UPDATES

വിദേശം

ലീ ക്വാന്‍ യൂ ഏഷ്യയോട് ചെയ്ത ശരികേടുകള്‍

Avatar

ഇഷാന്‍ തരൂര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

സിംഗപ്പൂര്‍ എന്ന ആധുനിക നഗര രാഷ്ട്രത്തിന്റെ സ്ഥാപകനായ ലീ ക്വാന്‍ യൂവിന് അപദാനങ്ങളും ആദരാഞ്ജലികളും പ്രവഹിക്കുകയാണ്; നല്ലതുതന്നെ. ലീയേ പോലെ ചുരുക്കം ചില ലോകനേതാക്കളെ ചരിത്രത്തില്‍ ഇത്ര നിര്‍ണായകമായി സ്വന്തം രാജ്യത്ത് ഇടപെട്ടിട്ടുള്ളൂ. ഈ വര്‍ഷാവസാനമാണ് സിംഗപ്പൂരിന്റെ പൂര്‍ണസ്വാതന്ത്ര്യത്തിന്റെ അമ്പതാംവാര്‍ഷികം; ലീയുടെ കാഴ്ച്ചപ്പാടുകളുടെയും ഭരണത്തിന്റെയും അര നൂറ്റാണ്ട്. 

തൊഴിലാളി സംഘടനകളുടെയും സോഷ്യലിസ്റ്റുകളുടെയും വക്താവായി തുടങ്ങി, രാഷ്ട്ര നിര്‍മാതാവായ ദേശീയവാദിയായി, മികച്ച ഭരണത്തിന്റെ ആഗോള മാതൃകയായി, ഒരു ഉറക്കംതൂങ്ങി രാജ്യത്തെ ഒന്നാംലോക രാഷ്ട്രമാക്കി മാറ്റിയ ചരിത്രമാണ് 91 വയസ്സില്‍ മരിച്ച ലീയുടേത്. കൊളോണിയല്‍ കാലത്തിനു ശേഷമുള്ള, ദേശീയാനന്തര വ്യക്തിത്വം എന്നു തന്നെ വിളിക്കാവുന്ന ഒരാള്‍; അവസാനകാലങ്ങളില്‍ പാശ്ചാത്യ രാഷ്ട്രീയക്കാരും, വ്യാപാര പണ്ഡിതരും ഒരുപോലെ പ്രകീര്‍ത്തിക്കുന്ന ഒരാളായും ലീ മാറി. 

എന്നാല്‍ ലീയുടെ ചരിത്രശേഷിപ്പിന് മുകളില്‍ വലിയൊരു നിഴല്‍ പതിഞ്ഞുകിടക്കും: അത് ജനാധിപത്യത്തോടുള്ള അയാളുടെ നിലപാടുകളും അതിനെ അടിച്ചമര്‍ത്താന്‍ ലീയുടെ സര്‍ക്കാര്‍ പലപ്പോഴും സ്വീകരിച്ച കര്‍ശനമായ പ്രയോഗങ്ങളുമാണ് അത്. ലീയുടെ സിംഗപ്പൂര്‍ ഒരു ഏകകക്ഷി ഭരണ രാഷ്ട്രമായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം കര്‍ശനമായി നിയന്ത്രിക്കപ്പെട്ടിരുന്നു. കടുത്ത അപകീര്‍ത്തി നിയമങ്ങള്‍ പ്രതിപക്ഷ രാഷ്ട്രീയക്കാരെ പാപ്പരാക്കുകയും ഒതുക്കുകയും ചെയ്തു. 

പഠിച്ചും കൃത്യമായും കാര്യങ്ങള്‍ നടത്തിയിരുന്ന ലീ, ഒരു രാഷ്ട്രീയ സംവിധാനമെന്ന നിലയ്ക്ക് ജനാധിപത്യത്തോട് വലിയ മമതയൊന്നും പുലര്‍ത്തിയിരുന്നില്ല. ‘ജനാധിപത്യത്തിന്റെ ആവേശം വികസനത്തിന് ചേരാത്ത അച്ചടക്കരഹിതവും ക്രമരഹിതവുമായ സാഹചര്യങ്ങളിലേക്ക് നയിക്കുന്നു,’ എന്നാണ് അദ്ദേഹം പറഞ്ഞത്. ‘ഒരു രാഷ്ട്രീയ സംവിധാനത്തിന്റെ മൂല്യത്തിന്റെ അന്തിമ പരിശോധന എന്നത്, ഭൂരിഭാഗം ജനങ്ങളുടെയും ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ അത് സമൂഹത്തെ സഹായിക്കുന്നുണ്ടോ എന്നതാണ്.’

ലീയുടെ നേതൃത്വത്തിന്‍ കീഴില്‍ സിംഗപ്പൂര്‍ സാമ്പത്തിക വികസനത്തിന്റെയും കാര്യക്ഷമതയുടെയും മാതൃകയായി. മേഖലയിലെമ്പാടും അതിന്റെ വികസന രൂപരേഖ ആഘോഷിക്കപ്പെട്ടു. അരാഷ്ട്രീയ സാങ്കേതിക വിദഗ്ധര്‍ നയിച്ച ഒരു രാഷ്ട്രം. ദെങ് സിയാവോ പിങ് 1978ല്‍ സിംഗപ്പൂരിലേക്ക് നടത്തിയ യാത്രയാണ് ഒരു സമഗ്രാധിപത്യ ഭരണത്തിന്‍ കീഴില്‍ വിപണി സമ്പദ് വ്യവസ്ഥയ്ക്കുള്ള സാധ്യതകളെക്കുറിച്ച് ചൈനക്ക് വെളിച്ചം വീശിയതെന്ന് കരുത്തുന്നു. 

‘സിംഗപ്പൂരില്‍ മികച്ച സാമൂഹ്യക്രമവും നല്ല ഭരണനിര്‍വ്വഹണവുമുണ്ട്,’ ദെങ് പറഞ്ഞു. ‘അവരുടെ അനുഭവം നമ്മള്‍ മനസിലാക്കുകയും അവരെക്കാള്‍ നന്നായി എങ്ങനെ ചെയ്യാന്‍ കഴിയുമെന്ന് നോക്കുകയും വേണം.’

സിംഗപ്പൂര്‍ മാതൃക ലോകത്തിന് മറ്റ് ചില മാതൃകകള്‍ കൂടി നല്‍കി: പാശ്ചാത്യ ഉദാര സംവിധാനത്തിന്റെ ചതിക്കുഴികള്‍ ഒഴിവാക്കി വേണം ഏഷ്യന്‍ രാജ്യങ്ങള്‍ മുന്നോട്ട് പോകാനെന്ന് എന്നതായിരുന്നു ഇതിലൊന്ന്. അതുകൊണ്ടുതന്നെ ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ക്‌സിന്‍ഹ്വ ലീയെ കുറിച്ചുള്ള അനുസ്മരണക്കുറിപ്പില്‍ ഇങ്ങനെ എഴുതി ‘ഏഷ്യന്‍ മൂല്യങ്ങള്‍ നടപ്പാക്കിയ അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസവും നീണ്ടകാലത്തെ നടപടിയും കൊണ്ടാണ്, മികച്ച ഭരണക്രമവും സമൃദ്ധമായ സമ്പദ് രംഗവും ധനികമായ സംസ്‌കാരവുമുള്ള ഒരു ഏഷ്യന്‍ സൂക്ഷ്മ ശക്തിയെ വളര്‍ത്തിയെടുക്കാനായത്.’

കിഴക്കന്‍, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ 1990കളിലെ സാമ്പത്തിക വളര്‍ച്ചയോടെയാണ് ഏഷ്യന്‍ മൂല്യങ്ങളുടെ ഗരിമ കൂടാന്‍ തുടങ്ങിയത്. ഇതിന്റെ ഏറ്റവും ഉറച്ച പ്രായോക്താക്കളിലൊരാള്‍ മലേഷ്യയുടെ നേതാവ് മഹാതിര്‍ മുഹമ്മദ് ആയിരുന്നു. 1997നു ശേഷം പല ഏഷ്യന്‍ സമ്പദ് വ്യവസ്ഥകളും സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയതോടെ ഇതിന് ശമനമാവുകയും ചെയ്തു. പക്ഷേ അതിന്റെ ചിന്താധാര ലീയുടെ ലോകവീക്ഷണത്തിന്റെ ഒരു അടിസ്ഥാന ഭാഗമായിരുന്നു. 

‘ഏഷ്യന്‍ മാതൃക എന്നൊന്നുണ്ടെന്ന് ഞാന്‍ കരുതുന്നില്ല,’ ലീ 1994ല്‍ ഫരീദ് സക്കറിയയുമായി നടത്തിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ‘പക്ഷേ ഏഷ്യന്‍ സമൂഹങ്ങള്‍ പാശ്ചാത്യ സമൂഹങ്ങളെപ്പോലെയല്ല.’ കിഴക്കന്‍ പടിഞ്ഞാറന്‍ സംസ്‌കാരങ്ങള്‍ തമ്മില്‍ വ്യക്തമായ വ്യത്യാസങ്ങളുണ്ടെന്ന് മഹാതിറിനെ പോലെ അദ്ദേഹവും വാദിച്ചു. ആദ്യത്തേതില്‍ വ്യക്തിയെക്കാള്‍ വലുതാണ് സമൂഹം; അതുകൊണ്ടുതന്നെ സമൂഹത്തിന്റെ കൂട്ടായ സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള സുരക്ഷയെക്കാള്‍ താഴെയാണ് അവിടങ്ങളില്‍ മനുഷ്യാവകാശത്തിന്റെ സ്ഥാനം. 

ഈ വാദത്തിന് ഏഷ്യയിലെ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ പിന്തുണ ലഭിച്ചെങ്കിലും വ്യാപകമായ വിമര്‍ശനവും നേരിട്ടു. ലോകത്തെ ജനങ്ങളുടെ 60 ശതമാനവും താമസിക്കുന്നത് ഏഷ്യയിലാണ്. ഇവരൊക്കെ ഏതെങ്കിലും തരത്തിലുള്ള മൂല്യവിചാരസംവിധാനത്താല്‍ പരസ്പര ബന്ധിതരാണെന്ന് പറയുന്നതു അസംബന്ധമാണ്. കിഴക്കന്‍ ഏഷ്യയിലെ വികസിത സമ്പദ് വ്യവസ്ഥകളായ തായ്വാന്‍, തെക്കന്‍ കൊറിയ, ജപ്പാന്‍ എന്നിവയൊക്കെ കാലങ്ങളായി ജനാധിപത്യ സംവിധാനം വിജയകരമായി നടപ്പാക്കുന്നു. കന്‍ഫ്യൂഷ്യന്‍ രീതിയിലുള്ള സമൂഹങ്ങളില്‍ ഉദാര, ആധുനിക രീതിയിലുള്ള രാഷ്ട്രീയം സന്തോഷകരമായി സ്വീകരിക്കപ്പെടും എന്നതിന്റെ തെളിവാണിത്. 

പടിഞ്ഞാറന്‍ നാട്ടിലേതുപോലെതന്നെ, ഏഷ്യന്‍ സംസ്‌കാരങ്ങളിലും സംവാദത്തിന്റെയും തര്‍ക്കത്തിന്റെയും സംസ്‌കാരം ഉണ്ടായിരുന്നെന്നും സാര്‍വലൗകിക മൂല്യങ്ങളിലുള്ള വിശ്വാസം സ്വാംശീകരിച്ചിരുന്നെന്നും അമര്‍ത്യ സെന്‍ പറയുന്നുണ്ട്. അത് നിഷേധിക്കുന്നത് സമഗ്രാധിപത്യത്തിന് ഒരു പുകമറ നല്‍കാനാണ്. 

‘നമുക്ക് ചില രാഷ്ട്രീയ അവകാശങ്ങള്‍ നിഷേധിക്കുന്നവര്‍ അവ ഏഷ്യന്‍ മൂല്യങ്ങളല്ലെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണ്,’ ബര്‍മയിലെ പ്രതിപക്ഷ നേതാവും നോബല്‍ സമ്മാന ജേതാവുമായ ആങ് സാന്‍ സൂകി പറയുന്നു.

ഏഷ്യന്‍ മൂല്യങ്ങള്‍ എന്ന ആശയം അപകടകരമായ ഒരു മിഥ്യയാണ് എന്നാണ് ഹോങ്കോംഗിലെ ജനാധിപത്യ സമര നേതാവ് മാര്‍ടിന്‍ ലീയും അഭിപ്രായപ്പെടുന്നത്. 

ഹോങ്കോംഗ് ലീയുടെ സിംഗപ്പൂരിനുള്ള ഒരു ബദല്‍ മാതൃകയാണ്. ഇപ്പോള്‍ അര്‍ദ്ധമനസ്സോടെ ചൈനയുടെ ഭാഗമായ ഈ മുന്‍ ബ്രിട്ടീഷ് കോളനി ഏറെ സ്വതന്ത്രവും സജീവവുമായ പൗരസമൂഹത്തോടെത്തന്നെ വലിയൊരു ഏഷ്യന്‍ വികസിത നഗരമാണ്. മോസസിനെപ്പോലെ ഒരു തത്ത്വചിന്തകാനായ രാജാവില്ലാതെയാണ് (ലീ കുവാന്‍ യൂവിനെ പോലെ)ഹോങ്കോംഗ് ഈ നേട്ടങ്ങള്‍ കൈവരിച്ചതെന്ന് ദി ഗാഡിയന്‍ പത്രത്തില്‍ ഏഷ്യന്‍ നിരീക്ഷകന്‍ ഫിലിപ് ബൌറിംഗ് എഴുതി. 

അതുതന്നെയായിരിക്കും ലീയുടെ ശേഷിപ്പും: തനതായ ശേഷികളും കഴിവുകളുമുള ലീയെ ഒരു ചരിത്രത്തിലെ ഒറ്റപ്പെട്ട ഒരു വ്യക്തിയായാണ് ഓര്‍മ്മിക്കേണ്ടത്; ഒരു മനുഷ്യ സംസ്‌കാരത്തിന്റെ പുരോഗതിയുടെ ചിഹ്നം എന്ന നിലയ്ക്കല്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍