UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വയനാട് ഡിഎംഒയുടെ ആത്മഹത്യ; കെജിഎംഒഎ യുടെ നിശബ്ദത ആരെ സംരക്ഷിക്കാന്‍?

Avatar

അഴിമുഖം പ്രതിനിധി

രണ്ടുമാസങ്ങള്‍ക്കു മുമ്പാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശാരീരികാസ്ഥ്യത്തെ തുടര്‍ന്നു പ്രവേശിപ്പിച്ച മാതൃഭൂമി ന്യൂസ് കാമറമാന്‍ ഡോക്ടറുടെ കൈപ്പിഴകൊണ്ടു മാത്രം മരണമടഞ്ഞത്. ഇതേ തുടര്‍ന്നുണ്ടായ ശക്തമായ പ്രതിഷേധത്തില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യുകയുണ്ടായി. എന്നാല്‍ ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കാന്‍ പാടില്ലെന്നു നിലപാടെടുത്ത് പ്രസ്തുത ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തിലും വന്‍ പ്രതിഷേധം ഉണ്ടായി. പലവിധ രോഗങ്ങള്‍ക്കു ചികിത്സ തേടിവന്നവരെ ഗൗനിക്കാതെ തങ്ങളുടെ സഹപ്രവര്‍ത്തകയെ പ്രൊട്ടക്ട് ചെയ്യാന്‍ ബാക്കിയുള്ളവര്‍ കാണിച്ച ഉത്സാഹം കാണേണ്ടതായിരുന്നു.

ജനറല്‍ ആശുപത്രിയിലെ മാത്രം കഥയല്ലിത്. സ്തംഭിപ്പിക്കുമെന്നു പറഞ്ഞാല്‍ ഇലയനങ്ങാന്‍ പോലും അനുവദിക്കാതെ സ്തംഭിപ്പിക്കുന്ന കേരളത്തിലെ ഒരേയൊരു സര്‍വീസ് സംഘടനയാണ് കെജിഎംഒഎ. തങ്ങളുടെ പിഴവുകൊണ്ടു രോഗി ചത്താലും കൊന്നതു തങ്ങളാണെന്നു സമ്മതിക്കാന്‍ തയ്യാറാകാതെ എല്ലാം മെഡിക്കല്‍ എററിന്റെ പറ്റിലെഴുതി രക്ഷപ്പെടാന്‍ കേരളത്തിലെ ഡോക്ടര്‍മാര്‍ക്കുള്ള നൈപുണ്യം കേള്‍വികേട്ടതാണ്. മെഡിക്കല്‍ നെഗ്ലറ്റ് സംഭവിച്ചാലും എത്തിക്‌സ് പുസ്തകത്തില്‍ കൈതൊട്ടിട്ടുള്ള സകലമാന ഭിഷഗ്വരന്മാരും ഇന്നേവരെ തങ്ങളുടെ കൈപ്പിഴകളെ അംഗീകരിച്ചു കേട്ടില്ല…

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും ശക്തമായ സര്‍വീസ് സംഘടനയാണ് കെജിഎംഒഎ. യാതൊരു നീതിയുമില്ലാതെ നടത്തുന്ന സമരങ്ങളാണെങ്കില്‍പോലും അതിനു മുന്നില്‍ സര്‍ക്കാരിനെ മുട്ടികുത്തിക്കാന്‍ പ്രത്യേക വൈഭവമുണ്ട് ഇവര്‍ക്ക്. പലപ്പോഴും രോഗികളുടെ ജീവന്‍വച്ച് പന്താടാന്‍ സര്‍ക്കാര്‍ മുതിരില്ലെന്ന് അറിഞ്ഞു തന്നെയാണ് ‘ ആവശ്യങ്ങള്‍ അംഗീകരിപ്പിക്കാനും അവകാശങ്ങള്‍ സംരക്ഷിക്കാനും’ വേണ്ടി ഡേക്ടര്‍മാര്‍ സമരത്തിനിറങ്ങുന്നത്. എന്നാല്‍ ഇങ്ങനെയെല്ലാമുള്ള കെജിഎംഒഎയുടെ സംഘടനബോധം എന്തുകൊണ്ട് വയനാട് ഡിഎംഒ ഡോക്ടര്‍ പി വി ശശിധരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രകടമാകുന്നില്ല എന്നതാണ് ഇപ്പോഴുള്ള ചോദ്യവും അത്ഭുതവും. ഡോക്ടര്‍ ശശിധരന്റെ ആത്മഹത്യയെ ചുറ്റി സംശയങ്ങള്‍ ഉയര്‍ന്നു തന്നെ നില്‍ക്കുമ്പോഴും കാര്യക്ഷമമായ അന്വേഷണം ഈ സംഭവത്തില്‍ ഉണ്ടാകണമെന്ന വാശി സംഘടനയുടെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ഡോക്ടറുടെ മരണവുമായി ബന്ധപ്പെട്ട പ്രതികരണങ്ങളില്‍ ജില്ലാ-സംസ്ഥാനനേതൃത്വങ്ങളെല്ലാം പറഞ്ഞിരിക്കുന്നത് മാധ്യമങ്ങളില്‍ വരുന്ന ഊഹാപോഹങ്ങള്‍ കേട്ടുമാത്രം ഒന്നും ചെയ്യാന്‍ കഴിയില്ലെന്നതാണ്. ഡോക്ടറുടെ മരണം കേവലം വ്യക്തിപരമാണെന്ന ബോധ്യത്തിലേക്ക് കെജിഎംഒയും എത്തിയതാണോ കാരണം. അതോ ഈ മൗനത്തിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ?

ഡോക്ടര്‍ ശശിധരന്‍ ആത്മഹത്യ ചെയ്യുന്നത് വ്യക്തിഗതമായ കാരണങ്ങളാണെങ്കില്‍ പോലും അത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്താന്‍ മെഡിക്കല്‍ രംഗത്തെ പ്രഗത്ഭനും സേവനതത്പരനുമായ ഡോക്ടറെ പ്രേരിപ്പിച്ചതെന്തെല്ലാം എന്നൊന്നു അന്വേഷിക്കാന്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്ക് ഉത്തരവാദിത്വം ഇല്ലേ? സംഘടനയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്നൊരാള്‍ എന്ന നിലയിലെങ്കിലും.

ഡോക്ടര്‍ ശശിധരന്റെ മൃതദേഹം കണ്ടെത്തിയ ദിവസം തൊട്ടുതന്നെ ഈ മരണവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ മാധ്യമങ്ങള്‍ ഉയര്‍ത്തിയതാണ്. രാഷ്ട്രീയനേതാക്കന്മാരില്‍ നിന്നും ആരോഗ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും ഉണ്ടായ ശക്തമായ സമ്മര്‍ദ്ദമാണ് ശശിധരനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ ഉയര്‍ന്നുവന്നപ്പോഴും ഇവയെല്ലാം മാധ്യമങ്ങളുടെ സൃഷ്ടി എന്നു പറഞ്ഞൊഴിയാനായിരുന്നു സംഘടനയുടെ പല നേതാക്കള്‍ക്കും തിടുക്കം. ചിലര്‍ അന്വേഷിക്കേണ്ടതുണ്ടെന്ന ഒഴുക്കന്‍ മറുപടി പറഞ്ഞു രക്ഷപ്പെട്ടു. ആരും തന്നെ ആത്മാര്‍ത്ഥമായൊരു നീക്കം ഇക്കാര്യത്തില്‍ നടത്തിയില്ലെന്നതുമാത്രം.

ഡോക്ടര്‍ ശശിധരന്റെ മരണത്തിന് പരോക്ഷമായി രാഷ്ട്രീയക്കാരും ആരോഗ്യവകുപ്പിലെ ഉന്നതരും കാരണക്കാരായിട്ടും ഇന്നേവരെ അതുമായി ബന്ധപ്പെട്ട് ആരെയെങ്കിലും ചോദ്യം ചെയ്യാനോ അന്വേഷണം നടത്താനോ പൊലീസ് തയ്യാറായിട്ടില്ല. പ്രത്യേക അന്വേഷണ സംഘത്തെപ്പോലും നിയോഗിച്ചില്ല. എന്തിനേറെ പറയുന്നു ബഹുമാനപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി ആ ഡോക്ടറുടെ വീട് സന്ദര്‍ശിക്കാന്‍പോലും മെനക്കെട്ടില്ല. ജില്ല മെഡിക്കല്‍ ഓഫിസറായി സേവനം അനുഷ്ഠിച്ചുപോന്നിരുന്നൊരാള്‍ ആയിരുന്നു പി വി ശശിധരന്‍ എന്നും ഓര്‍ക്കണം. എത്രയും പെട്ടന്ന് എല്ലാം തേഞ്ഞുമാഞ്ഞുപോകണം എന്നാണ് പലരും ആഗ്രഹിക്കുന്നത്. ഒരുതരത്തിലും ഈ സംഭവം മാധ്യമങ്ങളില്‍ നിലനില്‍ക്കുന്നതു തടയാനും ആഗ്രഹിക്കുന്നവരുണ്ട്. അവരുടെ കൂട്ടത്തിലുള്ളവരാണോ കെജിഎംഒഎ എന്നാണ് ചോദിക്കാനുള്ളത്. അദ്ദേഹത്തിന്റെ കത്തിലെ വ്യക്തിപരം എന്ന ഒറ്റവാക്കിന്റെ ബലത്തില്‍ മരണത്തിലേക്കു നയിച്ച യഥാര്‍ത്ഥ കാരണങ്ങളെയെല്ലാം മൂടിവയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നിശബ്ദ പിന്തുണ സംഘടന കൊടുക്കുന്നുണ്ടോ എന്നിടത്താണ് സംശയം. മുമ്പ് കാണിച്ചിട്ടുള്ള പരാക്രമങ്ങളൊന്നും ഈ സഹപ്രവര്‍ത്തകന്റെ കാര്യത്തില്‍ കാണിക്കാതിരിക്കുമ്പോള്‍ കെജിഎംഒഎയെയും മാരകമായൊരു രോഗത്തിന് അടിമയാണെന്നു കരുതേണ്ടിവരും. ആ രോഗമേതാണെന്നു ഡയഗ്നോസ് ചെയ്യാന്‍ അരിയാഹാരം കഴിക്കുന്ന പൊതുജനത്തിന് എംബിബിഎസ് പഠിക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല.

ആരോഗ്യവകുപ്പിലെ സ്വീപ്പര്‍ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് കടുത്ത സമ്മര്‍ദ്ദം വയനാട് ഡിഎംഒ ആയിരുന്ന ഡോക്ടര്‍ പി വി ശശിധരനുമേല്‍ ഉണ്ടായിരുന്നു. ആരോഗ്യവകുപ്പിലെ ഏമാന്‍മാര്‍ക്ക് ലക്ഷങ്ങള്‍ മടിത്തട്ടില്‍ തിരുകാനുള്ള വഴിയാണ് പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്കുള്ള നിയമനം. സമൂഹത്തിലെ ദുര്‍ബലര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും കൈത്താങ്ങ് എന്ന നിലയിലാണ് എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച്‌വഴി വിളിക്കുന്നവരെ ഡിഎംഒയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിലൂടെ പാര്‍ട് ടൈം തസ്തികയിലേക്ക് നിയമിക്കുന്നത്. ആറുമാസം കഴിഞ്ഞ് നഴ്‌സിംഗ് അസിസ്റ്റന്റായി സ്ഥിരം നിയമനം നേടാം. ഇതെല്ലാം സാധിക്കണമെങ്കില്‍ കുറച്ചു ലക്ഷങ്ങള്‍ കാണിക്ക ഇടണമെന്നു മാത്രം. സ്വഭാവികമായും കിട്ടുന്നതിന്റെ ഒരു വിഹിതം ചങ്ങലയിലെ എല്ലാ കണ്ണികള്‍ക്കും കിട്ടും. ഈ പങ്കുപറ്റുകാരില്‍ രാഷ്ട്രീയക്കാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമെല്ലാം പെടും. സ്വന്തം കുഴിതോണ്ടാനുള്ള അവിവേകം കാണിക്കാതിരിക്കാന്‍ ഇവര്‍ക്കെല്ലാം മിടുക്കുണ്ട് താനും.

ഡോക്ടര്‍ ശശിധരന് കിട്ടുന്ന നീതി ഒരു ഗൂഢസംഘത്തിനുള്ള തിരിച്ചടിയാണെന്ന് അറിഞ്ഞിട്ടും അതിനുവേണ്ടി ശബ്ദമുയരുന്നില്ല എന്നതാണ് നിര്‍ഭാഗ്യകരം. കൂടെ നില്‍ക്കാന്‍ ആരുമില്ലെന്നു കണ്ടപ്പോഴാകാം ശശിധരന് മരണത്തിന്റെ വഴി തെരഞ്ഞെടുത്തിട്ടുണ്ടാകുക. സര്‍ക്കാര്‍ ആശുപത്രികളില്‍ പിടഞ്ഞു തീരുന്ന സാധാരണക്കാരന്റെ കാര്യത്തില്‍ കാണിക്കുന്ന അതേ നിസ്സംഗത സഹപ്രവര്‍ത്തകനോടും കാണിക്കാതെ ഇനിയെങ്കിലും അദ്ദേഹത്തിനു നീതി നേടിക്കൊടുക്കാന്‍ കെജിഎംഒഎ തയ്യാറാകണം. ഒരുപക്ഷേ അങ്ങനെയൊന്നിനു നിങ്ങള്‍ തയ്യാറായാല്‍ അദ്യമായി സമൂഹത്തിന്റെ പിന്തുണയും കിട്ടും.

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍