UPDATES

ന്യൂസ് അപ്ഡേറ്റ്സ്

215092- ഈ അക്കങ്ങളാണ് അയാളുടെ ജീവിതം മാറ്റിമറിച്ചത്

Avatar

അഴിമുഖം പ്രതിനിധി


മൊഹിജുല്‍ റഹിമ ഷെയ്ഖ്, ഇന്ത്യയിലെ ദരിദ്രനായ കോടീശ്വരന്‍, കേരളത്തിലെ മാന്ത്രിക കഥയിലെ സഞ്ചാരത്തിനുശേഷം തന്റെ ഗ്രാമത്തില്‍ മടങ്ങിയെത്തിയിരിക്കുന്നു.

അഞ്ചുദിവസം മുമ്പ് കേരള സംസ്ഥാന സര്‍ക്കാരിന്റെ ഭാഗ്യക്കുറി നറുക്കെടുപ്പില്‍ കോഴിക്കോടുള്ള ഇയാള്‍ക്ക് ഒരു കോടി രൂപയുടെ സമ്മാനം കിട്ടിയതോടെയാണ് പശ്ചിമ ബംഗാളിലെ ലഖിംപൂര്‍ സ്വദേശിയായ ഈ 22-കാരന്‍ തലക്കെട്ടുകളില്‍ ഇടംപിടിച്ചത്. ഇന്നയാളുടെ കീശയില്‍ 200 രൂപയാണുള്ളത്. “എനിക്കിതുവരെ കാശ് കിട്ടിയില്ല എന്നു പറയുമ്പോള്‍ ആളുകള്‍ വിശ്വസിക്കുന്നില്ല. അവര്‍ കരുതുന്നത് ഞാന്‍ ഇത് മറച്ചുവയ്ക്കുകയാണ് എന്നാണ്,” ഇന്നലെ ബര്‍ദ്വാനില്‍ എത്തിയ മോഹിജുല്‍ പറഞ്ഞു. പത്തു ദിവസം മുമ്പ് തന്റെ പഴയ കളിക്കൂട്ടുകാരനായ ഷാബുദ്ദീന്‍ ഷെയ്ഖുമൊത്ത് കോഴിക്കോട്ടേക്ക് വണ്ടി കയറുമ്പോള്‍ അയാളുടെ കയ്യില്‍ 650 രൂപയാണ് ഉണ്ടായിരുന്നത്.

“400 രൂപ തീവണ്ടി ടിക്കറ്റിനായി. 150 രൂപ ഭക്ഷണത്തിനും കഴിച്ച് ബാക്കി 100 രൂപയാണ് ഉണ്ടായിരുന്നത്.” കോഴിക്കോട്ടെത്തി ഒരു ദിവസം കഴിഞ്ഞപ്പോള്‍ ഒരു കെട്ടിടനിര്‍മ്മാണസ്ഥലത്ത് അയാള്‍ക്ക് പണി കിട്ടി. അന്ന് വൈകുന്നേരം കേരള സര്‍ക്കാരിന്റെ 50 രൂപയുടെ കാരുണ്യ ഭാഗ്യക്കുറി അയാള്‍ വാങ്ങിച്ചു. ഭിന്നശേഷിയുള്ള ഒരാളോട് തോന്നിയ സഹതാപം കൊണ്ടാണ് താനത് വാങ്ങിയതെന്ന് മോഹിജുല്‍ പിന്നീട് പൊലീസിനോട് പറഞ്ഞു.

തിങ്കളാഴ്ച ശിവരാത്രി ദിവസം തനിക്ക് ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചെന്ന് അയാള്‍ അറിഞ്ഞു. “ആദ്യം ഇതെനിക്കാണെന്ന് വിശ്വസിക്കാനായില്ല. ഞാന്‍ മാതാപിതാക്കളെ വിളിച്ച് പറഞ്ഞു. അവരെന്നോട് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പോകാന്‍ പറഞ്ഞു. എന്റെ സുരക്ഷയെക്കരുതിയായിരുന്നു അത്. കോഴിക്കോട് ചേവായൂര്‍ പൊലീസ് സ്റ്റേഷനിലാണ് ഞാന്‍ പോയത്. അവരും എനിക്കാണ് ഒന്നാം സമ്മാനം എന്നു ഉറപ്പ് പറഞ്ഞു. എന്നിട്ടും ഞാന്‍ അതിലെ അക്കങ്ങള്‍ നോക്കിക്കൊണ്ടിരുന്നു,”- മോഹിജുല്‍ പറഞ്ഞു.

215092- ഈ അക്കങ്ങളാണ് അയാളുടെ ജീവിതം മാറ്റിമറിച്ചത്.

മോഹിജൂലിന്റെ പത്തടി വിസ്തീര്‍ണമുള്ള തകരക്കുടിലില്‍ ശരിക്കുള്ള ടിക്കറ്റിന്റെ ഫോട്ടോകോപ്പിയില്‍ ഈ അക്കങ്ങള്‍ ചുവന്ന വട്ടമിട്ട് വെച്ചിരിക്കുന്നു. പുറത്ത്, കഴിഞ്ഞ മൂന്നു ദിവസമായി ശേയ്ഖിന്‍റെ ഭാഗ്യവിശേഷമറിഞ്ഞുവരുന്ന അതിഥികളുടെ ഒഴുക്കിന് നാരങ്ങാവെള്ളം ഉണ്ടാക്കുന്ന തിരക്കിലാണ് 18-കാരിയായ ഭാര്യ റഫീസ ബീബി. ഉമ്മ അതിഥികള്‍ക്ക് മധുരം വിളമ്പുന്നു. ബാപ്പ അച്ചാര്‍ അലി ഷെയ്ഖ് കിച്ചടിയും ഉരുളക്കിഴങ്ങു വറുത്തതും ആളുകള്‍ക്ക് നല്കുന്നു.

ആ വീടാകെ സന്തോഷത്തിലാണ്. പക്ഷേ മോഹിജൂലിന്റെ പുരികം ചുളിയുന്നുണ്ട്. “ഞാന്‍ ഒരു പാന്‍ കാര്‍ഡിന് അപേക്ഷിച്ചിട്ടുണ്ട്. ഭാഗ്യക്കുറി നല്‍കിയ SBT ബാങ്ക് മാനേജര്‍ പറഞ്ഞത് അതില്ലാതെ കാശ് കിട്ടില്ല എന്നാണ്.”

പിന്നെ നികുതിയുടെ പ്രശ്നം വരുന്നുണ്ട്. വീട്ടിലെ 12 പേര്‍ക്കും കൂടി വെറും 12000 രൂപ മാസവരുമാനമുള്ള അയാളുടെ കുടുംബത്തിന് ഇന്നുവരെ നേരിടേണ്ടിവന്നിട്ടില്ലാത്ത ഒരു പ്രശ്നം. “ചിലര്‍ പറയുന്നു അവര്‍ 20% നികുതി കിഴിക്കുമെന്ന്. ചിലര്‍ പറയുന്നതു 35% എന്നാണ്. നിങ്ങള്‍ക്കറിയുമോ എത്രയാണ് നികുതി പിടിക്കുകയെന്ന്?”

പണം എങ്ങനെയാണ് കിട്ടുകയെന്നോ, കിട്ടിയാല്‍ എന്തു ചെയ്യണമെന്നോ അയാള്‍ക്ക് ഒരു പിടിയുമില്ല. “ബാപ്പ പറയുന്നത് കിട്ടുന്ന കാശുകൊണ്ട് കുറച്ചു ഭൂമി വാങ്ങാം എന്നാണ്. എനിക്കു സാരിയുടെ കച്ചവടത്തില്‍ കുറച്ച് കാശിറക്കണം എന്നുണ്ട്,” മോഹിജുല്‍ പറഞ്ഞു.

തന്റെയും കുടുംബത്തിന്റെയും സുരക്ഷയില്‍ അയാള്‍ക്ക് ആശങ്കയുണ്ടോ? “ഗ്രാമത്തില്‍ നില്‍ക്കുന്നിടത്തോളം ഞങ്ങള്‍ സുരക്ഷിതരാണെന്ന് ബാപ്പ പറയുന്നു. പക്ഷേ പുറത്തുനിന്നും ആരെങ്കിലും വന്നു കൊള്ളയടിച്ചാലോ?”

അയാളുടെ ഭാര്യ റഫീസക്ക് ഒരൊറ്റ ആവശ്യമേയുള്ളൂ, ഇപ്പോള്‍ 10 മാസം പ്രായമായ മകള്‍ മസൂമ ഖാതൂണിന് നല്ല വിദ്യാഭ്യാസം കൊടുക്കണം. “ഞങ്ങളുടെ കുടുംബത്തില്‍ നിന്നും ആരും ഒന്നാം ക്ലാസിനപ്പുറം പഠിച്ചിട്ടില്ല. എന്റെ മകള്‍ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പോകണം,” റഫീസ പറഞ്ഞു.

ലഖിംപൂര്‍ ഗ്രാമത്തിലെ 300-ഓളം കുടുംബങ്ങളില്‍ 80 ശതമാനവും സാരി നിര്‍മ്മാണത്തില്‍ ഉള്‍പ്പെട്ടവരാണ്. മിക്കവാറും എല്ലാ വീട്ടില്‍നിന്നും ആണുങ്ങളില്‍ ഒരാളെങ്കിലും കേരളത്തില്‍ കുടിയേറ്റ തൊഴിലാളികളുമാണ്. “ഇവിടെ സാരി നിര്‍മ്മാണത്തില്‍ ഞങ്ങള്‍ക്ക് 200 രൂപയാണ് കിട്ടുന്നത്. കേരളത്തില്‍ കെട്ടിടനിര്‍മാണത്തില്‍ 450 രൂപ കിട്ടും. 300 രൂപ ഭക്ഷണത്തിനും താമസത്തിനുമായി ചെലവാക്കിയാലും ഏതാണ്ട് 100 രൂപ മിച്ചംവെക്കാം. ഒരു വര്‍ഷം 3-4 മാസം അവിടെ പണിയെടുത്തിട്ട് പിന്നെ സാരി നിര്‍മ്മാണജോലിക്ക് തിരിച്ചുവരും,” കോഴിക്കോട് കെട്ടിട നിര്‍മ്മാണ ജോലിക്കു പോയ മോഹിജൂലിന്റെ മൂത്ത സഹോദരന്‍ മുംതാസ്-ഉല്‍ ഷെയ്ഖ് പറഞ്ഞു.

എന്നാല്‍ കേരളത്തിലെ തൊഴില്‍ സാഹചര്യം ദുരിതമയമാണെന്ന് മോഹിജുല്‍ പറയുന്നു. “ഞങ്ങള്‍ 12 മണിക്കൂറിലേറെ പണിയെടുക്കും. ഒരു മുറിയില്‍ 12-15 പേരോളമാണ് താമസം. ചിലപ്പോള്‍ മുറിക്ക് പുറത്തു കിടന്നുറങ്ങേണ്ടിവരും. എന്നാലും 1,000 രൂപ മാസവാടക കൊടുക്കണം,” കേരളത്തില്‍ മൂന്നുവര്‍ഷം മുമ്പ് മരപ്പണിക്കാരനായി ജോലിചെയ്ത മോഹിജൂല്‍ പറയുന്നു.

എല്ലാ വര്‍ഷവും, മോഹിജൂലിന്റെ അയല്‍ക്കാരനും സുഹൃത്തുമായ 22-കാരനായ ടലോണ്‍ ഷെയ്ഖ് കോഴിക്കോട് നിന്നും തിരിച്ചെത്തുന്നത് ഒരിയ്ക്കലും തിരിച്ചുപോകില്ലെന്ന ഉറപ്പോടെയാണ്. പക്ഷേ കുറച്ചു മാസം കഴിയുമ്പോള്‍ അതെല്ലാം മറക്കും. “ഇവിടെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ഞങ്ങള്‍ കഷ്ടപ്പെടുകയാണ്. പത്തു പേരുടെ ഒരു കുടുംബത്തെ 200 രൂപകൊണ്ടു എങ്ങനെ ഊട്ടാനാണ്?” ടലോണ്‍ ചോദിക്കുന്നു. 

(സ്ലൈഡര്‍ ഫോട്ടോ കടപ്പാട്: ദി ന്യൂസ് മിനുട്ട്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍