UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വയനാട് ഡിഎംഒ; കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഇരയോ?

Avatar

അഴിമുഖം പ്രതിനിധി

വയനാട് ഡിഎംഒ ഡോ.പി വി ശശിധരന്റെ ആത്മഹത്യ ആരോഗ്യവകുപ്പിലെ താത്കാലിക നിയമനവുമായി ബന്ധപ്പെട്ട് ഉണ്ടായ രാഷ്ട്രീയസമ്മര്‍ദ്ദം മൂലമെന്നു സൂചന. മലപ്പുറം പന്തല്ലൂര്‍ മൂടിക്കോട്ടുള്ള ക്ലിനിക്കില്‍ ചൊവ്വാഴ്ചയാണ് ശശിധരനെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ഇദ്ദേഹത്തെ ഇന്നലെ മുതല്‍ കാണാനില്ലായിരുന്നു. മൃതദേഹത്തിനരികില്‍ നിന്നും ആത്മഹത്യകുറിപ്പ് പൊലിസ് കണ്ടെത്തി. മൃതദേഹം എല്ലാവരെയും കാണിക്കണമെന്നും ഡിഎംഒ ഓഫിസില്‍ തന്റെ ചിത്രം വയ്ക്കണമെന്നുമായിരുന്നു ആത്മഹത്യകുറിപ്പില്‍ പറഞ്ഞിരുന്നു. 

മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യക്ക് പ്രേരണയായതെന്നാണ് പുറത്തുവരുന്ന വിവരമെങ്കിലും ഡോക്ടറെ ഇത്തരമൊരു അവസ്ഥയിലേക്ക് തള്ളിവിട്ടതിനു പിന്നില്‍ ആരോഗ്യവകുപ്പില്‍ നിന്നും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും ഉണ്ടായ സമ്മര്‍ദ്ദമാണ് കാരണമെന്ന് ഡോക്ടറുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നു. വയനാട് കോണ്‍ഗ്രസിലെ ഗ്രൂപ്പ് വൈരമാണ് ഡിഎംഒയുടെ ആത്മഹത്യയിലേക്ക് നയിച്ചത്  എന്നു ആരോപണം ഉയര്‍ന്നു കഴിഞ്ഞു. വയനാട് ഡിസിസി സെക്രട്ടറി പി വി ജോണിനു പിന്നാലെ കോണ്‍ഗ്രസിലെ രണ്ടു ഗ്രൂപ്പുകളുടെ വടംവലിയുടെ മറ്റൊരു ഇരയാണ് ഡോക്ടര്‍ ശശിധരനും. 

ആരോഗ്യവകുപ്പിലെ ഗ്രേഡ് രണ്ട് തസ്തികയിലേക്ക് നടക്കുന്ന നിയമനവുമായി ബന്ധപ്പെട്ട് വയനാട്ടില്‍ നിന്നുള്ള മന്ത്രിയുടെ വകയും ജില്ല കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തിന്റെ വകയും ലിസ്റ്റുകള്‍ ഡിഎംഒയ്ക്ക് ലഭിച്ചിരുന്നു. ഇരു വിഭാഗക്കാരും തങ്ങള്‍ക്കു വേണ്ടപ്പെട്ടവരെ നിയമിക്കണമെന്ന വാശിയിലായിരുന്നു. ഇതുമൂലം ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരുടെ അന്തിമലിസ്റ്റ് തയ്യാറാക്കാന്‍ ഡിഎംഒ യ്ക്ക് കഴിയാതെ വന്ന സാഹചര്യമുണ്ടായി. ഇതിനിടയില്‍ ആരോഗ്യവകുപ്പ് മന്ത്രി നേരിട്ട് വയനാട് ഡിഎംഒ യെ വിളിച്ച് ശകാരിച്ചതായും അറിയുന്നു. ലിസ്റ്റ് തയ്യാറാക്കാത്തതായിരുന്നു ആരോഗ്യവകുപ്പിനെ ചൊടിപ്പിച്ചത്. അന്തിമ ലിസ്റ്റുമായി നാളെ (23-12-2015) തിരുവനന്തപുരത്ത് വന്നു നേരിട്ടു കാണമെന്ന അന്ത്യശാസനം വകുപ്പില്‍ നിന്നും ഡോക്ടര്‍ക്ക് ലഭിച്ചതായും വിവരമുണ്ട്. ഇതോടെ ഡോക്ടര്‍ കടുത്ത സമ്മര്‍ദ്ദത്തിലാവുകയായിരുന്നു.  

ആരോഗ്യവകുപ്പില്‍ ഗ്രേഡ് രണ്ട് തസ്തികയിലേക്ക് താത്കാലിക ജീവനക്കാരെ തെരഞ്ഞെടുക്കുന്നത് അതാത് ജില്ലയിലെ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലാണ്. ഈ നിയമനം ഭൂരിഭാഗവും നടക്കുന്നത് രാഷ്ട്രീയതാത്പര്യപ്രകാരമാണ്. ഇതിനു പിന്നില്‍ ലക്ഷകണക്കിനു രൂപയുടെ കൈക്കൂലി ഇടപാടും നടക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. താത്കാലിക ജീവനക്കാരായി തെരഞ്ഞെടുക്കുന്നവരെ ആറു മാസത്തിനുശേഷം സ്ഥിരപ്പെടുത്താറുമുണ്ട്. ഇതിനായി അഞ്ചുലക്ഷം വരെയാണ് കുറഞ്ഞ കൈക്കൂലി. അതേസമയം പണം വാങ്ങിയവര്‍ക്ക് നിയമനം നല്‍കാതെ ഡബിള്‍ ഗെയിം നടത്തുന്ന ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പില്‍ ഉണ്ട്. 

കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ വയനാട്ടില്‍ നിന്നുള്ള ഒരു വ്യക്തിക്കു നേരെ കൈയേറ്റം വരെ നടന്നിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. പണം കൊടുത്തിട്ടും ജോലി ലഭിക്കാത്തതിന്റെ കാരണമന്വേഷിച്ചതിനായിരുന്നു മര്‍ദ്ദനം. രണ്ടു വര്‍ഷം മുമ്പ് കോഴിക്കോട് ഗ്രേഡ് രണ്ട് തസ്തികയിലേക്ക് ഇന്‍ര്‍വ്യൂ നടന്നിരുന്നതായും ഇതില്‍ ഏതാണ്ട് എണ്ണൂറോളം പേര്‍ പങ്കെടുത്തിരുന്നതായും ഇയാള്‍ പറയുന്നു. ഇവരില്‍ നാല്‍പ്പതോളം പേര്‍ക്ക് നിയമനം കിട്ടി. അന്നത്തെ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തിരുന്ന ഈ വ്യക്തിയോടും സ്വീപ്പര്‍ തസ്തികയിലേക്ക് നിയമനം തരപ്പെടുത്തി തരാം എന്ന ഉറപ്പില്‍ അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ക്ക് അത്രയും രൂപ കൊടുക്കാനുള്ള ശേഷി ഇല്ലായിരുന്നു. വയനാട്ടിലെ ലീഗ് പ്രവര്‍ത്തകനായിരുന്ന ഈ വ്യക്തിക്ക് അതുവഴി ഉണ്ടായ ബന്ധങ്ങള്‍വച്ച് കൊടുക്കേണ്ട തുക അഞ്ചില്‍ നിന്നും ഒരു ലക്ഷമായി കുറച്ചു കിട്ടിയിരുന്നു. ആദ്യഗഡുവായി അമ്പതിനായിരം കൊടുത്തെങ്കിലും രണ്ടു വര്‍ഷമായി നിയമനം മാത്രം തരപ്പെട്ടില്ല. വൃദ്ധരായ മാതാപിതാക്കളും ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായ ഇയാള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഏതാണ്ട് നൂറോളം തവണ ആരോഗ്യ മന്ത്രിയുടെ ഓഫിസില്‍ കയറിയിറങ്ങി. കുറച്ചു നാളുകള്‍ക്കു മുമ്പ് ആരോഗ്യവകുപ്പ് മന്ത്രിയെ നേരില്‍ കണ്ടു വിവരങ്ങള്‍ ബോധ്യപ്പെടുത്താന്‍ അവസരം കിട്ടിയിരുന്നു. വേണ്ടതു ചെയ്യാമെന്നു മന്ത്രി ഉറപ്പു കൊടുത്തെങ്കിലും പകരം കിട്ടിയത് മന്ത്രിയുടെ ഓഫിസിലെ രാഷ്ട്രീയനേതാവിന്റെ വക മര്‍ദ്ദനമായിരുന്നു. ഇയാളെപ്പോലെ നൂറു കണക്കിനുപേരാണ് ഇപ്പോഴും നിയമനം ലഭിക്കാതെയും അതേസമയം ലക്ഷങ്ങള്‍ കൈയില്‍ നിന്നും പോയതിന്റെയും വിഷമത്തില്‍ ജീവിതത്തിനും മരണത്തിനും ഇടയില്‍ നില്‍ക്കുന്നത്.

പലപ്പോഴും ഇത്തരം നിയമനങ്ങള്‍ക്ക് വകുപ്പ് ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കന്മാര്‍, അല്ലെങ്കില്‍ മന്ത്രിയുടെ ഓഫിസ് നേരിട്ട് നല്‍കുന്ന ലിസ്റ്റില്‍ നിന്നും ഉള്ളവരെയാണ് തെരഞ്ഞെടുക്കുന്നത്. പലപ്പോഴും പണം കൊടുക്കുന്നവര്‍ മാത്രമാണ് ലിസ്റ്റില്‍ കയറിപ്പറ്റുന്നത്. ഓരോ ജില്ലയിലും ഇത്തരത്തില്‍ തയ്യാറാക്കപ്പെട്ട ലിസ്റ്റ് ആദ്യംതന്നെ ഉണ്ടാക്കിയിരിക്കും. ഇപ്പോള്‍ വയനാട് ഡിഎംഒയ്ക്ക് സംഭവിച്ച അത്യാഹിതത്തിനു കാരണമായതും അദ്ദേഹത്തിനു മുന്നില്‍ വന്ന ലിസ്റ്റുകള്‍ തന്നെയാണ്. തങ്ങളുടെ ലിസ്റ്റ് പരിഗണിക്കണമെന്ന ആവശ്യവുമായി ഓരോ വിഭാഗവും ഡിഎംഒയ്ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദവും ചെലുത്തി വന്നിരുന്നു. ഇതു കൂടാതെയാണ് മന്ത്രിയുടെ ഓഫിസില്‍ നിന്നു ശകാരവും താക്കിതും വന്നത്.

പി വി ജോണിന്റെ ആത്മഹത്യ: അന്വേഷണ റിപ്പോര്‍ട്ടില്‍ വി എം സുധീരന്‍റെ അട്ടിമറി

മാനസിക സമ്മര്‍ദ്ദം ഉണ്ടാകാന്‍ കുടുംബപരമായോ തൊഴില്‍ പരമായോ മറ്റെന്തെങ്കിലും കാരണങ്ങള്‍ ഡിഎംഒയ് ഉള്ളതായി ഡോക്ടര്‍ ശശിധരനുമായി അടുത്ത ബന്ധമുള്ളവര്‍ കരുതുന്നില്ല. എന്നാല്‍ കഴിഞ്ഞ ഒരാഴ്ച്ചയായി ഇദ്ദേഹം വിഷമാവസ്ഥയില്‍ ആയിരുന്നതായും അവര്‍ സൂചിപ്പിക്കുന്നുണ്ട്. ഡോക്ടര്‍ എന്ന നിലയില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിരുന്ന ശശിധരന്‍ രോഗികള്‍ക്കുവേണ്ടി കൂടുതല്‍ സമയം ആശുപത്രിയില്‍ ചെലവഴിക്കുന്നൊരാള്‍ കൂടി ആയിരുന്നു. രാവിലെ എട്ടരയോട് അടുപ്പിച്ച് ആശുപത്രിയില്‍ എത്തുന്ന ഡോക്ടര്‍ മിക്കവാറും മടങ്ങിപ്പോകുന്നത് വൈകിട്ട് ആറു മണിയോടടുത്തായിരിക്കുമെന്നും ഇവര്‍ പറയുന്നു. ആദിവാസികളുടെ ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്ന ഡോക്ടര്‍ കൂടിയായിരുന്നു ശശിധരന്‍. മലപ്പുറത്ത് ഇദ്ദേഹം ഒരു ക്ലിനിക്ക് നടത്തിവരുന്നുണ്ടായിരുന്നു. ഇവിടെ ധാരളാളം പേഷ്യന്റസും ഉണ്ടായിരുന്നു. അവധി ദിവസങ്ങളില്‍ ഇദ്ദേഹം വയനാട്ടില്‍ നിന്നും മലപ്പുറത്തെ ക്ലിനിക്കിലേക്കായിരുന്നു പോയിരുന്നത്.

അതേസമയം ഡോക്ടര്‍ ശശിധരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയരുന്ന ഊഹാപോഹങ്ങളോട് പ്രതികരിക്കാന്‍കെജിഎംഒ ഭാരവാഹികള്‍ തയ്യാറായില്ല. എന്നാല്‍ ഈ സംഭവം നിസാരവത്കരിച്ചു കാണാനും സംഘടന തയ്യാറല്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. സമഗ്രമായ അന്വേഷണം ഡോക്ടര്‍ ശശിധരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉണ്ടാകണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും കെജിഎംഒ ഭാരവാഹികള്‍ അറിയിച്ചു.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍