UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരു ബുധനാഴ്ച ഇന്ത്യയോട് പറയുന്ന കാര്യങ്ങള്‍

Avatar

ടീം അഴിമുഖം 

 

താന്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിന്റെ രണ്ടു മുഖങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വെളിപ്പെടുത്തിയ ദിവസമായിരുന്നു ഇന്നലെ (ബുധനാഴ്ച). ഒരു ഭാഗത്ത് ആത്മഹത്യ ചെയ്ത വിമുക്ത ഭടന്റെ കുടുംബത്തെ കാണാനെത്തിയ സംസ്ഥാന മുഖ്യമന്ത്രിയേയും മറ്റ് രാഷ്ട്രീയ നേതാക്കളെയും തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു അദ്ദേഹത്തിന്റെ പോലീസ്. പോലീസ് കസ്റ്റഡിയിലെടുത്തവരില്‍ മരിച്ചയാളിന്റെ മകന്‍ ഉള്‍പ്പെടെയുള്ളവരും ഉണ്ടായിരുന്നു. അന്നു വൈകിട്ട് ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ രാംനാഥ് ഗോയങ്ക പുരസ്‌കാര ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ ഒരു കാര്യം പരോക്ഷമെന്നോണം സൂചിപ്പിച്ചു; രാജ്യത്തിന്റെ ഐക്യത്തെ വെല്ലുവിളിക്കുന്ന കാര്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത് ശരിയല്ല.

 

ഒരു കാര്യം മോദി അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിരിക്കുന്നു. ഏത് തരത്തിലുള്ള രാഷ്ട്രീയമാണ് താന്‍ മുന്നോട്ടു വയ്ക്കുന്നത് എന്ന്. ഇക്കാര്യത്തില്‍ നമ്മള്‍ അദ്ദേഹത്തോട് കൃതജ്ഞതയുള്ളവരായിരിക്കേണ്ടതുണ്ട്.

 

ഒരു സൈനികന്റെ മരണം
റാം മനോഹര്‍ ലോഹ്യ ഹോസ്പിറ്റലിനു മുന്നില്‍ സുബേദാര്‍ രാം കൃഷന്‍ ഗ്രേവാളിന്റെ മൃതദേഹം വിട്ടുകിട്ടാനായി കാത്തിരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പിന്നീട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങിയവര്‍ കുടുംബത്തെ കാണാനെത്തി. പൊടുന്നനെയാണ് ഡല്‍ഹി പോലീസ് പറയുന്നത് അവര്‍ക്ക് കുടുംബത്തെ കാണാന്‍ സാധിക്കില്ല എന്ന്‍. മണിക്കുറുകളോളം ആംആദ്മി പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ ആ കുടുംബത്തിന് സഹായവുമായി അടുത്തുണ്ടായിരുന്നു.

 

എന്നാല്‍ പോലീസിന്റെ പെട്ടെന്നുള്ള നിലപാടു മാറ്റം കേവലം പോലീസ് തീരുമാനമായിരുന്നില്ല. അതൊരു രാഷ്ട്രീയ തീരുമാനമായിരുന്നു. ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെ തലങ്ങും വിലങ്ങും വേട്ടയാടാനായി ആന്റി കറപ്ഷന്‍ ബ്യൂറോയുടെ തലപ്പത്ത് അവരോധിച്ച സ്‌പെഷ്യല്‍ കമ്മീഷണല്‍ എം.കെ മീണ അലറി: “ഈ തരത്തിലുള്ള രാഷ്ട്രീയം അനുവദിക്കാന്‍ പറ്റില്ല”. ഐ.പി.എസുകാരനാണ് മീണ. എന്നാല്‍ അയാളുടെ ഇന്നലത്തെ പെരുമാറ്റം താന്‍ സേവിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ കുഴലൂത്തുകാരന്‍ എന്ന രീതിയിലായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തറപറ്റിച്ച് അരവിന്ദ് കെജ്‌രിവാള്‍ അധികാരത്തിലെത്തിയപ്പോള്‍ മുതല്‍ ഡല്‍ഹി സര്‍ക്കരിനെ തകര്‍ക്കാന്‍ മോദി നടത്തുന്ന ശ്രമങ്ങളുടെ ബാക്കിപത്രം.

 

പോലീസ് അവിടംകൊണ്ടും നിര്‍ത്തിയില്ല. ആത്മഹത്യ ചെയ്ത ആ വിമുക്ത ഭടന്റെ കുടുംബത്തെ കസ്റ്റഡിയിലെടുക്കുകയാണ് അവര്‍ അടുത്തതായി ചെയ്തത്. ആ ഭടന്റെ മകനെ പോലീസ് സ്‌റ്റേഷനില്‍ മര്‍ദ്ദിച്ചതു കൂടാതെ തറയിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. പിന്നീട് കുടുംബത്തെ കൊണാട്ട് പ്ലേസ് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. രാഹുല്‍ ഗാന്ധി, സിസോദിയ എന്നിവരെ നിരവധി തവണ കസ്റ്റഡിയിലെടുത്തു കൊണ്ടുള്ള പോലീസ് നടപടി മണിക്കുറുകള്‍ നീണ്ടു. വൈകുന്നേരം കെജ്‌രിവാളിനെ കസ്റ്റഡിയില്‍ നിന്നു വിടുന്നതു വരെ നീണ്ടു നിന്നു മോദിയുടെ പോലീസിന്റെ പരാക്രമങ്ങള്‍.

 

 

അതിനിടെ പുരസ്‌കാരദാനം
ഐ.റ്റി.സി മൗര്യയിലെ വര്‍ണപ്പകിട്ടാര്‍ന്ന ചടങ്ങില്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് സംഘടിപ്പിച്ച രാംനാഥ് ഗോയങ്ക പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു മോദി ആ വൈകുന്നേരം. ആന്റി-എസ്റ്റാബ്ലിഷ്‌മെന്റ് എന്ന നിലയില്‍ എക്കാലത്തും നിലപാട് സ്വീകരിച്ചിരുന്ന ഇന്ത്യന്‍ എക്‌സ്പ്രസ് ന്യൂസ് റൂം ഈ സമയത്ത് അത്ര ശാന്തമായിരുന്നില്ല. മോദിയെ ചടങ്ങിലേക്ക് ക്ഷണിച്ചതിനെതിരെ എക്‌സ്പ്രസിലെ മുതിര്‍ന്ന എഡിറ്റര്‍മാരൊക്കെ അതൃപ്തരായിരുന്നു. ജനാധിപത്യ ഇന്ത്യയില്‍ തെരഞ്ഞെടുക്കപ്പെട്ട നേതാവാണെങ്കിലും മാധ്യമ പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം മോദി നിരന്തരമായി മാധ്യമങ്ങളെ അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നയാളാണ്. തന്റെ ഓഫീസില്‍ നിന്ന് എഴുതിക്കൊടുക്കുന്ന ചോദ്യങ്ങളല്ലാതെ മറ്റൊന്നും അഭിമുഖത്തില്‍ ചോദിക്കാന്‍ പാടില്ല എന്ന് ശാഠ്യം പിടിക്കുന്നയാളാണ്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൂര്‍ണമായും സര്‍ക്കാരിന്റെ വാതില്‍ കൊട്ടിയടച്ചയാളാണ്.

 

എന്നാല്‍ ആ സമയം ആഗതമായിരിക്കുന്നു എന്നതിന്റെ സൂചനയായിരുന്നു എക്‌സ്പ്രസ് ചടങ്ങിലെ മോദിയുടെ സാന്നിധ്യം. ആന്റി-എസ്റ്റാബ്ലിഷ്‌മെന്റ് റോള്‍ ഇനിയൊരിക്കിലും തുടരാന്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്ന് എക്‌സ്പ്രസ് ഗ്രൂപ്പ് തുറന്നു സമ്മതിക്കുന്നതിന്റെ ലക്ഷണമായിരിക്കാം അത്. അല്ലെങ്കില്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി പതിയെ സര്‍ക്കാര്‍ അനുകൂല മനോഭാവം കാണിച്ചു തുടങ്ങിയതിന്റെ ബാക്കിയായിരിക്കാം അത്.

 

വളരെ മൃദുവായി, എന്നാല്‍ ഏവര്‍ക്കും വ്യക്തമാകുന്ന വിധത്തില്‍ മോദി രണ്ടു കാര്യങ്ങള്‍ മാധ്യമങ്ങളെക്കുറിച്ച് ചടങ്ങില്‍ പങ്കുവച്ചു. “സര്‍ക്കാരിനെ എത്രത്തോളം വിമര്‍ശിക്കുന്നുവോ അത്രത്തോളം നല്ലതാണ്. അതില്‍ എനിക്ക് യാതൊരു പ്രശ്‌നവുമില്ല. എന്നാല്‍ രാജ്യത്തിന്റെ ഐക്യത്തിനായിരിക്കണം നാം മുന്‍ഗണന നല്‍കേണ്ടത്. അക്കാര്യത്തില്‍ ഏതെങ്കിലും വിധത്തില്‍ പിഴവുകളുണ്ടായാല്‍… നിങ്ങള്‍ക്ക് അതൊരു വാര്‍ത്ത മാത്രമായിരിക്കും, നിങ്ങള്‍ മറ്റു വാര്‍ത്തകളുടെ പിറകേ പോവുകയും ചെയ്യും, പക്ഷേ അതുണ്ടാക്കുന്ന മുറിവ് വലുതായിരിക്കും”. മോദി പറഞ്ഞു.

 

മാധ്യമങ്ങളെ നന്നായിട്ടൊന്നു കൊട്ടാനും മോദി മറന്നില്ല. മാധ്യമങ്ങള്‍ക്ക് തന്റെ മേലുള്ള ശ്രദ്ധയെക്കുറിച്ചായിരുന്നു അത്. “അല്ലെങ്കില്‍ എന്നെ ആരറിയുമായിരുന്നു എന്നെ? സ്വാതന്ത്ര്യത്തിനു ശേഷം ഏതെങ്കിലും രാഷ്ട്രീയ നേതാവിന് ഇത്രയധികം പ്രത്യേക ശ്രദ്ധ (മാധ്യമങ്ങളുടെ) കിട്ടിയിട്ടുണ്ടെങ്കില്‍ അത് ഞാനായിരിക്കും”- അദ്ദേഹം പറഞ്ഞു.

 

ആ വൈകുന്നേരം അവസാനിച്ചതോടെ രണ്ടു കാര്യങ്ങള്‍ വ്യക്തമായി: ഇന്ത്യയില്‍ ഇത്രകാലവും നിലനിന്നിരുന്ന നടപ്പുശീലങ്ങളൊന്നും പിന്തുടരാന്‍ മോദി തയാറല്ല. അതിനൊപ്പം, മോദിയുടെ ചാണക്യതന്ത്രങ്ങളോട് കിടപിടിക്കാന്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികള്‍ക്ക് കഴിയുന്നുമില്ല. എന്നാല്‍ ഭിന്നാഭിപ്രായങ്ങള്‍ ഇനിയും ധൈര്യത്തോടെ ഉയര്‍ന്നുവരും. അപ്രതീക്ഷിതമായ മേഖലകളില്‍ നിന്നായിരിക്കും അത്. ബുധനാഴ്ച വൈകുന്നേരം അതുണ്ടായത് ടൈംസ് ഓഫ് ഇന്ത്യയിലെ മുതിര്‍ന്ന ജേര്‍ണലിസ്റ്റ് അക്ഷയ് മുകളിന്റെ ഭാഗത്തു നിന്നായിരുന്നു. അദ്ദേഹത്തിന്റെ ഗീതാ പ്രസ് എന്ന പുസ്തകം രാംനാഥ് ഗോയങ്ക മികച്ച നോണ്‍-ഫിക്ഷന്‍ പുരസ്‌കാരത്തിന് അര്‍ഹമായെങ്കിലും ചടങ്ങ് ബഹിഷ്‌കരിക്കുകയാണ് അക്ഷയ് ചെയ്തത്. “മോദിക്കൊപ്പം ഒരേ ഫ്രെയിമില്‍ നില്‍ക്കാനും അദ്ദേഹം ഹസ്തദാനം ചെയ്യുമ്പോള്‍ ക്യാമറയെ നോക്കി ചിരിക്കാനും എനിക്ക് കഴിയില്ല” എന്നു വ്യക്തമാക്കിക്കൊണ്ടായിരുന്നു ആ ബഹിഷ്‌കരണം.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍