UPDATES

വിദേശം

പാരിസ് കാലാവസ്ഥ കരാറിലെ അമേരിക്കയുടെ പിന്മാറ്റം; ഇനിയെന്ത്?

ഭൂമീമാതാവിനെ സംരക്ഷിക്കാനുള്ള കരാറില്‍ നിന്ന് പിന്മാറില്ലെന്ന് ഇന്ത്യ

പാരീസ് കാലാവസ്ഥാ കരാറുമായി മുന്നോട്ട് പോകാനുള്ള തീരുമാനമാണ് ഇന്നലെ ഫ്രഞ്ച് പ്രസിഡന്റ്റ് ഇമ്മാനുവല്‍ മാര്‍ക്കോണുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചത്. പുതിയ കരാറുകള്‍ ഒന്നും ഇക്കാര്യത്തില്‍ ഉണ്ടാകില്ലെന്നും അമേരിക്ക ഇല്ലെങ്കിലും പാരീസ് കരാറുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്.

പാരിസ് കാലാവസ്ഥാ കരാറില്‍ നിന്നും പിന്മാറാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം ആഗോള താപനത്തിനെതിരെ ശക്തമായ നീക്കങ്ങള്‍ സ്വീകരിക്കുന്ന മറ്റ് ലോകരാജ്യങ്ങളെ സംബന്ധിച്ച്  തികച്ചും പ്രകോപനപരമായ ഒന്നാണ്. ശരാശരി താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ഉയരാതെ വാതക മാലിന്യങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കുകയാണ് ഈ കരാറില്‍ ഒപ്പുവച്ചിരിക്കുന്ന ഓരോ ലോകരാജ്യങ്ങളും. കാലാകാലങ്ങളില്‍ ഈ ശ്രമങ്ങള്‍ക്ക് രൂപഘടന നല്‍കി മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് പാരിസ് കരാറിന്റെ ലക്ഷ്യം. എന്നാല്‍ ഈ പ്രക്രിയയില്‍ പങ്കാളിയാകാനില്ലെന്ന് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി തന്നെയാണ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

അമേരിക്കയുടെ പിന്മാറ്റത്തിന് ശേഷം പാരിസ് കരാറിന് എന്ത് സംഭവിക്കുമെന്ന് പരിശോധിക്കാം.

2015ല്‍ ഒപ്പുവച്ച പാരിസ് കരാറില്‍ 195 രാജ്യങ്ങളാണ് പങ്കാളികളായിട്ടുള്ളത്. സെനറ്റ് ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെന്നതിനാല്‍ അമേരിക്കയ്ക്ക് ഈ കരാറില്‍ നിന്നും പിന്മാറാന്‍ നിരവധി തടസ്സങ്ങളുണ്ട്. പിന്മാറുന്നതായി ട്രംപ് പ്രാഖ്യാപിച്ചെങ്കിലും അതിന്റെ നിയമ നടപടികള്‍ പൂര്‍ത്തിയാകാന്‍ നാല് വര്‍ഷത്തോളം ആവശ്യമാണ്. കൃത്യമായി 2020 നവംബര്‍ നാലോടെ മാത്രമേ പാരിസ് കരാറില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം പൂര്‍ണമാകൂ. അതായത് അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത ദിവസം മാത്രം. അടുത്ത സര്‍ക്കാരിന് ഈ കരാറില്‍ പുന:പ്രവേശനത്തിനുള്ള സാധ്യതകളുമുണ്ട്.

ഐക്യരാഷ്ട്രസംഘടനയുടെ ഫ്രേയിംവര്‍ക്ക് കണ്‍വെന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചിലെ അംഗമായി തന്നെ അമേരിക്ക ഇനിയും തുടരും. ഐക്യരാഷ്ട്ര സംഘടന സംഘടിപ്പിക്കുന്ന ഏതൊരു കാലവസ്ഥാ ചര്‍ച്ചകളിലും അവര്‍ക്ക് പങ്കെടുക്കാനും സാധിക്കും. എന്നാല്‍ ഈ വിഷയത്തില്‍ രാജ്യത്തിന്റെ ഒരു മുന്‍ ബാധ്യതകളും താന്‍ പിന്തുടരില്ലെന്ന് ട്രംപ് വ്യക്തമാക്കിക്കഴിഞ്ഞു. അതോടൊപ്പം പ്രാദേശിക കാലാവസ്ഥ നയങ്ങള്‍ ട്രംപ് ഭരണകൂടം പൊളിക്കുകയും ചെയ്യും. ഊര്‍ജ്ജ നിര്‍മ്മാണ ശാലകളിലെ മാലിന്യം പുറന്തള്ളല്‍ കുറയ്ക്കുന്നതുള്‍പ്പെടെ എണ്ണ, വാതക ഇന്ധനങ്ങളുടെ ഉത്പ്പാദനത്തിനിടെ പുറന്തള്ളുന്ന മീഥെയ്ന്‍ അളവ് കുറയ്ക്കലും ഇതോടെ താളം തെറ്റും. എന്നാല്‍ പാരിസ് കരാറില്‍ നിന്നും പുറത്തുപോയതുകൊണ്ട് പ്രാദേശികമായ എല്ലാ കാലാവസ്ഥ പ്രശ്‌നങ്ങളെയും തഴയുന്നുവെന്ന് കരുതാനാകില്ല. കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക് പോലുള്ള സംസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ കാലാവസ്ഥ സുരക്ഷ പരിപാടികളുമായി മുന്നോട്ട് പോകാന്‍ സാധിക്കും.

അതേ സമയം, ആഗോള താപനം കുറയ്ക്കുന്നതിന് അമേരിക്ക നല്‍കുന്ന സംഭാവന ഇനി വളരെ കുറവായിരിക്കും. 2025-ഓടെ വാതക പുറന്തള്ളല്‍ 26 മുതല്‍ 28 ശതമാനം വരെ കുറയ്ക്കാമെന്നായിരുന്നു 2015ല്‍ കരാര്‍ ഒപ്പിട്ടപ്പോള്‍ ഒബാമ സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ റോഡിയം ഗ്രൂപ്പ് സമീപകാലത്ത് നടത്തിയ പഠനം അനുസരിച്ച് 2025-ഓടെ 2005നേക്കാള്‍ 15 മുതല്‍ 19 ശതമാനം വരെ കുറയ്ക്കാന്‍ ട്രംപ് ഭരണകൂടത്തിന്റെ നയങ്ങള്‍ക്ക് സാധിക്കും.

യൂറോപ്യന്‍ രാജ്യങ്ങളും ചൈനയും ഇന്ത്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളും അമേരിക്കയില്ലാതെ ആഗോള താപനത്തിനെതിരായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി കഴിഞ്ഞു. അതേസമയം വാതക പുറന്തള്ളലില്‍ ലോകത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന അമേരിക്ക കരാറില്‍ നിന്നും പിന്മാറുന്നതോടെ ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറയ്ക്കാനുള്ള പദ്ധതികള്‍ക്കുമേലുണ്ടായേക്കാവുന്ന ഏറ്റവും വലിയ സമ്മര്‍ദ്ദം ഇല്ലാതാകാകുയാണ്.

അമേരിക്കയ്ക്ക് ഇത്രമാത്രം താല്‍പര്യങ്ങളേയുള്ളൂവെങ്കില്‍ തങ്ങള്‍ എന്തിന് അധിക ചെലവ് സഹിക്കണമെന്നാണ് മറ്റ് രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ ചോദിക്കുന്ന പ്രധാന ചോദ്യം. പാരിസ് കരാറിലെ സുപ്രധാനമായ വ്യവസ്ഥ അനുസരിച്ച് മറ്റ് രാജ്യങ്ങളിലെ പ്രകൃതിക്ഷോഭങ്ങള്‍ക്ക് മൂന്ന് ലക്ഷം കോടി ഡോളര്‍ അമേരിക്ക സഹായമായി നല്‍കും. ഒബാമ സര്‍ക്കാര്‍ ഇതില്‍ ഒരുലക്ഷം കോടി ഡോളര്‍ നല്‍കിക്കഴിഞ്ഞു. എന്നാല്‍ ഇത്തരത്തിലുള്ള ഒരു ധനസഹായവും ഇനി പ്രതീക്ഷിക്കേണ്ടതില്ലെന്ന നിലപാടാണ് ട്രംപിന്. ഇതോടെ ആഫ്രിക്കയിലെയും ഏഷ്യയിലെയും പല വികസ്വര രാജ്യങ്ങളും പ്രതിസന്ധിയിലാകും.

കരാറില്‍ നിന്നും പിന്മാറിയതോടെ അമേരിക്കയും നയതന്ത്രപരമായ പല പ്രതിസന്ധികളും നേരിടും. യൂറോപ്യന്‍ രാജ്യങ്ങളും ചൈനയും അമേരിക്കയുമായുള്ള പല വ്യാപാര കരാറുകളില്‍ നിന്നും സഹകരണം പിന്‍വലിക്കാനുള്ള സാധ്യത ഏറെയാണ്. എല്ലാത്തിനുപരി മറ്റ് രാജ്യങ്ങള്‍ അമേരിക്കയോട് കാര്‍ബണ്‍ നികുതി ഈടാക്കുകയും ചെയ്‌തേക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍