അഴിമുഖം പ്രതിനിധി
നോട്ട് നിരോധനം മൂലം പശ്ചിമ ബംഗാളിലെ ചണമില്ലുകള്‍ അടച്ചുപൂട്ടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെ, പണമിടപാടുകളില്‍ മാത്രം കേന്ദ്രീകരിക്കുന്ന മറ്റേ മേഖലകളും രൂക്ഷമായ പ്രതിസന്ധിയിലാണെന്ന് പുതിയ വെളിപ്പെടുത്തലുകള്‍. ഇത്തരം മേഖലകളെയെല്ലാം നോട്ട് നിരോധനം പ്രതികൂലമായി ബാധിച്ചു എന്നാണ് വ്യക്തമാകുന്നത്. പശ്ചിമ ബംഗാളിലെ തന്നെ തേയില തോട്ടങ്ങളാണ് ഇപ്പോള്‍ പൂട്ടിത്തുടങ്ങിയിരിക്കുന്നത്. ഡാര്‍ജിലിംഗ് ജില്ലയിലെ മിക്ക തോട്ടങ്ങളും പൂട്ടല്‍ ഭീഷണിയിലാണ്. വേതനം ലഭിക്കാത്തത് മൂലം നേപ്പാളില്‍ നിന്നുള്ള തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിത്തുടങ്ങി.
പണക്ഷാമവും റിസര്‍വ് ബാങ്കിന്റെ സങ്കീര്‍ണമായ നിയന്ത്രണങ്ങളും മൂലം തേയില തോട്ടങ്ങള്‍ അടച്ചുപൂട്ടുകയാണെന്ന് നക്സല്‍ബാരി ടീ എസ്റ്റേറ്റ് ഉടമ സോണിയ ജാബര്‍ ക്യാച്ച് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. തൊട്ടടുത്തുള്ള പല എസ്റ്റേറ്റുകളും അടച്ചുപൂട്ടിയതായി അവര്‍ ചൂണ്ടിക്കാണിക്കുന്നു. പുതിയ സീസണ് തുടങ്ങാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഇവര്‍ക്ക് ഇരുട്ടടിയായിരിക്കുന്നത്.
പല തോട്ടമുടകള്ക്കും നോട്ട് ക്ഷാമം മൂലം തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാന്‍ സാധിക്കുന്നില്ല. പല തോട്ടങ്ങളിലും ഇത് മൂലം സംഘര്‍ഷം ഉടലെടുത്തതിനെ തുടര്‍ന്നാണ് അവര്‍ അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നത്. പലരും പ്രദേശിക ബാങ്കുകളില്‍ മണിക്കൂറുകളോളം ക്യൂ നിന്നെങ്കിലും അവിടെയും നോട്ട് ക്ഷാമം അനുഭവപ്പെടുന്നതിനാല്‍ പണം പിന്‍വലിക്കാന്‍ സാധിക്കുന്നില്ല. ഭൂരിപക്ഷം തൊഴിലാളികള്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ ഇല്ലാത്തതിനാല്‍ ബാങ്ക് വഴിയുള്ള കൈമാറ്റവും നടക്കുന്നില്ലെന്നും സോണിയ ജാബര്‍ ചൂണ്ടിക്കാട്ടുന്നു.
ആര്‍ബിഐ അടിക്കടി നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുന്നതും മേഖലയിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ആദ്യം ജില്ല മജിസ്ട്രേട്ടിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയ ശേഷം അവിടെ നിന്നും ശമ്പളം കൊടുക്കാനായിരുന്നു നിര്‍ദ്ദേശം. പ്രദേശത്തെ മൊത്തം 68 തോട്ടങ്ങളില്‍ 38 എണ്ണത്തിന് ഈ മാര്‍ഗ്ഗത്തിലൂടെ കുറച്ച് തൊഴിലാളികള്‍ക്ക് കൂലി നല്കാന് കഴിഞ്ഞു. എന്നാല്‍ ഒരാഴ്ച കഴിഞ്ഞ് ഉടമകളോട് നേരിട്ട് കൂലി കൊടുക്കാനാണ് ആര്‍ബിഐ നിര്‍ദ്ദേശിച്ചത്. 1400 ഗുണം 2.5 ഗുണം തോട്ടം പരന്നുകിടക്കുന്ന ഹെക്ടറുകള്‍ എന്നതായിരുന്നു അനുപാതം. എന്നാല്‍ ഇതിന്റെ പിന്നിലെ കണക്കെന്താണെന്ന് തനിക്കറിയില്ലെന്നും സോണിയ ജാബര്‍ പറഞ്ഞു.
ഇപ്പോള്‍ ഇല നുള്ളുന്ന സീസണ് അവസാനിക്കുകയാണ്. വരുന്ന വര്‍ഷത്തെ വിളവെടുപ്പിനായി തോട്ടങ്ങള്‍ തയ്യാറെടുക്കുന്ന സമയമാണിത്. അതിനാല്‍ തന്നെ തൊഴിലാളികളുടെ സാന്നിധ്യം അവശ്യം വേണ്ട ഘട്ടത്തിലാണ് തീരുമാനം എന്നതും മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുകയാണ്.