UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പശ്ചിമബംഗാളില്‍ ഇടതുപക്ഷം കോണ്‍ഗ്രസുമായി എന്തുകൊണ്ട് കൂട്ടുചേരില്ല

Avatar

അഴിമുഖം പ്രതിനിധി

പശ്ചിമ ബംഗാളില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും തമ്മിലുണ്ടാക്കാവുന്ന സഖ്യത്തെക്കുറിച്ച്  രാഷ്ട്രീയവൃത്തങ്ങളിലും മാധ്യമങ്ങളിലും ഊഹാപോഹങ്ങള്‍ സജീവമാണ്. മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് രണ്ടാമതൊരൂഴം നല്‍കാതിരിക്കാന്‍ ഇരുകക്ഷികളിലെയും നേതാക്കന്മാര്‍ പരസ്യമായി ആഹ്വാനം ചെയ്യുന്നുണ്ട്. 294 അംഗ നിയമസഭയില്‍ തൃണമൂലിന് 191 സീറ്റുകളുണ്ട്. ഇടതുകക്ഷികള്‍ക്ക് 60, കോണ്‍ഗ്രസ് 35, ബി ജെ പി 1 എന്നിങ്ങനെയാണ് ബാക്കി കക്ഷിനില. 2011-ലെ തെരഞ്ഞെടുപ്പില്‍ ഇടതുകക്ഷികളുടെയും കോണ്‍ഗ്രസിന്റെയും വോട്ടുകള്‍ ചേര്‍ന്നാല്‍ ഏതാണ്ട് തൃണമൂലിന്റെ വോട്ടിന് തുല്യമാണ്. ഇത് കണക്കിലെടുത്താണ് സഖ്യത്തിനുള്ള ആവശ്യം ഉയരുന്നത്.

പക്ഷേ ഈ സഖ്യം ഉണ്ടാകില്ല എന്നു പറയാന്‍ പല കാരണങ്ങളുമുണ്ട്.

1. 294 നിയമസഭാ മണ്ഡലങ്ങളില്‍ നിരവധി മണ്ഡലങ്ങളില്‍-ചില കണക്കുകള്‍ പ്രകാരം 150 ഓളം- തൃണമൂലിനെ തുരത്താന്‍ ത്രികോണ മത്സരം ആവശ്യമാണ്. നേതാക്കള്‍ തയ്യാറായാലും കോണ്‍ഗ്രസിന്റെയും ഇടതുകക്ഷികളുടെയും അനുയായികള്‍ ഇത്തരമൊരു സഖ്യത്തെ സ്വീകരിക്കില്ല. ഈ മണ്ഡലങ്ങളില്‍, ഇടതുവിരുദ്ധമായ കോണ്‍ഗ്രസിന്റെ നിര്‍ണായക വോട്ടുകള്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പോകും. ഇടതുപക്ഷത്തുനിന്നും കടുത്ത കോണ്‍ഗ്രസ് വിരുദ്ധ, തൃണമൂല്‍ വിരുദ്ധ വോട്ടുകള്‍ 2014-ല്‍ സംഭവിച്ച പോലെ ബി ജെ പി പക്ഷത്തേക്ക് പോയേക്കാം. 

പക്ഷേ ഇത്തരത്തിലൊരു കടുത്ത ത്രികോണ മത്സരത്തിനും ഇരുകക്ഷികളും തമ്മില്‍, സിലിഗുഡി മാതൃകയില്‍  ഒരു അനൌപചാരിക ധാരണ ഉണ്ടാകണം. സിലുഗുഡി നഗരസഭയിലെ ചെയര്‍പേഴ്സണ്‍ മത്സരത്തില്‍ ഇടതുപക്ഷം കോണ്‍ഗ്രസിനെ പിന്തുണച്ച 2009-ലാണ് ഈ പ്രയോഗം രൂപപ്പെട്ടത്. തൃണമൂലിനെ നേരിടാന്‍ ആദ്യമായി ഇരുകൂട്ടരും കൈകോര്‍ത്ത സമയം.

ഇടതുപക്ഷവും കോണ്‍ഗ്രസും ഒരു സഹകരണ തന്ത്രമാണ് പിന്തുടര്‍ന്നത്. സിലിഗുഡിയുടെ ഇടതു മേയര്‍ അശോക് ഭട്ടാചാര്യ പറഞ്ഞപോലെ,“സഭാതലത്തിലെ ഏകോപനം.”5 സീറ്റുകളില്‍ തൃണമൂല്‍ വിജയിക്കുന്നത് തടയാന്‍ ഇതിന് കഴിഞ്ഞു. ബംഗാളിന്റെ വടക്കന്‍ ഭാഗങ്ങളില്‍ ഇടതുപ്രവര്‍ത്തകര്‍ ഇപ്പോഴേ ഒരു മുദ്രാവാക്യം പോലും ഉയര്‍ത്തിത്തുടങ്ങി-“എന്തെങ്കിലും ഉടനെ സംഭവിക്കും, സിലിഗുഡി അതിനുള്ള കാഹളം മുഴക്കി.” 

സിലിഗുഡിയില്‍ ഇടതുപക്ഷം തൃണമൂലിനെ അതിന്റെ വഴികളിലാണ് തടഞ്ഞത്. ഏപ്രിലില്‍ സംസ്ഥാനത്തെ മറ്റ് ഭാഗങ്ങളിലെല്ലാം ഭരണകക്ഷി സുഗമമായി ജയിച്ചപ്പോള്‍ സിലിഗുഡിയില്‍ സി പി എം നേതാവ് ഭട്ടാചാര്യയുടെ നേതൃത്വത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയിച്ചു.  പക്ഷേ തെരഞ്ഞെടുപ്പിന് മുമ്പ് ഇടതു-കോണ്‍ഗ്രസ് സഖ്യം ഉണ്ടായിരുന്നെങ്കില്‍ അത് സാധ്യമാകുമായിരുന്നില്ല. അതൊരു തെരഞ്ഞെടുപ്പാനന്തര പരീക്ഷണമായിരുന്നു.

2. അത്തരത്തിലൊരു സഖ്യത്തിലേര്‍പ്പെടുക എന്നത് സി പി എമ്മിനെ സംബന്ധിച്ചു സംഘടനാപരമായി ഏറെ ദുഷ്കരമാണ്. പറഞ്ഞുകേള്‍ക്കുന്നതില്‍ നിന്നും വിരുദ്ധമായി കോണ്‍ഗ്രസുമായുള്ള ഇത്തരത്തിലൊരു സഖ്യത്തിന് ഏറ്റവും വലിയ തടസങ്ങളിലൊന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ്. അത്തരം സഖ്യം സാധ്യമല്ലെന്ന് യെച്ചൂരി വ്യക്തമാക്കിക്കഴിഞ്ഞു. തന്ത്രങ്ങള്‍ക്ക് അന്തിമരൂപം നല്കാന്‍ പാര്‍ടിയുടെ കേന്ദ്രസമിതി അടുത്തയാഴ്ച്ച യോഗം ചേരുന്നുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ വിശാഖപട്ടണം കോണ്‍ഗ്രസില്‍ കോണ്‍ഗ്രസുമായുള്ള കഴിഞ്ഞകാല ബന്ധത്തെ പാര്‍ടി വിമര്‍ശനാത്മകമായി വിലയിരുത്തിയിരുന്നു. ബി ജെ പിക്കെതിരായി ഇടത്, ജനാധിപത്യ, മതേതര കക്ഷികളുടെ ഐക്യം രൂപപ്പെടുത്തേണ്ട സമയങ്ങളില്‍ പലപ്പോഴും കോണ്‍ഗ്രസുമായുള്ള ധാരണയിലേക്ക് അത് മാറാറുണ്ട് എന്നത് വിലയിരുത്തി.

“ഇത് 2004-ല്‍ നടന്ന ആന്ധ്ര പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാകുന്നതിലേക്കെത്തിച്ചു. പിന്നീട് ഒഡിഷ, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവടങ്ങളിലും തെരഞ്ഞെടുപ്പ് ധാരണകളുണ്ടായി. നമ്മുടെ പോരാട്ടത്തിന്റെ പ്രധാന ദിശ ബി ജെ പിക്കെതിരാണെങ്കിലും കോണ്‍ഗ്രസുമായി ഒരു തരത്തിലുമുള്ള ധാരണയോ സഖ്യമോ പാടില്ലെന്ന 17-ആം പാര്ട്ടി കോണ്‍ഗ്രസ് (2002) തീരുമാനത്തിനെതിരായിരുന്നു അത്.”

സംസ്ഥാനങ്ങളില്‍, പ്രാദേശിക കക്ഷികള്‍ കോണ്‍ഗ്രസിനേക്കാളും ബി ജെ പിയേക്കാളും ശക്തരാണെങ്കില്‍ പാര്‍ടിയുടെ പോരാട്ടം ശക്തരായ പ്രാദേശിക കക്ഷിക്കെതിരാകണം എന്നാണ് അടവുനയം പറയുന്നത്. “പശ്ചിമ ബംഗാള്‍, കേരളം, ത്രിപുര എന്നിവടങ്ങളില്‍ ഇടത്, ജനാധിപത്യ കക്ഷികള്‍ മുന്നേറിയപോലെ മറ്റ് സംസ്ഥാനങ്ങളിലും ഇടത്, ജനാധിപത്യശക്തികളെ ഒന്നിപ്പിക്കാന്‍ അടവ് നയം വഴികാട്ടണം. മതേതര ബൂര്‍ഷ്വ കക്ഷികളുമായി സഖ്യമുണ്ടാക്കുക എന്ന അഖിലേന്ത്യാ നയം പലപ്പോഴും സംസ്ഥാനങ്ങളില്‍ ഇടത്, ജനാധിപത്യ ശക്തികളെ ഒന്നിപ്പിക്കുക എന്ന കടമയെ വഴിതെറ്റിക്കാന്‍ ഇടയാക്കുന്നുണ്ട്.”

“ബി ജെ പി അധികാരത്തിലിരിക്കുമ്പോള്‍ നമ്മുടെ ആക്രമണത്തിന്റെ പ്രധാന ദിശ അവര്‍ക്കെതിരെയാകണം. പക്ഷേ ഇതിനര്‍ത്ഥം കോണ്‍ഗ്രസുമായി ഒരു തെരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കാമെന്നല്ല. നവ-ലിബറല്‍ നയങ്ങള്‍ക്കെതിരായ പോരാട്ടമെന്ന പ്രധാന കടമ വര്‍ഗീയതക്കെതിരായ പോരാട്ടത്തിന്നു കീഴ്പ്പെടുന്ന സമീപനം ഉണ്ടാകരുത്.”

2. രാഷ്ട്രീയമായും ഇരുകക്ഷികളുടെയും പ്രവര്‍ത്തകര്‍ ഇത്തരമൊരു സഖ്യത്തെ സ്വീകരിക്കില്ല. കോണ്‍ഗ്രസും അതിന്റെ നയങ്ങളുമാണ് നരേന്ദ്ര മോദിയെ അധികാരത്തിലെത്തിക്കാന്‍ കാരണമായതെന്ന നിലപാട് യെച്ചൂരി ആവര്‍ത്തിക്കുന്നു. “മോദിയെ പുറത്താക്കുക, മമതയെ പുറത്താക്കുക’ എന്നതാണ് സി പി എമ്മിന്റെ ഇതുവരെയുള്ള ലക്ഷ്യം. കോണ്‍ഗ്രസുമായുള്ള ഏത് സഖ്യവും ഇതിനെ തളര്‍ത്തുന്നതാകും.

കോണ്‍ഗ്രസിനെ സംബന്ധിച്ചും ഇത് കടുത്ത പ്രയാസങ്ങളുണ്ടാക്കും.  പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിക്ക് കോണ്‍ഗ്രസിലെ പ്രഥമ കുടുംബവുമായുള്ള ദീര്‍ഘകാല ബന്ധം വെച്ചുകൊണ്ടു തൃണമൂലുമായി ഒരു സഖ്യം ഉണ്ടാക്കുന്നതിനോടാണ് ഹൈകമാന്‍ഡിന് യോജിപ്പ്. ഇടതുപക്ഷവുമായി ഒരു സഖ്യമുണ്ടായാല്‍ ഹൈക്കമാണ്ട് അവരെ ഗൌരവമായി എടുക്കില്ലെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രതീക്ഷിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി തൃണമൂലുമായി അടുക്കാനാണ് കോണ്‍ഗ്രസിന്റെ എല്ലാ ശ്രമങ്ങളും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍