UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെണിയില്‍ അകപ്പെട്ട പെണ്‍കടുവയ്ക്ക് പരിക്കേറ്റത് ആവാസസ്ഥലത്തെ സംഘര്‍ഷത്തിനിടെയെന്നു സൂചന

അഴിമുഖം പ്രതിനിധി

അവശനിലയിലായി വയനാട്ടില്‍ കെണിയില്‍ അകപ്പെട്ട പെണ്‍കടുവയ്ക്ക് പരിക്കേറ്റത് ആവാസസ്ഥലത്തെ സംഘര്‍ഷത്തിനിടെ എന്ന് സൂചന. ഏതാണ്ട് എട്ടു വയസ്സു പ്രായം മതിക്കുന്ന പെണ്‍കടുവയുടെ വയറിനു താഴെ വലിയ വൃണമുണ്ട്. മുറിവില്‍ പുഴു നിറഞ്ഞതായും പരിശോധനയില്‍ വ്യക്തമായി. വയനാട് വന്യജീവി സങ്കേതത്തിലെ കുരിച്യാട് റേഞ്ചില്‍ വടക്കനാട് വെള്ളക്കെട്ടിലെ കൃഷിയിടത്തില്‍ വനം വകുപ്പ് സ്ഥാപിച്ച കെണിയിലാണ് കടുവ അകപ്പെട്ടത്. 

വയനാട്ടില്‍ ഈ വിധം വനം വകുപ്പിന്റെ കെണിയില്‍ അകപ്പെടുന്ന നാലാമത്തെ കടുവയാണ് ഇത്. വയനാട് വന്യജീവി സങ്കേതത്തില്‍ 35ഓളം കടുവകളുടെ സാനിധ്യം ഉണ്ടെന്നു കരുതപ്പെടുന്നു. യോജിച്ചു കിടക്കുന്ന കര്‍ണ്ണാടകയിലെ ബന്ദിപ്പൂര്‍, തമിഴ്നാട്ടിലെ മുതുമല വന്യജീവി സങ്കേതങ്ങളില്‍ ഏതാണ്ട് 70 ഓളം കടുവകളും ഉണ്ടെന്നാണ് ഔദ്യോഗിക വിവരം. സംഘര്‍ഷത്തിനു പുറമേ കടുവകളുടെ ആവാസവ്യവസ്ഥയുടെ ശോഷിപ്പും കാടിറക്കത്തിനു കാരണമാണ്. ഇണ ചേരുന്നതിനിടെയും പരസ്പരം ആക്രമണം ഉണ്ടാവാറുണ്ട്. ഏകനായി കഴിയുന്ന കടുവയുടെ വാസസ്ഥലത്തെക്കുള്ള മറ്റു കടുവകളുടെ കടന്നുകയറ്റം സംഘര്‍ഷത്തില്‍ കലാശിക്കും. കരുത്തിനു മുന്നില്‍ തോല്‍ക്കുന്ന കടുവ പിന്മാറി അപകടം അധികമില്ലാത്ത വനപ്രദേശവും നാട്ടിന്‍പുറവും അഭയസ്ഥാനമായി കണ്ടെത്തുന്നതാണ് ഒരു പ്രശ്നം. വനത്തിനകത്തെ മനുഷ്യസാനിധ്യവും കടുവകളുടെ നാടിറക്കത്തിനു ഹേതുവാകുന്നു. വനത്തില്‍ മേയാന്‍ വിടുന്ന പശുക്കളോടുള്ള ഇഷ്ടവും ജനവാസകേന്ദ്രങ്ങളിലേക്കുള്ള കടുവകളുടെ വരവിനു കാരണമാകുന്നു. 

വയനാട് വന്യജീവി സങ്കേതത്തില്‍ അരലക്ഷത്തോളം കന്നുകാലികള്‍ മേയുന്നുണ്ട് എന്ന്   സങ്കേതം തലവന്‍ മനേഷ് കുമാര്‍ പറഞ്ഞു. ഇപ്പോള്‍ കെണിയില്‍പ്പെട്ട കടുവയുടെ മുറിവിനു കാരണം വയറ്റില്‍ തുളച്ചു കയറിയ വേലിക്കമ്പി ആകാം എന്ന സംശയവും ഉണ്ട്. ആവാസസ്ഥലത്തുണ്ടായ സംഘര്‍ഷത്തിനിടെ കടുവയുടെ കടി കൊണ്ട് മുറിവേറ്റത് ആകാനുള്ള സാധ്യതയുമുണ്ട്.     

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍