UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സര്‍ക്കാരേ, ആദിവാസി ഊരുകളില്‍ പെണ്‍കുട്ടികളുണ്ട്; അവര്‍ നിങ്ങള്‍ക്ക് വിലപേശാനുള്ളവരല്ല

Avatar

സുഫാദ് ഇ മുണ്ടക്കൈ

വയാനാട്ടിലെ ആദിവാസി സ്ത്രീപീഢന കഥകള്‍ അനുദിനം കൂടിവരികയാണ്. അമ്പലവയല്‍ മലയച്ചം കോളനിയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പീഢിപ്പിക്കപ്പെട്ടത് ഏഴ് പെണ്‍കുട്ടികളാണ്. എല്ലാവരും എട്ടാം ക്ലാസിലും ഒന്‍പതാം ക്ലാസിലും പഠിക്കുന്നവര്‍. അതില്‍തന്നെ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാവാത്തവരും. മദ്യം നല്‍കിയും, ബലം പ്രയോഗിച്ചും, വിവാഹവാഗ്ദാനം നല്‍കിയും, എന്നിട്ടും സമ്മതിക്കാത്തവരെ കെട്ടിയിട്ടും പീഢിപ്പിച്ചു. രക്ഷിതാക്കള്‍ ജോലിയാവശ്യാര്‍ത്ഥം പുറത്ത് പോകുന്ന സമയങ്ങളിലാണ് ഈ ചൂഷണങ്ങള്‍ നടക്കുന്നത്. എല്ലാറ്റിനും പിറകില്‍ നാട്ടിലെ പ്രമാണിമാരത്രെ. നല്ല രാഷ്ട്രീയ പിടിപാടുകളുള്ളവരാണത്രെ. സഹികെട്ട് നിവര്‍ത്തിയില്ലാതെ വന്നപ്പോള്‍ ഒരു രക്ഷിതാവ് പോലീസില്‍ പരാതിപ്പെടാന്‍ പോയി. അദ്ദേഹം തന്റെ അനുഭവം പറയുന്നത് ഇങ്ങനെ ‘ഞങ്ങ പോയി പരാതിക്കടലാസ് കൊടുത്തപ്പൊ ആ പോലീസ് പറഞ്ഞു നിങ്ങ എപ്പൊഴും ഇങ്ങനെ പരാതികളുമായി വരുന്നത് എന്തിനാണ്?. ആദ്യം പോയി നിങ്ങള്‍ടെ കുട്ടിയെ മര്യാദെക്ക് നിര്‍ത്താന്‍ നോക്ക് എന്ന്’. സംരക്ഷണവും നീതിയും ഉറപ്പുവരുത്തേണ്ടവര്‍ തന്നെ അത് നിഷേധിക്കുമ്പോള്‍ ഉണ്ടാവുന്ന നിസ്സഹായാവസ്ഥ ഇവര്‍ അനുഭവിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളൊരുപാടായി.

ഇവര്‍ക്കിപ്പോള്‍ എല്ലാവരേയും പേടിയാണ്. പോലീസിനേയും, രാഷ്ട്രീയ പ്രവര്‍ത്തകരേയും, മാധ്യമപ്രവര്‍ത്തകരേയും, എന്തിന് നാട്ടുകാരെപ്പോലും. ഫോട്ടോ എടുക്കാനെന്നോണം മൊബൈല്‍ഫോണ്‍ എടുത്തപ്പോള്‍ ഒരു കുട്ടി വീട്ടിനകത്തേക്കോടി. കാര്യമന്വേഷിച്ചപ്പോള്‍ അവള്‍ പറഞ്ഞത്, അവളെ പീഢിപ്പിച്ച വ്യക്തി മൊബൈല്‍ഫോണില്‍ എന്തൊക്കെയോ കാണിച്ചുകൊടുത്തിട്ട് അവളോടും അതേപോലെ ചെയ്യാന്‍ പറഞ്ഞത്രെ. കുട്ടി വിസമ്മതിച്ചപ്പോള്‍ അയാള്‍ അവളേയും ഫോണില്‍ പകര്‍ത്തിയിട്ടുണ്ടെന്നം ഇതുപോലെ എല്ലാവരേയും കാണിക്കമെന്നും പറഞ്ഞത്രെ!.

പൊതുവെ ശാന്തസുന്ദരമായ ഒരു ഗ്രാമമാണ് ‘മലയച്ചം’. ഭൂരിഭാഗം ജനങ്ങളും ആദിവാസി വിഭാഗത്തില്‍ പെടുന്നവര്‍. കൂലിപ്പണിയാണ് പലരുടേയും ജീവിതോപാധി. ‘പക്ഷേ സന്ധ്യയായാല്‍ ഇവിടുത്തെ അവസ്ഥ അതിഭീകരമാണ്. ജോലികഴിഞ്ഞ് വരുമ്പോള്‍ ആണ്‍-പെണ്‍വ്യത്യാസമില്ലാതെ എല്ലാവരും മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരിക്കും. ആ സമയത്ത് അവിടെ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. നല്ല ബഹളമായിരിക്കും. അപ്പോഴായിരിക്കും പലരും കോളനിയില്‍ കയറുന്നതും പല അനിഷ്ട സംഭവങ്ങളും ഉണ്ടാവുന്നതും’. പ്രദേശവാസിയായ അനില്‍ കുമാര്‍ പറഞ്ഞു. സംഭവം ചുരുക്കം ചില മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്ന് പട്ടികവകുപ്പ് മന്ത്രിയും, വനിതാ കമ്മീഷനുമടക്കം പലരും സ്ഥലം സന്ദര്‍ശിച്ചു. കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും, ഇരകള്‍ക്ക് മതിയായ സംരക്ഷണം നല്‍കമെന്നും പ്രഖ്യാപിച്ചു. എന്നാല്‍ ഇവിടത്തുകാര്‍ക്ക് ഇതിലൊന്നും യാതൊരു പ്രതീക്ഷയുമില്ല. കുറ്റവാളികള്‍ നാളെത്തന്നെ നെഞ്ചുംവിരിച്ച് ഈ കോളനിയിലൂടെത്തന്നെ നടക്കുമെന്ന് അവര്‍ക്കുറപ്പാണ്. മുന്‍കാല പാഠങ്ങള്‍ അവരെ പഠിപ്പിക്കുന്നത് അതാണ്.

നമ്മക്കും വേണം തൂറാന്‍ കുഴലും വഴിവിളക്കും ഓടിട്ട വീടും സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ച് നടന്ന ഒരുകാലമുണ്ടായിരുന്നു ഇവര്‍ക്ക്. ഇന്ന്, ഞങ്ങളെ എങ്ങനെയെങ്കിലുമൊന്ന് ജീവിക്കാന്‍ അനുവദിച്ചാല്‍ മാത്രം മതിയെന്ന് കാലുപിടിച്ച് കരഞ്ഞ് പറയേണ്ട ഗതികേടിലായിരിക്കുന്നു ഇവര്‍. ഇവിടുത്തെ ആദിവാസി ഊരുകളില്‍ ഇതുപോലെയുള്ള നിരവധി സംഭവങ്ങള്‍ ഉണ്ടാവാറുണ്ട്. എല്ലാം പോലീസ് സ്റ്റേഷനില്‍ എത്തുന്നതിനു മുന്‍പേ മദ്യത്തിന്റേയും പണത്തിന്റേയും പുറത്ത് ഒത്തുതീര്‍പ്പാക്കുകയാണ് പതിവ്. ഇവരെ മദ്യാസക്തരും പ്രതികരണശേഷിയില്ലാത്തവരുമാക്കിയത് നമ്മാളാണ് .യഥാര്‍ഥത്തില്‍ ഇവരുടെ ദൗര്‍ബല്യങ്ങളെ ചൂഷണം ചെയ്യുന്ന സമൂഹത്തിന്റെ മാനാസികാവസ്ഥയെയാണ് ആദ്യം ചികിത്സിക്കേണ്ടത്.

‘ഈ സംഭവം പെട്ടന്നുണ്ടായ ഒന്നല്ല. ഇതിന്റെ പ്രധാന കാരണം നിര്‍ഭാഗ്യവശാല്‍ കോളനികള്‍ കേന്ദ്രീകരിച്ചുള്ള മദ്യത്തിന്റെ ഉപയോഗമാണ്. അടുത്ത തലമുറയെപ്പോലും അതിലേക്ക പ്രേരിപ്പിക്കുന്ന തരത്തിലുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. അതിനാല്‍ ഇവിടങ്ങള്‍ കേന്ദ്രീകരിച്ച് ശക്തമായ ബോധവത്കരണ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടതുണ്ട്. ഏറ്റവും വലിയ വിപത്ത് രക്ഷകര്‍ത്താക്കള്‍ ജോലിയാവശ്യാര്‍ഥം പുറത്തുപോകുന്നതും, കുട്ടികള്‍ തനിച്ചാകുമ്പോള്‍ തെറ്റായ മാര്‍ഗത്തിലേക്ക് അവരെ നയിക്കുന്നതിന് മദ്യം നല്‍കി പാട്ടിലാക്കി ഇവരുടെ പിന്നാക്കാവസ്ഥയെ ചൂഷണം ചെയ്യുന്നതുമാണ്’ എന്നാണ് സംഭവസ്ഥലം സന്ദര്‍ഷിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ റോസകുട്ടി ടീച്ചര്‍ പറഞ്ഞത്. എന്നാല്‍ ഇവരെ മദ്യപന്മാരാക്കിമാറ്റുന്നതും, നിരക്ഷരരും ശുചിത്വമില്ലാത്തവരുമാക്കി മാറ്റുന്നതും ആരാണ് എന്നുകൂടെ പരിശോധിേക്കണ്ടതുണ്ട്. അവരെയാണ് യഥാര്‍ഥത്തില്‍ ആദ്യം ചിത്സിക്കേണ്ടത്. “ഞാനിവിടെവന്നിട്ട്, ഇവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് 48 വര്‍ഷമായി. ആദ്യകാലങ്ങളിലൊക്കെ ഇവരെ ശുചിത്വത്തെ കുറിച്ചും, രാഷ്ട്രീയപരമായും നിയമപരമായും അവര്‍ക്കുള്ള അവകാശത്തെ കുറിച്ചും കടമകളെക്കുറിച്ചുമെല്ലാം ബോധവത്കരിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതിയാകെ മാറി. തീവ്രമായ മദ്യപാനാസക്തിയും, ലൈംഗികാരാചകത്വവും ഈ സമൂഹത്തിന്റെ കെട്ടുറപ്പിനെ തന്നെ ബാധിച്ചു” സാമൂഹ്യപ്രവര്‍ത്തകനായ മാധവന്‍ പറയുന്നു. കൂട്ടുകുടുംബമായി പല പല ഊരുകളില്‍ താമസിച്ചിരുന്ന ഇവരെ അടര്‍ത്തിയെടുത്ത് അണുകുടുംബങ്ങളാക്കി കോളനികളില്‍ അദിവസിപ്പിക്കുവാനുള്ള രാഷ്ട്രീയമായ മണ്ടന്‍ തീരുമാനമാണ് ഇതിന്റെയെല്ലാം മൂലകാരണം. അത് യഥാര്‍ത്ഥത്തില്‍ ഇവരെ ഒറ്റപ്പെടുത്തുകയായിരുന്നു.

ഇവരുടെ ജീവിതവും ഭൂമിയും കവര്‍ന്ന്, ജീവിക്കുവാനും വിദ്യ അഭ്യസിക്കുവാനുമുള്ള മൗലികമായ അവകാശങ്ങള്‍ നിരസിച്ച്, വിശ്വാസങ്ങളും ആചാരങ്ങളൂം തച്ചുടച്ച് മുന്നോട്ടുപോകാന്‍ സാക്ഷര-പ്രബുദ്ധ കേരളത്തിന് എങ്ങനെയാണ് സാധിക്കുന്നത്? കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ പട്ടികവകുപ്പ് കമ്മിഷന്‍ ഉത്തരവിട്ട ആറായിരത്തിഅഞ്ഞൂറോളാം കേസുകളില്‍ നീതി നടപ്പായത് വെറും 230 കേസുകളില്‍ മാത്രമെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആദിവാസിക്ഷേമത്തിന് കോടികള്‍ മുടക്കുന്നുവെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ ആദിവാസി സ്ത്രീകളുടെ മാനത്തിന് ഒരു വിലയും കല്‍പ്പിക്കുന്നില്ല എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ വെറും ഒരുശതമാനം മാത്രമുള്ള ഒരു ജനവിഭാഗത്തിനു പോലും ജീവന്‍സുരക്ഷ ഉറപ്പുവരുത്താന്‍ ഇവിടുത്തെ മാറിമാറിവരുന്ന സര്‍ക്കാരുകള്‍ക്ക് സാധിക്കുന്നില്ല എന്നത് ലജ്ജാകരമാണ്. ഈ വിഭാഗത്തില്‍ നിന്നുംവരുന്ന, ഈ ജില്ലക്കാരിയായ വകുപ്പുമന്ത്രിക്കുപോലും ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നെ മറ്റാര്‍ക്കാണ് അതില്‍ കഴിയുക? ഇവര്‍ക്ക് വേണ്ടി സംസാരിക്കുവാനോ അവകാശവാദങ്ങളുന്നയിക്കുവാനോ ഇവരില്‍ നിന്നും ഒരുസാമുദായിക നേതാക്കളൂം ഇല്ല എന്നതാണോ അതിനുകാരണം?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍