UPDATES

ഗുജറാത്ത് 2.0? അമിത് ഷാ ഒരിക്കല്‍ കൂടി മോദിയുടെ ആഭ്യന്തരം കൈകാര്യം ചെയ്യുമ്പോള്‍

ഗുജറാത്ത് ആഭ്യന്തര മന്ത്രിയന്ന നിലയില്‍ കാണിച്ച ശൈലിയാണ് അമിത് ഷായുടെ പ്രവര്‍ത്തനത്തിലേക്കുള്ള ചൂണ്ടുപലക

നരേന്ദ്ര മോദിയ്ക്ക് ശേഷം മൂന്നാമതായാണ് അമിത് ഷാ സത്യപ്രതിജ്ഞ ചെയ്തതെങ്കിലും അദ്ദേഹത്തിന് ആഭ്യന്തരമന്ത്രി സ്ഥാനം നല്‍കതിലൂടെ മന്ത്രിസഭയിലെ രണ്ടാമന്‍ എന്ന പദവിയാണ് ഫലത്തില്‍ അമിത് ഷായ്ക്ക് കൈവരുന്നത്. ഗുജറാത്തില്‍ നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്നപ്പോഴും അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു അമിത് ഷാ.

കശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങള്‍, മധ്യ ഇന്ത്യയിലെ മാവോയിസ്റ്റ് ഭീഷണി, അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണം എന്നിവയാണ് ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ നേരിടാനിരിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍. പ്രശ്‌നങ്ങളെ ശക്തമായി നേരിടുന്നതില്‍ നേരത്ത ഗുജറാത്തിലും പിന്നീട് പാര്‍ട്ടിയിലും അമിത് ഷാ പ്രകടിപ്പിച്ച ശൈലി തന്നെയായിരിക്കും രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയെന്ന നിലയിലും അദ്ദേഹം കാഴ്ചവെയ്ക്കുക എന്ന കാര്യം ഉറപ്പാണ്. ആഭ്യന്തര പ്രശ്‌നങ്ങള്‍ നേരിടുന്നതില്‍ ബിജെപിയുടെ പ്രകടന പത്രിക മുന്നോട്ടുവെച്ച കാര്യങ്ങള്‍ ശക്തമായി നടപ്പിലാക്കാനാവും അമിത് ഷാ ശ്രമിക്കുക. തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയില്‍ ഏറ്റവും പ്രാധാന്യം നല്‍കിയ വിഷയം ആഭ്യന്തര സുരക്ഷയാണെന്നത് അമിത് ഷായുടെ ഉത്തരവാദിത്തത്തെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്.

കശ്മീര്‍ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്നതിനെ തുടര്‍ന്നുണ്ടാക്കിയ ഭരണഘടനയുടെ 370 വകുപ്പ് എടുത്തുകളയുമെന്നതാണ് ബിജെപിയുടെ പ്രകടന പത്രികയിലെ മുഖ്യ ഇനം. ഇതോടൊപ്പം കശ്മീരുമായി ബന്ധപ്പെട്ട 35 (A) വകുപ്പ് നീക്കം ചെയ്യുമെന്നും ബിജെപി വ്യക്തമാക്കിയിരുന്നു. കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികളും, പ്രധാനപ്പെട്ട ദേശീയ പാര്‍ട്ടികളും ഇക്കാര്യത്തില്‍ എതിര്‍പ്പ് ഉന്നയിക്കുമെന്ന് ഉറപ്പാണ്.

370 -ാം വകുപ്പ് നീക്കം ചെയ്യുകയാണെങ്കില്‍ കശ്മീരിന് ഇന്ത്യന്‍ യൂണിയനുമായുള്ള ബന്ധം അവസാനിക്കുമെന്നാണ് നേരത്തെ ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന പിഡിപി വ്യക്തമാക്കിയത്. ഇതേനിലപാടാണ് നാഷണല്‍ കോണ്‍ഫറന്‍സും പ്രഖ്യാപിച്ചത്. അതുകൊണ്ട് തന്നെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ തീരുമാനങ്ങള്‍ എങ്ങനെ ഫലപ്രദാമായി നടപ്പിലാക്കുമെന്നത് നിര്‍ണായകമാണ്. കശ്മീര്‍ ഇപ്പോള്‍ ഗവര്‍ണര്‍ ഭരണത്തിലാണ്. അവിടെ എന്ന് തെരഞ്ഞെടുപ്പ് നടത്തും എന്നതും പ്രധാനമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയാണ് കശ്മരില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ശക്തമായതും കുടുതല്‍ സുരക്ഷ സൈനികരും നാട്ടുകാരും കൊല്ലപ്പെട്ടതുമെന്നതും വസ്തുതയാണ്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കുടിയേറ്റക്കാരുമായ ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ബിജെപിയുടെ നിലാപാടുകള്‍ എന്താണെന്ന് പാര്‍ട്ടിയുടെ മാനിഫാസ്റ്റോ തന്നെ വ്യക്തമാക്കിയതാണ്. പൗരത്വ മാനദണ്ഡങ്ങള്‍ സാങ്കേതികമായി പാലിക്കാന്‍ കഴിയാത്തവരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെത്തിയ ചിതലുകള്‍ എന്നാണ് അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിശേഷിപ്പിച്ചത്. പൗരത്വ പട്ടികയില്‍ സ്ഥാനം കിട്ടാത്തവരെ രാജ്യത്തിന് പുറത്താക്കുമെന്നാണ് ബിജെപിയുടെ നയം. ഇത് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ സാമൂഹ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കുമെന്ന കാര്യം ഉറപ്പാണ്. ബംഗാളിലും പൗരത്വ പ്രശ്‌നം ഉയര്‍ത്തികൊണ്ടുവരുമെന്ന് നേരത്തെ തന്ന ബിജെപി തീരുമാനിച്ചതാണ്. ബംഗാളില്‍ 18 സീറ്റുകളാണ് ബിജെപിയ്ക്ക് ലഭിച്ചത്. പൗരത്വ റജിസ്റ്റര്‍ നടപ്പിലാക്കുന്നതോടെ അവിടെ മമതാ ബാനാര്‍ജിയുമായി വലിയ സംഘര്‍ഷത്തിലേക്ക് നയിക്കുമെന്നതിലും സംശയമില്ല. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ മമത ചെറുത്താല്‍ അതിനെ എങ്ങനെ ബിജെപി നേരിടുമെന്നതും നിര്‍ണായകമാണ്.

മാവോയിസ്റ്റ് ഭീഷണിയെ സൈനികമായി നേരിടുകയെന്ന നയം കൂടുതല്‍ ശക്തമായി നടപ്പിലാക്കാനായിരിക്കും അമിത് ഷാ ശ്രമിക്കുകയെന്ന കാര്യത്തില്‍ സംശയമില്ല. രാഷ്ട്രീയമായി വിയോജിക്കുന്നവരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യുകയാണെന്ന ആക്ഷേപം മോദി സര്‍ക്കാരിന്റെ കാലത്ത് ശക്തമായിരുന്നു. സാമൂഹ്യ പ്രവര്‍ത്തക സുധ ഭരദ്വാജ് അടക്കമുളളവര്‍ ഇത്തരം ഒരു കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തന്നെ ജയിലിലാണ്. ഇവരുടെ അറസ്റ്റിനെതിരെ പ്രമുഖ സാനമ്പത്തിക വിദഗ്ദന്‍ പ്രഭാത് പട്‌നായിക്ക്, ചരിത്രകാരി റൊമില ഥാപ്പര്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു. ഇത്തരം സംഭവങ്ങള്‍ കുടുതല്‍ വ്യാപകമാകുമെന്ന ആശങ്കയാണ് അമിത് ഷായുടെ പ്രവര്‍ത്തന രീതികള്‍ ഉണ്ടാക്കുന്നത്.

നേരിയ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന പ്രതിപക്ഷ സര്‍ക്കാരുകളോടുള്ള സമീപനത്തിലും അമിത് ഷാ അദ്ദേഹത്തിന്റെ കാര്‍ക്കശ്യവും കൗശലവും പുറത്തെടുത്തേക്കും. മധ്യപ്രദേശ്, രാജസ്ഥാന്‍ കര്‍ണാടക സര്‍ക്കാരുകള്‍ എന്തെങ്കിലും രീതിയില്‍ നിലനില്‍പ്പിന് ഭീഷണി നേരിട്ടാല്‍ കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന തീരുമാനം നിര്‍ണായകമാവും.
ബിജെപി പ്രസിഡന്റെന്ന നിലയില്‍ കാണിച്ച സംഘാടന മികവല്ല, മറിച് ഗുജറാത്ത് മന്ത്രിയെന്ന നിലയില്‍ കാണിച്ച ശൈലിയാണ് അമിത് ഷായുടെ പ്രവര്‍ത്തനത്തിലേക്കുള്ള ചൂണ്ടുപലകയാകുക.

2002 ഗുജറാത്തിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ജയിച്ച് മോദി മന്ത്രിസഭയിലെ ഏറ്റവും കൂടുതല്‍ വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു അമിത്ഷാ. ഗുജറാത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി കുടിയായിരുന്നു അമിത് ഷാ. ഗുജറാത്തില്‍ വ്യാപകമായി ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടന്ന കാലം കൂടിയായിരുന്നു അത് ഷൊറാഹുബുദ്ദീന്‍ ഷെയ്ക്ക്, കൗസര് ബി തുള്‍സി റാം പ്രജാപതി എന്നിവരെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലാണെന്നായിരുന്നു സിബിഐ കണ്ടെത്തിയത. ഇതില്‍ ഷൊറാഹുബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാ 2010 ല്‍ അറസ്റ്റിലാകുകയും ചെയ്തു. മുന്ന് മാസത്തിന് ശേഷം അദ്ദേഹത്തിന് ജാമ്യം അനുവദിച്ചെങ്കിലും ഗുജറാത്തില്‍ പ്രവേശിക്കാന്‍ കോടതി ആദ്യം അനുവദിച്ചില്ല. നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന് ശേഷം 2014 ഡിംസംബറിലാണ് അമിത് ഷായെ കുറ്റവിമുക്തനാക്കിയത്. അമിത് ഷായുടെ വിടുതല്‍ ഹര്‍ജി പരിഗണിച്ചിരുന്ന ജഡ്ജി ബി എച്ച് ലോയ ദുരുഹ സാഹചര്യത്തില്‍ മരിച്ചതും വിവാദമായിരുന്നു.

വിവാദങ്ങളുടെയും ശക്തമായ നിലപാടുകളുടെയും പിന്‍ബലത്തോടെയാണ് ഇന്ത്യയുടെ ആഭ്യന്തര വകുപ്പിന്റെ ചുമതല അമിത് ഷാ ഏറ്റെടുക്കുന്നത്. വിമത ശബ്ദങ്ങളോട് ഇന്ത്യന്‍ ഭരണകൂടം അസഹിഷ്ണുത കാണിക്കുന്നുവെന്ന് അന്താരാഷ്ട്ര തലത്തില്‍തന്നെ വിമര്‍ശനം ഉന്നയിക്കുന്ന ഘട്ടത്തിലാണ് അമിത് ഷാ വരുന്നത് എന്നതും ശ്രദ്ധേയമാണ്. ആര്‍എസ്എസ്സിന്റെ ആശയങ്ങളില്‍ അടിയുറച്ചുനില്‍ക്കുന്ന തീവ്രനിലപാടുകാരന്റെ ആഭ്യന്തര മന്ത്രിയായുള്ള അരങ്ങേറ്റം ഒരു ബഹുസ്വര ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമായിരിക്കുമെന്നതില്‍ സംശയമില്ല.

അമിത് ഷായ്ക്ക് ആഭ്യന്തരം, രാജ്‌നാഥ് സിംഗിന് പ്രതിരോധം, നിര്‍മ്മല സീതാരാമന് ധനം, എസ് ജയങ്കറിന്‌ വിദേശകാര്യം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍