UPDATES

ട്രെന്‍ഡിങ്ങ്

സഹറന്‍പൂരിലെ ദളിതര്‍ക്കായി അന്താരാഷ്ട്ര കോടതിയില്‍ പോകും; ഭീം ആര്‍മി

ആക്രമികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ നേരിടേണ്ടി വരിക വലിയ പ്രക്ഷോഭങ്ങള്‍

സഹറന്‍പൂരില്‍ ദളിതര്‍ക്കെതിരേ നടക്കുന്ന അക്രമണങ്ങളിലെ പ്രതികള്‍ക്കെതിരേ സര്‍ക്കാരും പൊലീസും നടപടിയെടുക്കുന്നില്ലെങ്കില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുമെന്നു ഭീം ആര്‍മി.

സര്‍ക്കാരും പൊലീസും ഞങ്ങളെ സഹായിക്കുന്നില്ല. കുല്‍ഭൂഷന്‍ ജാദവിനു വേണ്ടി ഇന്ത്യക്ക് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ പോകാമെങ്കില്‍ ദളിതരുടെ സംരക്ഷണത്തിനായി ഞങ്ങള്‍ക്കും അന്താരാഷ്ട്ര കോടതിയെ സമീപിക്കാം; ഭീം ആര്‍മി അംഗം ജയ് ഭഗവത് ജാതവ് പറഞ്ഞു. കുറ്റവാളികള്‍ അറസ്റ്റ് ചെയ്യപ്പെടുന്നില്ലെങ്കില്‍ തങ്ങളുടടെ പ്രക്ഷോഭത്തിന്റെ തീവ്രത കൂട്ടുമെന്നും ഭീം സേന പ്രവര്‍ത്തകര്‍ മുന്നറിയിപ്പു നല്‍കി.

ഡല്‍ഹിയില്‍ കഴിഞ്ഞ ഞായറാഴ്ച കണ്ടത് പ്രതിഷേധത്തിന്റെ ചെറുരൂപമാണ്. ഒരുതരത്തിലുള്ള പ്രചാരണവും നടത്താതെയും ലഘുലേഖകള്‍ വിതരണം ചെയ്യാതെയുമാണ് അത്രയും ആളുകള്‍ അവിടെ കൂടിയത്. ഇവിടെ(സഹറന്‍പൂര്‍) ദളിതര്‍ക്കെതിരേ നടക്കുന്ന അക്രമണങ്ങളിലെ പ്രതികളെ അറസ്റ്റ് ചെയ്യില്ലെന്നാണെങ്കില്‍ ഞങ്ങളുടെ പ്രതിഷേധം വലുതാകും; ഭീം ആര്‍മിക്കാര്‍ പറഞ്ഞു. ഷഹറന്‍പൂരിലെ അക്രമം അവസാനിപ്പിക്കാന്‍ പൊലീസോ സംസ്ഥാന ഭരണകൂടമോ ഒന്നും ചെയ്യുന്നില്ലെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. അവര്‍(സര്‍ക്കാരും പൊലീസും) വില്ലന്‍മാര്‍ക്കൊപ്പമാണ് നില്‍ക്കുന്നത്; ജാതവ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും ഭീം ആര്‍മി ആരോപണം ഉയര്‍ത്തി. ഒരു ക്ലര്‍ക്കിന്റെ പണി പോലും ചെയ്യാത്തയാളാണു മോദി, പക്ഷേ തന്റെ തോട്ടത്തിലെ എല്ലാ മരങ്ങളെയും പരിപാലിക്കുന്ന തോട്ടക്കാരനെപോലെയാണ് അഭിനയിക്കുന്നത്; ജാതവ് പരിഹസിച്ചു. രാജ്യത്ത് ഉണ്ടാകുന്ന വര്‍ഗീയ കലാപങ്ങള്‍ തടയാന്‍ പ്രധാനമന്ത്രി ഒന്നും ചെയ്യുന്നില്ല. മോദി ഈ രാജ്യത്തെ തകര്‍ക്കുകയാണ്.

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാവണ്‍ അനധികൃതമായ സമ്പത്തിന് ഉടമയാണെന്ന യുപി മുന്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് സുഭാഷ് ചന്ദ്ര ദുബെയുടെ ആരോപണങ്ങളെയും ഭീം ആര്‍മി നിഷേധിച്ചു. ആകെ 800 രൂപയാണ് ആസാദിന്റെ ബാങ്ക് അകൗണ്ടില്‍ ഉള്ളത്. ഞങ്ങള്‍ ദുബെയ്‌ക്കെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും; ഭീം ആര്‍മിയുടെ പ്രധാന മുഖങ്ങളില്‍ ഒന്നായ രവി കുമാര്‍ ഗൗതം പറഞ്ഞു. ഇല്ലാത്ത കേസുകള്‍ ആസാദിന്റെ മേല്‍കെട്ടിവയ്ക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും ഗൗതം ആരോപിച്ചു.

ആസാദുമായി ഞങ്ങള്‍ ഇപ്പോള്‍ ബന്ധപ്പെടുന്നില്ലെന്നും അദ്ദേഹം പൊലീസിനു മുന്നില്‍ കീഴടങ്ങുമെന്നും ഗൗതം ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോള്‍ പറഞ്ഞു. പക്ഷേ ഞങ്ങള്‍ക്കു പൊലീസിനെ വിശ്വാസമില്ല. കിഴടങ്ങിയാല്‍ ആസാദിനെ അവര്‍ എന്തു ചെയ്യുമെന്നറിയില്ലെന്നും ഗൗതം ആശങ്കപ്പെട്ടു.

ബിഎസ്പിയുമായി ഭീം ആര്‍മിയ്ക്കു ബന്ധമുണ്ടോയെന്ന ചോദ്യത്തോട് ഗൗതമിന്റെ പ്രതികരണം ഇതായിരുന്നു; ഞങ്ങള്‍ ഇതുവരെ മായവതിയുമായി കൂടിക്കണ്ടിട്ടില്ല, അങ്ങനെ നടന്നിരുന്നെങ്കില്‍ ഇപ്പോള്‍ ഞങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന യുദ്ധത്തിനു ഞങ്ങള്‍ക്കു കഴിയാതെ പോകുമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍