അഴിമുഖം പ്രതിനിധി
നാളെ പശ്ചിമബംഗാളില്‍ നടക്കുന്ന മൂന്നാംഘട്ട നിയമസഭ തെരഞ്ഞെടുപ്പിന് നിയോഗിച്ചിരിക്കുന്നത് ഒരു ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരെ. കേന്ദ്ര സേനയില്‍ നിന്നും 75,000-ത്തോളം പേരും സംസ്ഥാന പൊലീസില്‍ നിന്നും 25,000 പേരുമാണ് സുരക്ഷാ ഡ്യൂട്ടിക്കുള്ളത്. മൂര്‍ഷിദാബാദ്, നാദിയ, ബര്‍ദ്വാന്‍, വടക്കന്‍ കൊല്‍ക്കത്ത ജില്ലകള്‍ എന്നിവിടങ്ങളിലെ 62 മണ്ഡലങ്ങളിലാണ് മൂന്നാം ഘട്ട പോളിംഗ്.
കേന്ദ്ര സേനയെ സഹായിക്കുക മാത്രമാണ് സംസ്ഥാന പൊലീസിന് ചെയ്യാനുള്ളത്. വളരെ അത്യാവശ്യ സാഹചര്യത്തിലൊഴിച്ച് സംസ്ഥാന പൊലീസിന് വോട്ടിങ് ബൂത്തില്‍ പ്രവേശിക്കാനുമാകില്ല.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വന്‍തോതിലെ അക്രമ സംഭവങ്ങളാണ് അരങ്ങേറുന്നത്. രാഷ്ട്രീയ നേതാക്കള്‍ക്ക് വെടിയേല്‍ക്കുന്ന സംഭവം വരെയുണ്ടായി. അതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ജാഗരൂകരാണ്. പെരുമാറ്റ ചട്ട ലംഘനത്തിന് മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നോട്ടീസ് അയക്കുകയും ചെയ്തു.