UPDATES

News

നേതാജിയുടെ തിരോധാനം: 64 ഫയലുകള്‍ പുറത്തുവിട്ടു

അഴിമുഖം പ്രതിനിധി

netaji

സുഭാഷ് ചന്ദ്ര ബോസുമായി ബന്ധപ്പെട്ട 64 ഫയലുകള്‍ പശ്ചിമ ബംഗാള്‍ പൊലീസ് ഡീക്ലാസിഫൈ ചെയ്യുകയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് കൈമാറുകയും ചെയ്തു. തിങ്കളാഴ്ച മുതല്‍ കൊല്‍ക്കത്ത പൊലീസ് മ്യൂസിയത്തില്‍ പൊതുജനങ്ങള്‍ക്ക് ഫയലുകള്‍ കാണാനുമാകും. ഡീക്ലാസിഫൈ ചെയ്ത 64 ഫയലുകളിലെ 12744 പേജുകള്‍ ഡിജിറ്റൈസ് ചെയ്താണ് മ്യൂസിയത്തില്‍ സൂക്ഷിക്കുന്നത്. ഫയലുകള്‍ ഡീക്ലാസിഫൈ ചെയ്ത ചടങ്ങളില്‍ നേതാജിയുടെ കുടുംബാംഗങ്ങള്‍ പങ്കെടുത്തു. എങ്കിലും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ചടങ്ങിനെത്തിയില്ല. നേതാജിയുടെ കുടുംബാംഗങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു ഫയലുകള്‍ ഡീക്ലാസിഫൈ ചെയ്യണം എന്നുള്ളത്. 1937-1947 വരെയുള്ള ഈ ഫയലുകള്‍ നേതാജിയുടെ അപ്രത്യക്ഷമാകലിനെ കുറിച്ചുള്ള ദുരൂഹതകളിലേക്ക് വെളിച്ചം വീശുമെന്ന് കരുതുന്നു. വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന് പറഞ്ഞ് നേതാജിയുമായി ബന്ധമുള്ള ഫയലുകള്‍ പുറത്തു വിടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഓഗസ്റ്റില്‍ കേന്ദ്ര വിവരാവകാശ കമ്മീഷനെ അറിയിച്ചിരുന്നു.

നേതാജിയുമായി ബന്ധപ്പെട്ട നിരവധി ഫയലുകള്‍ മുന്‍ സര്‍ക്കാരുകള്‍ പുറത്തു വിട്ടിരുന്നു. അവ ദല്‍ഹിയിലെ നാഷണല്‍ ആര്‍ക്കൈവ്‌സില്‍ ലഭ്യമാണ്. 1945 ഓഗസ്റ്റ് 18-ന് തായ് വാനിലെ തായ്‌ഹോക്കുവില്‍ നടന്ന വിമാനാപകടത്തില്‍ നേതാജി കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്ന് എട്ടുമാസങ്ങള്‍ക്കുശേഷം അദ്ദേഹം ജീവിച്ചിരിക്കുന്നുവെന്ന് ഗാന്ധിജി പറഞ്ഞിരുന്നുവെന്ന് അത്തരത്തിലെ ഒരു ഫയലില്‍ പറയുന്നുണ്ട്. പിന്നീട് ഗാന്ധിജി ഇക്കാര്യം ബംഗാളിലെ ഒരു പ്രാര്‍ത്ഥനാ യോഗത്തില്‍ പറയുകയും ഒരു ലേഖനത്തില്‍ എഴുതുകയും ചെയ്തിരുന്നു. ഗാന്ധിജിക്ക് ലഭിച്ച രഹസ്യ വിവര പ്രകാരമാണ് അദ്ദേഹം പറയുകയും എഴുതുകയും ചെയ്തതെന്ന് കോണ്‍ഗ്രസുകാര്‍ വിശ്വസിച്ചു. 1946 ഏപ്രില്‍ എട്ടിനുള്ള ഒരു ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലാണ് നേതാജിയുടെ തിരോധാനത്തെ കുറിച്ചുള്ള ഗാന്ധിയുടെ ചിന്ത രേഖപ്പെടുത്തിയിരിക്കുന്നത്. താന്‍ റഷ്യയിലാണെന്നും ഇന്ത്യയിലേക്ക് രക്ഷപ്പെട്ട് വരണമെന്ന് ആഗ്രഹമുണ്ടെന്നും കാണിച്ചുള്ള നേതാജിയുടെ കത്ത് നെഹ്‌റുവിന് ലഭിച്ചുവെന്ന് രഹസ്യ റിപ്പോര്‍ട്ടുണ്ട്. ബോസിന്റെ ഈ കത്ത് വന്ന സമയത്താകാം ഗാന്ധിജി പൊതുപ്രസ്താവന നടത്തിയതെന്ന് ഈ ഫയലില്‍ പറയുന്നുണ്ട്. മഹാത്മാ ഗാന്ധിക്ക് ചിലത് അറിയാമായിരുന്നുവെന്ന് നേതാജിയുടെ കുടുംബാംഗങ്ങള്‍ വിശ്വസിക്കുന്നു. സുഭാഷ് ചന്ദ്ര ബോസിന്റെ മരണാന്തര ചടങ്ങുകള്‍ നടത്തുന്നതില്‍ നിന്ന് കുടുംബാംഗങ്ങളെ ഗാന്ധിജി വിലക്കിയിരുന്നുവെന്ന് നേതാജിയുടെ ബന്ധുവായ ചന്ദ്ര ബോസ് പറയുന്നു.

തായ് വാനില്‍ നേതാജി കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത വന്ന് 19 വര്‍ഷങ്ങള്‍ക്കുശേഷം 1964 ഫെബ്രുവരിയില്‍ അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തിയെന്ന് അക്കാലത്ത് അമേരിക്കന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റഷ്യയെ കുറിച്ച് ഈ റിപ്പോര്‍ട്ടില്‍ ഒന്നും പറയുന്നില്ലെങ്കിലും ചൈന വഴി റഷ്യയില്‍ നിന്നും ഇന്ത്യയിലേക്ക് നേതാജി കടന്നുവെന്ന വിവരം അമേരിക്കന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ക്ക് ലഭിച്ചിരുന്നുവെന്ന് ഗവേഷകര്‍ കരുതുന്നു. 1941-ല്‍ നേതാജി വീട്ടു തടങ്കലില്‍ നിന്ന് രക്ഷപ്പെട്ടതിനെ കുറിച്ചുള്ള യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ഇന്ന് പുറത്തുവിട്ട 64 ഫയലുകളില്‍ ഉള്‍പ്പെടുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍