UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

രാഷ്ട്രീയ എതിരാളികളെ നേരിടാനുള്ള തമാശയല്ല ഡിസ്ലെക്സിയ എന്ന് മോദിയോട് പൊതുസമൂഹം; എന്താണ് ഡിസ്ലെക്സിയ?

അതിജീവിക്കാനായി മറ്റു മനുഷ്യരുടെ വൈകാരികമായ പിന്തുണയും കരുതലും വേണ്ടി വരുന്ന ഈ കുഞ്ഞുങ്ങളെയാണ് പ്രധാനമന്ത്രി രാഷ്ട്രീയ ലക്ഷ്യത്തിനായി തമാശ പറയാനുപയോഗിച്ചത്

രാഷ്ട്രീയ എതിരാളികളെ നേരിടാനുള്ള ഒരു തമാശയല്ല ഡിസ്ലെക്സിയ എന്ന് സോഷ്യൽ മീഡിയ ഉറപ്പിച്ച് പറഞ്ഞ ദിവസമായിരുന്നു ഇന്നലെ. ഡിസ്ലെക്സിയ എന്ന അവസ്ഥയുള്ള കുട്ടികളെ  മുഖ്യധാരയിലേക്ക് കൊണ്ട് വരേണ്ടേ എന്ന ഒരു വിദ്യാർത്ഥിയുടെ ചോദ്യത്തിന്  രാഹുൽ ഗാന്ധിയെ പരോക്ഷമായി സൂചിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അധിക്ഷേപിക്കുന്ന ഒരു വീഡിയോ ക്ലിപ്പാണ് ഈ പഠനവൈകല്യത്തെക്കുറിച്ചുള്ള സൈബർ മാധ്യമങ്ങളിലെ ചർച്ചകൾക്ക് ചൂട് പിടിപ്പിച്ചത്. ഈ വൈകല്യം നേരിടുന്ന കുഞ്ഞുങ്ങളോട് മോദി മാപ്പു പറയണം എന്ന് വിവിധ മനുഷ്യാവകാശ സംഘടനകൾ ആവിശ്യമുന്നയിക്കുന്നുമുണ്ട്. അതിജീവിക്കാനായി മറ്റു മനുഷ്യരുടെ വൈകാരികമായ പിന്തുണയും കരുതലും വേണ്ടി വരുന്ന ഈ കുഞ്ഞുങ്ങളെയാണ് പ്രധാനമന്ത്രി രാഷ്ട്രീയ ലക്ഷ്യത്തിനായി തമാശ പറയാനുപയോഗിച്ചതെന്ന് ഓർക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പരാമർശങ്ങളുടെ  ഗൗരവം ബോധ്യപ്പെടുക.

എന്താണ് ഡിസ്ലെക്സിയ? എന്തുകൊണ്ട് അത്രമേൽ വൈകാരികം?

ഡിസ്ലെക്സിയ എന്ന അവസ്ഥയുള്ള കുട്ടി കേന്ദ്ര കഥാപാത്രമായ “താരേ സമീൻ പർ” എന്ന സിനിമയിൽ കാണികളെ വീർപ്പുമുട്ടിക്കുന്ന നിരവധി വൈകാരിക മുഹൂർത്തങ്ങളുണ്ട്. എന്താണ് ഡിസ്ലെക്സിയ എന്ന് ചോദിച്ചാൽ വായിക്കാനും എഴുതാനും സ്പെല്ലിങ്ങുകൾ മനസിലാക്കാനും ബുദ്ധിമുട്ട് നേരിടേണ്ടതായി വരുന്ന ഒരു പഠനവൈകല്യമാണ് എന്ന് പറയാം. ചുരുക്കി പറഞ്ഞാൽ ഭാഷ തിരിച്ചറിയാനും കൃത്യമായ അർഥങ്ങൾ അപനിർമ്മിച്ചെടുത്ത് ഗ്രഹിക്കാനുമുള്ള ബുദ്ധിമുട്ട്. ഡിസ്ലെക്സിയയുള്ള കുട്ടികൾക്ക്  സാധാരണ കുട്ടികളുടെ പോലുള്ള ബുദ്ധിശക്തിയും കാഴ്ചയും ഉണ്ടാകും. കൃത്യമായ സ്പെഷ്യൽ വിദ്യാഭ്യാസവും പഠന പരിശീലനവും നൽകിയാൽ ഈ കുട്ടികൾക്ക് പരീക്ഷകൾ പാസ്സാക്കാനും സാധിക്കും. പക്ഷെ ഈ കുഞ്ഞുങ്ങൾക്ക് ഒപ്പമുള്ളവർ നൽകുന്ന കരുതലും വൈകാരിക പിന്തുണയും സഹായവും വളരെ നിർണ്ണായകമാണ്.

ഈ വൈകല്യമുള്ള കുഞ്ഞുങ്ങൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച്  വളരെ പതുക്കെ മാത്രമേ എഴുതാനാകൂ. സ്പെല്ലിങ്ങുകൾ പലപ്പോഴും  അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോകും. ഉദാഹരണത്തിന് Lawn mower  എന്ന് മനസ്സിൽ ഉദ്ദേശിച്ചാലും ഈ കുട്ടികൾ ചിലപ്പോൾ പകർത്തി എഴുതുന്നത് mawn lower എന്നാകാം. താരേ സമീൻ പർ സിനിമ രംഗങ്ങളിൽ നമ്മൾ കണ്ടത് പോലെ മനസ്സിൽ ഒരു വലിയ  ആശയ പ്രപഞ്ചം ഒളിപ്പിച്ചാലും ശെരി, ഈ കുഞ്ഞുങ്ങൾക്ക് അത് കൃത്യമായി എഴുതാൻ സാധിക്കില്ല, ആ മനോഹര ആശയങ്ങളൊക്കെ വികലമായ സ്പെല്ലിങ്ങിലും നല്ലതല്ലാത്ത കയ്യക്ഷരത്തിലും പെട്ട് ആർക്കും തിരിച്ചറിയാൻ കഴിയാതാകും. ഈ കുഞ്ഞുങ്ങൾ തീരെ മോശക്കാരല്ല, ഇവർക്ക് വളരെ ക്രിയാത്മകമായി ചിന്തിക്കാനും ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുമാകും.

എന്താകും ഈ വൈകല്യത്തിന് കാരണം?

ഭാഷ കൈകാര്യം ചെയ്യാനും എഴുതാനും വായിക്കാനും  ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതിന് ചില ജനിതക കാരണങ്ങൾ ഉണ്ടെന്നാണ് പഠനങ്ങൾ കണ്ടെത്തുന്നത്. ഒരു കുഞ്ഞ് വളരുന്ന ചുറ്റുപാടുകളും ഡിസ്ലെക്സിയയ്ക്ക് കാരണമാകാം.

ഈ വൈകല്യത്തെ എങ്ങനെ തിരിച്ചറിയും?

ഒരു കുട്ടി പ്രാഥമിക വിദ്യാഭ്യാസം നടത്തുന്ന ഘട്ടത്തിൽ തന്നെ ഈ വൈകല്യം കുട്ടികളുടെ അധ്യാപകരോ മാതാപിതാക്കളോ തിരിച്ചറിയാറുണ്ട്. ഒരു കുഞ്ഞ് വായിക്കാനും എഴുതാനും തുടങ്ങാൻ വല്ലാതെ വൈകുന്ന ഘട്ടത്തിലാണ് വൈകല്യത്തെ കുറിച്ച് ശ്രദ്ധ വെക്കേണ്ടത്. ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ ഉടൻ തന്നെ സൈക്കോളജിസ്റ്റിനെ കണ്ട് ഡിസ്ലെക്സിയ ആണോ എന്ന് ഉറപ്പു വരുത്തണം.

ആ കുട്ടി മോദിയോട് ചോദിക്കുന്നത് തമാശയല്ലാതെ വളരെ ഗൗരവമുള്ള ചോദ്യമാണ്. നമ്മൾ എങ്ങനെ ഈ കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ട് വരും?

മുൻപ് സൂചിപ്പിച്ചതു പോലെ തന്നെ ഈ കുഞ്ഞുങ്ങൾക്ക് മറ്റുള്ളവരിൽ നിന്നുള്ള വൈകാരികമായ പിൻബലം വളരെ നിർണ്ണായകമാണ്. അത്രയും സ്നേഹത്തോടെ അവരെ സഹായിച്ചാൽ പയ്യെ പയ്യെ അവർക്ക് എഴുതേണ്ടതെങ്ങനെയെന്നും ഭാഷ കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്നും പഠിപ്പിച്ച് കൊടുക്കാനാകും. ക്ഷമയോടെ അവരെ നോക്കാനും പഠിപ്പിക്കാനും ഒരു വിദഗ്ദയായ സ്പെഷ്യൽ ടീച്ചറിന്റെയോ, ട്യൂട്ടറിന്റെയോ സഹായവും തേടാം. അങ്ങനെ പടിപടിയായി അവരെ ഭാഷയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്താം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍