“ഞങ്ങള്‍ അധികാരത്തില്‍ വരുന്നതിന് മുമ്പുള്ള സര്‍ക്കാരുകള്‍ ഭീകരരെ അടിച്ചമര്‍ത്താനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാണിച്ചില്ല”.
പാകിസ്താനില്‍ 30,000ത്തിനും 40,000ത്തിനും ഇടയില്‍ ഭീകര പ്രവര്‍ത്തകരുണ്ട് പ്രധാനമന്ത്രി ഇമ്രാന് ഖാന്. അഫ്ഗാനിസ്താനിലോ കാശ്മീരിലോ പരിശീലനം നേടിയവരാണ് ഇവര്‍. പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്ന ഭീകരരാണ് ഇന്ത്യയില്‍ ആക്രമണങ്ങള്‍ നടത്തുന്നത് എന്ന ഇന്ത്യയുടെ ആരോപണത്തിന് ബലം നല്കുന്ന കാര്യമാണ് ഇമ്രാന് ഖാന് പറഞ്ഞിരിക്കുന്നത്. തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഭീകരര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തുടങ്ങിയെന്നും മുന്‍ സര്‍ക്കാരുകള്‍ ഇതിന് ശ്രമിച്ചിട്ടില്ലെന്നും ഇമ്രാന് ഖാന് അമേരിക്കയില്‍ പറഞ്ഞു.
ഞങ്ങള്‍ അധികാരത്തില്‍ വരുന്നതിന് മുമ്പുള്ള സര്‍ക്കാരുകള്‍ ഭീകരരെ അടിച്ചമര്‍ത്താനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാണിച്ചില്ല. പാകിസ്താനില്‍ ഇപ്പോഴും സായുധരായ ഭീകരപ്രവര്ത്തകര് 30,000നും 40,000നും ഇടയിലുണ്ട്. 2014ല്‍ പാകിസ്താനി താലിബാന് 150 സ്കൂള്‍ കുട്ടികളെ ആര്‍മി പബ്ലിക് സ്കൂള്‍ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നാഷണല്‍ ആക്ഷന്‍ പ്ലാനില്‍ ഒപ്പ് വച്ചു. ഇതിന് ശേഷം ഇനി ഒരു ഭീകര ഗ്രൂപ്പുകളേയും രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല എന്നാണ് ഞങ്ങള്‍ തീരുമാനിച്ചത്. അവരുടെ സ്ഥാപനങ്ങളും സെമിനാരികളും ഞങ്ങള്‍ പിടിച്ചെടുത്തു. ഇപ്പോള്‍ ഞങ്ങളുടെ അഡ്മിനിസ്ട്രേറ്റര്‍മാരാണ് ഇവ നിയന്ത്രിക്കുന്നത്.
40 വ്യത്യസ്ത ഭീകര ഗ്രൂപ്പുകള്‍ നിലവില്‍ പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ഇമ്രാന് ഖാന് യുഎസ് പീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പരിപാടിയില്‍ പറഞ്ഞു. 15 വര്‍ഷം ഭരിച്ച മുന്‍ സര്‍ക്കാരുകള്‍ ഇവര്‍ക്കെതിരെ നടപടിയെടുത്തില്ല. അമേരിക്കയെ സത്യസന്ധമായി കാര്യങ്ങള്‍ ധരിപ്പിച്ചില്ല എന്നും ഇമ്രാന് ഖാന് കുറ്റപ്പെടുത്തി.