UPDATES

സയന്‍സ്/ടെക്നോളജി

കുട്ടികള്‍ സാന്റാക്ലോസില്‍ വിശ്വസിക്കാതാകുന്നത് എങ്ങനെ?

Avatar

ജേസന്‍ ജി ഗോള്‍ഡ്മാന്‍
(സ്ലേറ്റ്)

ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ടായിരുന്നു ക്രിസ്തുമസ് ആഘോഷിച്ചു വളര്‍ന്നിരുന്നെങ്കില്‍ ഞാന്‍ സന്റാക്ലോസില്‍ വിശ്വസിക്കുമായിരുന്നോ എന്ന്. ഇല്ല എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. നോര്‍ത്ത് പോളില്‍ എവിടെയോ കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു തടിയന്‍ സാന്റയുണ്ടെന്നും അയാള്‍ റെയിന്‍ഡീയര്‍ വലിക്കുന്ന വണ്ടിയില്‍ പറന്നുവന്നു ചിമ്മിനിയിലൂടെ ഇറങ്ങി സമ്മാനങ്ങള്‍ തന്നുപോകുമെന്ന് വിശ്വസിക്കുന്ന മണ്ടന്മാരെക്കാള്‍ മിടുക്കനായിരുന്നു ഞാന്‍ എന്നായിരുന്നു എന്റെ ധാരണ. ഒറ്റ രാത്രി കൊണ്ടാണ് ഞാന്‍ മിടുക്കനായത്.

 

എന്നിട്ടും പാസോവര്‍ രാത്രി വാതില്‍പ്പടിയില്‍ കുഞ്ഞാടിന്റെ ചോര പുരട്ടാത്തത് കൊണ്ട് പേടിച്ചരണ്ട ഒരു രാത്രി ഞാന്‍ ഓര്‍ക്കുന്നുണ്ട്. മരണത്തിന്റെ മാലാഖ ഞങ്ങളുടെ വീട്ടില്‍ എന്നെ കൊണ്ടുപോകാന്‍ വരുമെന്ന് ഞാന്‍ കരുതി. ഞാന്‍ എന്റെ മാതാപിതാക്കളുടെ ആദ്യജാതനായിരുന്നു. കുറച്ചുവര്‍ഷങ്ങളെങ്കിലും ഞാനും സാന്റാക്ലോസില്‍ വിശ്വസിക്കുമായിരുന്നു എന്ന് കരുതാം. ചെറിയ കുട്ടികളെ പറ്റിക്കാന്‍ എളുപ്പമാണ്. ഒരു ചെറുമനുഷ്യന്‍ ജനിച്ചാല്‍ അതിന്റെ പ്രധാന ജോലി സംരക്ഷിക്കുന്നവരില്‍ നിന്ന് പഠിക്കാവുന്നത്ര കാര്യങ്ങള്‍ പഠിക്കുക എന്നതാണ്.

മാതാപിതാക്കളും അധ്യാപകരും പറയുന്നതെല്ലാം വിശ്വസിക്കണം എന്നാണല്ലോ വയ്പ്പ്. അവര്‍ പറയുന്നതൊന്നും തെറ്റാവാന്‍ സാധ്യതയില്ല. എന്നാല്‍ സാന്റായുടെ പ്രവര്‍ത്തികള്‍ ഭൗതികശാസ്ത്രത്തിന്റെ നിയമങ്ങളെ വകവയ്ക്കുന്നില്ല എന്നാണ് ഓസിഡന്റല്‍ കോളേജിലെ കൊഗ്‌നിട്ടീവ് സയന്റിസ്റ്റ് അയ ആന്‍ഡ്രൂ സ്തുല്മാന്‍ പറയുന്നത്. അദ്ദേഹത്തിന്റെ പഠനം കൊഗ്‌നിടീവ് ഡെവലപ്‌മെന്റ് ജേര്‍ണലില്‍ ഉടന്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. ‘സമയം, ഇടം എന്നിവയെപ്പറ്റിയുള്ള നമ്മുടെ ധാരണകളെയെല്ലാം സാന്റ തെറ്റിക്കുന്നുണ്ട്. ലോകത്തിലെ കുട്ടികളെ എല്ലാവരെയും ഒരേരാത്രി തന്നെ സന്ദര്‍ശിക്കുന്നു. ചെറിയ ചിമ്മിനിയിലൂടെ വീടുകളില്‍ കടന്നുചെന്ന് ഒരു വസ്തുവിന് ഉള്‍ക്കൊള്ളാവുന്ന അളവിനെപ്പറ്റിയുള്ള ധാരണയും തടിവണ്ടിയില്‍ പറക്കുന്നതിലൂടെ പറക്കലിനെപ്പറ്റിയുള്ള ധാരണകളും തെറ്റിക്കുന്നു. എന്നിട്ടും മറ്റേത് ഫാന്റസി കഥാപാത്രത്തെക്കാള്‍ കൂടുതല്‍ ശക്തമായി കൂടുതല്‍ കുട്ടികള്‍ സാന്റയില്‍ വിശ്വസിക്കുന്നു.

ഓരോ കുട്ടിയും വികൃതി കാണിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സാന്റ ലോകത്തില്‍ എല്ലായിടത്തും കാമറകള്‍ വെച്ചിട്ടുണ്ട് എന്നാണ് ഒരു കുട്ടി പറഞ്ഞത്.

സാന്റ ഉണ്ടോ എന്ന് ഒരു കുട്ടിക്ക് സംശയം തോന്നിയാല്‍ തന്നെ അച്ഛന്‍, അമ്മ, അമ്മൂമ്മ, അപ്പൂപ്പന്‍ എന്നിങ്ങനെ കുട്ടിയുടെ ജീവിതത്തിലെ അധികാരമുള്ള ആളുകള്‍ എല്ലാവരും ഒരേ കഥ പറയുമ്പോള്‍ അവരോടു വാദിച്ചുജയിക്കല്‍ എളുപ്പമല്ല. സാന്റയില്ലാത്ത വീടുകളിലെ കുട്ടികള്‍ പോലും സിനിമയിലും ടിവിയിലും കാണുന്ന സാന്റയിലൂടെ സാന്റയില്‍ വിശ്വസിച്ചുപോവുകയാണ് ഉണ്ടാവുക.

എന്നാല്‍ ഒടുവില്‍ ഒരു കുട്ടി സാന്റ ഇല്ല എന്ന വിശ്വാസത്തില്‍ എത്തുന്നതെങ്ങനെ എന്നതാണ് സ്തുല്മാന്റെ പഠനം. ആദ്യം ഈ വിശ്വാസത്തില്‍ എത്താന്‍ സഹായിച്ച സാംസ്‌കാരികഘടകങ്ങള്‍ തന്നെയാണ് ഇല്ല എന്ന തിരിച്ചറിവിലും എത്തിക്കുന്നത് എന്ന് കരുതുന്നവരുണ്ട്. എന്നാല്‍ അതുകൊണ്ട് അര്‍ത്ഥമാക്കുന്നത് സ്വന്തം നിലയില്‍ കുട്ടികള്‍ക്ക് സാന്റയോട് അവിശ്വാസം തോന്നില്ല എന്നാണ്. ഇല്ല എന്ന് വിശ്വസിപ്പിച്ചില്ലെങ്കില്‍ അവര്‍ സാന്റ എന്ന ഈ ലോകം മുഴുവന്‍ സമ്മാനമെത്തിക്കുന്ന ആളില്‍ വിശ്വസിക്കല്‍ തുടരുമെന്നാണ്.

അവര്‍ക്ക് ലഭിക്കുന്ന സാംസ്‌കാരികസന്ദേശം മാറുന്നത് കൊണ്ടല്ല കുട്ടികള്‍ സാന്റയില്‍ സംശയിക്കുന്നത്, മറിച്ച് അവരുടെ ബുദ്ധി വികസിക്കുന്നത് കൊണ്ടാണ് എന്ന് സ്തുല്മാന്‍ പറയുന്നു. എത്ര സന്തോഷവാനായ ആളായാല്‍ പോലും ഒരു മനുഷ്യന് ഒരിക്കലും ലോകം മുഴുവന്‍ സമ്മാനങ്ങള്‍ എത്തിക്കാന്‍ കഴിയില്ലെന്ന് മനസിലാക്കാനുള്ള ബുദ്ധി അവര്‍ക്കുണ്ടാകും.

ഇത്തരം വിശ്വാസങ്ങളുടെ പരിണാമം മനസിലാക്കാനായി സ്തുല്മാന്‍ മൂന്നിനും ഒന്‍പതിനുമിടയിലുള്ള നാല്‍പ്പത്തിയേഴ് കുട്ടികളെയാണ് ഉപയോഗിച്ചത്. ഈ പഠനത്തില്‍ പങ്കെടുത്ത കുട്ടികള്‍ എല്ലാവരും സാന്റയില്‍ വിശ്വസിക്കുന്നു എന്ന് പറഞ്ഞുവെങ്കിലും അവര്‍ ഓരോരുത്തരും സാന്റയെപ്പറ്റി വ്യത്യസ്തമായ രീതിയിലാണ് മനസിലാക്കിയിരുന്നത്.

മുതിര്‍ന്ന കുട്ടികള്‍ ഒരു പക്ഷെ സാന്റ കുട്ടികള്‍ കുസൃതി കാണിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് കാമറകള്‍ ഉപയോഗിച്ചാണെന്നും റെയിന്‍ഡിയര്‍ പറക്കുകയല്ല, അവയെ നൂലുകൊണ്ട് കെട്ടിയുയര്‍ത്തിയിരിക്കുകയാണെന്നും പറഞ്ഞേക്കാം. ചെറിയ കുട്ടികള്‍ ഇതെല്ലാം മാജിക്ക് ആണെന്ന് കരുതും.

 

തങ്ങള്‍ ജീവിക്കുന്ന ലോകത്തിന്റെ ഭൗതികമായ പരിമിതികളെപ്പറ്റിയുള്ള അവരുടെ വളരുന്ന അറിവാണ് സാന്റയുടെ അതിമാനുഷകഴിവുകള്‍ക്ക് വിശദീകരണങ്ങള്‍ കണ്ടെത്താന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നത്. ചില കുട്ടികള്‍ സാന്റയെ ചുറ്റിപ്പറ്റിയുള്ള കഥകളുടെ വിശ്വസനീയതയെ ചോദ്യം ചെയ്യുന്നതും കാണാം.

സാന്റ എന്നതില്‍ മാത്രമായിരുന്നില്ല സ്തുല്മാന്റെ പഠനവിഷയം. കുട്ടികളുടെ അവിശ്വാസത്തെ കൃത്യമായി അളക്കാനും സാധ്യമായിരുന്നില്ല. കൂടുതല്‍ ചോദ്യങ്ങള്‍ കുട്ടികളുടെ മാതാപിതാക്കളെ അസ്വസ്ഥരാക്കിയേക്കാം. കുട്ടികള്‍ ഏറ്റവുമധികം വിശ്വസിക്കുന്ന ആളുകളായ അച്ഛനമ്മമാരില്‍ നിന്നും അധ്യാപകരില്‍ നിന്നും ഒക്കെ പ്രചരിക്കുന്ന തെറ്റായ അറിവുകളുടെ ഭാഗമായാണ് സാന്റയുടെ കഥയെ പഠനത്തില്‍ കാണുന്നത്. സ്വന്തം അനുഭവത്തിലൂടെ മനസിലാക്കാന്‍ കഴിയാത്ത കാര്യങ്ങളെ കുട്ടികള്‍ എങ്ങനെ മനസിലാക്കുന്നു എന്നറിയാന്‍ അവരുടെ സാന്റാ വിശ്വാസങ്ങള്‍ സഹായിക്കും.

പല കുട്ടികള്‍ക്കും എപ്പോഴെങ്കിലും സാന്റയില്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ട് തോന്നിത്തുടങ്ങും. അവരുടെ മാതാപിതാക്കള്‍ ഒരുപക്ഷെ അപ്പോഴും ആ കഥ പ്രോല്‍സാഹിപ്പിക്കുന്നുണ്ടാകും. അമ്മ സ്ഥിരമായി സാന്റയുടെ കഥ പറഞ്ഞുകൊണ്ടിരുന്ന ഒരു കുട്ടി പറഞ്ഞത് സ്തുല്മാന്‍ ഓര്‍മ്മിക്കുന്നു. അമ്മ സമ്മാനങ്ങള്‍ വര്‍ണ്ണകടലാസുകൊണ്ട് പൊതിയാനായി ഇരുന്നപ്പോഴാണ് കടലാസിന്റെ മറുവശത്ത് മകന്റെ സന്ദേശം കണ്ടത്. ‘സാന്റ ഈ കടലാസാണ് ഉപയോഗിക്കുന്നതെങ്കില്‍ അമ്മയാണ് സാന്റ!’ മിടുക്കന്‍.

ഭൗതികശാസ്ത്രത്തിന്റെയും ജൈവശാസ്ത്രത്തിന്റെയും അടിസ്ഥാനങ്ങളെ അവഗണിക്കുന്ന പല കാര്യങ്ങളും മുതിര്‍ന്നവര്‍ കുട്ടികളോട് പറയാറുണ്ട്. സാന്റയെ അവിശ്വസിക്കുന്ന അതെ ബോധം തന്നെ മറ്റു മതപരമായ വിശ്വാസങ്ങളെയും ചോദ്യം ചെയ്യാന്‍ ഒരു കുട്ടിയെ പ്രേരിപ്പിക്കും. എന്നാല്‍ ഈ രണ്ടു ഫാന്റസികളും ഒരേ രീതിയിലല്ല നിര്‍മ്മിക്കപ്പെടുന്നത് എന്ന് സ്തുല്മാന്‍ പറയുന്നു. സാന്റ ഇല്ല എന്ന് പറയാനും ആളുകള്‍ വലിയ വിഷമമൊന്നും കാണിക്കാറില്ല. ഒരു നുണയാണ് തങ്ങള്‍ പറയുന്നതെന്ന് മുതിര്‍ന്നവര്‍ക്കും ഉത്തമബോധ്യമുണ്ട്. ഒരു ഘട്ടമേത്തുമ്പോള്‍ നുണപറയല്‍ മുതിര്‍ന്നവര്‍ നിറുത്തുകയും ചെറിയ കുട്ടികളോട് ഈ നുണ പറയാന്‍ മുതിര്‍ന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ആകാശത്ത് കൂടി പറക്കുന്ന ഒരു റെയിന്‍ഡിയര്‍ ഉണ്ട് എന്ന് വിശ്വസിക്കുന്ന ഒരു മുതിര്‍ന്നവ്യക്തി മതവിശ്വാസസമൂഹത്തില്‍ പോലും മണ്ടനായി കരുതപ്പെടും. എന്നാല്‍ ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്നയാളിന് ബഹുമാനം ലഭിക്കുകയും ചെയ്യും.

സാന്റയുടെ കഴിവുകളെ സംശയിക്കുന്ന അത്ര തന്നെ മറ്റു മതബിംബങ്ങളെ കുട്ടികള്‍ സംശയിക്കുന്നുണ്ടോ എന്നത് അന്വേഷിക്കല്‍ കൂടുതല്‍ രസകരമായ ഒരു ചോദ്യമായിരിക്കും എന്ന് സ്തുല്മാന്‍ പറയുന്നു. അങ്ങനെയുണ്ടെങ്കില്‍ നിരീശ്വരവാദികള്‍ പ്രത്യേകം ശ്രദ്ധിക്കുക. കുട്ടികളുടെ ഉള്ളിലെ സ്വതസിദ്ധമായ സംശയത്തെ ഉണര്‍ത്തുക മാത്രമേ നിങ്ങള്‍ ചെയ്യേണ്ടതുള്ളൂ.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍