UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വേലി തന്നെ വിളവു തിന്നുമ്പോള്‍; വയനാട് പ്രസ്സ് ക്ലബ് വിവാദത്തില്‍

Avatar

ഉണ്ണികൃഷ്ണന്‍ വി 

പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കുള്ള പ്രാദേശിക വികസന ഫണ്ട് അനധികൃതമായി നേടിയെടുത്ത് കെട്ടിടം നിര്‍മ്മിച്ച വയനാട് പ്രസ്സ് ക്ലബ് നിയമക്കുരുക്കില്‍. ഫണ്ടിന് അനുമതി നല്‍കിയ ജില്ലാ കളക്ടര്‍ മുതല്‍ കല്‍പ്പറ്റ നഗരസഭ സെക്രട്ടറി വരെയുള്ള പ്ലാനിംഗ് ബോര്‍ഡിലെ ഉദ്യോഗസ്ഥരടക്കം ഉടന്‍ പണം തിരിച്ചടക്കണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാര്‍ വഴി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

എം ഐ ഷാനവാസ് എം പി, പി രാജിവ് എംപി എന്നിവരില്‍ നിന്ന് 10 ലക്ഷം വീതവും എം പി അച്ച്യുതന്‍ എംപിയില്‍ നിന്ന് ഏഴ് ലക്ഷവും ആണ് പ്രസ്സ് ക്ലബ് കെട്ടിടം നിര്‍മ്മാണം എന്ന പേരില്‍ നേടിയെടുത്തത്.

ട്രേഡ് യൂണിയന്‍രജിസ്‌ട്രേഷന്‍ ഉള്ള കേരള പത്രപ്രവര്‍ത്തക യുണിയന്റെ ജില്ലാ ആസ്ഥാനമാണ് പ്രസ്സ് ക്ലബ് എന്നും ഇതിന്റെ ജില്ലാ യുണിറ്റായാണ് പ്രസ്സ് ക്ലബ് പ്രവര്‍ത്തിക്കുന്നത് എന്നും, ഭാരവാഹികള്‍ എല്ലാം ട്രേഡ് യുണിയന്‍ അംഗത്വം ഉള്ളവരാണെന്നും ചൂണ്ടിക്കാണിച്ച് മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ കോയാമു കുന്നത്ത് കേരളാ സര്‍ക്കാരിനും ലോകസഭാ, രാജ്യസഭാ സെക്രട്ടറിമാര്‍ക്കും നല്‍കിയ പരാതിയിന്മേലാണ് ഇപ്പോള്‍ അടിയന്തിര നിയമനടപടികള്‍ ആരംഭിച്ചിരിക്കുന്നത്.

ജില്ലാ കളക്ടറുടെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, പ്ലാനിംഗ് ഓഫീസിലെ ചില ഗുമസ്തന്മാര്‍, നഗരസഭാ സെക്രട്ടറി, ബന്ധപ്പെട്ട സെക്ഷന്‍ കൈകാര്യം ചെയ്ത ക്ലാര്‍ക്കുമാര്‍ തുടങ്ങിയവരോട് ഫണ്ടായി അനുവദിച്ച പണം തിരിച്ചടക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് സര്‍ക്കാര്‍. 

കല്‍പ്പറ്റ പി ഡബ്ല്യു ഡി ഓഫിസിനു സമീപം കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് പ്രസ്സ് ക്ലബ്ബിനു കെട്ടിടം നിര്‍മ്മിക്കുന്നതിനായി അഞ്ച്‌ സെന്റ് സ്ഥലം പാട്ട വ്യവസ്ഥയില്‍ കൈമാറിയിരുന്നു. എന്നാല്‍ ലീസിനു നല്‍കിയ ഭൂമി ഏതൊരു സ്ഥാപനത്തിനോ വ്യക്തിക്കോ കൈമാറാന്‍ പാടില്ല എന്നാണ് നിയമം. അതും ഇവിടെ ലംഘിക്കപ്പെട്ടു. ഒടുവില്‍ സര്‍ക്കാരിനു ലഭിച്ച പരാതിയില്‍ കഴിഞ്ഞ ഓഗസ്റ്റ് 22ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി കത്തെഴുതുകയുണ്ടായി. എന്നാല്‍ ഇത് സംബന്ധിച്ച് മറുപടി സംസ്ഥാന സര്‍ക്കാര്‍ നല്‍കാഞ്ഞതിനാല്‍ 2015 ഫെബ്രുവരി ഒമ്പതിന്‌ വീണ്ടും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി.

ഫെബ്രുവരി 23ന് ന്യൂഡല്‍ഹിയില്‍ നടന്ന എംപി ഫണ്ട് അവലോകന യോഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ചത് ധനകാര്യ സെക്രട്ടറി രാജീവ് സിന്‍ഹ ആയിരുന്നു. ഈ യോഗത്തിലും വയനാട് പ്രസ്സ് ക്ലബ് കെട്ടിടത്തിനായി എംപി ഫണ്ട് ദുരുപയോഗം ചെയ്തതിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉണ്ടാവുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെയും സംഭവിച്ച വീഴ്ചയ്‌ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് സിന്‍ഹ യോഗത്തില്‍ അറിയിച്ചു. ഇത് യോഗത്തിന്റെ മിനിട്ട്‌സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിനിയോഗിച്ച തുക ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കാനുള്ള നടപടിയുമായാണ്  തുടര്‍ന്ന്സര്‍ക്കാര്‍ രംഗത്ത് വന്നത്.

ഫണ്ട് അനുവദിച്ചപ്പോള്‍ അതിന്റെ ചുമതല അന്നത്തെ എഡിഎമ്മിനായിരുന്നു. അദ്ദേഹമാണ് പ്രസ്സ് ക്ലബ് കെട്ടിടത്തിനു 27 ലക്ഷം അനുവദിക്കാന്‍ ഭരണാനുമതി നല്‍കിയത്, പിന്നീടിതിനു സാങ്കേതിക അനുമതിയും ലഭിച്ചു. കല്‍പ്പറ്റ നഗരസഭയാണ് പരാതികള്‍ അവഗണിച്ച് കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കിയത്.

ആവശ്യമായ ടെണ്ടര്‍, ക്വട്ടേഷന്‍ എന്നിവ ക്ഷണിക്കാതെ തിരക്കിട്ട് ഇരുപത്തിയേഴു ലക്ഷം രൂപയുടെ നിര്‍മ്മാണപ്രവര്‍ത്തികള്‍ നടത്തിയതിനും പ്രവര്‍ത്തിയില്‍ നടന്ന അഴിമതി സംബന്ധിച്ചും കോയാമു കുന്നത്ത് തന്നെ പോലീസ് വിജിലന്‍സ് എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇപ്പോള്‍ കളക്‌ട്രേറ്റിലും മറ്റുമുള്ള ഉദ്യോഗസ്ഥര്‍ തങ്ങളുടെ പേരിലുള്ള പണം ഒഴിവാക്കി കിട്ടാനുള്ള തന്ത്രവുമായി സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ്. ഇതേസമയം പ്രസ്സ് ക്ലബ്, എംപിമാരെയും നഗരസഭയെയും തെറ്റിദ്ധരിപ്പിച്ചു എന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായ ഘട്ടത്തില്‍ 2014ല്‍ അന്ന് കേന്ദ്രമന്ത്രിയായിരുന്ന കെ വി തോമസ് ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കെട്ടിട നിര്‍മാണത്തിലെ അപാകതയും ഫണ്ട് ദുര്‍വിനിയോഗവും ചൂണ്ടിക്കാണിച്ച് കോയാമു കുന്നത്ത് അന്ന് തന്നെ അധികൃതര്‍ക്ക് പരാതി നല്‍കുകയുണ്ടായി. സര്‍ക്കാര്‍ കെട്ടിടമായതിനാല്‍ തന്നെ  പ്രസ്സ്‌ക്ലബ് എല്ലായ്‌പ്പോഴും പൊതു ആവശ്യത്തിന് ഉപയോഗിക്കണം എന്നും ഫീസോ ലാഭമോ ഉണ്ടാക്കുന്ന യാതൊരു ഏര്‍പ്പാടും സ്വീകരിക്കരുത് എന്നും പ്രസ്സ് ക്ലബ്ബ് ഭാരവാഹികള്‍,ജില്ലാ ഭരണകൂടം ,മുനിസിപ്പാലിറ്റി എന്നീ മൂന്നു വ്യത്യസ്ത കക്ഷികള്‍ ചേര്‍ന്ന് രൂപീകരിച്ച കരാറില്‍ പറയുന്നു.

പക്ഷെ ഇവിടെ രണ്ടു ജീവനക്കാരെ നിയമിച്ചു. സ്ഥിരമായി പത്രസമ്മേളനങ്ങള്‍ക്കു ഫീസ് വാങ്ങാറുണ്ടെന്നും അറിയാന്‍ കഴിഞ്ഞതായി കോയാമു കുന്നത്ത് വ്യക്തമാക്കുന്നു. ഇതിനു പുറമേ ഡോക്ടര്‍ ആസാദ് മിഷന്‍ ഹോസ്പിറ്റല്‍ (ഡിഎംവിംസ്) പക്കല്‍ നിന്ന് ലക്ഷക്കണക്കിന് രൂപ വാങ്ങി പ്രസ്സ് ക്ലബ് കെട്ടിടത്തിനു സമീപം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അലങ്കാരങ്ങളും മറ്റും നടത്തിയതും വിവാദമായിരുന്നു. കൂടാതെ നിരവധി സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ധനസമാഹരണം നടത്തിയതും എംപി ഫണ്ടിന്റെ നിയമങ്ങളുടെ നഗ്നമായ ലംഘനം ആണെന്നാണ് പരാതിക്കാരന്റെ ആരോപണം.

എംപി ഫണ്ടുപയോഗിച്ച് നിര്‍മിച്ച കെട്ടിടമാണ് എന്ന് സാധാരണ വയ്ക്കാറുള്ള ബോര്‍ഡ് പോലും അവിടെ കണ്ടെത്താനായില്ല എന്ന് കല്‍പ്പറ്റയില്‍ നിന്നും പ്രസ്സ് ക്ലബ് പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കെട്ടിടം പൂര്‍ണ്ണമായും സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ആണ്. എന്നാല്‍ ഇതിന്റെ ഉപയോഗം പത്രപ്രവര്‍ത്തക യൂണിയന്റെ കൈയിലും.

വയനാട്ടില്‍ എംപി ഫണ്ടില്‍ നിന്നും ഇരുപത്തേഴു ലക്ഷം ദുരുപയോഗം ചെയ്ത സംഭവം സംബന്ധിച്ച് കേരളത്തിലെ എല്ലാ കളക്ട്രേറ്റിലേക്കും രാജ്യത്തെ എംപി ഫണ്ടുമായി ബന്ധപ്പെട്ട ഓഫീസുകളിലേക്കും കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.

എന്നാല്‍ പത്രപ്രവര്‍ത്തക യൂണിയന്‍ കത്തുകളിലൂടെയും അപേക്ഷകളിലൂടെയും നഗരസഭയെയും മറ്റു ഓഫീസുകളെയും തെറ്റിദ്ധരിപ്പിച്ചതിന്റെ ഫലമാണ് എംപി ഫണ്ട് ദുരുപയോഗത്തിനു കാരണം എന്ന് ഒരു നഗരസഭ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായി കൊയാമു കുന്നത്ത് പറയുന്നു.

“പിരിച്ചു വിടുന്ന സമയത്ത് സ്ഥലവും കെട്ടിടവും വിറ്റ് പത്രപ്രവര്‍ത്തക യൂണിയന്‍ അംഗങ്ങള്‍ക്ക് തുല്യമായി വീതിക്കാം എന്ന് യൂണിയന്റെ ബൈലോയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യത കൂടുതലാണ് . കേന്ദ്ര സര്‍ക്കാര്‍ എംപി ഫണ്ട് സംബന്ധിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥനായ തപന്‍ മിത്ര പുറത്തിറക്കിയ സര്‍ക്കുലറില്‍ ഫണ്ട് ഉപയോഗത്തെക്കുറിച്ചും പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും ജില്ലാ കളക്ടര്‍മാര്‍ ജാഗരൂകരായിരിക്കണം എന്ന് വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട് .പക്ഷെ വയനാട് സംഭവിച്ചത് നഗ്നമായ ലംഘനമാണ്.” സര്‍ക്കാര്‍ പണം ചെലവാക്കി നിര്‍മിച്ച കെട്ടിടം പൊതുസ്വത്താക്കി ജില്ലാ കളക്ടറുടെ അധീനതയിലാക്കിയില്ലെങ്കില്‍ ഇതിനെതിരെ റിട്ട് ഹര്‍ജിയുമായി മുന്നോട്ട് പോകുമെന്ന് കോയാമു കുന്നത്ത് പറഞ്ഞു.

വയനാട് പ്രസ്സ് ക്ലബ് ഭാരവാഹികള്‍ക്ക് പറയാനുള്ളത്

“ഫണ്ട് അനുവദിക്കുന്ന സമയത്ത് പ്രസ്സ്ക്ലബ് നെഗറ്റിവ് ലിസ്റ്റില്‍ ഉണ്ടായിരുന്ന സംഘടന അല്ലായിരുന്നു. റീഡിംഗ് റൂം, ലൈബ്രറി എന്നിവ ഇതിന്റെ കൂടെ തന്നെ നിര്‍മ്മിച്ചതാണ്. വസ്തു ലീസിലാണ് ഇപ്പോഴും. കെട്ടിടം നിര്‍മ്മിച്ചെങ്കിലും ഇപ്പോഴും അതൊരു പൊതുസ്വത്താണ്. പിരിച്ചു വിടുമ്പോള്‍ അംഗങ്ങള്‍ക്ക് വീതിച്ചു നല്‍കാം എന്നത് സംഘടനയുടെ സ്വത്താണെങ്കില്‍ മാത്രമേ കഴിയൂ. അത് പൊതുസ്വത്തിനു ബാധകമല്ല. കെട്ടിടത്തിന്റെ അവകാശി ഇപ്പോഴും സര്‍ക്കാര്‍ ആണ്. സംഘടന ഇപ്പോഴും അതിന്റെ കൈകാര്യം ചെയ്യല്‍ എന്ന ഒരു പ്രവര്‍ത്തി മാത്രമേ ചെയ്യുന്നുള്ളൂ. വൈദ്യുതി കണക്ഷന്‍, വാട്ടര്‍ കണക്ഷന്‍ എന്നിവ ഇപ്പോഴും മുന്‍സിപ്പാലിറ്റിയുടെ പേരില്‍ തന്നെയാണ്. മാത്രമല്ല, ഇത് ശരിയായ നടത്തിപ്പ് പരിശോധിക്കാന്‍ ഒരു ട്രൈപാര്‍ട്ടി എഗ്രിമെന്‍റ്റും നിലവിലുണ്ട്. ജില്ലാ ഭരണകൂടം, മുന്‍സിപ്പാലിറ്റി, പ്രസ്സ് ക്ലബ്  എന്നിങ്ങനെ മൂന്നു പാര്‍ട്ടികള്‍ ചേര്‍ന്നുള്ള ആ വ്യവസ്ഥ പ്രകാരം അത് കൃത്യമായി നടപ്പിലാക്കുന്നുമുണ്ട്. ഒരു വീഴ്ച വന്നത്  ഈ കെട്ടിടം സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ്‌ നിര്‍മ്മിച്ചത് എന്ന് ബോര്‍ഡ് എഴുതി വച്ചിട്ടില്ല എന്നതാണ്.അത് ചെയ്യാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്.” വയനാട് പ്രസ്സ് ക്ലബ് പ്രസിഡന്റ് കമല്‍ പറഞ്ഞു.

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ഉണ്ണികൃഷ്ണന്‍ വി )

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍