UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാണിപ്പേടിയില്‍ ഉറക്കം നഷ്ടപ്പെട്ട ചിലര്‍

Avatar

കെ എ ആന്റണി

കേരള രാഷ്ട്രീയം ഏറെ കലങ്ങി മറിഞ്ഞിരിക്കുന്നു. ഒരു കള്ളുകച്ചവടക്കാരന്റെ കുടം ഉടഞ്ഞപ്പോള്‍ ആദ്യം പുറത്ത് വന്നത് കേരളത്തിന്റെ ധനകാര്യമന്ത്രി. കുറ്റക്കാരനാണെന്ന് ഒരു കോടതിയും ഇനിയും തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ലെങ്കിലും ഗത്യന്തരമില്ലാതെ മാണി രാജിവച്ചിരിക്കുന്നു. അതും ഏറെ നീണ്ടു നിന്ന രാഷ്ട്രീയ നാടകങ്ങള്‍ക്ക് ഒടുവില്‍. ഇനിയിപ്പോള്‍ അറിയേണ്ടത്, ബിജു രമേശിന്റെ കുടത്തില്‍ നിന്ന് പുറത്ത് വരുന്ന ഭൂതങ്ങള്‍ ആരൊക്കെയാണ് എന്നതാണ്. രണ്ടാമന്‍ എക്‌സൈസ് മന്ത്രി കെ ബാബു തന്നെ. മൂന്നാമന്‍ ഉമ്മന്‍ ചാണ്ടി ആകുമോ എന്നാണ് രാഷ്ട്രീയ കേരളം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

ബാര്‍ കോഴയുമായി ബന്ധപ്പെട്ട് കെഎം മാണിക്ക് എതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ മുതല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വീകരിച്ചു വരുന്ന നിലപാട് ഏറെ സംശയം ജനിപ്പിക്കുന്നു. മാണിയുടെ രാജി താനോ ഹൈക്കമാന്‍ഡോ ആവശ്യപ്പെട്ടത് അല്ലെന്നും സ്വമേധയാ എടുത്ത് തീരുമാനം ആണ് എന്നുമാണ് ചാണ്ടി പറയുന്നത്. കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി ജഡ്ജി കമാല്‍പാഷ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്ന് ഉടലെടുത്ത രാഷ്ട്രീയ നാടകം സാധാരണ പൗരന്‍മാര്‍ പോലും കണ്ടതാണ്. യുഡിഎഫില്‍ തന്നെയുള്ള മുസ്ലിംലീഗ് നേതാക്കള്‍ മാത്രമല്ല കോണ്‍ഗ്രസിലേയും ഇതര ഘടകകക്ഷികളുടേയും നേതാക്കളും മാണിയുടെ രാജി ആവശ്യപ്പെടുന്നത് ജനം കാണുകയും കേള്‍ക്കുകയും ചെയ്തതാണ്. എന്നിട്ടും ഉമ്മന്‍ചാണ്ടി ഇപ്പോഴും തുടരുന്ന ഈ ഒളിച്ചുകളി ബാര്‍ കോഴ കേസില്‍ അദ്ദേഹത്തിനുള്ള പങ്കിനെ കുറിച്ചു കൂടി സംശയം ജനിപ്പിച്ചു കൂടായ്കയില്ല. ഒരുപക്ഷേ, നേരിട്ട് പ്രതിയല്ലെങ്കിലും നല്ലപിള്ള ചമയാനുള്ള ഉമ്മന്‍ചാണ്ടിയുടെ അതിബുദ്ധി പ്രശ്‌നങ്ങള്‍ ഒരുപക്ഷേ കൂടുതല്‍ ഗൗരവതരമാക്കാനേ സാധ്യതയുള്ളൂ. പ്രത്യേകിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് വിധി യുഡിഎഫിന് പ്രതികൂലമാകുകയും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി നേതൃമാറ്റം എന്ന ആവശ്യം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഐ ഗ്രൂപ്പ് ഉന്നയിക്കുകയും ചെയ്യുന്ന ഈ ഘട്ടത്തില്‍.

തീര്‍ത്തും ഗതികെട്ടാണ് മാണി രാജി വച്ചത്. രാജിക്ക് മുമ്പായി തന്നാലാകുന്ന എല്ലാവിധ സമ്മര്‍ദ്ദങ്ങളും പയറ്റി. ഒടുവില്‍ പിജെ ജോസഫ് വിഭാഗം തനിക്കൊപ്പം നില്‍ക്കുകയില്ലെന്ന് കൂടി മനസിലാക്കിയത് കൂടിയാണ് ഇന്നലെ രാത്രി വരെ നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ട് മാണി രാജി അറിയിച്ചത്. മന്ത്രി ബാബു പറയുന്ന ന്യായവാദങ്ങള്‍ എത്രമാത്രം ശരിയെന്ന് ആര്‍ക്കും അറിയില്ല. എങ്കിലും ബാബുവിന്റെ വെപ്രാളത്തില്‍ നിന്നും ചില അപകടങ്ങള്‍ മണക്കുന്നുണ്ട്. അദ്ദേഹം ആരെയൊക്കയോ പേടിക്കുന്നത് പോലെ. തന്റെ വാദങ്ങളില്‍ ബിജു രമേശ് ഉറച്ച് നില്‍ക്കുമ്പോള്‍ മന്ത്രി ബാബു പറയുന്നിടത്ത് എവിടെയൊക്കയോ ചില വശപിശകുകള്‍ ആര്‍ക്കും വായിച്ചെടുക്കാം. ഇന്ന് രാവിലെ മാണി സാറിന്റെ വീട്ടില്‍ മൂന്ന് പേര്‍ എത്തിയിരുന്നു. ഒന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തന്റെ സന്ദര്‍ശനം കാബിനറ്റ് മീറ്റിങ്ങിന് മുമ്പ് തോമസ് ഉണ്യാടന്റെ രാജിക്കാര്യം ചര്‍ച്ച ചെയ്യാനാണ് എന്ന് അദ്ദേഹം പറഞ്ഞില്ല. എങ്കിലും അത് ചര്‍ച്ചാ വിഷയം ആയിട്ടുണ്ടാകും എന്നത് തീര്‍ച്ച. രമേശ് മന്ത്രിയും ബാബു മന്ത്രിയും വന്നത് സീനിയര്‍ നേതാവിനോട് പഴയ ലോഹ്യം തുടരാനാണെന്നാണ് അവരും പറഞ്ഞ് ഒഴിഞ്ഞത്. എന്ത് തന്നെയായാലും കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും സര്‍ക്കാരിന്റേയും ഉള്ളറകളില്‍ എന്തൊക്കയോ ചീഞ്ഞ് നാറുന്നുണ്ട്. അത് തല്‍ക്കാലം ഭരണം പിടിച്ചു നിര്‍ത്താനുള്ള വെപ്രാളം മാത്രമായി കാണാനാകില്ല. പുറത്ത് പോയ മാണി ഇനി എന്തൊക്കെ ചെയ്യുമെന്ന ഭയം ചിലരെയൊക്കെ വല്ലാതെ ഗ്രസിച്ചമട്ടുണ്ട്. ഒന്നും വിട്ടു കൊടുക്കാതെ മാണി തുടരുകയും തന്റെ കേസുകളുമായി മുന്നോട്ടു പോകുമെന്ന് ബിജു രമേശ് തറപ്പിച്ചു പറയുകയും ചെയ്യുമ്പോള്‍ പലതും കൂട്ടിവായിക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍