UPDATES

ട്രെന്‍ഡിങ്ങ്

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം; സമരം ചെയ്യുന്ന കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തി

നദികള്‍ സംയോജിപ്പിക്കുന്ന പദ്ധതിക്കായി കര്‍ഷകര്‍ക്ക് അദ്ദേഹം ഒരു കോടി രൂപ വാഗ്ദാനം ചെയ്തിരിക്കുകയാണ്

നദികളെ പരസ്പരം ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കര്‍ഷകരുടെ സംഘവുമായി രജനികാന്തിന്റെ കൂടിക്കാഴ്ച. തന്റെ രാഷ്ട്രീയ പ്രവേശനം ദൈവനിശ്ചയമനുസരിച്ചായിരിക്കുമെന്ന് പ്രഖ്യാപിച്ച് ആഴ്ചകള്‍ക്കകമാണ് രജനി ആദ്യമായി ഇത്തരമൊരു കൂടിക്കാഴ്ച നടത്തുന്നത്.

സമരത്തിന് പിന്തുണ തേടി പതിനാറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് രജനിയെ സന്ദര്‍ശിച്ചത്. ഉപദ്വീപിലെ നദികളുടെ പരസ്പര ബന്ധിപ്പിക്കലിനായി ആദ്യം പ്രവര്‍ത്തിക്കാമെന്ന് രജനി ഉറപ്പുനല്‍കിയതായി കര്‍ഷക നേതാവ് അയ്യക്കണ്ണ് വ്യക്തമാക്കി. കൂടാതെ നദികള്‍ സംയോജിപ്പിക്കുന്ന പദ്ധതിക്കായി കര്‍ഷകര്‍ക്ക് അദ്ദേഹം ഒരു കോടി രൂപ വാഗ്ദാനം ചെയ്തിരിക്കുകയാണ്. ഈ തുക പ്രധാനമന്ത്രിക്ക് കൈമാറാന്‍ തങ്ങള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടതായും അയ്യക്കണ്ണ് വെളിപ്പെടുത്തി.

ദൈവം അനുവദിച്ചാല്‍ നാളെ രാഷ്ട്രീയ പ്രവേശനം നടത്തുമെന്നാണ് കഴിഞ്ഞമാസം രജനി വെളിപ്പെടുത്തിയത്. തൊട്ടുപിന്നാലെ പ്രാദേശിക ബിജെപി നേതാക്കള്‍ അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ പറയാനുള്ളത് താന്‍ പറഞ്ഞുകഴിഞ്ഞെന്നും കൂടുതലൊന്നും പറയാനില്ലെന്നുമുള്ള അവ്യക്തമായ മറുപടിയാണ് അദ്ദേഹം അവര്‍ക്ക് നല്‍കിയത്. തൊട്ടയടുത്തയാഴ്ച എല്ലാ നല്ല വ്യക്തികള്‍ക്കും രാഷ്ട്രീയത്തിലേക്ക് സ്വാഗതമെന്നും ഇനി രജനീകാന്താണ് തീരുമാനമെടുക്കേണ്ടതെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതികരിച്ചു.

ബിജെപി പിന്തുണയോടെ രജനികാന്ത് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും ഈ വര്‍ഷമാദ്യം അഭ്യൂഹങ്ങളുണ്ടായിരുന്നു. അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ മോശമല്ലാത്ത സാമിപ്യമുള്ള ബിജെപി ഏറെനാളായി തമിഴ്‌നാട്ടില്‍ തങ്ങളുടെ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ്. 2019ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്ത് ചുവടുറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അവര്‍.

മുന്‍ മുഖ്യമന്ത്രിമാരായ ജയലളിതയുടെ മരണവും കരുണാനിധിയുടെ അനാരോഗ്യാവസ്ഥയും സംസ്ഥാനത്ത് തങ്ങള്‍ക്ക് നല്ല അവസരമാണെന്ന കണക്കു കൂട്ടലിലാണ് ബിജെപി. തമിഴ്‌നാട് രാഷ്ട്രീയം പതിറ്റാണ്ടുകളായി ഈ രണ്ട് നേതാക്കളെ ചുറ്റിപ്പറ്റിയാണ് നിന്നിരുന്നത്. ഇരു പാര്‍ട്ടികളെയും മാറിയും തിരിഞ്ഞും അധികാരത്തിലേറ്റുന്ന തമിഴ്‌നാട് ജനത ചരിത്രത്തിലാദ്യമായി ജയലളിതയ്ക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഭരണ തുടര്‍ച്ച നല്‍കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍