UPDATES

എന്‍ കെ ഭൂപേഷ്

കാഴ്ചപ്പാട്

വരട്ടുവാദം

എന്‍ കെ ഭൂപേഷ്

ട്രെന്‍ഡിങ്ങ്

ഊഷ്മളമാണ് മോദിയും ട്രംപും തമ്മിലുള്ള ബന്ധം, തീവ്ര വലതുപക്ഷത്തിന്റെ മുന്‍വിധികളുടെ രാഷ്ട്രീയമാണ് കാരണം

മോദിയും ട്രംപും പൊതുവില്‍ പങ്കിടുന്ന രാഷ്ട്രീയ വിശ്വാസസാമ്യങ്ങള്‍ ചരിത്രത്തിലെ എല്ലാ തീവ്ര വലുതപക്ഷക്കാര്‍ക്കുമുള്ളതാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ ഇന്ന് ഹൂസ്റ്റണില്‍ സ്വീകരണം നല്‍കുകയാണ്. ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രിക്ക് അമേരിക്കയില്‍ ഇത്തരത്തില്‍ ഒരു സ്വീകരണം ലഭിക്കുന്നത്. ഹുസ്റ്റണില്‍ നടക്കുന്ന പരിപാടിയുടെ പ്രത്യേകത, അതില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കുന്നുവെന്നതാണ്. മോദി  ആദ്യ തവണ പ്രധാനമന്ത്രിയായപ്പോള്‍ മാഡിസണ്‍ സ്‌ക്വയറിലായിരുന്നു സ്വീകരണം. ഇപ്പോള്‍ ഹൂസ്റ്റണില്‍. ഇപ്പോള്‍ ട്രംപും മോദിയൊടൊപ്പം പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്യുന്നു.

ഇന്ത്യ അമേരിക്ക ബന്ധത്തിന്റെ ഊഷ്മളതയായിട്ടല്ല, മറിച്ച് പ്രധാനമന്ത്രിയുടെ ഒരു താരപരിവേഷത്തിന്റെ ഉദാഹരണമായിട്ടാണ് ട്രംപിന്റെ പങ്കാളിത്തത്തെ മോദി അനുകൂലികള്‍ കാണുന്നത്. മോദിയുടെ പ്രഭാവത്തിന് മുന്നില്‍ അമേരിക്കന്‍ പ്രസിഡന്റുപോലും മാമൂലുകളും പ്രോട്ടോക്കോളുകളും ലംഘിച്ചുപോകുന്നുവെന്നും ഇന്ത്യയുടെ യശസ്സ് അന്താരാഷ്ട്ര തലത്തില്‍ മുമ്പില്ലാത്ത വിധത്തില്‍ ഉയര്‍ന്നിരിക്കുന്നുവെന്നുമാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ പൊതുവില്‍ എഴുതുകയും ചെയ്യുന്നത്.

നരേന്ദ്ര മോദിയും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ ഒരു ‘പേഴ്‌സണല്‍ കെമിസ്ട്രി’യുണ്ടെന്നും അതാണ് ഇന്ത്യയുടെ താൽപര്യങ്ങൾക്ക്  ഗുണമായി ഭവിക്കുന്നതെന്നുമാണ് ആരാധകരുടെ പക്ഷം. തീര്‍ച്ചയായും നയതന്ത്രത്തില്‍ വ്യക്തിബന്ധങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ടെന്ന കാര്യം വിദഗ്ദരെല്ലാം അംഗീകരിക്കുന്ന കാര്യമാണ്.

മോദിയോട് ട്രംപ് കാണിക്കുന്നതിനേക്കാള്‍ പരിഗണന ജോര്‍ജ്ജ് ബുഷ്, മന്‍മോഹന്‍ സിംഗിനോട് കാണിച്ചിരുന്നുതായി വേണമെങ്കില്‍ പറയാം. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവെയ്ക്കാതെ തന്നെ ഇന്ത്യയ്ക്ക് ആണവ വ്യാപരങ്ങളില്‍ ഏര്‍പ്പെടാനുള്ള കരാര്‍ സാധ്യമാക്കിയത് മന്‍മോഹന്‍സിംഗിന്റെയും ജോര്‍ജ്ജ് ബുഷിന്റെയും കാലത്തായിരുന്നു. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ ചട്ടങ്ങളില്‍ മാറ്റം വരുത്തി പോലും ഇന്ത്യയെ ‘സഹായിക്കാന്‍’ ബുഷ് ശ്രമിച്ചിരുന്നു. അന്നും ചിലര്‍ പറഞ്ഞത് മന്‍മോഹനും ബുഷും തമ്മിലുള്ള പേഴ്‌സണല്‍ കെമിസ്ട്രിയാണ് ഇതിനൊക്കെ കാരണമെന്നായിരുന്നു.

ജോർജ്ജ് ബുഷ് ഇന്ത്യയിലെത്തിയപ്പോള്‍ ഡൽഹി വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ചുകൊണ്ട് മന്‍മോഹന്‍സിംഗ് തന്റെ ബുഷ് താല്‍പര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. അങ്ങനെ പേഴ്‌സണല്‍ കെമിസ്‌ട്രി  എന്ന് വിളിക്കപ്പെട്ട സംഗതികള്‍ ചരിത്രത്തില്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. എന്നാല്‍ മോദിയും ട്രംപും തമ്മിലുളളത് ഇത്തരത്തിലുള്ള ബന്ധമല്ല, മറിച്ച് തീവ്രമായ രാഷ്ട്രീയ നിലപാട് സാമ്യമാണെന്നതാണ് വസ്തുത.

എന്താണ് മോദിയും ട്രംപും തമ്മിലുള്ള രാഷ്ട്രീയ സൗഹാര്‍ദ്ദത്തിന്റെ ലക്ഷണങ്ങള്‍. മോദിയുടെ അമേരിക്കന്‍ പരിപാടിയെക്കുറിച്ച് ‘ദി ഇന്റര്‍സെപ്റ്റി’ല്‍ എഴുതിയ ലേഖനത്തില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും അവതാരകനുമായ മെഹ്ദി ഹസന്‍ പറയുന്ന കാര്യം  ഇവരെ  ബന്ധപ്പെടുത്തുന്ന കാര്യം ഫാസിസമാണെന്നാണ്. വംശീയവാദിയായ ഒരാള്‍ക്ക് ഹിന്ദു ദേശീയ വാദിയുമായി സൗഹാര്‍ദ്ദമുണ്ടാക്കുന്നതില്‍ അത്ഭുതമില്ലെന്ന് അദ്ദേഹം പറയുന്നു. മോദിയുടെ രാഷ്ട്രീയത്തെ രൂപപ്പെടുത്തുകയും ഇപ്പോഴും മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുന്ന ആര്‍എസ്എസ് ലോകത്തെമ്പാടുമുള്ള തീവ്രവംശീയവാദികള്‍ക്ക് പ്രോത്സാഹനമാകുന്നതിനെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അദ്ദേഹം തുടര്‍ന്നെഴുതുന്നു, “ഫാസിസമാണ് ഇവരെ രണ്ടുപേരെയും ബന്ധപ്പെടുത്തുന്ന ഒരു കാര്യം. എന്നാല്‍ ട്രംപിനെക്കാള്‍ അപകടകാരി മോദിയാണ്, കാരണം അദ്ദേഹം അതില്‍ ശരിക്കും വിശ്വസിക്കുന്നു.”

ഫാസിസത്തിന്റെ ലക്ഷണങ്ങളെക്കുറിച്ചും ഇന്ത്യയില്‍ ഫാസിസമാണൊ എന്നതിനെക്കുറിച്ചെല്ലാമുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല. ജര്‍മ്മനിയിലും ഇറ്റലിയിലുമൊക്കെ ഉണ്ടായതുപോലുള്ള ഫാസിസ്റ്റ് ഭരണക്രമവുമായി താരതമ്യപ്പെടുത്തിയുള്ള ചര്‍ചകളാണ് പലപ്പോഴും നടക്കുന്നത്.

ട്രംപിന്റെയും മോദിയുടെയും നിലപാടുകളിലെ സാമ്യമാണ് അവരുടെ രാഷ്ട്രീയ വിശ്വാസത്തിലെ യോജിപ്പ് പ്രകടമാക്കുന്നത്. മോദിയുടെയും ട്രംപിന്റെയും രാഷ്ട്രീയ സമീപനങ്ങളില്‍ കാണുന്ന സാമ്യങ്ങള്‍ തീവ്ര വലതുപക്ഷ രാ്ഷ്ട്രീയത്തിന് പൊതുവിലുള്ളതാണ് .

അതിൽ മുഖ്യമായത് ഇവയാണ്: രാഷ്ട്രീയത്തെ വ്യക്തികേന്ദ്രീകൃതമാക്കിയ ലോക രാഷ്ട്രീയത്തിലെ രണ്ട് പ്രമുഖരാണ് ട്രംപും മോദിയും. പ്രസിഡന്‍ഷ്യല്‍ സംവിധാമായതുകൊണ്ട് തന്നെ അമേരിക്കയില്‍ വ്യക്തി കേന്ദ്രീകൃത രാഷ്ട്രീയത്തിന് സാധ്യതകള്‍ ഏറെയാണ്. അതിന്റെ മറ്റൊരു അറ്റത്താണ് ഇപ്പോള്‍ ട്രംപ് നില്‍ക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. തീര്‍ത്തും വ്യക്തികേന്ദ്രീകൃത സമീപനങ്ങള്‍ സ്വീകരിച്ചുകൊണ്ടാണ് ട്രംപ്  അമേരിക്കന്‍ രാഷ്ട്രീയത്തിലും അന്താരാഷ്ട്ര രംഗത്തും അസ്വാസ്ഥ്യങ്ങള്‍ സൃഷ്ടിക്കുന്നത്. മോദിയുടെതും വ്യക്തികേന്ദ്രീകൃത രാഷ്ട്രീയമാണ്. എല്ലാം മോദിയിലേക്ക് കേന്ദ്രീകരിച്ചു നിര്‍ത്തിയാണ് ബിജെപിയുടെ ഭരണവും മുന്നോട്ടുപോകുന്നത്. മോദിയുടെ വ്യക്തിസവിശേഷതകളെക്കുറിച്ചുള്ള കൽപിതകഥകളാൽ സമൃദ്ധമാണ് ഇന്ത്യയിലെ മുഖ്യധാര മാധ്യമങ്ങളും. ഇന്ത്യയുടെ രക്ഷകനാണ് മോദിയെന്നാണ് അദ്ദേഹത്തിൻ്റെ പിറന്നാൾ ദിനത്തിൽ ഒരു പ്രമുഖ ചാനലിൻ്റെ എഡിറ്റർ ട്വീറ്റ് ചെയ്തത്. മുതലയെ പിടിച്ചതിന്റെയും ഹിമാലയത്തിൽ ധ്യാനത്തിന് പോയതിന്റെയും കഥകളാണ് മോദിയും സ്വയം പറയാറുള്ളത്.

അതായത് വ്യക്തിപ്രഭാവത്തെ ഉയര്‍ത്തിപ്പിടിക്കുന്നതാണ് മോദിയുടെയും ട്രംപിന്റെയും രാഷ്ട്രീയം. ഇത് പൊതുവില്‍ എല്ലാ തീവ്രവലതുപക്ഷ രാഷ്ട്രീയക്കാരുടെയും പൊതുസവിശേഷതയാണ്.

മുസ്ലീങ്ങളോടും കുടിയേറ്റക്കാരോടുമുള്ള സമീപനമാണ് മോദിയേയും ട്രംപിനെയും ഒരേ രാഷ്ട്രീയത്തിന്റെ വക്താക്കളാക്കുന്ന മറ്റൊരു ഘടകം. കുടിയേറ്റക്കാരാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന പ്രചാരണമാണ് ട്രംപിനെ അധികാരത്തിലെത്തിച്ചതില്‍ പ്രധാന ഘടകം. പൊതുവില്‍ മുസ്ലിങ്ങള്‍ക്കും കറുത്തവര്‍ക്കുമെതിരായ ഒരു സമീപനമാണ് ഇത്. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടുന്നതിലേക്ക് നയിച്ചത് ഇതാണ്. മോദിയുടെയും രാഷ്ട്രീയം ഭിന്നമല്ല. ഇപ്പോള്‍ അസമിലും നാളെ ചിലപ്പോള്‍ നാടിന്റെ എല്ലാ ഭാഗങ്ങളിലും നടപ്പിലാക്കിയേക്കാവുന്ന പൗരത്വ പട്ടികയും മുസ്ലീങ്ങളുടെ അപരവല്‍ക്കരണവും ഇതുതന്നെയാണ്. ബംഗ്ലാദേശില്‍നിന്നുള്ള കുടിയേറ്റക്കാരാണ് സകല പ്രശനങ്ങള്‍ക്കും കാരണമെന്ന് മോദി പറയുമ്പോള്‍, മെക്‌സിക്കന്‍ അതിര്‍ത്തി കടന്നെത്തുന്നവരാണ് പ്രശ്‌നക്കാരെന്ന് ട്രംപും പറയുന്നു. വംശീയ മുന്‍വിധികള്‍ ഇരുവരെയും രാഷ്ട്രീയമായി ഒന്നിപ്പിക്കുന്നു. ഇതും തീവ്ര വലതുപക്ഷക്കാരുടെയും ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെയും ലക്ഷണങ്ങളാണെന്ന രാഷ്ട്രീയ മീമാംസകരും ചൂണ്ടിക്കാട്ടുന്നു

ദേശീയതയെ രാഷട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതാണ് ട്രംപിനെയും മോദിയേയും ചേര്‍ത്തുനിര്‍ത്തുന്ന മറ്റൊരു സംഗതി. അമേരിക്കയെ അതിന്റെ പഴയകാല പ്രഭാവത്തിലെത്തിക്കണമെന്ന് ട്രംപ് ആവേശം കൊള്ളുമ്പോള്‍ ഇന്ത്യന്‍ ദേശീയതയുടെ പാരമ്പര്യത്തെക്കുറിച്ചുള്ള കഥകളില്‍ അഭിരമിക്കുന്നു മോദി. രണ്ടിടത്തും വളരെ വിദഗ്ദമായി തന്നെ മുസ്ലീങ്ങളെ അപരവല്‍ക്കരിക്കുകയും ചെയ്യും. ഇന്ത്യയില്‍ ദളിതര്‍ ഈ രാഷ്ട്രീയത്തിന്റെ ഇരകളാകുമ്പോള്‍ അമേരിക്കയില്‍ കറുത്തവര്‍, വെള്ളക്കരാല്ലാത്തവര്‍ ശത്രുപക്ഷത്ത് നിര്‍ത്തപ്പെടുന്നു

ശാസ്ത്രത്തോടുള്ള സമീപനത്തിന്റെ കാര്യത്തിലും മോദിയും ട്രംപും തമ്മിലുള്ള സാമ്യം എടുത്തുപറയേണ്ടതാണ്. കാലവസ്ഥാ വ്യതിയാനം സംബന്ധിച്ച ചര്‍ച്ചകളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ട്രംപ് പറഞ്ഞ കാര്യം, അതൊരു ചൈനീസ് ഗൂഢാലോചനയാണെന്നായിരുന്നു. അമേരിക്കന്‍ ഉത്പാദനമേഖലയെ തകര്‍ക്കാന്‍ ചൈനയുണ്ടാക്കിയതാണ് ആഗോള താപനം എന്നാതായിരുന്നു ട്രംപിന്റെ ആരോപണം. ശാസ്ത്രീയമായ കണ്ടെത്തലുകള്‍ ഒന്നും അദ്ദേഹത്തെ സ്വാധീനിച്ചിരുന്നില്ല. ഇന്ത്യയില്‍ സഹസ്രാബ്ദങ്ങള്‍ മുമ്പ് തന്നെ പ്ലാസ്റ്റിക്ക് സര്‍ജറിയും ടെസ്റ്റ് ട്യൂബ് ശിശുക്കളും ഉണ്ടായിരുന്നുവെന്ന മോദിയുടെ പ്രസ്തവനയും ഇതുമായി ബന്ധപ്പെട്ട് കാണേണ്ടതാണ്. പൗരാണിക കഥകളുടെ അടിസ്ഥാനത്തിലായിരുന്നു മോദിയുടെ പ്രസ്താവന.

ഇതുമാത്രമല്ല, ഇനിയുമുണ്ട് സാമ്യങ്ങളെക്കുറിച്ച് പറയാന്‍. സാമൂഹ്യ മാധ്യമങ്ങളിലുടെ മധ്യവര്‍ഗത്തെ സ്വാധീനിക്കുന്ന രീതി, രാജ്യത്തെ ഇക്കാലമത്രയും നിലനിര്‍ത്തിയ സ്ഥാപനങ്ങളോടുള്ള സമീപനങ്ങള്‍ അങ്ങനെ പലതും.

മോദിയും ട്രംപും പൊതുവില്‍ പങ്കിടുന്ന രാഷ്ട്രീയ വിശ്വാസസാമ്യങ്ങള്‍ ചരിത്രത്തിലെ എല്ലാ തീവ്ര വലുതപക്ഷക്കാര്‍ക്കുമുള്ളതാണ്. ഇതില്‍ പലതും ഫാസിസത്തിന്റെ സമീപനങ്ങളാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഹൂസ്റ്റണില്‍ ട്രംപ് മോദിയെ ചേര്‍ത്തുനിര്‍ത്തുമ്പോള്‍ ഇന്ന് ലോകത്ത് പ്രബലമായിട്ടുളള വംശീയ മുന്‍വിധികളുടെയും വലതുപക്ഷത്തിന്റെയും ദര്‍ശനങ്ങള്‍ പങ്കിടുന്നവരുടെ യോജിപ്പാണ് കാണുന്നത്. അതില്‍ വ്യക്തിപരമായ ‘കെമിസ്ട്രി’യുടെ പ്രശ്‌നമല്ല, രാഷ്ട്രീയ യോജിപ്പാണ് പ്രധാനമായിട്ടുള്ളത്.

എന്‍ കെ ഭൂപേഷ്

എന്‍ കെ ഭൂപേഷ്

കണ്‍സള്‍ട്ടന്‍റ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍