UPDATES

ട്രെന്‍ഡിങ്ങ്

നിര്‍ണായക വിധി കാത്ത് തമിഴ്‌നാട്; ശശികലയ്ക്കും ജയലളിതയ്ക്കുമെതിരായ കേസെന്ത്?

മുഖ്യമന്ത്രിയായിരിക്കെ ശശികലയുടെയും മന്നാര്‍ഗുഡി ഫാമിലിയുടെയും സഹായത്തോടെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്

തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കാനൊരുങ്ങുന്ന ശശികല നടരാജന്റെ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി അനധികൃത സ്വത്ത് സമ്പാദനക്കേസിന്റെ വിധി ഇന്ന് വരാനിരിക്കുകയാണ്. 1997ലാണ് മുന്‍ മുഖ്യമന്ത്രി ജെ ജയലളിത ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഈ കേസ് രജിസ്റ്റര്‍ ചെയ്തത്.

1991-96 കാലഘട്ടത്തില്‍ മുഖ്യമന്ത്രിയായിരിക്കെ ശശികലയുടെയും മന്നാര്‍ഗുഡി ഫാമിലിയുടെയും സഹായത്തോടെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. 1991ല്‍ 2.01 കോടി മാത്രമായിരുന്ന അവരുടെ സ്വത്ത് 96 ആയപ്പോഴേക്കും 66.65 കോടിയായെന്നായിരുന്നു കേസ്. ഇത് ജയലളിത വെളിപ്പെടുത്തിയ തന്റെ വരുമാന സ്രോതസുമായി യോജിക്കുന്നതായിരുന്നില്ല. തന്റെ മാസവരുമാനം ഒരു രൂപയാണെന്നാണ് ജയലളിത കാണിച്ചിരുന്നത്. എന്നാല്‍ ഇത് അവരുടെ ആസ്തിയുമായി യോജിക്കുന്നതായിരുന്നില്ല.

1997ല്‍ ചാര്‍ജ്ജ് ഷീറ്റ് നല്‍കിയ കേസിന്റെ വിചാരണ 2000ല്‍ ചെന്നൈയില്‍ ആരംഭിച്ചു. എന്നാല്‍ 2001ല്‍ ജയലളിത വീണ്ടും മുഖ്യമന്ത്രിയായതോടെ ചെന്നൈയില്‍ നടക്കുന്ന വിചാരണ അട്ടിമറിക്കപ്പെടുമെന്ന് ഡിഎംകെ വാദിച്ചതോടെ 2003ല്‍ വിചാരണ ബംഗളൂരുവിലേക്ക് മാറ്റി.

അഴിമതി നിവാരണ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട ചാര്‍ജ്ജ് ഷീറ്റില്‍ ജയലളിത, അവരുടെ സഹായി ശശികല, ശശികലയുടെ മരുമകനും ജയലളിതയുടെ ദത്ത് പുത്രനുമായ സുധാകരന്‍, ശശികലയുടെ സഹോദരന്റെ ഭാര്യ ഇളവരശി എന്നിവര്‍ കുറ്റക്കാരാണെന്ന് വ്യക്തമാക്കിയിരുന്നു. ബിനാമി പേരുകളിലടക്കം 32 കമ്പനികള്‍ ആരംഭിച്ചെന്നും ശശികലയും ഇളവരശിയും സുധാകരനും ഇതിന്റെ ഡയറക്ടര്‍മാരായെന്നുമാണ് ചാര്‍ജ്ജ് ഷീറ്റില്‍ പറയുന്നത്.

കൂടാതെ തമിഴ്‌നാട്ടില്‍ പലയിടത്തുമായുള്ള ഭൂമി, ഹൈദരാബാദിലും ചെന്നൈയ്ക്കും അടുത്തുള്ള ഫാം ഹൗസുകള്‍, നീലഗിരിയിലെ തേയിലത്തോട്ടം, 28 കിലോഗ്രാം സ്വര്‍ണം, 800 കിലോഗ്രാം വെള്ളി, 10,500 സാരികള്‍, 750 ജോഡി ചെരുപ്പ് 91 വാച്ചുകള്‍ എന്നിവ ഇക്കാലയളവില്‍ ജയലളിത സമ്പാദിച്ചെന്നാണ് കേസ്. അതേസമയം സ്വര്‍ണവും വെള്ളിയും സാരികളും ചെരുപ്പുകളും തന്റെ സിനിമാ ജീവിതകാലത്തെ സമ്പാദ്യമാണെന്നാണ് ജയലളിതയുടെ വാദം. ഇതെല്ലാം 1997ലെ റെയ്ഡില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു.

കമ്പനികളുടെ അക്കൗണ്ടുകളിലേക്ക് ചെക്കുകള്‍, ഡിമാന്‍ഡ് ഡ്രാഫ്റ്റുകള്‍, പണം എന്നിവ മുഖേന നിരവധി കോടി രൂപ നിക്ഷേപിച്ചുവെന്നും അവ അണ്ണാ ഡിഎംകെയുടെ പ്രസിദ്ധീകരണമായ നമദു എംജിആര്‍, കേബിള്‍ കമ്പനിയായ സൂപ്പര്‍ ഡ്യൂപ്പര്‍ എന്നിവയുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നും ചാര്‍ജ്ജ് ഷീറ്റില്‍ പറയുന്നു. ജയലളിതയുടെ പോയസ് ഗാര്‍ഡനിലെ വീട്ടിലെ ജീവനക്കാരനും ബാങ്ക് ഇടപാടുകളുടെ ചുമതലയുമുണ്ടായിരുന്ന രാമ വിജയന്‍ ആണ് കേസിലെ മുഖ്യസാക്ഷികളില്‍ ഒരാള്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത ഇടപാടുകളുടെ പേ-ഇന്‍ സ്ലിപ്പുകളും ബാങ്ക് ഇടപാടുകളുടെ മറ്റ് വിശദവിവരങ്ങളും പിന്നീട് രാമ വിജയന്‍ സ്ഥിരീകരിക്കുകയും ചെയ്തു.

ജയലളിതയുടെ ദത്തുപുത്രന്‍ സുധാകരന്റെ വിവാഹത്തിന് ആറ് കോടി രൂപ ചെലവഴിച്ചതും ചാര്‍ജ്ജ് ഷീറ്റില്‍ പരമാര്‍ശിച്ചിട്ടുണ്ട്. അതേസമയം ഈ തുക ചെലവഴിച്ചത് വധുവിന്റെ ബന്ധുക്കളാണെന്നാണ് ജയലളിത വാദിച്ചത്. ഊട്ടിയിലെ കോടനാട്, കാഞ്ചീപുരത്തെ സിരുതവൂര്‍, ചെന്നൈയിലെ പോയസ് ഗാര്‍ഡന്‍ എന്നിവിടങ്ങളില്‍ ആഡംബര വീടുകള്‍ പണിതെന്നും പുതുക്കിപ്പണിതെന്നും ജയലളിതയ്‌ക്കെതിരെ ആരോപണമുണ്ടായിരുന്നു.

പോയസ് ഗാര്‍ഡനിലെ വീടിന്റെ നവീകരണത്തിന് 5 കോടി രൂപ ചെലവഴിച്ചുവെന്നാണ് പിഡബ്ല്യൂഡി കണക്കാക്കുന്നത്. തമിഴ്‌നാട് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷനില്‍ നിന്നുമാണ് ജയലളിതയുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ സ്ഥലം വാങ്ങിയത്. ഇവയ്ക്ക് ഒരു കോടി രൂപയാണ് വില കണക്കാക്കിയത്. കൂടാതെ കോയമ്പത്തൂരില്‍ രാംരാജ് അഗ്രോ മില്‍സ്, ചെന്നൈയില്‍ മഹാ ശുഭലക്ഷ്മി വെഡ്ഡിംഗ് ഹാള്‍, ഒരു കെമിക്കല്‍ കമ്പനി, തിരുനല്‍വേലിയില്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി, ഇത് കൂടാതെയുള്ള ഫാം എന്നിവ സുധാകരനും ശശികലയും ഇളവരശിയും ചേര്‍ന്ന് വാങ്ങിയെന്നും ചാര്‍ജ്ജ് ഷീറ്റില്‍ ആരോപിക്കുന്നു. മൈലാപ്പൂരില്‍ വാങ്ങിയ ഒരു കെട്ടിടവും ഗിന്‍ഡി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ വാങ്ങിയ ഭൂമിയും രണ്ട് അപ്പാര്‍ട്ട്‌മെന്റുകളും ചാര്‍ജ്ജ് ഷീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജയലളിതയുടെ അഭിഭാഷകര്‍ മുഖ്യമായും വാദിച്ചത് അവര്‍ പഴയകാല സൂപ്പര്‍ നായികയായിരുന്നെന്നും അതില്‍ നിന്നും സമ്പാദിച്ച പണം ഉപയോഗിച്ചാണ് ഈ ഭൂമിയെല്ലാം വാങ്ങിയതെന്നുമായിരുന്നു. കേസില്‍ പരാമര്‍ശിക്കുന്ന പല കമ്പനികളുമായും ജയലളിതയ്ക്കും മറ്റുള്ളവര്‍ക്കും യാതൊരു ബന്ധവുമില്ലെന്നും അവര്‍ വാദിച്ചു.

നമദു എംജിആറിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെട്ട പണം നിയമാനുസൃതമാണെന്നും കോടിക്കണക്കിന് അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ വരിസംഖ്യയായി അടച്ചതാണ് ഈ തുകയെന്നുമായിരുന്നു മറ്റൊരു വാദം. ജയലളിതയുടെയും മറ്റുള്ളവരുടെയും നിയമപ്രകാരമുള്ള സ്വത്തിന്മേലാണ് ഡ ിഎംകെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അന്വേഷണം നടത്തുന്നതെന്നും അവര്‍ വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ നല്ലമ്മ നായിഡു പ്രാഥമിക അന്വേഷണം പോലും നടത്തിയില്ലെന്നും ജയലളിതയുടെ അഭിഭാഷകന്‍ വാദിച്ചു.

അതേസമയം ഭൂമി വാങ്ങിയതിന്റെ എല്ലാ രേഖകളും അന്വേഷണ ഉദ്യോഗസ്ഥന് ലഭിച്ചതായും കേസില്‍ 259 സാക്ഷികളുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഈ കാലയളവില്‍ ജയലളിത ആദായനികുതി കാണിച്ചിട്ടില്ലെന്നും ഇത്രയും സ്വത്തിന്റെ കണക്കുകള്‍ കാണിച്ചില്ലെന്നും അവര്‍ വാദിച്ചു. നമദു എംജിആര്‍ ശേഖരിച്ച വരിസംഖ്യ നിയമവിരുദ്ധമാണെന്നും അതിന് റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലെന്നുമായിരുന്നു മറ്റൊരു വാദം. ശശികലയ്ക്കും ഇളവരശിയ്ക്കും സുധാകരനും ഇത്രയും സ്വത്തിനെ ന്യായീകരിക്കാനുള്ള വരുമാനം ഇല്ല. പണം എളുപ്പത്തില്‍ വഴിമാറ്റാനാണ് ഷെല്‍ കമ്പനികള്‍ വാങ്ങിയതെന്നും പ്രോസിക്യൂഷന്‍ ആരോപിക്കുന്നു.

2014 സെപ്തംബറില്‍ ബംഗളൂരു ഹൈക്കോടതി ജയലളിതയെ കുറ്റക്കാരിയാണെന്ന് കണ്ട് നാല് വര്‍ഷത്തെ തടവിന് വിധിച്ചു. കൂടാതെ നൂറ് കോടി രൂപ പിഴയും വിധിച്ചിരുന്നു. ശശികല, സുധാകരന്‍, ഇളവരശി എന്നിവര്‍ക്കും നാല് വര്‍ഷം തടവ് ശിക്ഷ വിധിച്ച കോടതി ഇവര്‍ 10 കോടി രൂപ വീതമാണ് പിഴ വിധിച്ചത്. അതേവര്‍ഷം ഒക്ടോബറില്‍ സുപ്രിംകോടതി ഈ ശിക്ഷ റദ്ദാക്കുകയും പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു.

2015 മെയില്‍ കര്‍ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് സി ആര്‍ കുമാരസ്വാമി കേസിലെ പ്രതികളെയെല്ലാം കുറ്റവിമുക്തരാക്കി. ഈ വിധിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഇന്ന് സുപ്രിംകോടതി വിധി പ്രഖ്യാപിക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍