UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വയനാടന്‍ തേയിലത്തോട്ടങ്ങളിലെ നിശബ്ദതയും ഭയക്കണം

എം കെ രാംദാസ്

മൂന്നാറില്‍ നിന്നും ഒട്ടും ഭിന്നമല്ല വയനാടും. തേയില, ഏലം, കാപ്പിത്തോട്ടങ്ങളിലെ ദരിദ്ര തൊഴിലാളികളുടെ ജീവിത സമാനതയാണ് ഈ താതമ്യത്തിനാധാരം. മൂന്നാറില്‍ ഉയര്‍ന്നു കേട്ട സ്ത്രീ തൊഴിലാളികളുടെ ദൃഢതയുള്ള ശബ്ദം പക്ഷെ വയനാട്ടിലെ എസ്റ്റേറ്റ് ലയങ്ങളില്‍ നിന്ന് പൊങ്ങുന്നില്ല എന്നതിപ്പോള്‍ പ്രതിസന്ധികളുടെ വസ്തുതകളില്‍ ഒന്നാണ്.

മൂന്നിറാനു തുല്യമായി സ്ത്രീകളാണ് ഇവിടെയും തൊഴിലാളികളില്‍ ഭൂരിഭാഗവും. ജോലിഭാരത്തിനോ വേതനത്തിനോ വ്യത്യാസമില്ല. തകര്‍ന്നടിഞ്ഞ ലയങ്ങളിലാണ് ഇവിടെയുള്ളവരുടെ വാസം. വര്‍ഷങ്ങളായി അറ്റകുറ്റപ്പണികള്‍ നടത്താത്തതുകൊണ്ട് പൊട്ടിപ്പൊളിഞ്ഞതാണ് എസ്റ്റേറ്റ് പാടികള്‍. മൂന്നും നാലും കുടുംബങ്ങള്‍ പാടി മുറിക്കുള്ളില്‍ തിങ്ങിഞെരുങ്ങി കഴിഞ്ഞുകൂടുന്നു.

ഉടമകളുടെ വികസനത്തിന് ഇവിടെയും കുറവൊന്നുമില്ല. കമ്പനികളുടെ പേരുകള്‍ മാറുന്നു എന്നല്ലാതെ തൊഴിലാളികളുടെ ജീവിതത്തെ ബാധിക്കുന്ന ഒരു വിഷയമല്ല കമ്പനി മാറ്റം. പോഡാര്‍ മാറി ഹാരിസണ്‍ മലയാളമാകും അല്ലെങ്കില്‍ മറ്റെന്തെങ്കിലും.

തൊഴിലാളി സംഘടനകളുടെ കാര്യവും തഥൈവ. പരമ്പരാഗതമായി നേതാക്കന്മാരായി മാറുന്നവര്‍ ഇവിടെയുണ്ട്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് തൊഴിലാളികള്‍ക്കിടയിലുള്ളത് വലിയ സ്വാധീനമാണ്. സി ഐ ടി യു, ഐ എന്‍ ടി യു സി, എസ് ടി യു എന്നീ ട്രേഡ് യൂണിയനുകള്‍ ശക്തമാണ്. കക്ഷിവ്യത്യാസം പക്ഷെ നേതാക്കന്മാരുടെ രൂപഭാവങ്ങളിലോ തൊഴിലാളി നിലപാടുകളിലോ മൂന്നാറിലേതുപോലെ തന്നെ ഇവിടെയും സമാനം.

ചികിത്സാ സൗകര്യങ്ങളും മൂന്നാറിന് തുല്യമാണ്. എസ്‌റ്റേറ്റ് ആശുപത്രി പേരിനുമാത്രം. ചുവപ്പോ വെളുപ്പോ നിറത്തിലുള്ള ഒന്നു രണ്ടു ഗുളികകളും പിന്നെ വിദഗ്ദ ചികിത്സയ്ക്കുള്ള കുറിപ്പടികളും മാത്രം ഇവിടെ നിന്നും കിട്ടുന്നു.

 

കമ്പനി തീരുമാനങ്ങള്‍ക്കെതിരെ തൊഴിലാളികള്‍ക്കിടയില്‍ നിന്ന് ഉണ്ടാകുന്ന രോഷത്തെ മയപ്പെടുത്തുകയാണ് ഇവിടുത്തെ സംഘടന നേതാക്കന്മാരുടെ പ്രധാന ദൗത്യം. കമ്പനിയുടെ നഷ്ടക്കണക്കുകള്‍ തൊഴിലാളികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് തീരുമാനങ്ങള്‍ക്ക് സ്വീകാര്യത നേടിയെടുക്കുക എന്ന ജോലിയും സംഘടന നേതാക്കന്മാര്‍ക്കുണ്ട്. ലോക്ക് ഔട്ട് എന്ന ഭീഷണിയാണ് കമ്പനിയും നേതാക്കന്മാരും തൊഴിലാളികള്‍ക്കു മുന്നില്‍ മിക്കപ്പോഴും അവതരിപ്പിക്കുക.
ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ സി ഐ ടി യു വിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ സമരം നടത്തുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ ചട്ടപ്പടി സമരം. വേതന വര്‍ദ്ധനവിനോ അധിക ബോണസിനോ വേണ്ടിയല്ല ഇവരുടെ സമരം. വേതനം നല്‍കുന്ന തീയതികള്‍ മാറ്റണമെന്നതാണ് ആവശ്യം.

ഈ സമരം മൂന്നാര്‍ മോഡല്‍ കൈവരിക്കുമെന്നാണ് സി ഐ ടി യു ഭീഷണി മുഴക്കുന്നത്. ഈ വാദം തന്നെ തീര്‍ത്തും നിരര്‍ത്ഥകമെന്ന് മറ്റു സംഘടന നേതാക്കന്മാരുടെ പക്ഷം. തൊഴിലാളി സംഘടനകളുടെ സംസ്ഥാനതല ഫെഡറേഷന്‍ തീരുമാനത്തിന് വിരുദ്ധമായാണ് സി ഐ ടി യുവിന്റെ വയനാട് മാതൃകയെന്ന് ഇവര്‍ ആരോപിക്കുന്നു.

തൊഴിലാളികളില്‍ കടുത്ത രോഷം പുകയയുന്നുണ്ട്. പ്രത്യേകിച്ചും യഥാര്‍ത്ഥ ഇരകളായ സ്ത്രീകളില്‍. കമ്പനികള്‍ക്കെതിരായ ഈ അഗ്നി ശമിപ്പിക്കാനുള്ള ഗൂഢപദ്ധതിയാണ് സി ഐ ടി യുവിന്റെ ചട്ടപ്പടി സമരമെന്നാണ് റെഡ് സ്റ്റാര്‍ ജില്ല സെക്രട്ടറി സാം പി മാത്യു പറയുന്നത്.

ഹാരിസണ്‍ മലയാളമാണ് വയനാട്ടിലെ പ്രധാന തേയില പ്ലാന്റേഷന്‍ ഉടമകള്‍. പൊതുതറ, വൈത്തിരി, മേപ്പാടി, നെന്മേനി പഞ്ചായത്തുകളിലായി എച്ച് എം എല്ലിന് തേയിലത്തോട്ടങ്ങളുണ്ട്. എതാണ്ട് പതിനായിരത്തോളം തൊഴിലാളികള്‍. എസ്‌റ്റേറ്റ് ലയങ്ങളിലാണ് തൊഴലാളികളില്‍ ഭൂരിഭാഗവും താമസിക്കുന്നത്. തീര്‍ത്തും വാസയോഗ്യമല്ലാത്ത ലയങ്ങളില്‍ കഴിയുന്നവരില്‍ തമിഴ് തൊഴിലാളികളുമുണ്ട്. പ്ലാന്റേഷന്റെ തുടക്ക കാലത്ത് തമിഴ്‌നാട്ടില്‍ നിന്ന് അടിമകളായി കൊണ്ടുവന്ന തമിഴര്‍ക്കൊപ്പം പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരും നാലഞ്ചു തലമുറകളായി ഇവിടെ കഴിയുന്നു.

മൂന്നാറില്‍ നിന്ന് വ്യത്യസ്തരാണ് വയനാട്ടിലെ തമിഴ് തൊഴിലാളികള്‍. ഇവരില്‍ ഭൂരിഭാഗവും തീര്‍ത്തും കേരളീയരായിരിക്കുന്നു. ശ്രീലങ്കന്‍ അഭയാര്‍ത്ഥികളെ പുനരധിവസിപ്പിച്ച കമ്പമല പ്ലാന്റേഷനില്‍ മാത്രമാണ് തമിഴ് ഐഡന്റിറ്റി അവശേഷിക്കുന്നത്. അടിമവര്‍ഗത്തില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ആദിവാസികളെ കുടിയിരുത്തിയ പ്രിയദര്‍ശിനിയാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തേയിലത്തോട്ടങ്ങളില്‍ ഒന്ന്. കോര്‍പ്പറേറ്റ് – സര്‍ക്കാര്‍ വ്യത്യാസം പ്ലാന്റേഷന്‍ രംഗത്ത് ഒരു പരിധിവരെ ഇവിടെ ദൃശ്യമാണ്. മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഒരുപരിധിവരെ കഴിഞ്ഞിട്ടുണ്ട്.

232 രൂപ തന്നെയാണ് ഇവരുടെ ദിവസവേതനം. നാലുവര്‍ഷം മുമ്പ് പ്ലാന്റേഷന്‍ ലേബര്‍ കമ്മിഷന്‍ ചേര്‍ന്നാണ് നാമമാത്രമായ തുക വേതനമായി നിശ്ചയിച്ചത്. റബര്‍ തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് 280 രൂപയും ഏലം തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് 230 രൂപയും നിര്‍ദേശിച്ച പി ആന്‍ഡ് സി ആണ് കൂടുതല്‍ അധ്വാനം ആവശ്യമുള്ള തേയിലത്തൊഴിലാളികള്‍ക്ക് ദിവസക്കൂലിയായി 180 രൂപ നിശ്ചയിച്ചത്. ഡി എ ഉള്‍പ്പടെ ചേര്‍ന്നതാണ് ഇപ്പോള്‍ ലഭിക്കുന്ന 232 രൂപ. കാലാവധി കഴിഞ്ഞ പി ആന്‍ഡ് സി പുനര്‍രൂപീകരിക്കാനോ വേതന പുനര്‍നിര്‍ണയം നടത്തുവാനോ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.

തേയിലത്തോട്ടം ഉടമകള്‍ നിരത്തുന്ന ലാഭനഷ്ടക്കണക്കുകള്‍ സംബന്ധിച്ച ദുരൂഹതയാണ് ഈ രംഗത്തെ പ്രധാന പ്രശ്‌നങ്ങളിലൊന്ന്. വേതനവര്‍ദ്ധനവ് ആവശ്യപ്പെടുന്ന തൊഴിലാളികള്‍ വാ പൊളിച്ചിരുന്നുപോകുന്ന കള്ളക്കണക്കുകളാണവയെന്ന് തൊഴില്‍ രംഗത്തെ വിദഗ്ദര്‍ പറയുന്നു.
വയനാട്ടിലെ പ്രധാന എസ്റ്റേറ്റ് ഉടമകളായ എച്ച് എം എല്‍ 8.33 ശതമാനം ബോണസാണ് തൊഴിലാളികള്‍ക്ക് കൊടുത്തത്. അന്താരാഷ്ട്ര തലത്തില്‍ ഇപ്പോള്‍ ചായപ്പൊടിക്കുണ്ടായ ആവശ്യക്കുറവ് ചൂണ്ടിക്കാട്ടിയാണ് കമ്പനികള്‍ തൊഴിലാളികള്‍ക്കുള്ള ആവശ്യങ്ങള്‍ നിഷേധിച്ചത്. ഇന്ത്യന്‍ തേയിലയുടടെ പ്രധാന ആവശ്യക്കാരായിരുന്ന പാകിസ്താന്‍ ഇപ്പോള്‍ ഇവിടെ നിന്നുള്ള ചായപ്പൊടി ഇറക്കുമതി വേണ്ടെന്നുവച്ചിരിക്കുകയാണെന്ന് കമ്പനികള്‍ പറയുന്നു. കമ്പനി പറയുന്ന സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടോയെന്ന് പരിശോധിക്കാനുള്ള സര്‍ക്കാര്‍ സംവിധാനം ഇല്ലെന്നതാണ് അതിലേറെ വിചിത്രം.

വയനാട്ടില്‍ ഇപ്പോഴും തൊഴിലാളി യൂണിയനുകള്‍ക്ക് പ്രാധാന്യം നിലനില്‍ക്കുന്നു എന്നതാണ് മൂന്നാറുമായി താതതമ്യം ചെയ്യുമ്പോള്‍ കാണുന്ന വസ്തുത. തൊഴിലാളികള്‍ പക്ഷെ അസ്വസ്ഥരാണ്. ലയങ്ങള്‍ നിശബ്ദമാണ്. രോഗങ്ങളില്‍ വലയുകയാണ് ഈ പാവങ്ങള്‍, പ്രത്യേകിച്ച് സ്ത്രീ തൊഴിലാളികള്‍. അമിതമായ ജോലിഭാരം സ്ത്രീകളുടെ നട്ടെല്ല് തകര്‍ത്തിരിക്കുന്നു. ബ്രസ്റ്റ് കാന്‍സറാണ് മറ്റൊരു ദുരന്തം. ധാരാളം സ്ത്രീകള്‍ ഈ രോഗത്തിന് അടിമകളാണ്. ഇവിടെയുള്ളവരിലധികവും വിദ്യാഭ്യാസം അധികമില്ലാത്തവരാണ്. ഇവര്‍ക്ക് കുടിക്കാന്‍ ശുദ്ധമായ വെള്ളം പോലും കിട്ടാറില്ല.

എസ്‌റ്റേറ്റുകള്‍ ഒരര്‍ത്ഥത്തില്‍ ജയിലുകളാണ് ഇവര്‍ക്ക്. മനുഷ്യാവകാശങ്ങള്‍ക്കോ നീതിക്കോ വലിയ വിലയൊന്നും അവിടെ കല്‍പ്പിക്കപ്പെടാറില്ല. അടിമ-ഉടമ ബന്ധത്തിന്റെ ചിത്രങ്ങള്‍ തേയിലത്തോട്ടങ്ങളുടെ വിശാലതയില്‍  ദൃശ്യമാണ്. അതുകൊണ്ടു തന്നെ വയനാടന്‍ തോട്ടങ്ങളിലും തൊഴിലാളികളുടെ മുഴക്കമുള്ള ശബ്ദം എപ്പോള്‍ വേണമെങ്കിലും ഉയരാനുള്ള അവസ്ഥ നിലനില്‍ക്കുന്നുണ്ട്.

(അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്ററാണ് ലേഖകന്‍)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍