UPDATES

പത്ത് ലക്ഷമാണ് ഗവണ്‍മെന്‍റ് എന്റെ മോന് ഇട്ട വില; അതവര്‍ തിരിച്ചെടുത്തോട്ടെ; ഞങ്ങള്‍ക്ക് വേണ്ടത് നീതി-ജിഷ്ണുവിന്റെ അച്ഛന്‍

ജിഷ്ണു പ്രണോയ് ദുരൂഹമായി മരണപ്പെട്ടിട്ട് ഒരു മാസം കഴിഞ്ഞു; കുറ്റാരോപിതര്‍ ഇപ്പോഴും സ്വതന്ത്രമായി വിഹരിക്കുന്നു; സമരം പ്രഖ്യാപിച്ച് ജിഷ്ണുവിന്റെ മാതാപിതാക്കള്‍

പാമ്പാടി നെഹ്റു കോളേജിലെ ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ത്ഥി കോളേജ് അധികൃതരില്‍ നിന്നുള്ള പീഡനത്തെ തുടര്‍ന്ന് ദുരൂഹമായി മരണപ്പെട്ടിട്ടു ഒരു മാസം കഴിഞ്ഞിരിക്കുന്നു. സംഭവം നടന്ന ഉടനെ വിദ്യാര്‍ത്ഥി സംഘടനകളും മറ്റും ശക്തമായ സമരവുമായി രംഗത്ത് വന്നു. മാധ്യമങ്ങളും നവമാധ്യമങ്ങളും ചര്‍ച്ചകള്‍ ഒരുപാട് നടത്തി. വിവിധ സംഘടനാ നേതാക്കള്‍ ജിഷ്ണുവിന്റെ അമ്മയെയും അച്ഛനെയും ആശ്വസിപ്പിക്കാന്‍ മത്സരിച്ചു. ഗവണ്‍മെന്‍റ് പത്തു ലക്ഷം രൂപ ജിഷ്ണുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം കൊടുത്തു. ലോ അക്കാദമി സമരം വന്നതോടെ ജിഷ്ണുവിനെയും കുടുംബത്തെയും എല്ലാവരും മറന്നു. ജിഷ്ണു പഠിച്ചിരുന്ന കോളേജിലെ കുട്ടികളുടെ രക്ഷിതാക്കള്‍ എങ്ങനെയെങ്കിലും കോളേജ് ഒന്നു തുറന്ന് മക്കളുടെ ഭാവി സുരക്ഷിതമാക്കിയാല്‍ മതി എന്ന ചിന്തയിലാണ്. ഇവിടെ ഉയരുന്ന കുറേ ചോദ്യങ്ങള്‍ ഉണ്ട്. ജിഷ്ണുവിനും കുടുംബത്തിനും നീതി കിട്ടാന്‍ വൈകുന്നതെന്ത്? ജിഷ്ണുവിനെ മരണത്തിന് കാരണമായവര്‍ നിയമത്തിന്റെ പിടിയിലാകാത്തത് എന്തുകൊണ്ട്? കേസിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?ഇനിയും ജിഷ്ണുമാര്‍ ഉണ്ടാകാതിരിക്കണമെങ്കില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടേണ്ടതല്ലേ?

ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ തേടിയാണ് ജിഷ്ണുവിന്‍റെ മരണത്തിന് ഒരു മാസം തികയുന്ന ദിവസം വടകര വളയത്തിനടുത്ത് പൂവംവയല്‍ എന്ന സ്ഥലത്തെ ജിഷ്ണുവിന്റെ വീട്ടില്‍ എത്തിയത്. നീതി കിട്ടിയില്ലെങ്കില്‍ ഞങ്ങള്‍ നെഹ്റു കോളേജ് ചെയര്‍മാന്‍റെ വസതിക്ക് മുന്‍പില്‍ സമരമിരിക്കും എന്നാണ് ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ കെ പി അഴിമുഖത്തോട് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്;

പത്തു ലക്ഷമാണ് ഗവണ്‍മെന്‍റ് എന്‍റെ മോന്‍റെ ജീവന്‍റെ വിലയായി കണക്കാക്കിയിട്ടുള്ളത്. അവരത് തിരിച്ചെടുത്തോട്ടെ. എനിക്കതിന്‍റെ ആവശ്യം ഒന്നും ഇല്ല. പാവപ്പെട്ടവരെ സഹായിക്കാന്‍ എന്‍റെ മോന്‍ ഒരു സംഘടന തുടങ്ങിയിരുന്നു. മരിക്കുന്നതിന്‍റെ പത്തു പതിനഞ്ച് ദിവസം മുന്‍പ് അവനും സുഹൃത്തുക്കളും വയനാട്ടിലെ ആദിവാസി കോളനിയില്‍ അരിയും മറ്റ് സാധനങ്ങളും വിതരണം ചെയ്തിരുന്നു. പഠിക്കാന്‍ ബുദ്ധിമുട്ടുള്ള കുട്ടികളെ സഹായിക്കാന്‍ അവന്‍ ഇടക്ക് എന്നോടു പൈസ വാങ്ങാറുണ്ട്. അവനും കൂട്ടുകാരും ചേര്‍ന്ന് രക്തം ദാനം ചെയ്യാനുള്ള ഒരു ഗ്രൂപ്പും ഉണ്ടാക്കിയിരുന്നു. ഞാന്‍ ആ പത്തു ലക്ഷം വാങ്ങിയത് എന്‍റെ മകന് ഇഷ്ടമുള്ള ഇതുപോലുള്ള കാര്യങ്ങള്‍ക്ക് ഉപയോഗിക്കാം എന്നു കരുതിയാണ്.

കൃഷ്ണദാസും മറ്റുള്ളവരും വന്‍കിടക്കാരാണ്. ഞാന്‍ നോക്കുമ്പോള്‍ നമ്മുടെ ഗവണ്‍മെന്‍റും അവരെ സപ്പോര്‍ട്ട് ചെയ്യുന്നതായിട്ടാണ് കാണുന്നത്. എന്‍റെ മോന്‍ പോയിട്ട് ഒരു മാസമായി. കോളേജില്‍ നിന്നു മൂന്നുപേരെ പുറത്താക്കിയിട്ടുണ്ട്. അവരെ എന്തുകൊണ്ട് പോലീസ് ചോദ്യം ചെയ്യുന്നില്ല. നാലു ദിവസം പോലീസ് അവിടെ അരിച്ച് പെറുക്കിയിട്ടും ഒന്നും കിട്ടിയിട്ടില്ല. അഞ്ചാം ദിവസം ഒരു തുണ്ട് പേപ്പറും കൊണ്ട് അവര്‍ വന്നു. അവന്‍ കോപ്പിയടിച്ചതാണെന്നും പറഞ്ഞു. കിരണ്‍ നായര്‍ എന്ന ഉദ്യോഗസ്ഥനാണ് അത് കൊണ്ടുവന്നത്. അവന്റെ പഴയ നോട്ട്ബുക്കൊക്കെ നോക്കിയിട്ട് അവര് പോയി. പിന്നെ കുറെ ദിവസം കഴിഞ്ഞപ്പോള്‍ അവിടുന്ന് ഒരു എസ് ഐ വന്നു. അവന്റെ ഒപ്പ് നോക്കാന്‍ വേണ്ടി ഇവിടത്തെ ബാങ്കില്‍ പോയി. അവന്‍ പഠിച്ച സ്കൂളില്‍ പോയി. അവര്‍ കാണിച്ച ആത്മഹത്യാ കുറിപ്പ് അവന്‍റെതൊന്നും അല്ല. അത് അവര്‍ കെട്ടിച്ചമച്ചതാണ്. 4.42 നാണ് ഈ പ്രവീണ്‍ മാഷ് എന്റെ മോന്‍ ജിഷ്ണു പ്രണോയിയോടും തൊട്ടടുത്തിരിക്കുന്ന ജിഷ്ണു രാജിനോടും കോപ്പിയടിച്ചെന്നും പറഞ്ഞു എഴുന്നേല്‍ക്കാന്‍ പറയുന്നത്. പത്തു പതിനഞ്ച് മിനുട്ട് അവിടെ വെച്ചു തന്നെ എന്‍റെ മകനെ ആ അധ്യാപകന്‍ ഹരാസ് ചെയ്തു. പിന്നെ പി ആര്‍ ഓ യുടെ റൂമില്‍ കൊണ്ടുപോയി. അവിടെ നിന്നും അവരവനെ മാനസികമായും ശാരീരികമായും വല്ലാതെ പീഡിപ്പിച്ചു. അതാണ് മോന്‍ അങ്ങനെ ചെയ്തത്. അത്രത്തോളം താങ്ങാന്‍ പറ്റിയിട്ടുണ്ടാവില്ല അവന്. അല്ലാതെ അവനൊരിക്കലും അങ്ങനെ ചെയ്യില്ല.

കിരണ്‍ നായര്‍ എന്ന പോലീസ് ഓഫീസറെ കുറിച്ച് ഞങ്ങള്‍ക്ക് നല്ല അഭിപ്രായമാണ്. അവരുടെ കൂടെയുള്ള സന്തോഷ്, അഷ്റഫ് എന്നിവര്‍ കേസ് അട്ടിമറിക്കുമോ എന്നു ഞങ്ങള്‍ ഭയക്കുന്നുണ്ട്. 220 ഓളം ഞങ്ങളുടെ ആള്‍ക്കാരെ അതായത് കുട്ടികളെയും ബന്ധുക്കളെയും അടക്കം അവര്‍ ചോദ്യം ചെയ്തു കഴിഞ്ഞു. അതേസമയം കുറ്റാരോപിതരായ മൂന്നുപേര്‍ അവരുടെ മുന്നില്‍ ഉണ്ടായിട്ടും അവരെ വിളിപ്പിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യുന്നില്ല. കോളേജ് അധികൃതര്‍ വന്‍ശക്തികളാണ്. അതുകൊണ്ട് ഞങ്ങള്‍ക്ക് പേടിയുണ്ട്.

കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നു ഇതുവരെ ആരും ഇങ്ങോട്ട് വരികയോ വിളിക്കുകയോ ചെയ്തിട്ടില്ല. അവിടത്തെ കുട്ടികളും രക്ഷിതാക്കളും ഒക്കെ വന്നിരുന്നു. അവിടുന്നു 35 കുട്ടികള്‍ കഴിഞ്ഞ ദിവസം ഇവിടെ വന്നിരുന്നു. അവരെന്നോട് പറഞ്ഞു. അങ്ങനെ ഒരു സംഭവം അവിടെ നടന്നിട്ടില്ല എന്നാണ്. ജിഷ്ണുവിന് കോപ്പിയടിക്കേണ്ട ആവശ്യം ഇല്ല. അവന് ക്ളാസ്സില്‍ രണ്ടാം സ്ഥാനം ഉണ്ടായിരുന്നു. പേരോട് സ്കൂളില്‍ നിന്നു നല്ല മാര്‍ക്കോടെയാണ് മോന്‍ പാസായത്. 68 മാര്‍ക്കിനുള്ള ഉത്തരം അവന്‍ എഴുതിയിട്ടുണ്ട്. ഇപ്രാവശ്യം പോകുമ്പോള്‍ മോന്‍ ചെറിയൊരു ടേബിള്‍ ലാമ്പ് കൊണ്ടുപോയിരുന്നു. രാത്രി മൂന്നു മണിക്കൊക്കെ ഉണര്‍ന്നു പഠിക്കുന്ന ശീലം അവനുണ്ട്. അത് മുറിയിലുള്ള മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും എന്നു പറഞ്ഞിട്ടാണ് അവന്‍ അതു കൊണ്ടുപോയത്.

ഈ പ്രവീണ്‍ എന്നു പറയുന്ന അധ്യാപകനൊക്കെ ശരിക്കും ഗുണ്ടയാണ്. നല്ലോണം അടിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതുകൊണ്ടാവും എന്റെ കുട്ടി അത് ചെയ്തിട്ടുണ്ടാവുക. ചെറിയ മനസ്സല്ലേ താങ്ങാന്‍ പറ്റിയിട്ടുണ്ടാവില്ല. അവരെന്‍റെ മോനെ ഇഞ്ചിഞ്ചായിട്ടാണ് കൊന്നത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ട മുറിവുകള്‍ കേട്ടു അഴിച്ചു മാറ്റിയപ്പോള്‍ ഉണ്ടായതാണെന്ന് അവര്‍ പറയുന്നു. പോസ്റ്റ് മോര്‍ട്ടത്തിന് മുന്‍പ് തന്നെ അവര്‍ എല്ലാം ഹൈജാക്ക് ചെയ്തിരുന്നു എന്നാണ് എനിക്കു തോന്നുന്നത്. അത്രയ്ക്ക് വലിയ മാഫിയയാണ് അവര്‍ക്ക് പിന്നില്‍ ഉള്ളത്. അവര്‍ക്ക് പൈസ മാത്രം മതി. വേറൊന്നും വേണ്ട. ഒരു കുട്ടി പോലും പേടിച്ചിട്ട് ഒന്നും പറയില്ല. നെഹ്റു കോളേജില്‍ കൂടുതലും പഠിക്കുന്നത് രാഷ്ട്രീയക്കാരുടെ ശുപാര്‍ശയില്‍ വരുന്ന കുട്ടികളാണ്. അവര്‍ക്ക് ഫീസിന്റെ കാര്യത്തില്‍ ഇളവും കിട്ടുന്നുണ്ട്. പക്ഷേ നമ്മളെ പോലുള്ളവരോട് അവര്‍ ഇരട്ടി ഫീസ് ഈടാക്കുകയും ചെയ്യും.

മോന്‍ കടുത്ത പിണറായി ആരാധകനാണ്. പാര്‍ട്ടിയിലെ ഒരു റോള്‍ മോഡലാണ് അവന് പിണറായി.  ഞാന്‍ അത്യാവശ്യം വിമര്‍ശനത്തോടെയൊക്കെ നോക്കുന്ന ആളാണ്. ഇത് പറഞ്ഞു ഞങ്ങള്‍ തമ്മില്‍ തര്‍ക്കം നടക്കാറുണ്ട്.  ഈ അടുത്ത് നടന്ന മനുഷ്യച്ചങ്ങലയില്‍ ഞാനും മോനും ഒരുമിച്ചാണ് പങ്കെടുത്തത്. കഴിഞ്ഞ ദിവസം മടപ്പള്ളി വരെ വന്നിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇങ്ങോട്ട് വന്നില്ല. പത്തു ലക്ഷം പ്രഖ്യാപിച്ചതോടെ അവരുടെ ഉത്തരവാദിത്വം കഴിഞ്ഞുകാണും.

ഞാന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനാണ്. അടിക്കും പിടിക്കും ഒന്നും പോകാറില്ല. ഇവിടെ ഇപ്പോള്‍ ലീഗും, ബി ജെ പി യും, സി പി ഐ യും ഒക്കെ വരുന്നുണ്ട്. എന്‍റെ മകനെ കൊന്നവര്‍ ശിക്ഷിക്കപ്പെടണം അതിന് ആര് പിന്തുണ തന്നാലും ഞാന്‍ സ്വീകരിക്കും. അക്കാര്യത്തില്‍ ഞാന്‍ ഒരു രാഷ്ട്രീയവും നോക്കില്ല. കുറെ മന്ത്രിമാരും എം എല്‍ എ മാരും ഒക്കെ വരുന്നുണ്ട്. എല്ലാവരും പറയുന്നു നമുക്ക് നോക്കാം എന്നൊക്കെ. അവസാനം വന്ന ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. ദൈവം കൊടുത്തോളുമെന്ന്. നീതി കിട്ടാന്‍ പോകുന്നില്ല എന്ന സത്യം അവര്‍ക്ക് മനസ്സിലായി അതാണ് അവര്‍ അങ്ങനെ പറഞ്ഞത്.

ഞാനെങ്ങനെയാണ് പിടിച്ചുനില്‍ക്കുന്നത് എന്നെനിക്കറിയില്ല. വര്‍ഷങ്ങളായി ഞാന്‍ വിദേശത്തു ജോലി ചെയ്യുന്നു. ജനുവരിയില്‍ തിരിച്ചു പോകാനിരുന്നതാണ്. ആര്‍ക്ക് വേണ്ടി എന്തിന് വേണ്ടിയാണ് ഇനി ഞാന്‍ പോകുന്നത്. ഒരാഴ്ച കൂടെ ഞങ്ങള്‍ കാക്കും. എന്നിട്ടും നീതി കിട്ടുന്നില്ലെങ്കില്‍ ഞാനും ഭാര്യയും മോളും മറ്റ് ബന്ധുക്കളും കൃഷ്ണദാസിന്റെ വീടിനുമുന്നില്‍ പോയി കിടക്കും. ഫെബ്രുവരി 13 നു ഞങ്ങള്‍ കോളേജിലേക്ക് ധര്‍ണ്ണ നടത്തുന്നുണ്ട്. ഇനി പോലീസുകാര്‍ ഞങ്ങളോടു തെളിവെടുക്കാന്‍ വന്നാല്‍ എനിക്കു ചോദിക്കാനുള്ള ചോദ്യം ഇതാണ്. പ്രതികളാണെന്ന് സംശയിക്കുന്നവര്‍ നിങ്ങളുടെ മുന്നിലൂടെ നടക്കുന്നുണ്ടല്ലോ അവരെ എന്താണ് ചോദ്യം ചെയ്യാത്തത്..?

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍