന്നുകളില്‍ വിനോദ സഞ്ചാരത്തിന്റെ പേരില്‍ വന്‍ കെട്ടിടങ്ങള്‍ ഉയരുന്നു. ഇത്തരം കെട്ടിടങ്ങള്‍ക്കുവേണ്ടി കല്ലും മണലും കുഴിച്ചെടുത്തതോടെ ദുരന്തഭീതിയും കടുത്തു. കഴിഞ്ഞ 25 വര്‍ഷത്തിനിടെ വയനാട്ടില്‍ 15 ഇടങ്ങളില്‍ ഉരുള്‍പൊട്ടലുകളും ഭൂചലനങ്ങളും ഉണ്ടായിട്ടുണ്ട്. ചെമ്പ്ര, ബാണാസുര മലനിരകളിലാണ് ഇതത്രയും സംഭവിച്ചത്. സംസ്ഥാന കേന്ദ്ര ഭൗമശാസ്ത്ര പഠന വിഭാഗങ്ങള്‍ നടത്തിയ പഠനത്തില്‍ മലയടിവാരത്തെ ആയിരക്കണക്കിന് കുടുംബങ്ങളെ അടിയന്തരമായി മാറ്റി പാര്‍പ്പിക്കണമെന്ന നിര്‍ദ്ദേശം വരെയുണ്ടായി. 

കാലാവസ്ഥ മാറ്റം, ഉരുള്‍പൊട്ടല്‍ എന്നിവ ചൂണ്ടിക്കാണിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന ആവശ്യം വയനാട്ടില്‍ ഉയര്‍ന്നത്. ജില്ലാ ദുരന്ത നിവാരണ സമിതി യോഗങ്ങളില്‍ പരിസ്ഥിതി സംഘടനകളോടൊപ്പം മുഖ്യധാരാ രാഷ്ട്രീയ കക്ഷികളും ഈ ആവശ്യം ഉന്നയിച്ചു. ഈ സാഹചര്യത്തിലാണ് സമിതി അധ്യക്ഷന്‍ കൂടിയായ ജില്ല കളക്ടര്‍ നിര്‍മ്മാണ നിയന്ത്രണത്തിന് ഉത്തരവിറക്കിയത്. 

ജില്ലയിലെ മുന്‍സിപ്പാലിറ്റികളായ കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളില്‍ അഞ്ച് നിലകളും വൈത്തിരി, കുന്നത്തിടവക, തിരുനെല്ലി വില്ലേജുകളില്‍ രണ്ട് നിലകെട്ടിടങ്ങളും മതിയെന്ന നിര്‍ദ്ദേശമാണ് ഉത്തരവില്‍ ഉണ്ടായിരുന്നത്. മറ്റ് പഞ്ചായത്തുകളില്‍ മൂന്ന് നില കെട്ടിടങ്ങള്‍ ആകാമെന്ന് ഉത്തരവിലുണ്ട്. 

പതിവുപോലെ കെട്ടിട നിര്‍മ്മാണ, റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യങ്ങള്‍ക്ക് വഴിപ്പെട്ട നേതാക്കള്‍ നിയന്ത്രണ നിര്‍ദ്ദേശത്തിനെതിരെ രംഗത്തുവന്നു. വൈത്തിരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുള്‍പ്പെടെ ചില പഞ്ചായത്തുകളും പരിസ്ഥിതി സംഘടനകളും നിയന്ത്രണത്തെ അനുകൂലിച്ചു. ദുരന്ത നിവാരണ സമിതിയോഗങ്ങളില്‍ കെട്ടിടനിര്‍മ്മാണത്തിന് നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ടവര്‍ തന്നെ ഉത്തരവിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നത് ജനങ്ങള്‍ക്കിടയില്‍ വലിയ ചലനം ഒന്നും സൃഷ്ടിച്ചില്ല. ജനങ്ങള്‍ പൊതുവെ സര്‍ക്കാര്‍ ഉത്തരവിനെ അനുകൂലിച്ചു. എന്നാല്‍, ഉയര്‍ന്നുവന്ന ചില പരാതികളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി വിദഗ്ധ നിര്‍ദ്ദേശത്തിനായി സബ് കമ്മറ്റിയെ നിയോഗിച്ചു. അതിനിടെ സംസ്ഥാന നഗരാസൂത്രണ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലിയുടെ കെട്ടിട നിര്‍മ്മാണ നിയന്ത്രണം മരവിപ്പിച്ചുവെന്ന പ്രഖ്യാപനവും ഉണ്ടായി. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രാദേശിക പാര്‍ട്ടി നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മന്ത്രിയുടെ പ്രഖ്യാപനത്തെ പൊതുവില്‍ വിലയിരുത്തിയത്. നിയന്ത്രണ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ല കളക്ടര്‍ ജനപ്രതിനിധികളുടെയും കക്ഷി നേതാക്കളുടെയും യോഗം വിളിച്ച് ചേര്‍ത്തു. കെട്ടിട നിര്‍മ്മാണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ജില്ലാ കളക്ടറുടെ നടപടിയെ കോണ്‍ഗ്രസ്, മുസ്ലീംലീഗ്, കേരളാ കോണ്‍ഗ്രസ് ജില്ലാ നേതാക്കള്‍ യോഗത്തില്‍ വിമര്‍ശിച്ചു. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗഗാറിനും സി പി ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകരയും നിയന്ത്രണത്തെ പൂര്‍ണമായും പിന്താങ്ങിയിരുന്നു. 

ഒടുവില്‍ മുഖ്യമന്ത്രി ഇക്കഴിഞ്ഞ ബുധനാഴ്ച്ച വിളിച്ചു ചേര്‍ത്ത യോഗത്തിലും തീരുമാനമായില്ല. വയനാടിനു പുറമെ ഇടുക്കി, പാലക്കാട് തുടങ്ങിയ ജില്ലകളിലും നിലവിലുള്ള സമാന നിയന്ത്രണങ്ങള്‍ പരിഗണിച്ച്് സംസ്ഥാനതല ദുരന്തനിവാരണ സമിതിയെ കൂടുതല്‍ പഠനങ്ങള്‍ക്ക് നിയോഗിക്കുകയാണ് ഉണ്ടായത്.

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ‘ചിലരെ’ പ്രീണിപ്പിക്കാനായി കെട്ടിടനിര്‍മ്മാണ നിയന്ത്രണം പാടേ തളളിക്കളയാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുമോ എന്നാണ് ഇനി അറിയേണ്ടത്.

(അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്ററാണ് ലേഖകന്‍)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍