UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിലക്കിഴിവെന്ന ഭൂതത്തെ തിരികെ കുപ്പിയിലാക്കാന്‍ ഇ-വിപണി

Avatar

ആദി നാരായണന്‍
(ബ്ലൂംബര്‍ഗ്)

വിലക്കിഴിവായിരുന്നു താരം. ഫ്‌ളിപ്കാര്‍ട്ട് മുതല്‍ സ്‌നാപ്ഡീല്‍ വരെയുള്ള ഇന്റര്‍നെറ്റ് ചില്ലറ വില്‍പനക്കാര്‍ ഈ വര്‍ഷം 11 ബില്യണ്‍ ഡോളറിന്റെ ചരക്ക് വിറ്റഴിച്ചത് വിലക്കുറവും പണം തിരികെ നല്‍കലും കൊണ്ടാണ്. എന്നാല്‍ വിപണി പിടിക്കാന്‍ പുറത്തെടുത്ത ഈ തന്ത്രം ലാഭത്തെ നഷ്ടമാക്കി മാറ്റുന്നതു കണ്ട് നയം മാറ്റത്തിനൊരുങ്ങുകയാണ് ഇ വിപണി.

“കച്ചവടത്തില്‍ വളര്‍ച്ചയുണ്ടാകണമെങ്കില്‍ പണം നഷ്ടപ്പെടുത്തുന്നത് നിര്‍ത്തണം,” വസ്ത്രവ്യാപാരത്തില്‍ ഇ വിപണി മുന്‍നിരക്കാരായ മിന്ത്ര ഡോട്ട് കോമിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ അനന്ത് നാരായണന്‍ പറയുന്നു. ഫ്‌ളിപ്കാര്‍ട്ട് ഇന്റര്‍നെറ്റ് സര്‍വീസസിന്റെ സഹവിഭാഗമാണ് മിന്ത്ര. “സാമ്പത്തികനില മെച്ചപ്പെടുത്താനുള്ള വഴി കണ്ടെത്തിയേ തീരൂ. കഴിഞ്ഞ 12 -18 മാസമായി വിലക്കിഴിവുകള്‍ കുറയ്ക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍”, നാരായണന്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഇളവുകള്‍ നിയന്ത്രിക്കുന്നത് ലാഭമുണ്ടാക്കുമെങ്കിലും വിലക്കിഴിവിനെ മാത്രം ആശ്രയിച്ച് നിലനില്‍ക്കുന്ന ഇ വിപണിയില്‍ ഇത് നടപ്പാക്കുക എളുപ്പമല്ല. നാരായണനും ഒപ്പമുള്ളവരും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നവും ഇതുതന്നെ. ആര് ആദ്യം? സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് കോര്‍പ്, ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റ് എന്നിവരുള്‍പ്പെടെ പണനഷ്ടമുണ്ടാക്കുന്ന ഓണ്‍ലൈന്‍ സംരംഭങ്ങളില്‍ 10 മില്യണ്‍ ഡോളറിലേറെ മുടക്കിയിരിക്കുന്ന നിക്ഷേപകര്‍ക്ക് പണം തിരിച്ചുകിട്ടുക ഈ ചോദ്യത്തിനുള്ള ഉത്തരത്തിലാകും.

വിലക്കിഴിവ് ഒഴിവാക്കുന്നത് വിപണിയില്‍ സ്ഥാനമുറപ്പിച്ചുകഴിഞ്ഞ കമ്പനികളെ സംബന്ധിച്ചിടത്തോളം അപകടകരമാകുമെന്ന് ഗുഡ്ഗാവില്‍ വിദേശ കമ്പനികള്‍ക്കായി കണ്‍സല്‍ട്ടിങ് സര്‍വീസ് നടത്തുന്ന കീര്‍ത്തി ഖോസ്ല ചൂണ്ടിക്കാണിക്കുന്നു. “ഇത് ചെറുകമ്പനികള്‍ക്കും സ്വന്തം ഇ പോര്‍ട്ടലുകള്‍ കൊണ്ടുവരാന്‍ തയാറായിരിക്കുന്ന പ്രാദേശിക വന്‍കിടക്കാര്‍ക്കും വിപണി വിട്ടുകൊടുക്കുന്നതിനു തുല്യമാകും. നേരത്തെ 80 – 90 ശതമാനം വരെ വിലക്കിഴിവാണ് ഈ കമ്പനികള്‍ നല്‍കിയിരുന്നത്. ഇപ്പോള്‍ ഇതില്‍ ചെറിയ കുറവുവന്നിട്ടുണ്ട് “.

വിലക്കിഴിവിന്റെ ഫലം ബാലന്‍സ് ഷീറ്റുകള്‍ കാണിച്ചുതരുന്നു. സ്‌നാപ്ഡീലിന്റെ മാതൃകമ്പനിയായ ജാസ്പര്‍ ഇന്‍ഫോടെകിന്റെ മാര്‍ച്ച് 31വരെയുള്ള നഷ്ടം മുന്‍വര്‍ഷത്തേതിന്റെ നാലിരട്ടിയാണ്. 206 മില്യണ്‍ ഡോളര്‍. ജബോങ്ങിന്റേതാകട്ടെ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാതിയില്‍ 2.3 ബില്യണ്‍ രൂപയായി. മുന്‍വര്‍ഷം ഇതേകാലയളവില്‍ ഇത് 1.55 ബില്യണ്‍ രൂപയായിരുന്നു.

ഗോള്‍ഡ്മാന്‍ സാഷിന്റെ മേയിലെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രചാരമേറിയ ഇ വിപണന സൈറ്റുകള്‍ ഒരു ഡോളറിന്റെ വില്‍പന നടത്തുമ്പോള്‍ 1.35 ഡോളര്‍ നഷ്ടമുണ്ടാക്കുന്നു. ഇ വിപണനം പണക്കാരന്റെ മേഖലയാകുന്നത് ഇതുകൊണ്ടാണ്.

സ്‌നാപ്ഡീലിന്റെ ഏറ്റവും വലിയ നിക്ഷേപകര്‍ സോഫ്റ്റ് ബാങ്കാണ്. കഴിഞ്ഞ വര്‍ഷം 627 മില്യണ്‍ ഡോളറാണ് ഇവരുടെ നിക്ഷേപം. ഈ വര്‍ഷം ഇത് വീണ്ടും വര്‍ധിച്ചു. ടൈഗര്‍ ഗ്ലോബലും സൗത്ത് ആഫ്രിക്കന്‍ മാധ്യമ വമ്പന്‍ നാസ്പറുമാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ മുഖ്യനിക്ഷേപകര്‍.

മിന്ത്രയുടെ മാതൃകമ്പനിയായ ഫ്‌ളിപ്കാര്‍ട്ടാണ് വസ്ത്ര, പാദരക്ഷ ഇ വിപണിയില്‍ നേതൃസ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള സ്‌നാപ്ഡീലിന്റെ നാലിരട്ടിയാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ വില്‍പനയെന്ന് യൂറോ മോനിട്ടര്‍ ഇന്റര്‍നാഷനല്‍ നല്‍കുന്ന വിവരങ്ങള്‍ കാണിക്കുന്നു.

ഇതേ സെക്ടറില്‍ കുറഞ്ഞത് 15 കമ്പനികള്‍കൂടിയുണ്ട്. ഷോപ്ക്ലൂസ്, ഫാഷനാര, കൂവ്‌സ്, ഫാഷന്‍ ആന്‍ഡ് യു എന്നിവയ്‌ക്കൊപ്പം വന്‍തോതില്‍ പരസ്യവുമായി ആമസോണും രംഗത്തുണ്ട്. ചില്ലറ വില്‍പനയില്‍ ഏറ്റവും കൂടുതല്‍ മാര്‍ജിനുള്ളത് വസ്ത്ര, പാദരക്ഷ വിപണിയിലാണ് എന്നതാണ് ഫാഷന്‍ രംഗത്തെ ആകര്‍ഷണത്തിനു കാരണം. ഇലക്ട്രോണിക്‌സ്, പലവ്യഞ്ജന വിപണിയെക്കാള്‍ മൂന്നിരട്ടിയിലേറെയാണ് ഫാഷന്‍ വിപണിയിലെ ലാഭസാധ്യത.

നെക്കി, ലെവി സ്‌ട്രോസ് എന്നിവ പോലുള്ള ബ്രാന്‍ഡുകള്‍ക്ക് കൂടുതല്‍ വില്‍പന ഉറപ്പുനല്‍കുന്നതും മികച്ച ഉപഭോക്തൃവിവരങ്ങള്‍ ലഭിക്കുന്നതുമായ വെബ് സ്‌റ്റോറുകള്‍ തിരഞ്ഞെടുക്കാനാകും എന്നതാണ് വിപണിയിലെ കിടമല്‍സരത്തിന്റെ ഫലം. ആപ്പുകളുടെ ഉപയോഗം ഉപഭോക്താവിന്റെ താല്‍പര്യം അറിയാനും തല്‍സമയം വിവരങ്ങളില്‍ മാറ്റം വരുത്തി കൂടുതല്‍ പേരെ ആകര്‍ഷിക്കാനും കമ്പനികളെ സഹായിക്കുന്നുവെന്ന് ജബോങ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ സഞ്ജീവ് മൊഹന്തി പറയുന്നു.

രാജ്യത്തെ ഇ വിപണിയുടെ തുടക്കത്തില്‍ ബ്രാന്‍ഡുകള്‍ക്ക് ഓണ്‍ലൈന്‍ സ്റ്റോറുകളിലെ വിലയുടെ കാര്യത്തില്‍ നിയന്ത്രണം സാധ്യമായിരുന്നില്ല. ഇത് കാര്യമായി മാറിക്കഴിഞ്ഞു. ഇപ്പോള്‍ ഇരുകൂട്ടരും ഒരുമിച്ചാണ് വിലയും മറ്റുകാര്യങ്ങളും തീരുമാനിക്കുന്നത്. ഉപഭോക്താവ് അന്വേഷിക്കുന്ന ഉത്പന്നങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനും ഇരുകൂട്ടരുടെയും സഹകരണം സഹായിക്കുന്നുവെന്ന് മൊഹന്തി ചൂണ്ടിക്കാണിക്കുന്നു. 11 വര്‍ഷം ബെനിട്ടണ്‍ ഗ്രൂപ്പ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായിരുന്നു മൊഹന്തി.

അടുത്ത രണ്ടുമൂന്നു വര്‍ഷത്തിനുള്ളില്‍ ജബോങിലെ വന്‍ വിലക്കിഴിവിന് കാര്യമായ മാറ്റം വരുമെന്ന് മൊഹന്തി പറയുന്നു. ആപ്പിലും സൈറ്റിലും ഡിസ്‌കൗണ്ടുകള്‍ കുറഞ്ഞുകൊണ്ടേയിരിക്കും. ‘ബ്രാന്‍ഡുകളും വില്‍പന പ്ലാറ്റ്‌ഫോമുകളും തമ്മില്‍ ഇതേപ്പറ്റി വ്യക്തമായ ധാരണയുണ്ട്’.

വന്‍ വിലക്കിഴിവുകള്‍ ഇല്ലാതാകുമോ എന്ന ചോദ്യത്തിന് സ്‌നാപ്ഡീല്‍ സ്ഥാപകരില്‍ ഒരാളും ചീഫ് ഓപ്പറേറ്റിങ് ഓഫിസറുമായ രോഹിത് ബന്‍സല്‍ ഉത്തരം നല്‍കിയില്ല. കമ്പനിയുടെ ഇപ്പോഴത്തെ നയം വിജയകരമാണെന്നായിരുന്നു ബന്‍സലിന്റെ നിലപാട്. “വസ്ത്രവിപണിയില്‍ വളര്‍ച്ച നിലനിര്‍ത്താനാവശ്യമായതെന്തും ചെയ്യും. വളര്‍ച്ചയ്ക്കു തടയിടാനുള്ള നടപടികളൊന്നുമില്ല”.

ബ്രാന്‍ഡ് വൈവിധ്യം, പ്രശസ്തരുമായുള്ള കരാറുകള്‍, ബ്രൗസിങ് വിവരങ്ങള്‍ ഉപയോഗിച്ച് വ്യക്തിഗതമായി ചിട്ടപ്പെടുത്തിയ ആപ്പ് എന്നിവ ഉപഭോക്താക്കളെ കമ്പനിയോടടുപ്പിച്ചു നിര്‍ത്തുമെന്നും ആത്യന്തികമായി അവര്‍ ഉത്പന്നങ്ങളുടെ മുഴുവന്‍ വില നല്‍കാന്‍ തയാറാകുമെന്നുമാണ് മിന്ത്രയും ജബോങും കരുതുന്നത്.

ഉപഭോക്താക്കളിലെ യുവവിഭാഗത്തിന്റെ വേഷവിധാനം മെച്ചപ്പെടുത്താനുള്ള പുതുതന്ത്രങ്ങളും മിന്ത്ര പയറ്റുന്നുണ്ട്.  ഇന്‍ഫോസിസ് ലിമിറ്റഡിന്റെ ആസ്ഥാനത്ത് കഴിഞ്ഞ മാസം ‘മേക്ക് ഓവര്‍’ മല്‍സരം സംഘടിപ്പിച്ചത് ഇതിന്റെ ഭാഗമായാണ്. “വിലക്കിഴിവെന്ന ഭൂതത്തെ തളയ്ക്കാന്‍ ക്രിയാത്മക പരിഹാരമാര്‍ഗങ്ങള്‍ക്കേ കഴിയൂ”, നാരായണന്‍ പറയുന്നു.

“ഞങ്ങളും മറ്റുള്ള ഓണ്‍ലൈന്‍ വില്‍പനക്കാരും ചേര്‍ന്നാണ് വിലക്കിഴിവില്‍ ശ്രദ്ധയൂന്നാന്‍ ഉപഭോക്താവിനെ പഠിപ്പിച്ചത്. ഇപ്പോള്‍ അവരുടെ ശ്രദ്ധതിരിക്കാനാണ് ഞങ്ങളുടെ ശ്രമം”.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍