UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇനി തുരങ്കവും; വയനാടിനെ കാത്ത് മറ്റൊരു വികസന ദുരന്തമോ?

Avatar

കൃഷ്ണ ഗോവിന്ദ്

മലമുടി തുരക്കുന്നവര്‍ക്ക് കുടപിടിക്കുകയാണോ ഈ സര്‍ക്കാര്‍? എല്ലാം ശരിയാക്കും എന്നു പറഞ്ഞത് ഇതാണോ? കാട് സംരക്ഷിക്കണം, കാട് മുടിഞ്ഞാല്‍ നാട് മുടിയും എന്നൊക്കെ നാഴികയ്ക്ക് നാല്‍പതുവട്ടം പറയുന്ന നമ്മുടെ മന്ത്രിമാരുടെ കണ്‍മുമ്പിലൂടെ ഒരു കാട് പൂര്‍ണമായി നശിപ്പിക്കാനായി ടെണ്ടര്‍ ക്ഷണിച്ചിരിക്കുകയാണ് പി ഡബ്ല്യു ഡി. വയനാട്ടിലെ വെള്ളാരിമലനിരകള്‍ തുരന്ന് കാടിനടിയിലൂടെ റോഡ് (തുരങ്കം) നിര്‍മ്മിക്കാനുള്ള നടപടിക്കൊരുങ്ങുകയാണ് കേരള സര്‍ക്കാര്‍.

വെറുതെ ഒരുങ്ങുകയല്ല, അതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 20 കോടി രൂപ വകയിരുത്തിയിട്ടുമുണ്ട്. കോഴിക്കോട്- വയനാട് ഗതാഗതത്തിന് നിലവിലുള്ള താമരശ്ശേരി ചുരത്തിന് ബദലായി ആനക്കാംമ്പൊയില്‍ – കളളാടി – മേപ്പാടി വഴി നിര്‍മ്മിക്കുന്ന തുരങ്ക പാതയ്ക്കുള്ള സര്‍വ്വെയ്ക്കാണ് ടെണ്ടര്‍ ക്ഷണിച്ചിരിക്കുന്നത്. വെള്ളാരിമലകള്‍ തുരന്ന് നിബിഡവനത്തിനടിയിലൂടെ 5.5 കിലോമീറ്റര്‍ നീളമുള്ള തുരങ്ക പാതയുടെ ചിലവ് 2000 കോടി രൂപയാണ്. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുവാന്‍ ഇന്‍വെസ്റ്റിഗേഷന്‍ എസ്റ്റിമേറ്റ് തയ്യാറാകുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകാരന്‍ നിയമസഭയുടെ രണ്ടാം സമ്മേളനത്തില്‍ (06/10/2106) പറഞ്ഞിട്ടുണ്ട്. കൂടാതെ പദ്ധതിയ്ക്കായി 20 കോടി വകയിരുത്തിയിട്ടുണ്ടെന്നും ഡിപിആര്‍ നല്‍കുന്ന മുറയ്ക്ക് പദ്ധതി ആരംഭിക്കുമെന്നും നിയമസഭയില്‍ ജോര്‍ജ് എം തോമസിന്റെ ചോദ്യത്തിന് സുധാകാരന്‍ വ്യക്തമാക്കി.


നിയമസഭയിലെ ചോദ്യത്തിന് ജി സുധാകരന്‍ നല്‍കിയ മറുപടിയുടെ പകര്‍പ്പ്

ഗതാഗതപ്രശ്‌നത്തെ ലഘൂകരിക്കാനാണ് ഈ നടപടിയെങ്കില്‍ അതിന് ഏറ്റവും അനുയോജ്യമായ പദ്ധതി താമരശ്ശേരി ചുരത്തിന്റെ വീതി കൂട്ടുകയെന്നതാണ്. അതിനുള്ള ചെലവ് 100 കോടി രൂപക്കുള്ളില്‍ നില്‍ക്കുകയും ചെയ്യും. അപ്പോള്‍ പദ്ധതിയുടെ ലക്ഷ്യം ഗതാഗതപ്രശ്‌നം മാത്രമല്ല. മറ്റ് ഗൂഢ ഉദ്ദേശങ്ങളും ഇതിന് പിന്നിലുണ്ടെന്നാണ് കരുതേണ്ടിരിക്കുന്നത്. മലകള്‍ക്കടിയില്‍ നിര്‍മ്മിക്കുന്ന തുരങ്കങ്ങള്‍ മലയുടെ ജലസംഭരണ ശേഷി ഇല്ലാതാക്കും. അത് പ്രദേശത്തെ ഭൂഗര്‍ഭ ജലവിധാനം താറുമാറാകുകയും ചെയ്യും. ഇതിനെക്കുറിച്ചൊക്കെ ധാരണ ഉണ്ടായിട്ടും പശ്ചിമഘട്ടത്തിലെ അതീവ പരിസ്ഥിതിലോല പ്രദേശത്ത് അഞ്ചര കിലോമീറ്റര്‍ നീളത്തില്‍ തുരങ്കം നിര്‍മ്മിക്കുന്നത് എന്തിനുവേണ്ടിയാണ്?

വയനാട് കൊടിയ വരള്‍ച്ചയാണ് ഇനി അഭിമൂഖികരിക്കാനിരിക്കുന്നതെന്നാണ് പാരിസ്ഥിതിവാദികള്‍ നല്‍കുന്ന മുന്നറിയിപ്പ്. അതിന്നുള്ള തെളിവുകളാണ് ജില്ലയിലെ മണ്ണിരകള്‍ ചത്തൊടുങ്ങുന്നതും, വരള്‍ച്ചാ പ്രദേശത്ത് കാണപ്പെടാറുള്ള ജീവജാലങ്ങളെ കാണുന്നതും, കാലാവസ്ഥ വ്യതിയാനവുമെന്ന്  അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് ശരിയാണെങ്കില്‍ പുതിയ തുരങ്ക പദ്ധതി നടപ്പിലാവുകയും കൂടി ചെയ്താല്‍ സമീപ ഭാവിയിലെ ഏറ്റവും വലിയ ദുരന്ത ഭൂമിയാകും വയനാട്.

പരിസ്ഥിതി പ്രവര്‍ത്തകനും കേരളീയം മാസികയിലെ സര്‍ക്കുലേഷന്‍ മാനേജരുമായ സന്തോഷ് കുമാറാണ് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാകുന്ന ഈ പദ്ധതിയെപ്പറ്റി മുന്നറിയിപ്പുമായി ആദ്യമെത്തിയവരില്‍ ഒരാള്‍.

വയനാട്ടിലെ സാധാരണ ജനങ്ങളും പ്രമുഖ പരസ്ഥിതി പ്രവര്‍ത്തകരും ഇതിനെക്കുറിച്ച് അറിഞ്ഞത് സന്തോഷ് കുമാര്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ്. ആദ്യമായി ഈ പദ്ധതി അവതരിപ്പിക്കുന്നത് 2011-ലാണെന്നാണ് അദ്ദേഹം പറയുന്നത്. നിലവില്‍ പദ്ധതിയുടെ സര്‍വ്വെയും അനുബന്ധ നടപടികളുമാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. വനംവകുപ്പിന്റെയോ പരിസ്ഥിതി മന്ത്രാലായത്തിന്റെയോ പദ്ധതി സംബന്ധിച്ചുള്ള പ്രതികരണങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും സന്തോഷ് പറയുന്നു.

“വയനാട്ടിലെ സാധാരാണകാരായ കര്‍ഷകര്‍ക്ക് ഇതുകൊണ്ട് എന്തു നേട്ടമാണുള്ളത്? ഗതാഗത പ്രശ്‌നത്തിനാണെങ്കില്‍ താമരശ്ശേരി ചുരത്തിന്റെ വീതി കൂട്ടിയാല്‍ മതി. അതിനാണെങ്കില്‍ വലിയ പാരിസ്ഥിതിക ആഘാതങ്ങളോ അനുമതിയുടെയോ തടസങ്ങള്‍ ഉണ്ടാവുകയുമില്ല. അല്ലാതെ കാട് നശിപ്പിച്ച് പുതിയ വഴിയുണ്ടാക്കി കുടിവെള്ളം പോലും കിട്ടാത്ത അവസ്ഥ ഉണ്ടാക്കുന്നതാണോ സര്‍ക്കാര്‍ വികസനം എന്നുകൊണ്ട് ഉദ്ദേശിക്കുന്നത്. ലോകത്തില്‍ പലയിടത്തും ഇത്തരത്തില്‍ തുരങ്കങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ആ പ്രദേശങ്ങളില്‍ എല്ലാം ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ് ഉണ്ടായിട്ടുള്ളത്. ആല്‍പസ് പര്‍വ്വതനിരകളില്‍ 2000-ത്തോളം തുരങ്കങ്ങള്‍ ഉണ്ട്. കൂടാതെ ഇറ്റലിയില്‍ പരീക്ഷണത്തിനായി ധാരാളം തുരങ്കങ്ങള്‍ ഉണ്ടാക്കിയിട്ട് അതിന്റെ തിരിച്ചടികള്‍ അവര്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്” സന്തോഷ് വ്യക്തമാക്കുന്നു.


സന്തോഷ് കുമാര്‍

“തുരങ്കങ്ങള്‍ ഉണ്ടാക്കാനായി മലതുരക്കുമ്പോള്‍ പാറ ഉള്‍പ്പടെയുള്ളവ മാറ്റേണ്ടി വരും. അങ്ങനെ വരുമ്പോള്‍ സംഭവിക്കുന്നത് മര്‍ദ്ദം നഷ്ടപ്പെട്ട് മലകള്‍ക്ക് വെള്ളം സംഭരിച്ചു വയ്ക്കാനുള്ള ശേഷി പൂര്‍ണമായും ഇല്ലാതാകും. കൂടാതെ തുരങ്കം വരുന്ന ഭാഗത്ത് കുറഞ്ഞത് 200 മീറ്റര്‍ താഴ്ചയിലെ ഭൂഗര്‍ഭ ജലം വരെ ഇല്ലാതാകും. പല രാജ്യങ്ങളിലും ഇതുപ്പോലെ തുരങ്കങ്ങള്‍ നിര്‍മ്മിച്ച് ആദ്യ നിരപ്പിലും രണ്ടാം നിരപ്പിലും ഭൂഗര്‍ഭ ജലം ഇല്ലാതായിട്ടുണ്ട്. ഇത്രയും ഉദാഹരണങ്ങള്‍ ലോകത്ത് പലയിടത്തും ഉണ്ടായിട്ടും നമ്മുടെ സര്‍ക്കാര്‍ അതിനെ അവഗണിച്ചുകൊണ്ട് ഈ പദ്ധതിയുമായി മുന്നോട്ടു പോകുന്നത് ആരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ്. നിലവില്‍ പദ്ധതിക്കുള്ള പഠനം നടന്നു കഴിഞ്ഞു. പാരിസ്ഥിതി മന്ത്രാലായത്തിന്റെ അനുമതി ലഭിച്ചിട്ടില്ല. അത് ലഭിക്കുവാന്‍ അധികം ബുദ്ധിമുട്ടില്ലെന്ന് ഇവിടുത്തെ പല കോര്‍പ്പറേറ്റ് ലോബികളും തെളിയിച്ചതാണ്. വയനാടിനെ ഇല്ലാതാകുന്ന ഈ പദ്ധതിക്കെതിരെ ശക്തമായി പ്രതിഷേധിക്കാനാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ തീരുമാനം “, സന്തോഷ് പറഞ്ഞു നിര്‍ത്തി.

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍