UPDATES

വിദേശം

യെമനിലെ സൗദി ആക്രമണം പശ്ചിമേഷ്യയെ എങ്ങനെ ബാധിക്കും?- ഇഷാന്‍ തരൂര്‍ എഴുതുന്നു

Avatar

ഇഷാന്‍ തരൂര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

യെമനിലെ ഹൂതി സേനയുടെ അധീന പ്രദേശങ്ങളില്‍ വ്യാഴാഴ്ച്ച അതിരാവിലെ സൗദി അറേബ്യ വ്യോമാക്രമണം നടത്തി. ഹൂതി വിമതര്‍ നിലവിലെ പ്രസിഡന്റ് അബേദ് റബ്ബോ മന്‍സൂര്‍ ഹാദിയെ തലസ്ഥാനമായ സനായില്‍ നിന്നും ഇതിനകം പുറത്താക്കിയിരിക്കുന്നു. അയാളുടെ നിയന്ത്രണത്തിലുള്ള അവസാനപ്രദേശമായ, നിര്‍ണായക തെക്കന്‍ തുറമുഖനഗരം ഏദനില്‍ നിന്നും ഹാദിയെ തുരത്തുന്നതിന്റെ വക്കിലാണ് അവര്‍.

‘റിയാദുമായി നിലവില്‍ അടുപ്പമുള്ള സുന്നി ഗള്‍ഫ് രാഷ്ട്രങ്ങള്‍ അടങ്ങുന്ന അറബ് രാജ്യങ്ങളുടെ ഒരു സഖ്യമാണ് ഓപ്പറേഷന്‍ ഡിസിസീവ് സ്‌റ്റോം എന്ന സൈനിക നടപടി ഏകോപിപ്പിക്കുന്നതെ’ന്ന് സൗദി മാധ്യമങ്ങള്‍ പറയുന്നു.

നൂറിലേറെ സൗദി യുദ്ധവിമാനങ്ങളാണ് സന, ഏദന്‍ എന്നിവിടങ്ങളിലെ വ്യോമകേന്ദ്രങ്ങളും താവളങ്ങളും ലക്ഷ്യം വെച്ചു ആക്രമിക്കുന്നത്. ഹൂതികളുടെ വ്യോമശക്തി നിര്‍വീര്യമാക്കിയതായാണ് വാര്‍ത്തകള്‍. ഈ പ്രദേശങ്ങളിലെ നഗര സാന്ദ്രത വെച്ചുനോക്കുമ്പോള്‍ സാധാരണക്കാരായ ആളുകളെ ആക്രമണം എത്രത്തോളം ബാധിച്ചു എന്നത് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമല്ല.

ഹൂതികളെ പിന്തുണക്കുന്നു എന്നു കരുതുന്ന പശ്ചിമേഷ്യയിലെ ഷിയ ശക്തി ഇറാനെതിരെയുള്ള നിഴല്‍യുദ്ധമായാണ് പലരും ഇതിനെ കാണുന്നത്. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ജിഹാദികള്‍ക്കെതിരെയായ പോരാട്ടത്തില്‍ ഇറാക്കിലെ ഇറാന്‍ അനുകൂലികള്‍ക്ക് അമേരിക്ക പിന്തുണ നല്‍കുന്ന സാഹചര്യത്തിലുമാണ് ഈ ആക്രമണം.

ഇതിനിടയിലും അറബ് ലോകത്തെ ഏറ്റവും ദരിദ്ര രാഷ്ട്രമായ യെമന്‍ ശിഥിലമാകുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ തുടരുന്നു.

സൗദിയുടെ വ്യോമാക്രമണങ്ങള്‍ തെക്കന്‍ യെമനിലെ ഹൂതികളുടെ മുന്നേറ്റം തടയുകയും അവരുടെ ശേഷി കുറക്കുകയും ചെയ്‌തേക്കാമെങ്കിലും ആ മുന്നേറ്റത്തെ തോല്‍പ്പിക്കാനാവില്ല.

ബോംബാക്രമണങ്ങള്‍ ആക്രമണത്തിന്റെ തുടക്കം മാത്രമാണെന്നാണ് സൗദി പറയുന്നത്. ഹൂതികളുടെ കീഴടങ്ങലാണ് ലക്ഷ്യമെങ്കില്‍ അതിനു വലിയ കരയുദ്ധം തന്നെ വേണ്ടിവരും.

വിവിധ ദിശകളില്‍നിന്നുമുള്ള ആസൂത്രിത ബഹുമുഖ കരയുദ്ധത്തിന്റെ സൂചനകള്‍ പരക്കുന്നുണ്ട്. വ്യോമാക്രമണം പോരാഞ്ഞു അധിനിവേശം കൂടിയാകുമ്പോള്‍ ഹൂതികള്‍ക്കുള്ള ജനപിന്തുണ കൂടാനാണ് സാധ്യത.

ജനകീയ പ്രതിഷേധങ്ങള്‍ക്കും സൈനിക കൂറുമാറ്റങ്ങള്‍ക്കും ശേഷമാണ് ഹൂതികളുടെ സാവധാനത്തിലുള്ള വിമത മുന്നേറ്റം ശക്തിയാര്‍ജ്ജിച്ചത്. തുടര്‍ന്നവര്‍ കഴിഞ്ഞ സെപ്റ്റംബറില്‍ സനാ കീഴടക്കുകയും പാര്‍ലമെന്റ് പിടിച്ചെടുക്കുകയും ചെയ്തു.

വടക്കന്‍ യെമനില്‍ ഏറെ നൂറ്റാണ്ടുകളായി മുന്‍തൂക്കമുള്ള ഇമാമുകളുള്ള ഒരു ഷിയ ശാഖയായ സൈദി വിഭാഗവുമായി അടുത്ത ബന്ധമുള്ള രാഷ്ട്രീയ മുന്നേറ്റമാണ് ഹൂതികളുടേത്. എന്നാല്‍ ആശയപരമായ മേല്‍ക്കൈ നേടാന്‍ എന്നതിലുപരി അധീന പ്രദേശങ്ങള്‍ക്കും, പണത്തിനും, അധികാരത്തിനും വേണ്ടിയാണ് അവരുടെ പോരാട്ടങ്ങള്‍ മിക്കതും.

യെമനെ ഏറെനാള്‍ അടക്കിഭരിച്ച മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സലേക്കെതിരെ ഉയര്‍ന്നുവന്ന എതിര്‍പ്പ് കഴിഞ്ഞ ഒന്നര ദശാബ്ദത്തിനിടയില്‍ ശക്തിയാര്‍ജ്ജിച്ച് ഒടുവില്‍ 2011ലെ ജനാധിപത്യവാദ പ്രക്ഷോഭത്തിനൊടുവില്‍ സലേയുടെ രാജിയിലേക്കും നയിച്ചു.

പക്ഷേ സൗദിയുടെ നേതൃത്വത്തിലുള്ള ഗള്‍ഫ് സഹകരണ സമിതിയുടെ പിന്തുണയോടെ, സുന്നി ഗള്‍ഫ് രാജ്യങ്ങളുടെ സഹായത്തോടെ വന്ന ഹാദിയുടെ ഭരണത്തില്‍ തങ്ങള്‍ ഒതുക്കപ്പെട്ടതായി ഹൂതികള്‍ക്ക് തോന്നി.

ഹാദിയുടെ ദുര്‍ബ്ബലമായ ദേശീയ ഐക്യ സര്‍ക്കാരിന് കീഴില്‍ യെമനില്‍ ഇല്ലാതിരുന്നെന്ന് ഉറപ്പുള്ള ഒന്നു ഐക്യമായിരുന്നു.

തെക്കന്‍ യെമനില്‍ അല്‍ക്വെയ്ദ സഖ്യത്തിലുള്ള സായുധ സംഘങ്ങളും സുന്നി ഗോത്രങ്ങളും തങ്ങളുടെ കലാപങ്ങള്‍ നടത്തി. ഇതിനിടെ ഹൂതികള്‍ സ്വന്തം ശക്തി വര്‍ധിപ്പിച്ചു. അസംതൃപ്തരായ ഗോത്രങ്ങളും വിഭാഗങ്ങളുമായി കൂട്ടുചേര്‍ന്നാണ് അവര്‍ സനായും യെമനിലെ വലിയ ഭൂപ്രദേശങ്ങളും പിടിച്ചെടുത്തത്.

ഹൂതികളുമായി നീണ്ടകാലമായി ശത്രുതയിലായിരുന്ന അവരുടെ മുന്നേറ്റത്തില്‍ ഗണ്യമായ പങ്കുവഹിച്ചു എന്ന കടുത്ത സംശയം നിലനില്‍ക്കുന്നു. സലേയോട് കൂറുപുലര്‍ത്തുന്ന സൈനിക വിഭാഗങ്ങള്‍ ഹാദി സര്‍ക്കാരിനെതിരെയുള്ള പോരാട്ടത്തില്‍ ഹൂതികള്‍ക്ക് പിന്തുണ നല്‍കി.

ഈ വര്‍ഷം ആദ്യം വാഷിംഗ്ടണ്‍ പോസ്റ്റിന് നല്‍കിയ ഒരു അഭിമുഖത്തില്‍ ഹൂതികളുമായി നേരിട്ടു ബന്ധമുണ്ടെന്നുള്ള വാര്‍ത്തകള്‍ സലേ നിഷേധിച്ചിരുന്നു. പക്ഷേ യെമന്റെ ദുരിതങ്ങള്‍ക്ക് അയാള്‍ ഹാദിയെ കുറ്റപ്പെടുത്തി.

‘ശക്തമായ ഒരു ഭരണകൂടമില്ലാത്തതിനാല്‍ ഹൂതികള്‍ നിയന്ത്രണം കയ്യാളുന്നത് സ്വാഭാവികമാണ്,’ സലേ പറഞ്ഞു.

തോക്ക് കയ്യിലുള്ളവര്‍ കൂടുതലും ഹൂതികളായതുകൊണ്ടു അവര്‍ക്കിനി ചെയ്യാനുള്ളത് നേട്ടങ്ങള്‍ ഉറപ്പിക്കുക എന്നത് മാത്രമാണെന്ന് യെമന്‍ നിരീക്ഷകന്‍ ഗ്രിഗറി ജോണ്‍സണ്‍ പറയുന്നു.

മേഖലയിലെ മറ്റ് സംഘര്‍ഷങ്ങള്‍ക്കിടയില്‍ യെമനിലെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ മുങ്ങിപ്പോവുകയായിരുന്നു.

സൗദി അറേബ്യയും സഖ്യകക്ഷികളും ഇപ്പോള്‍ സിറിയ, ലിബിയ, യെമന്‍ എന്നീ രാജ്യങ്ങളിലെ ഏറിയും കുറഞ്ഞും മത, വിഭാഗീയ ഛായയുള്ള സംഘര്‍ഷങ്ങളിലെല്ലാം നേരിട്ടു ഇടപെടുന്നുണ്ട്.

ആക്രമണം തുടരുന്നതിനെതിരെ മേഖലയിലെ സൗദിയുടെ ശത്രുവായ ഇറാന്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

‘യെമന്റെ ഭൗമ ഭദ്രതയ്ക്കും ജനങ്ങള്‍ക്കും എതിരായ പുറത്തുനിന്നുള്ള ഇടപെടല്‍ കൂടുതല്‍ രക്തച്ചൊരിച്ചിലും മരണങ്ങളും മാത്രമാണു സൃഷ്ടിക്കുക,’ഇറാന്‍ വിദേശകാര്യ മന്ത്രി മൊഹമ്മദ് ജാവദ് ശരീഫ് പറഞ്ഞു.

ഇറാന്റെ സഖ്യകക്ഷി കൂടിയായ കലാപകലുഷിതമായ സിറിയയുടെ പ്രസിഡന്റ് ബഷര്‍ അല്‍ അസദ് സൗദിയുടെ ‘യെമന് നേര്‍ക്കുള്ള നഗ്നമായ കടന്നുകയറ്റത്തെ’ അപലപിച്ചു.

ഐക്യരാഷ്ട്ര സഭയില്‍ അസാദിന്റെ പ്രധാന സുഹൃത്തായ റഷ്യ സംഘര്‍ഷം നിര്‍ത്തിവെക്കാനും ‘വിശാലമായ ദേശീയ സംവാദത്തിനും’ ആഹ്വാനം ചെയ്തു. അതിനുള്ള സാധ്യതകള്‍ തീരെയില്ലെങ്കിലും.

അറബ് ലോകത്തിന്റെ രാഷ്ട്രീയ, വിഭാഗീയ വേര്‍തിരിവുകളുടെ സൂക്ഷ്മചിത്രമായ ലെബനനില്‍ നിന്നാണ് ഏറ്റവും ശ്രദ്ധേയമായ പ്രസ്താവനകള്‍ വന്നത്.

ഇറാന്റെ പിന്തുണയുള്ള ഷിയാ സംഘടന ഹെസ്‌ബൊള്ള പറഞ്ഞത് യെമനിലെ സൗദി സാഹസത്തിന് നിയമപരമോ നീതിയുക്തമോ ആയ യാതൊരു ന്യായീകരണവും ഇല്ലെന്നാണ്.

അതേസമയം ലെബനനിലെ പ്രധാന സുന്നി നേതാവ് സാഡ് ഹരീ സൗദി രാജാവിന്റെ ഇടപെടലിനെ ധീരവും യുക്തവുമെന്ന് വിശേഷിപ്പിച്ചു.

ഹൂതികള്‍ക്ക് എത്രത്തോളം ഇറാന്‍ പിന്തുണയുണ്ടെന്ന് വ്യക്തമല്ല. ‘പ്രധാനമായും ഒരു യെമന്‍ ആഭ്യന്തര യുദ്ധമായ ഇതിലെ ഇറാന്റെ പങ്ക് പെരുപ്പിച്ചുകാട്ടുകയാണ്,’ എന്നാണ് പശ്ചിമേഷ്യന്‍ നയ കേന്ദ്രത്തിലെ മുതിര്‍ന്ന അംഗം കെന്നത്ത് പൊള്ളാക് പറയുന്നത്.

എന്തായായാലും ഹൂതികള്‍ ഈ സാഹചര്യം തങ്ങള്‍ക്കായി ഉപയോഗിക്കുകയാണ്.

‘ഞങ്ങള്‍ക്കാവുന്ന എല്ലാ തരത്തിലും ഞങ്ങള്‍ സൗദി അടിച്ചമര്‍ത്തലിനെതിരെ പോരാടും,’ ഒരു ഹൂതി വക്താവ് പറഞ്ഞതായി വാള്‍സ്ട്രീറ്റ് ജേണല്‍ വാര്‍ത്ത നല്‍കുന്നു. ‘യെമന്‍ രക്തം അത്ര വിലയില്ലാത്തതല്ല. സൗദി യെമനില്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്.’

ഒബാമ ഭരണകൂടത്തിനാകാട്ടെ ഒരു നിര്‍ണായക സമയത്താണ് സൗദിയുടെ യെമന്‍ ആക്രമണം.

ഇറാനുമായി അവരുടെ വിവാദമായ ആണവ പദ്ധതിയെ സംബന്ധിച്ചു ഒരു സുപ്രധാന ധാരണ ഉണ്ടാക്കാനുള്ള ചര്‍ച്ചകള്‍ സ്വിറ്റ്‌സര്‍ലണ്ടില്‍ വെച്ചു നടത്തിവരികയാണ് യു എസ്.

യെമനില്‍ ഇറാന്‍ പിന്തുണയുള്ള പോരാളികള്‍ക്ക് മേല്‍ സൗദി ബോംബിടുമ്പോള്‍ ഇറാക്കില്‍ ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെ ഇറാന്‍ പിന്തുണയുള്ള പോരാളികളെ സഹായിക്കാന്‍ യു എസ് നേരിട്ടുള്ള വ്യോമാക്രമണം നടത്തി.

സൗദി ആക്രമണത്തിന് യു എസ് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. യെമനിലെ നിയമാനുസൃത സര്‍ക്കാരിനെതിരായ ഹൂതി മുന്നേറ്റത്തെ അപലപിച്ചു പ്രസ്താവനകളും ഇറക്കി. കഴിഞ്ഞ കുറച്ച് കൊല്ലങ്ങളായി യു എസിന്റെ പശ്ചിമേഷ്യയിലെ ജനാധിപത്യത്തോടും ഭരണമാറ്റത്തോടും രാഷ്ട്രീയ സ്ഥിരതയോടും സുരക്ഷയോടുമുള്ള പരസ്പര വിരുദ്ധമായ പ്രതിബദ്ധത മേഖല പ്രതിസന്ധിയില്‍ കുരുങ്ങിക്കിടക്കുകയാണ്. ലെബനന്‍കാരനായ ആക്ഷേപഹാസ്യ എഴുത്തുകാരന്‍ കാള്‍ ഷാര്‍ലോയുടെ ഒരു ട്വീറ്റില്‍ ഈ അവസ്ഥ കൃത്യമായി പറയുന്നു:

ഈ രേഖാചിത്രം പൂര്‍ണമായും കൃത്യമായിരിക്കണമെന്നില്ല. പക്ഷേ ഇതൊന്നു വേര്‍തിരിച്ചെടുക്കുമ്പോള്‍ നിങ്ങള്‍ക്ക് തോന്നുന്ന തലവേദനയാണ് ഒരു പക്ഷേ വാഷിംഗ്ടണിലെ തന്ത്രജ്ഞന്‍മാര്‍ക്കും തോന്നുന്നുണ്ടായിരിക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍