UPDATES

ട്രെന്‍ഡിങ്ങ്

നമ്മുടെ സൈനികരെ മഞ്ഞുമലകളിലെ മരണത്തിന് വിട്ടുകൊടുക്കുമ്പോള്‍

ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷാവസ്ഥയും മഞ്ഞിടിച്ചില്‍ ദുരന്തങ്ങളും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നു മനസിലാക്കണമെങ്കില്‍ 1999-ല്‍ കാര്‍ഗില്‍ മലനിരകളില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയത് അറിയണം.

കാശ്മീരില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഞ്ഞിടിച്ചിലില്‍ കുറഞ്ഞത് 14 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷമുണ്ടായ രണ്ട് മഞ്ഞിടിച്ചില്‍ ദുരന്തങ്ങളിലും 14 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. 2012-ല്‍ പാക്കിസ്ഥാന്‍ ഭാഗത്തുണ്ടായ മഞ്ഞിടിച്ചിലില്‍ 129 പാക്കിസ്ഥാന്‍ സൈനികര്‍ ഉള്‍പ്പെടെ 140 പേരാണ് മരിച്ചത്.

അപ്രതീക്ഷിതവും ഭയാനകവുമായ ഈ മഞ്ഞിടിച്ചില്‍ ദുരന്തങ്ങള്‍ക്ക് അറുതി വരുത്താന്‍ ഇന്ത്യക്കും പാക്കിസ്ഥാനും ആവശ്യമായത് ഒന്നാണ്: നമുക്ക് സമാധാനം വേണം. എന്നാല്‍ ഈ ശൈത്യകാലത്തും നമ്മുടെ രാഷ്ട്രീയ നേതൃത്വം അക്കാര്യത്തില്‍ മൗനമാണ്. പകരമുള്ള വിറളിപിടിപ്പിക്കുന്ന ആക്രോശങ്ങളും വല്യേട്ടന്‍ ചമയുന്ന നിലപാടുകളും നമ്മുടെ സൈനികരെ സഹായിക്കില്ല. യുദ്ധമില്ലെങ്കില്‍ പോലും കാശ്മീരില്‍ അവര്‍ ആവശ്യത്തിലേറെ ഭീഷണികള്‍ നേരിടുന്നുണ്ട്.

ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷാവസ്ഥയും മഞ്ഞിടിച്ചില്‍ ദുരന്തങ്ങളും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നു മനസിലാക്കണമെങ്കില്‍ 1999-ല്‍ കാര്‍ഗില്‍ മലനിരകളില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയത് അറിയണം.

രക്തമുറഞ്ഞു പോകുന്ന തണുപ്പും മഞ്ഞിടിച്ചിലിനുള്ള സാധ്യതകളും മുലം ശൈത്യം കടുക്കുമ്പോള്‍ ഈ മഞ്ഞുമലനിരകളിലെ ചില കാവല്‍ പോസ്റ്റുകള്‍ സൈന്യം ഒഴിവാക്കുന്നത് സാധാരണമാണ്. 1999-ലെ അത്തരമൊരു ശൈത്യകാലത്തിനൊടുവിലാണ് പാക്കിസ്ഥാന്‍ സൈന്യവും ഭീകരവാദികളും കാര്‍ഗിലിലേക്ക് കടന്നുകയറുന്നത്.

1999-ലെ പാക്കിസ്ഥാന്റെ ഈ സാഹസിക എടുത്തുചാട്ടം ഇന്ത്യന്‍ കാഴ്ചപ്പാടിനെ പൂര്‍ണമായി മാറ്റിമറിച്ചു. എന്നാല്‍ പാക്കിസ്ഥാന്‍ കടന്നുകയറിയ പോസ്റ്റുകള്‍ പിടിച്ചെടുക്കാന്‍ നമുക്ക് നഷ്ടപ്പെട്ടത് 500-ലേറെ സൈനികരെയാണ്.

ആ ശൈത്യകാലത്തിനു ശേഷം ഇന്ത്യന്‍ സൈന്യം യാതൊരു വിധത്തിലുള്ള സാധ്യതകള്‍ക്കും ഇടംനല്‍കിയിട്ടില്ല. ശൈത്യകാലത്ത് ഈ മേഖലയിലെ പോസ്റ്റുകളിലുള്ള കാവല്‍ ഒഴിവാക്കുന്നത് പരമാവധി കുറച്ചു. അതിന്റെ ഫലം ദുരന്ത സാധ്യതകളും വര്‍ധിക്കും എന്നതു തന്നെയാണ്. എന്നാല്‍ ഇതെത്രത്തോളം ഫലപ്രദമാണ് എന്നതും ശീതകാലത്തെ സേനാവിന്യാസത്തിന് അവധി കുറയ്ക്കുന്നത് പ്രായോഗികമാണോ എന്നതും ചിന്തിക്കേണ്ടതുണ്ട്.

സാങ്കേതികവിദ്യ ഇത്രയും പുരോഗമിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തിപ്പെടുത്തുക, ഡ്രോണുകള്‍, സെന്‍സറുകള്‍ ഉപയോഗിക്കുക, ഉപഗ്രഹ കേന്ദ്രീകൃത നിരീക്ഷണം ഉറപ്പുവരുത്തുക തുടങ്ങിയവ ബദല്‍ മാര്‍ഗങ്ങളായി വിദഗ്ദ്ധര്‍ നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ നയവ്യതിയാനങ്ങളിലുണ്ടാകുന്ന തന്ത്രപരമായ മാറ്റങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മനസിലാക്കാന്‍ ആദ്യം വേണ്ടത് അത്തരം ചര്‍ച്ചകളെ കേള്‍ക്കാന്‍ ക്ഷമയുള്ള ഒരു ജനതയാണ്. ഒപ്പം, പ്രധാനപ്പെട്ടതും, ഇരു രാജ്യങ്ങളും തമ്മില്‍ കുറഞ്ഞ തോതിലെങ്കിലുമുള്ള സമാധാനവും ഒപ്പം പരസ്പരവിശ്വാസവും.

പുതിയ രീതിയിലുള്ള തീവ്രമായ ശൈത്യകാല സേനാവിന്യാസം തുടങ്ങിയതിനു ശേഷം ദുരന്തങ്ങളും എല്ലാ വര്‍ഷവും അനുഷ്ഠാനം പോലെ സംഭവിക്കുന്നുണ്ട്. 2011-12-ലുണ്ടായ അപ്രതീക്ഷിതവും ഭയാനകവുമായ ഒരു മഞ്ഞിടിച്ചിലില്‍ സൈന്യത്തിന്റെ ഒരു ഫീല്‍ഡ് വര്‍ക്‌ഷോപ്പ് അങ്ങനെ തന്നെ ഇല്ലാതായി. ലോറികള്‍ 300 മീറ്റര്‍ അകലെയൊക്കെയാണ് തൂത്തെറിയപ്പെട്ടത്. ഇലക്ട്രിക്കല്‍-മെക്കാനിക്കല്‍ വിഭാഗത്തിലെ സാങ്കേതിക വിദഗ്ദ്ധരായ 18 സൈനികര്‍ ആ രാത്രി കൊല്ലപ്പെട്ടു. പിറ്റേന്ന് സോനാമാര്‍ഗിലുള്ള ആര്‍മി ട്രാന്‍സിറ്റ് ക്യാമ്പും സമാനവിധത്തിലുള്ള ദുരന്തത്തിന് ഇരയായി. ഊഹിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ മഞ്ഞുമലകള്‍ ഒരു നദി കടന്ന് എല്ലാം തകര്‍ക്കുകയായിരുന്നു.

ഇത്തവണ ദുരന്തത്തിന് ഇരയായത് അതേ സ്ഥലമല്ലെങ്കില്‍ പോലും അതേ മേഖല തന്നെയാണ്.

ശൈത്യകാലത്ത് പരമാവധി പോസ്റ്റുകളില്‍ കാവല്‍ ഉറപ്പാക്കുന്നതിന് പിന്നില്‍ രണ്ടു കാരണങ്ങളാണുള്ളത്. ഒന്ന്, കാര്‍ഗില്‍ മാതൃകയില്‍ കടന്നുകയറാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നതിനെ തടയുക എന്നത്. കാരണം, ഈ സമയത്ത് പാക്കിസ്ഥാന്‍ ഭാഗത്ത് മഞ്ഞു കുറവായിരിക്കും എന്നതിന്റെ ആനുകൂല്യം അവര്‍ മുതലെടുക്കാന്‍ സാധ്യതയുണ്ട്. മഞ്ഞിടിച്ചില്‍ അല്ലെങ്കില്‍ കനത്ത മഞ്ഞുവീഴ്ച ഒഴിവാക്കിയാല്‍ നിയന്ത്രണരേഖ ഈ സമയത്ത് സുരക്ഷിതമായിരിക്കും എന്നും ഇതുവഴി ഉറപ്പിക്കാന്‍ സാധിക്കും.

രണ്ട്, കാശ്മീര്‍ താഴ്‌വരയിലേക്കും പൂഞ്ച് സെക്ടറിലേക്കുമുള്ള ഭീകരവാദികളുടെ നുഴഞ്ഞുകയറ്റം തടയുക എന്നതാണ്. ചില പോസ്റ്റുകളില്‍ കൊടും ശൈത്യം മൂലം കാവല്‍ ഒഴിവാക്കുന്നതോടെ ഭീകരവാദികള്‍ ഈ സമയം നുഴഞ്ഞുകയറ്റത്തിന് തെരഞ്ഞെടുക്കാറുണ്ട്. ഓരോ ശൈത്യകാലം കഴിയുമ്പോഴും ഏതാനും ഭീകരവാദികളുടെ മഞ്ഞില്‍പ്പൊതിഞ്ഞ ശവശരീരങ്ങള്‍ ഈ മേഖലകളില്‍ നിന്ന് കണ്ടെടുക്കാറുണ്ട്. ചിലര്‍ തങ്ങളുടെ ദൗത്യത്തില്‍ വിജയിക്കാറുമുണ്ട്. മനുഷ്യന് അതിജീവിക്കാന്‍ കഴിയാതാകുന്ന സാഹചര്യം വരെ പരമാവധി സമയം സൈന്യം ഇപ്പോള്‍ അവിടെ കാവല്‍ ഉറപ്പാക്കുകയാണ് ചെയ്യുന്നത്.

കാശ്മീരിലുണ്ടാകുന്ന ഓരോ മരണങ്ങളും മഞ്ഞിടിച്ചിലില്‍ നഷ്ടമാകുന്ന ഓരോ ജീവനും മറ്റനേകം ദുരന്തങ്ങളും സാധാരണക്കാരായ ഇന്ത്യക്കാരുടെ ഹൃദയത്തോടാണ് സംസാരിക്കേണ്ടത്. അതിന് ഈ ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ നടപ്പാക്കുക എന്നതാണ് വേണ്ടത്. അങ്ങനെയെങ്കില്‍ നമ്മുടെ ജവാന്മാരുടെ ജീവന്‍ നഷ്ടമാകുമ്പോള്‍ ‘രക്തസാക്ഷി’ എന്ന പേരില്‍ ആഘോഷിക്കുന്നത് ഒഴിവാക്കാന്‍ സാധിക്കും. ഓരോ ജവാനും ഓരോ കുടുംബമുണ്ട്. വിധവകളായി പോകുന്ന അവരുടെ ഭാര്യമാരുണ്ട്, പിതാവിനെ നഷ്ടപ്പെടുന്ന കുട്ടികളുണ്ട്, മകനെ നഷ്ടപ്പെടുന്ന മാതാപിതാക്കളുണ്ട്.

ഇത്തരത്തില്‍ നമ്മുടെ സൈനികരെ മരണത്തിന് വിട്ടുകൊടുക്കാതെ, നമ്മുടെ സൈനികര്‍ സമാധാനപരമായ ഒരു അന്തരീക്ഷത്തില്‍ ജീവിച്ചിരിക്കുന്നു എന്നുറപ്പാക്കേണ്ടത് ഇന്ത്യന്‍ ഭരണകൂടത്തെ ഉത്തരവാദിത്തത്തില്‍ പെട്ട കാര്യമാണ്. അതുവരെ, വെല്ലുവിളികളും ക്രോധവും നിറഞ്ഞ തെറ്റായ വിവരങ്ങള്‍ പരത്തിക്കൊണ്ടുള്ള പൊതുവായ ചര്‍ച്ചകള്‍ അവസാനിപ്പിച്ചേ മതിയാകൂ, അല്ലെങ്കില്‍ നമ്മുടെ സൈനികര്‍ക്ക് ഇനിയും ജീവന്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കും.

നയരൂപീകരണമാണ് വേണ്ടത്. അതിനുള്ള ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങള്‍ പ്രായോഗികതയും വിവേകവും വിവേചനബുദ്ധിയുമാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍