UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുന്നിലേക്ക് കയറാന്‍ പേരുമാറുന്നു; പശ്ചിമ ബംഗാള്‍ ഇനി മുതല്‍ ബംഗാള്‍

Avatar

 അഴിമുഖം പ്രതിനിധി

ന്യൂഡല്‍ഹിയില്‍ എല്ലാ സംസ്ഥാനങ്ങളും ഉള്‍പ്പെട്ട യോഗം നടക്കുമ്പോഴെല്ലാം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പരിഭവത്തിലാകും. സംസ്ഥാനങ്ങളുടെ പട്ടിക തയാറാക്കുക അക്ഷരമാലാക്രമത്തിലാണ്. അതിനാല്‍ ബംഗാള്‍ എപ്പോഴും അവസാനമേ വരൂ. അവസാനം സംസാരിക്കുന്നതിനാല്‍ മമതയ്ക്ക് വേണ്ടത്ര സമയം കിട്ടാറുമില്ല. ഈയിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനെത്തിയ മമതയ്ക്ക് ഇക്കാരണം കൊണ്ട് അഞ്ചുമണിക്കൂറോളം കാത്തിരിക്കേണ്ടിവന്നു. മനംമടുത്ത് സംസ്ഥാനത്തിന്റെ പേരുതന്നെ മാറ്റാനാണു മമത സര്‍ക്കാരിന്റെ തീരുമാനം. വെസ്റ്റ് ബംഗാള്‍ എന്നത് ഇനിമുതല്‍ ഇംഗ്ലീഷില്‍ ബംഗാള്‍ എന്നും ബംഗ്ലയില്‍ ബംഗ എന്നുമാകും അറിയപ്പെടുക.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന മന്ത്രിസഭായോഗത്തിലാണ് പേരുമാറ്റാന്‍ തീരുമാനമായത്. 2011ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരമേറ്റപ്പോള്‍ സംസ്ഥാനത്തിന്റെ പേര് പശ്ചിം ബംഗോ എന്നുമാറ്റണമെന്നു നിര്‍ദേശം വന്നിരുന്നു. നിര്‍ദേശം കേന്ദ്രത്തിലേക്കയച്ചപ്പോള്‍ വെസ്റ്റ് ബംഗാള്‍ (പേരുമാറ്റം) നിയമം, 2014 പാര്‍ലമെന്റില്‍ വയ്ക്കുമെന്നു മറുപടി ലഭിച്ചെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന യുപിഎ സര്‍ക്കാര്‍ മാറി നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.

ഈ മാസം 18നു നടക്കുന്ന എല്ലാ പാര്‍ട്ടികളുടെയും യോഗം പേരുമാറ്റം ചര്‍ച്ച ചെയ്യും. തുടര്‍ന്ന് 26നു പ്രത്യേക നിയമസഭായോഗം വിളിക്കും. ‘സംസ്ഥാനത്തെ ജനങ്ങള്‍ക്കും അതിന്റെ പാരമ്പര്യത്തിനും സംസ്‌കാരത്തിനുമൊപ്പം ദേശീയ തലത്തില്‍ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് സര്‍ക്കാരിന്റെ നടപടി’ യെന്ന് സംസ്ഥാന പാര്‍ലമെന്ററി കാര്യമന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞു.

1947ല്‍ സ്വാതന്ത്ര്യത്തോടനുബന്ധിച്ച വിഭജന സമയത്താണ് ബംഗാള്‍ പശ്ചിമ ബംഗാളും കിഴക്കന്‍ ബംഗാളുമായി പിരിഞ്ഞത്. കിഴക്കന്‍ ബംഗാള്‍ ഇപ്പോള്‍ ബംഗ്ലാദേശിന്റെ ഭാഗമാണ്. ‘കിഴക്കന്‍ ബംഗാള്‍ ഇല്ലെങ്കില്‍ എന്തിനാണ് പശ്ചിമ ബംഗാള്‍’ എന്നാണ് അന്തരിച്ച എഴുത്തുകാരന്‍ സുനില്‍ ഗംഗോപാധ്യായ പേരുമാറ്റത്തെപ്പറ്റി ചോദിച്ചിരുന്നത്.

ഒഡീഷ സംസ്ഥാനം, മുംബൈ, ബംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങള്‍ എന്നിവയെപ്പോലെ തന്നെ ബംഗാള്‍, ബംഗ എന്നീ വാക്കുകള്‍ക്ക് സംസ്ഥാനത്തിന്റെ സംസ്‌കാരവും പാരമ്പര്യവുമായി ആഴമേറിയ ബന്ധമുണ്ട്. അങ്ങനെയാണ് പേരുമാറ്റം വരുന്നത്. ഇംഗ്ലിഷില്‍ ബംഗ്ല എന്നായിരിക്കും പേരെങ്കിലും ബംഗാളിയില്‍ ബംഗ എന്നുവേണോ ബംഗ്ല എന്നു വേണോ പേര് എന്നു തീരുമാനമായിട്ടില്ല. ബംഗ (ബോംഗോ എന്ന് ഉച്ചാരണം) എന്നത് ഒരു സംഗീതോപകരണത്തിന്റെ പേരായതിനാല്‍ ഉചിതമല്ലെന്നു ചിലര്‍ കരുതുന്നു. എന്നാല്‍ ബംഗ്ല എന്നത് നാടന്‍ മദ്യത്തിന്റെ പേരുമാണ്.

പേരുമാറ്റം സംസ്ഥാനത്തെ രാഷ്ട്രീയ, ബുദ്ധിജീവി വൃത്തങ്ങളില്‍ സമ്മിശ്ര വികാരമാണ് ഉണ്ടാക്കിയിരിക്കുന്നത്. ചിലര്‍ ഇതിനെ അനുകൂലിക്കുമ്പോള്‍ തിടുക്കത്തില്‍ തീരുമാനം പാടില്ലെന്നു മറ്റുള്ളവര്‍ വാദിക്കുന്നു. വിഭജനത്തിന്റെ ഓര്‍മയെ ഇല്ലാതാക്കാനുള്ള ശ്രമമെന്നാണ് ബിജെപിയുടെ ആരോപണം. ‘സംസ്ഥാന സര്‍ക്കാര്‍ ക്രിയാത്മകമായി ഒന്നും ചെയ്യുന്നില്ല. അതിനാലാണ് സംസ്ഥാനമാകെ നീലയും വെളുപ്പും നിറം ചാര്‍ത്തുകയും പേരുമാറ്റുകയുമെല്ലാം ചെയ്യുന്നത്. വിഭജനകാലത്തിന്റെ വേദനാജനകമായ സ്മരണ തുടച്ചുനീക്കുകയാണ് അവര്‍ ചെയ്യുന്നത്, ‘ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു.

പേരുമാറ്റം തീരുമാനിക്കാന്‍ ബുദ്ധിജീവികളില്‍നിന്നുള്ളവര്‍ അടങ്ങിയ സമിതിയുണ്ടാക്കണമെന്നാണ് കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ പ്രദീപ് ഭട്ടാചാര്യയുടെ അഭിപ്രായം. കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആധിര്‍ ചൗധരിയും പൊതുജനാഭിപ്രായം അനുസരിച്ചുവേണം പേരുമാറ്റാന്‍ എന്ന് ആവശ്യപ്പെടുന്നു. ആധിര്‍ മമതയ്‌ക്കെതിരെ വിമര്‍ശനവും ഉയര്‍ത്തി. ‘യോഗങ്ങളില്‍ മമതയുടെ വിപ്ലവപ്രസംഗം വൈകുന്നതിനാലാണ് പേരുമാറ്റമെന്നു കേള്‍ക്കുന്നു. മറ്റുള്ളവര്‍ക്കു മുന്‍പ് പ്രസംഗിക്കാന്‍ മമതയ്ക്ക് അവസരം നല്‍കാനായി പേരുമാറ്റം ആവശ്യമില്ല.’ നിര്‍ദേശം സഭയില്‍ വരികയും ഇടതുപക്ഷം പിന്താങ്ങുകയും ചെയ്താല്‍ കോണ്‍ഗ്രസും ഇതിനെ പിന്താങ്ങുമെന്ന് ആധിര്‍ കൂട്ടിച്ചേര്‍ത്തു.

‘എനിക്കു സന്തോഷമായി. മുന്‍പേ തന്നെ ഇതു നടപ്പാക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ബംഗയാണ് യഥാര്‍ത്ഥ പേര്. അതിനാല്‍ ഇതൊരു പേരുമാറ്റമല്ല,’ പേരുമാറ്റത്തെ പിന്തുണച്ച് സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ എഴുത്തുകാരന്‍ ശിര്‍ഷേന്ദു മുഖോപാധ്യായ പറഞ്ഞു. പശ്ചിമ ബംഗാള്‍ എന്ന പേരിന് അര്‍ത്ഥമില്ലെന്നും ബംഗാള്‍ എന്നതാണ് കൂടുതല്‍ അനുയോജ്യമെന്നും ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവായ അഭിനേതാവ് സൗമിത്ര ചാറ്റര്‍ജി പറഞ്ഞു. ബംഗ എന്നത് നല്ലതാണെങ്കിലും വളരെ ശുഷ്‌കമായതിനാല്‍ ബംഗഭൂമി അല്ലെങ്കില്‍ ബംഗപ്രദേശ് എന്നതിനെ പിന്തുണയ്ക്കുന്നതായി എഴുത്തുകാരന്‍ നബനിത ദേബ് പറയുന്നു. ‘ ഇക്കാര്യത്തില്‍ തിടുക്കത്തില്‍ തീരുമാനം എടുക്കരുത്. പേരുമാറ്റത്തെപ്പറ്റി ബുദ്ധിജീവികളില്‍നിന്ന് അഭിപ്രായം ആരായണം,’ എന്നായിരുന്നു മറ്റൊരു സാഹിത്യ അക്കാദമി അവാര്‍ഡ് വിജയിയും കവിയുമായ നിരേന്ദ്ര നാഥ് ചക്രവര്‍ത്തിയുടെ അഭിപ്രായം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍