UPDATES

പശ്ചിമബംഗാളില്‍ മമത തന്നെ; ഏഴില്‍ നാല് നഗരസഭകളിലും വിജയം

ഈ തെരഞ്ഞെടുപ്പോടെ സംസ്ഥാനത്തെ തങ്ങളുടെ സ്വാധീനം വര്‍ദ്ധിച്ചതായി തെളിയുമെന്ന് പ്രഖ്യാപിച്ച ബിജെപിക്ക് ഫലം വന്നപ്പോള്‍ കനത്ത തിരിച്ചടിയാണ് ലഭിച്ചത്

പശ്ചിമബംഗാളില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിന് വിജയം. ഏഴ് നഗരസഭകളില്‍ നാലിടങ്ങളിലും തൃണമൂല്‍ ആണ് വിജയിച്ചത്. ബിജെപി സഖ്യകക്ഷിയായ ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ച(ജിജെഎം)യില്‍ നിന്നും പര്‍വത നഗരസഭയായ മിറിക് തൃണമൂല്‍ പിടിച്ചെടുക്കുകയായിരുന്നു. ആദ്യമായാണ് തൃണമൂല്‍ ഇവിടെ വിജയിക്കുന്നത്.

പര്‍വതങ്ങള്‍ ചിരിക്കുന്നുവെന്നാണ് വിജയത്തെക്കുറിച്ച് ട്വീറ്റിലൂടെ മമത പ്രതികരിച്ചത്. ‘ഞങ്ങളെ വിശ്വസിച്ചതില്‍ മിറികിലെ ജനങ്ങള്‍ക്ക് പ്രത്യേക നന്ദി. നിങ്ങള്‍ക്ക് വേണ്ടി അങ്ങേയറ്റം ആത്മാര്‍ത്ഥതയോടെ തന്നെ ഞങ്ങള്‍ പ്രവര്‍ത്തിക്കു. പതിറ്റാണ്ടുകള്‍ക്ക് ശേഷം പര്‍വതങ്ങളില്‍ ഒരു പുതിയ കാലഘട്ടം ആരംഭിക്കാന്‍ പോകുന്നു. പര്‍വതങ്ങള്‍ ചിരിക്കുകയാണ്’ എന്നായിരുന്നു മമതയുടെ ട്വീറ്റ്. മിറികിനെ കൂടാതെ ദൊംകല്‍, പുജാലി, റായ്ഗഞ്ച് എന്നിവിടങ്ങളിലാണ് തൃണമൂല്‍ വിജയിച്ചത്. ഡാര്‍ജ്‌ലിംഗ്, കുര്‍സോംഗ്, കലിംപോങ് എന്നീ നഗരസഭകളില്‍ ഗൂര്‍ഖാ ലാന്‍ഡിനായി വാദിക്കുന്ന ജിജെഎം വിജയിച്ചു. അതേസമയം സംസ്ഥാനത്തെ ഏറ്റവും വലിയ നഗരസഭയായ ഡാര്‍ജ്‌ലിംഗില്‍ കനത്ത തിരിച്ചടിയാണ് തൃണമൂല്‍ നേരിട്ടത്. ഒരു സീറ്റ് മാത്രമേ ഇവിടെ നേടാനായുള്ളൂ.

പുജാലിയില്‍ തൃണമൂല്‍ 12 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ രണ്ടിടത്ത് ബിജെപിയും ഒരു വാര്‍ഡില്‍ കോണ്‍ഗ്രസും വിജയിച്ചു. റായ്ഗഞ്ചിലെ 27 സീറ്റുകളില്‍ 24 വാര്‍ഡുകളിലും തൃണമൂല്‍ ആണ് വിജയിച്ചത്. ദൊംകലിലെ 21 സീറ്റുകളില്‍ 20 ഇടങ്ങളിലും ഇവര്‍ തന്നെ വിജയം നേടി. മിറികിലെ ഒമ്പത് വാര്‍ഡുകളില്‍ ആറിടത്തും വിജയിച്ച് ആധികാരികമായാണ് ജിജെഎമ്മില്‍ നിന്നും പിടിച്ചെടുത്തത്.

അതേസമയം ഡാര്‍ജിലിംഗിലെ 32 വാര്‍ഡുകളില്‍ 30 ഇടത്തും ജിജെഎം വിജയിച്ചു. കലിംപോങിലെ 22 വാര്‍ഡുകളില്‍ 18 ഇടങ്ങളിലും കുര്‍സോംഗിലെ 20 വാര്‍ഡുകളില്‍ 17 ഇടങ്ങളിലുമായിരുന്നും ഇവരുടെ വിജയം. ഡാര്‍ജ്‌ലിംഗിലും സമീപ ജില്ലകളിലും സ്വാധീനമുള്ള ജിജെഎം ഏതാനും വര്‍ഷങ്ങളായി പ്രത്യേക ഗൂര്‍ഖ സംസ്ഥാനത്തിനായുള്ള ആവശ്യം ഉയര്‍ത്തുന്നുണ്ട്. ബിജെപി നേതാവ് എസ് എസ് അഹ്‌ലുവാലിയയാണ് ഡാര്‍ജിലിംഗിനെ ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്നത്. സംസ്ഥാനത്ത് ബിജെപിക്ക് രണ്ട് എംപിമാരാണ് ഉള്ളത്.

തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന ഭരണത്തില്‍ തുടര്‍ച്ച നേടി ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് നഗരസഭാ തെരഞ്ഞെടുപ്പിലെ ഈ വിജയം സ്വന്തമാക്കിയിരിക്കുന്നത്. സിപിഎമ്മും കോണ്‍ഗ്രസ് ധാരണയോടെ മത്സരിച്ചിട്ടും അവര്‍ക്ക് കാര്യമായ ചലനം സൃഷ്ടിക്കാന്‍ ഈ തെരഞ്ഞെടുപ്പില്‍ സാധിച്ചില്ല. മുര്‍ഷിദാബാദ് ജില്ലയിലെ ദൊംകല്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിയുടെ ശക്തികേന്ദ്രമാണെങ്കിലും ഒരു സീറ്റ് മാത്രമാണ് നേടാന്‍ സാധിച്ചത്. വിജയിച്ച ഏക കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഭരണപക്ഷത്തേക്ക് ചേരുകയും ചെയ്തു.

അതേസമയം തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏക പ്രതിപക്ഷമാകാന്‍ ശ്രമിച്ച ബിജെപിയ്ക്ക് മൂന്ന് സീറ്റുകള്‍ മാത്രമാണ് ആകെ ലഭിച്ചത്. പുജാലിയിലെ രണ്ട് വാര്‍ഡുകളിലും റായ്ഗഞ്ചിലെ ഒരു വാര്‍ഡിലും മാത്രമാണ് അവര്‍ക്ക് വിജയിക്കാനായത്. ഈ തെരഞ്ഞെടുപ്പോടെ സംസ്ഥാനത്തെ തങ്ങളുടെ സ്വാധീനം വര്‍ദ്ധിച്ചതായി തെളിയുമെന്ന് പ്രഖ്യാപിച്ച ബിജെപിക്ക് ഫലം വന്നപ്പോള്‍ കനത്ത തിരിച്ചടിയാണ് ലഭിച്ചത്. 14ന് നടന്ന തെരഞ്ഞെടുപ്പിനിടെ പലയിടങ്ങളിലും വ്യാപകമായി ആക്രമണങ്ങളുണ്ടാകുകയും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണങ്ങള്‍ക്ക് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് ബിജെപിയും ബിജെപിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ആരോപിക്കുന്നു. അക്രമങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും സിപിഎമ്മും തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍