UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കപട ജനാധിപത്യത്തിന്റെ മറുലോകങ്ങള്‍

Avatar

ക്രിസ്റ്റഫര്‍ വാക്കര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

നിയമസാധുതയുടെ ഒരു നനുത്ത പ്രതലം നിലനിര്‍ത്തുന്നതിനായി സമഗ്രാധിപത്യ ഭരണകൂടങ്ങള്‍ ജനാധിപത്യത്തിന്റെ കമാനങ്ങള്‍ ഉയര്‍ത്താറുണ്ട്. വ്യാജ രാഷ്ട്രീയ കക്ഷികള്‍, കപട സാമൂഹ്യ മുന്നേറ്റങ്ങള്‍, സത്യസന്ധമല്ലാത്ത വാര്‍ത്ത മാധ്യമങ്ങള്‍, സര്‍ക്കാര്‍ സംഘടിത, സര്‍ക്കാരിതര സംഘടനകള്‍ (GONGO) തുടങ്ങിയവ സൃഷ്ടിച്ച് സ്വേച്ഛാധിപതികള്‍ ജനാധിപത്യ സ്ഥാപനങ്ങളെ അനുകരിക്കുകയും എന്നാല്‍ യഥാര്‍ത്ഥ ജനാധിപത്യം വേരു പിടിക്കുന്നതില്‍ നിന്ന് തടയുകയും ചെയ്യുന്നു.

കാലം കഴിയുന്തോറും ഈ ഭരണകൂടങ്ങള്‍ തങ്ങളുടെ അനുകരണങ്ങളെ ഒരു പുതിയ തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. അധികാരത്തിന്മേലുള്ള തങ്ങളുടെ പിടി എക്കാലത്തും നിലനിര്‍ത്താന്‍ ആധുനിക സ്വേച്ഛാധിപതികള്‍ സ്ഥാപനങ്ങളുടെ ഒരു സങ്കീര്‍ണമായ ബദല്‍ ലോകം സൃഷ്ടിച്ചിരിക്കുന്നു; അതിനൂതന നിര്‍മാണ മികവുള്ള വ്യാജ വാര്‍ത്താകേന്ദ്രങ്ങളും, ജനാധിപത്യലോകത്തെ ബുദ്ധിജീവികളെപ്പോലെ തന്നെ തോന്നിക്കുന്ന വിദഗ്ധരും മുതല്‍ തെരെഞ്ഞെടുപ്പ് നിരീക്ഷകരെ പിഴവില്ലാതെ അനുകരിക്കുന്നവര്‍ വരെ അതില്‍ പെടുന്നു.

ലോകമെമ്പാടുമുള്ള ജനാധിപത്യവാദികള്‍ക്ക് തടസങ്ങള്‍ സൃഷ്ടിക്കുന്ന സ്വേച്ഛാധിപത്യ രാഷ്ട്രങ്ങളുടെ പുതിയ ഉണര്‍ച്ചയുടെ ലക്ഷണമാണ് ഈ ആധുനിക അനുകരണ കല.

ഇവയെ സ്വന്തം രാജ്യങ്ങളിലുപയോഗിക്കുന്നത് പോരാഞ്ഞ് ഈ മര്‍ദ്ദക രാഷ്ട്രങ്ങള്‍ ഇത്തരം വ്യാജ നിര്‍മിതികളെ മറ്റ് രാഷ്ട്രങ്ങളിലേക്കും ദേശീയഅന്തര്‍ദേശീയ സംഘടനകളിലേക്കും കയറ്റി അയക്കുകയും ചെയ്യുന്നു. 

ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതി അവലോകന യോഗങ്ങളിലേക്കും, യൂറോപ്യന്‍ സുരക്ഷ സഹകരണ സമിതി യോഗങ്ങളിലേക്കും സമഗ്രാധിപത്യ ഭരണകൂടങ്ങളുടെ പിന്തുണയുള്ള GONGO-കള്‍ ഇടിച്ചുകയറുന്നുണ്ട്. ചൈനയുടെ നയങ്ങളെ വെള്ളപൂശാനായി ചൈന സര്‍ക്കാര്‍ ഊട്ടി വളര്‍ത്തുന്ന ‘സര്‍ക്കാരിതര സംഘടനകള്‍’ യു. എന്‍ യോഗങ്ങളിലെത്തുന്നു. ഒക്ടോബര്‍, 2013ല്‍ ജനീവയില്‍ മനുഷ്യാവകാശ സമിതി ചൈനയുടെ അവലോകനം നടത്തവേ ഇത്തരം സംഘടനകള്‍ ചൈനയുടെ നേട്ടങ്ങളെക്കുറിച്ച് വിനീതവിധേയരായി വാചാലരായി. വാസ്തവത്തില്‍ സ്വതന്ത്ര പൗരസമൂഹത്തിന് നിലനില്‍ക്കാന്‍ സാധ്യമല്ലാത്ത വിധം അടിച്ചമര്‍ത്തപ്പെട്ട അന്തരീക്ഷമാണ് ചൈനയില്‍. കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ സുരക്ഷാസഹകരണ സമിതിയുടെ മനുഷ്യാവകാശ നടത്തിപ്പ് അവലോകനത്തില്‍ ക്രെംലിന്‍ കൊണ്ടുവന്ന ഇത്തരം വിധേയ സംഘടനകള്‍ റഷ്യയുടെ യുക്രൈന്‍ന്‍ കടന്നുകയറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കലക്കാന്‍ കടുത്ത ശ്രമം നടത്തി. ഈയിടെ പനാമയില്‍ നടന്ന അമേരിക്കന്‍ ഭൂഖണ്ഡങ്ങളുടെ ഉച്ചകോടിയില്‍ വെനസ്വെല, ക്യൂബ സര്‍ക്കാരുകളും പൗരസമൂഹത്തിന്റെ പ്രതിനിധികളായി ഇത്തരം സംഘടനകളെ അവതരിപ്പിച്ചു. 

ഇത്തരം വക്രബുദ്ധിയുടെ ഭാഗമായാണ്, കൃത്യമായ നിരീക്ഷണം നടത്തുന്ന സംഘടനകളുടെ കണ്ണില്‍ പൊടിയിടാനും തങ്ങള്‍ നടത്തുന്ന തിരഞ്ഞെടുപ്പ് നാടകങ്ങളെ പ്രോത്സാഹിപ്പിക്കാനുമായി ഈ ഭരണാധിപര്‍ വ്യാജ ഏജന്‍സികളെ സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരം നിരീക്ഷകരെന്ന് പറയപ്പെടുന്ന വ്യാജനിര്‍മിതികള്‍ കൂണു പോലെ പെരുകിയിരിക്കുന്നു.

യുറേഷ്യയിലെ തെരഞ്ഞെടുപ്പുകളിലേക്ക് ഇത്തരം രണ്ടു സംഘടനകള്‍ Commonwealth of the Independent States Election Monitoring Organization, Shanghai Cooperation Organization പ്രതിനിധികളെ അയച്ചിരുന്നു. 

2013 ഒക്ടോബറില്‍ നടത്തിയ പ്രകടമായിത്തന്നെ അട്ടിമറിച്ച ഒരു തെരഞ്ഞെടുപ്പിനെ ന്യായീകരിക്കാന്‍ അസര്‍ബൈജാന് സര്‍ക്കാര്‍ ഇത്തരം തട്ടിക്കൂട്ട് നിരീക്ഷകരെ ഇറക്കുമതി ചെയ്തു. റഷ്യയുടെ ക്രിമിയ കൂട്ടിച്ചേര്‍ക്കലിന്റെ മാമോദീസ മുക്കലിന് മാര്‍ച്ച്, 2014ല്‍ നടത്തിയ ഹിതപരിശോധന പ്രഹസനത്തിലും ഇതേ നാടകമുണ്ടായി. സ്വന്തം നാട്ടില്‍ ശരിക്കുള്ള തെരഞ്ഞെടുപ്പ് നടത്താത്ത ചൈന ബര്‍മയിലേക്കും, സിംബാവേയിലേക്കും തെരഞ്ഞെടുപ്പ് നിരീക്ഷകരെ അയക്കുന്നിടത്തോളം കോമാളിത്തമായിരിക്കുന്നു കാര്യങ്ങള്‍.

ഇത്തരം സംഘടനകളുടെ ആശയങ്ങളും സന്ദേശങ്ങളും സമഗ്രാധിപത്യ ഭരണകൂടങ്ങളുടെ മാധ്യമങ്ങളെ ഉപയോഗിച്ച് വ്യാപകമായി പ്രചരിപ്പിക്കുന്നു. റഷ്യയുടെ ആര്‍ ടി ഇതിന്റെ മികച്ച ഉദാഹരണമാണ് (മുമ്പ് റഷ്യ ടുഡെ). കഴിഞ്ഞ വര്‍ഷത്തെ ക്രിമിയന്‍ ഹിതപരിശോധനാ സമയത്ത് ക്രെംലിന്റെ നയങ്ങളും അഭിപ്രായങ്ങളും പ്രതിധ്വനിപ്പിക്കാന്‍ ടെലിവിഷനില്‍ ഇത്തരം വിലക്കെടുത്ത ബുദ്ധിജീവികളും പരിപാടികളും പ്രത്യക്ഷപ്പെട്ടു. ഈ നവയുഗത്തിലാണ് ഒരു വ്യാജ റഫറണ്ടത്തിനെക്കുറിച്ചുള്ള വ്യാജ നിരീക്ഷണങ്ങള്‍ വ്യാജ ഏജന്‍സികള്‍ വഴി പുറത്ത് വരുന്നത്.

കുറച്ചുകാലം മുമ്പ് വരെ ആര്‍ ടിയുടെ സ്വാധീനത്തെ പല നിരീക്ഷകരും തള്ളിക്കളഞ്ഞിരുന്നു. പക്ഷേ ഇന്നതല്ല അവസ്ഥ. കൃത്യമായ ഒരു സ്വാധീനശേഷിയുടെ അളവെടുക്കാന്‍ ആവില്ലെങ്കിലും ആര്‍ ടി അടക്കമുള്ള റഷ്യന്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ ലോകമെങ്ങുമുള്ള സാധാരണ വാര്‍ത്താ മാധ്യമങ്ങളുടെ കൂടെ കൂടിക്കുഴഞ്ഞിരിക്കുന്നു, പ്രത്യേകിച്ചും ഓണ്‍ലൈനില്‍. തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളുള്ള വെബ്‌സൈറ്റുകള്‍ ക്രെംലിന്‍ കണ്ണിലൂടെയുള്ള വാര്‍ത്തകളുമായി ഓണ്‍ലൈനില്‍, മധ്യ യൂറോപ്പിലെ പുതിയ ജനാധിപത്യ രാജ്യങ്ങളില്‍ കൂടുതലായും, ചാടിവരുന്നു. ചൈനയും ഇറാനും പോലുള്ള ജനാധിപത്യരഹിത രാജ്യങ്ങള്‍ തങ്ങളുടെ ആഗോള മാധ്യമ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുമ്പോള്‍ സത്യത്തിനും നുണക്കുമിടയില്‍ വാര്‍ത്തകള്‍ തിരഞ്ഞെടുക്കല്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു. 

എന്തുകൊണ്ടാണ് സ്വേച്ഛാധിപതികള്‍ കപട ജനാധിപത്യത്തെ ആഗോളവത്കരിക്കുന്നത്?

ആദ്യമായി, ഇന്നത്തെ കുഴഞ്ഞുമറിഞ്ഞ മാധ്യമ ലോകത്ത് പ്രധാന പ്രശ്‌നങ്ങളെ പുകമറയിലാക്കാന്‍ എളുപ്പമാണെന്ന് അവര്‍ മനസിലാക്കുന്നു. നവമാധ്യമങ്ങളുടെ അനന്ത സാധ്യതകളെ ദുരുപയോഗം ചെയ്ത് ആശയക്കുഴപ്പത്തിന്റെയും അവിശ്വാസത്തിന്റെയും വിത്തുവിതക്കാനാണ് അവര്‍ ശ്രമിക്കുന്നത്. 

ജനാധിപത്യ, മനുഷ്യാവകാശ സ്ഥാപനങ്ങളെ അകത്തുനിന്നും അസ്ഥിരപ്പെടുത്താന്‍ അവര്‍ ശ്രമിക്കുന്നു എന്നതാണ് അതിലേറെ അപകടകരം. സമഗ്രാധിപത്യ കപട ജനാധിപത്യത്തിന്റെ മറുലോകം ജനാധിപത്യ ഇടത്തിലേക്ക് പതിക്കുമ്പോള്‍ വ്യാജന്‍ യഥാര്‍ത്ഥമായതിനെ ബാധിക്കുന്നു. ശീതയുദ്ധാവസാനത്തില്‍ ഈ അസ്വസ്ഥമായ യാഥാര്‍ത്ഥ്യം ലോകത്തെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ ധാരണയുണ്ടായിരുന്നില്ല. എന്നാല്‍ ശീതയുദ്ധാനന്തര കാലത്ത് ജനാധിപത്യ സമൂഹങ്ങള്‍ ഈ ധാരണകളെ പറ്റി പുനര്‍ചിന്തനം നടത്തേണ്ടിയിരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍