UPDATES

ട്രെന്‍ഡിങ്ങ്

എന്താണ് പിങ്ക് പോലീസ്? അവര്‍ക്ക് പോലുമറിയില്ല അതെന്താണെന്ന്

കേരള പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റ് പറയുന്നത് ഇതൊക്കെയാണ്

ഏറെ കൊട്ടിഘോഷിച്ചാണ് കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന്റെയന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പിങ്ക് പോലീസ് ഫ്‌ളാഗ് ഓഫ് ചെയ്തത്. കനകക്കുന്ന് കൊട്ടാരത്തില്‍ വലിയൊരു സദസിന് മുന്നിലായിരുന്നു പിങ്ക് പോലീസിന്റെ തുടക്കം. ഇന്ത്യയിലെ തന്നെ ആദ്യത്തെ പിങ്ക് പോലീസ് സംവിധാനമാണ് കേരളത്തിലേത്. ഡിജിപി ലോക്‌നാഥ് ബഹ്രയും എഡിജിപി ബി സന്ധ്യയും ഉള്‍പ്പെടെയുള്ള ഉന്നത പോലീസുകാരുടെ സാന്നിധ്യത്തിലാണ് പിങ്ക് പോലീസിന്റെ ഫ്‌ളാഗ് ഓഫ് നടന്നത്. ഒപ്പം ചലച്ചിത്രതാരം മമ്ത മോഹന്‍ദാസുമുണ്ടായിരുന്നു. ഏഴുമാസത്തിനിപ്പുറം പിങ്ക് പോലീസിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കപ്പെട്ട അതേ കനകക്കുന്ന് പരിസരത്ത് തന്നെ ഈ വിഭാഗം പോലീസിന് നാണക്കേടുണ്ടാക്കിയെന്നത് മറ്റൊരു കാര്യം.

അതേസമയം ഫ്‌ളാഗ് ഓഫ് ചെയ്ത് ഏഴ് മാസമായിട്ടും പിങ്ക് പോലീസിന്റെ ചുമതലകളെന്തൊക്കെയെന്ന് പോലീസുകാര്‍ക്ക് പോലും അറിയില്ലെന്നതാണ് സത്യം. സ്‌റ്റേഷനില്‍ ഇരുത്തിയാല്‍ ശല്യമാണെന്നുള്ള ചില വനിതാ പോലീസുകാരെയാണ് പിങ്ക് പോലീസിന്റെ കാറില്‍ കയറ്റിവിടുന്നതെന്ന് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്‍ തമാശ രൂപത്തില്‍ പറയുന്നു. കാറില്‍ നഗരത്തില്‍ മുഴുവന്‍ ചുറ്റിയടിച്ച് സന്ധ്യയാകുന്നതോടെ സ്‌റ്റേഷനില്‍ തിരികെയെത്തി ഡ്യൂട്ടി അവസാനിപ്പിച്ച് പോകുന്ന ഒരു വിഭാഗം മാത്രമായി തീര്‍ന്നിരിക്കുന്നു ഇത്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം കനകക്കുന്നില്‍ ഒരുമിച്ച് സംസാരിച്ചിരുന്ന ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയോടും മോശമായി സംസാരിച്ച് പിങ്ക് പോലീസ് വിവാദത്തിലായിരിക്കുന്നത്. സദാചാര പാലകരല്ല പോലീസ് എന്ന് സംസ്ഥാന പോലീസ് മേധാവി തന്നെ വ്യക്തമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ എന്തൊക്കെയാണ് പിങ്ക് പോലീസിന്റെ ജോലിയെന്ന് പരിശോധിക്കാം.

പൊതുസ്ഥലങ്ങളില്‍ സ്ത്രീകളുടെയും സുരക്ഷ ഉറപ്പുവരുത്താനായാണ് കേരള പോലീസ് പിങ്ക് ബീറ്റ് ആരംഭിച്ചത്. പ്രത്യേകമായി പരിശീലനം നല്‍കിയ വനിത പോലീസിനെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസിയിലും സ്വകാര്യ ബസുകളിലും പട്രോളിംഗ് നടത്തുന്ന ഇവര്‍ ബസ് സ്‌റ്റോപ്പുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍, മറ്റ് പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഇവരുടെ സാന്നിധ്യമുണ്ടാകും.

ബസുകളില്‍ സഞ്ചരിക്കുന്ന സ്ത്രീകളെയും കുട്ടികളെയും മുതിര്‍ന്ന പൗരന്മാരെയും അവര്‍ അനുഗമിക്കണം. ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തിലാണ് പിങ്ക് പോലീസ് പ്രവര്‍ത്തിക്കുന്നത്. കെഎസ്ആര്‍ടിസി, പ്രൈവറ്റ് ബസുകളില്‍ സ്ത്രീകള്‍ക്കും അംഗപരിമിതര്‍ക്കും സംവരണം ചെയ്തിരിക്കുന്ന സീറ്റുകള്‍ അവര്‍ക്ക് തന്നെ ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തുകയും മറ്റുള്ളവര്‍ ഇത് ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തുകയുമാണ് ഇവരുടെ ഒരു ചുമതല.

സ്ത്രീകള്‍ക്ക് നേരെയുള്ള ഉപദ്രവത്തിന്റെയോ ലൈംഗിക അതിക്രമത്തിന്റെയോ സാധ്യതകള്‍ തടയുക. കുട്ടികളെയും അംഗപരിമിതരായ യാത്രക്കാരെയും അവര്‍ക്ക് എത്തിച്ചേരേണ്ട സ്ഥലം വരെ അനുഗമിക്കുക എന്നിവയും ഇവരുടെ ചുമതലയാണ്. കാറിന്റെ മുന്‍വശത്തും ഇരുവശത്തുമായി ക്യാമറകള്‍ ഘടിപ്പിച്ചതും ജിപിഎസ് സംവിധാനമുള്ളതുമായ കാര്‍ ആണ് പിങ്ക് പട്രോളിംഗിനായി ഉപയോഗിക്കുന്നത്. ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ തുടര്‍ച്ചയായി കണ്‍ട്രോള്‍ റൂമുകളിലെത്തും. ഈ ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമിലെ ഒരു ഉദ്യോഗസ്ഥന്‍ നിരീക്ഷിക്കുകയും ആവശ്യമുള്ള മേഖലകളിലേക്ക് കൂടുതല്‍ പോലീസിനെ വിന്യസിക്കുകയും ചെയ്യും.

പട്രോള്‍ വാഹനത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത് ഒരു വനിത പോലീസ് ഉദ്യോഗസ്ഥയാകും. സ്ത്രീകള്‍ കൂടുതലുണ്ടാകുന്ന സ്ഥലങ്ങളിലായിരിക്കും പട്രോളിംഗ് പ്രധാനമായും നടക്കുക. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ പെട്രോളിംഗ് തുടരും. ബസുകള്‍ക്കുള്ളില്‍ മാത്രമല്ല, ബസ് സ്‌റ്റോപ്പുകള്‍,മസ്‌കൂളുകള്‍ മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും ഇവര്‍ നിരീക്ഷിക്കണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍