UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഞാന്‍ കുറിച്യ വിഭാഗത്തിന്റെ മാത്രം മന്ത്രിയല്ല; ആരോപണം വേദനിപ്പിക്കുന്നു- പി കെ ജയലക്ഷ്മി/അഭിമുഖം

Avatar

പി കെ ജയലക്ഷ്മി/എം കെ രാമദാസ്

നിയമ സഭ തെരഞ്ഞെടുപ്പ്, ഭരണനേട്ടങ്ങള്‍, പട്ടിക വര്‍ഗ്ഗ ക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ കുറിച്ച് പട്ടിക വര്‍ഗ്ഗ ക്ഷേമം & യുവജന കാര്യ മന്ത്രി പി കെ ജയലക്ഷ്മി സംസാരിക്കുന്നു. 

എം കെ രാമദാസ്: അഞ്ച് വര്‍ഷത്തിനുശേഷം വരുന്ന തെരഞ്ഞെടുപ്പിനെ ഭയക്കുന്നുണ്ടോ? എം എല്‍ എയായി, മന്ത്രിയായി ഭരണത്തിന്റെ ഭാഗമായതിന് ശേഷം ജനങ്ങളെ അഭിമുഖീകരിക്കാന്‍ ഭീതിയുണ്ടോ?


പി കെ ജയലക്ഷ്മി: എന്നെ സംബന്ധിച്ചിടത്തോളം ഒരു പേടിയുമില്ല. ജനങ്ങളെ എന്തിനാണ് ഭയക്കുന്നത്? അഞ്ച് വര്‍ഷം മുന്‍പ്  യാദൃശ്ചികമായി കടന്നുവന്ന ഞാന്‍ ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തം പരമാവധി നിറവേറ്റാന്‍ ശ്രമിച്ചിട്ടുണ്ട്. ഏതൊരു ജനപ്രതിനിധിയെ സംബന്ധിച്ചിടത്തോളവും അത് പ്രധാനമാണ്. ജനങ്ങള്‍ക്ക് മാക്‌സിമം വികസനം എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പൂര്‍ണമായി എന്ന് പറയുന്നില്ല. 80 ശതമാനം എന്നുതന്നെ പറയാം. കേരളത്തിലാകെ, വയനാട് ജില്ലയില്‍ പ്രത്യേകിച്ചും നേട്ടങ്ങള്‍ എത്തിയിട്ടുണ്ട്. ഇതുവരെ ഒരു ഗവണ്‍മെന്റിനും കൊണ്ടുവരാന്‍ കഴിയാത്ത നേട്ടങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ മാനന്തവാടിയില്‍ എത്തിച്ചു. യു ഡി എഫ് ഗവണ്‍മെന്റ് മുന്തിയ പരിഗണന ജില്ലയ്ക്ക് നല്‍കിയിട്ടുണ്ട്. മാനന്തവാടിയില്‍ മാത്രം ഇക്കാലയളവില്‍ 562 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി. ജില്ലാ ആശുപത്രിയുടെ വികസനമാണ് ഇതില്‍ പ്രധാനം. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങള്‍ പലപ്പോഴും വികസനത്തിന് തടസ്സമായിരുന്നു. കര്‍ണാടകയിലെ കൂര്‍ഗ്, കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍നിന്ന് ഉള്‍പ്പെടെ ആയിരക്കണക്കിന് രോഗികള്‍ ദിവസേന ഇവിടെ ചികിത്സയ്ക്ക് എത്തുന്നുണ്ട്. ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കാനാണ് ആദ്യം ശ്രമിച്ചത്. ഇതിനായി പ്രാദേശികമായി പദ്ധതികള്‍ക്ക് രൂപം നല്‍കി. വിശദമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി. 45 കോടി രൂപയുടെ നബാഡിന്റെ സഹായവും ലഭിച്ചു. ഒരു പരിധിവരെ വിജയിച്ചു. സന്തോഷമുണ്ട്. പോസ്റ്റ് ക്രിയേഷനും നടന്നു. ഇതെല്ലാം ആരോഗ്യരംഗത്തെ മെച്ചപ്പെടുത്തും. വിദ്യാഭ്യാസ രംഗത്തും നല്ല ഇടപെടല്‍ നടത്തി. എഞ്ചിനീയറിംഗ് കോളേജിലും ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലും പുതിയ കോഴ്‌സുകള്‍ ആരംഭിച്ചു. സ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്തു. സര്‍ക്കാര്‍ സ്‌കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി. ജനനീ സുരക്ഷ, ഗോത്രസാരഥി, ആശിക്കും ഭൂമി ആദിവാസിക്ക്, കൈതാങ്ങ്, സ്‌നേഹവീട് തുടങ്ങി 18 പദ്ധതികള്‍ ആരംഭിച്ചു.

രാ: നടപ്പിലാക്കാന്‍ കഴിയാത്ത 20 ശതമാനം പദ്ധതികളില്‍ പ്രധാനപ്പെട്ടവ ഏതാണ്?

: ഒറ്റയടിക്ക് നടപ്പാക്കാവുന്ന കാര്യങ്ങളല്ല അത്. കര്‍ഷകര്‍ പ്രയാസം അനുഭവിക്കുന്നുണ്ട്. വന്യജീവി ശല്യം നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല. ഫെന്‍സിംഗ്, കരിങ്കല്‍ മതില്‍ നിര്‍മ്മാണം എന്നിവയ്ക്ക് തുടക്കം കുറിക്കാന്‍ ആയെങ്കിലും പൂര്‍ണമായില്ല. കടുവ പ്രശ്‌നവും അങ്ങനെതന്നെ.

രാ: പണിയ വിഭാഗത്തില്‍നിന്നുള്ള സിനിമാനടന്‍ മണിയുടെ വീടിനും സ്ഥലത്തിനുമുള്ള അപേക്ഷയില്‍ ഇതുവരെ തീരുമാനമായില്ലല്ലോ? ആശിക്കും ഭൂമി ആദിവാസിക്ക് എന്ന പദ്ധതില്‍ ഉള്‍പ്പെടുത്തിയതാണിത്. എന്താണ് സംഭവിച്ചത്?

: എന്റെ കുഴപ്പമല്ലത്. ഭൂമി കണ്ടെത്തി നല്‍കാന്‍ അവര്‍ക്ക് കഴിയാത്തതാണ് കാരണം. ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ജില്ലാ കളക്ടര്‍ക്ക് മുഴുവന്‍ അധികാരവും നല്‍കിയിട്ടുണ്ട്. ജില്ലാ ഭരണകൂടങ്ങള്‍ക്ക് പണം കൈമാറിക്കഴിഞ്ഞു. പട്ടികവര്‍ഗ്ഗ വകുപ്പിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല.

രാ: മറ്റ് വികസന ആവശ്യങ്ങള്‍ക്ക് വളരെ പെട്ടെന്ന് ഭൂമി കണ്ടെത്താന്‍ കഴിയുന്നു. എന്നാല്‍ ആദിവാസികള്‍ക്ക് നല്‍കാനായി ഭൂമി ഏറ്റെടുക്കാന്‍ കഴിയുന്നില്ല?

: സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് ലഭിച്ച ആയിരം ഏക്കറോളം ഭൂമി അട്ടപ്പാടിയില്‍ ഈ അടുത്തകാലത്താണ് വിതരണം ചെയ്തത്. ഓരോ ജില്ലയിലും ഇതിനുള്ള ശ്രമങ്ങള്‍ നടത്തി. സി കെ ജാനുവും ഗീതാനന്ദനും നേതൃത്വം നല്‍കിയ നില്‍പ്പു സമരത്തിന്റെ പ്രധാന ആവശ്യങ്ങളില്‍ ഒന്ന് ഇതായിരുന്നു. മുഖ്യമന്ത്രി, വനം മന്ത്രി തുടങ്ങിയവരുടെയെല്ലാം പ്രയത്‌നം ഇതിനു പിന്നിലുണ്ട്. അത്രയും പേര്‍ക്കെങ്കിലും ഭൂമി നല്‍കാനായത് നേട്ടമാണ്. രണ്ട് തെരഞ്ഞെടുപ്പുകള്‍ ഭൂവിതരണത്തെ തടസ്സപ്പെടുത്തി. അഞ്ച് മാസത്തോളം ഇങ്ങനെ നഷ്ടമായി.

രാ: പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗക്കാരുടെ ഉന്നമനത്തിനായി എന്തുചെയ്തു?

: പട്ടികവര്‍ഗ്ഗ സമഗ്ര വികസനത്തിന് ലാക്കാക്കി ആരംഭിച്ച പദ്ധതിയ്ക്കായി നാല്‍പ്പത്തിയഞ്ച് കോടി രൂപ ജില്ലാ കളക്ടര്‍ക്ക് കൈമാറി. പണിയര്‍ക്ക് മാത്രമായുള്ള പാക്കേജാണിത്. പഞ്ചായത്തുകളില്‍ പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഇത്തരം വിഭാഗങ്ങള്‍ക്ക് പ്രത്യേകം പരിഗണന നല്‍കണമെന്ന് ജില്ലാ ഓഫീസര്‍മാര്‍ക്ക് കര്‍ശനം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പണിയ, അടിയ പാക്കേജിനായി പട്ടികവര്‍ഗ വകുപ്പ് പ്രത്യേക പദ്ധതി തയ്യാറാക്കിയെങ്കിലും ഒരു രൂപപോലും അനുവദിക്കപ്പെട്ടില്ല. ജനുവരിയില്‍ ആരംഭിച്ച ഇടക്കാല ബജറ്റില്‍ പട്ടികവര്‍ഗ വകുപ്പിന് ലഭിച്ച പണം ഉപയോഗിച്ചാണ് പാക്കേജ് തയ്യാറാക്കി നടപ്പാക്കുന്നത്.

രാ: കുറിച്യരുടെ മാത്രം മന്ത്രിയായി മാറിയെന്ന ആരോപണം ഉണ്ടല്ലോ? എന്താണ് വസ്തുത?

: നിങ്ങള്‍ക്ക് പരിശോധിക്കാമല്ലോ. ഒരു മന്ത്രിയെന്ന നിലയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയത് പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗങ്ങള്‍ക്കാണ്. വകുപ്പു മുഖേന നടപ്പാക്കിയ പരിപാടികളുടെ ഗുണം ഇത്തരം പിന്നോക്കക്കാരുടെ കൈകളില്‍ എത്തിയെന്ന് ആര്‍ക്കും മനസ്സിലാകും. ഇത്തരം മനുഷ്യരെ വളര്‍ത്തിക്കൊണ്ടുവരേണ്ടത് എന്റെ മാത്രമല്ല ഭരണകൂടത്തിന്റെയും ജനപ്രതിനിധികളുടെയും പൊതുസമൂഹത്തിന്റെയും ഉത്തരവാദിത്തമാണ്. ഒരു വിഭാഗം എന്ന് പറയുന്നത് ഞാനാവിഭാഗത്തില്‍ നിന്നുള്ള ആളായതുകൊണ്ടാണ്. ഈ ആരോപണം എനിക്ക് വല്ലാത്ത പ്രയാസം ഉണ്ടാക്കിയിട്ടുണ്ട്. ഞാനൊരു വിഭാഗത്തിന്റെ മാത്രം മന്ത്രിയല്ല.

രാ: ജനകീയത കൈവരിക്കാനായില്ലെന്ന ആരോപണത്തെക്കുറിച്ച് എന്ത് പറയുന്നു?

: ശ്രദ്ധയില്‍പ്പെട്ട നാട്ടിലുള്ള എല്ലാ ജനകീയ പ്രശ്‌നങ്ങള്‍ക്കും ഇടപെടാറുണ്ട്. പൊതുജനങ്ങളുടെ അഭിപ്രായമാണ് പ്രധാനം.

രാ: പട്ടികവര്‍ഗ്ഗ വകുപ്പിനെയും മന്ത്രിയെയും കുറിച്ച് സി കെ ജാനുവിന്റെ ആക്ഷേപത്തെക്കുറിച്ച് എന്താണ് അഭിപ്രായം?

: തിരുവനന്തപുരത്തെ നില്‍പ്പുസമര ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കിടെ എന്റെ ഓഫീസില്‍വെച്ച് നാലോ അഞ്ചോ തവണ ഗോത്രമഹാസഭാ നേതാക്കളുമായി നേരിട്ട് സംസാരിച്ചിട്ടുണ്ട്. സി കെ ജാനുവും ഗീതാനന്ദനും മറ്റ് നേതാക്കളും ഓഫീസില്‍ എത്തി സംസാരിച്ചതിന് മിനിറ്റ്‌സ് തെളിവാണ്. ഓണത്തിന് മുന്‍പായി പ്രശ്‌ന പരിഹാരത്തിന് പരമാവധി ശ്രമിച്ചു. വ്യക്തിപരമായി പ്രയാസം ഉണ്ടാക്കിയ സംഭവമാണിത്. എന്റെ പ്രിയപ്പെട്ട സഹോദരങ്ങള്‍ അവിടെ പട്ടിണി സമരം നടത്തുമ്പോള്‍ എങ്ങനെ തിരുവോണം ആഘാഷിക്കാനാകും എന്നായിരുന്നു ചിന്ത. ഗോത്രമഹാസഭ ഉന്നയിച്ച ആവശ്യങ്ങള്‍ പൂര്‍ണമായ അംഗീരിച്ചില്ലേ? ചിലത് നടപ്പാക്കിയില്ലേ? മുത്തങ്ങ പാക്കേജിന്റെ ഭാഗമായി 285 പേര്‍ക്ക് ഭൂമി നല്‍കി. കുട്ടികള്‍ക്ക് നഷ്ടപരിഹാരം നല്‍കി. അവരുടെ ആവശ്യം ന്യായമാണ്. വെറുതെ അംഗീകരിച്ച് പോകുക മാത്രമല്ല, നടപ്പിലാകുന്നതുവരെ പിന്നില്‍ നില്‍ക്കുകയും ചെയ്തു.

രാ: മുഖ്യമന്ത്രിയില്‍ നിന്നും മന്ത്രിസഭയില്‍ നിന്നുമുള്ള സഹകരണം?

: പരമാവധി ലഭിച്ചിട്ടുണ്ട്. കൈവശമുള്ള മൂന്ന് വകുപ്പുകളുടെ കാര്യത്തിലും വലിയ നേട്ടങ്ങളും ഉണ്ടാക്കാനായി. മുഖ്യമന്ത്രിയുടെ പ്രത്യേക ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടായി. പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിഹിതം രണ്ടില്‍ നിന്ന് മൂന്ന് ശതമാനമായി ഉയര്‍ത്തി. ഇക്കാര്യത്തിലുളള എന്റെ ശുപാര്‍ശ മുഖ്യമന്ത്രി ഉടനെ അംഗീകരിക്കുകയായിരുന്നു.

രാ: കോണ്‍ഗ്രസ് സംസ്ഥാന ജില്ലാ നേതൃത്വങ്ങളുടെ പിന്തുണ സ്ഥാനാര്‍ത്ഥി നിര്‍ണyaത്തില്‍ നിങ്ങള്‍ക്ക് ലഭിച്ചുവോ? മത്സരരംഗത്തുണ്ടാകുമല്ലോ?

: സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കും. അത് കഴിഞ്ഞേ എന്തെങ്കിലും പറയാനാകൂ. എല്ലാവരുടെയും പിന്തുണ ലഭിക്കുന്നുണ്ട്.

രാ: മന്ത്രിക്കെതിരെ മാനന്തവാടിയില്‍ പതിച്ച പോസ്റ്ററുകളെക്കുറിച്ച്?

: പ്രതികരിക്കുന്നില്ല.

രാ: കുടുംബത്തിന്റെ സഹകരണം?

: പേഴ്‌സണല്‍ കാര്യങ്ങളില്‍ ഇടപെടരുത്. ഇന്റര്‍വ്യു ചെയ്യുമ്പോള്‍ ഇക്കാര്യം പലരും ചോദിക്കാറുണ്ട്. ദയവായി വെറുതെ വിടണം. ചെയ്യാവുന്നത്ര കാര്യങ്ങള്‍ നാടിനുവേണ്ടി ചെയ്തിട്ടുണ്ട്. ശ്രമിച്ചിട്ടുമുണ്ട്. നിങ്ങള്‍ കൂടി അന്വേഷിക്കുക.

(അഴിമുഖം കണ്‍സള്‍ട്ടിംഗ് എഡിറ്ററാണ് എം കെ രാമദാസ്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍