UPDATES

സയന്‍സ്/ടെക്നോളജി

ആപ്പിളിന്റെ സ്വകാര്യ സിഇഒയുടെ സ്വകാര്യതകള്‍

Avatar

ടിം ഹിഗ്ഗിന്‍സ്‌
(ബ്ലൂംബര്‍ഗ്)

ആപ്പിളിന്റെ സി ഇ ഒ ആയ ടിം കുക്ക് സ്വകാര്യ ജീവിതത്തിന്റെ മറയില്‍ നിന്നും കമ്പനിയുടെ സാരഥിയായി അരങ്ങത്തേക്ക് വന്നുതുടങ്ങിയതോടെ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് അറിയാനുള്ള പൊതുജനത്തിന്റെ താല്‍പര്യം വര്‍ദ്ധിച്ചിരിക്കുകയാണ്. ജോര്‍ജ് വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ ബിരുദ ദാന ചടങ്ങില്‍ പങ്കെടുക്കവേ കുക്ക് 1970-കളില്‍ ജോര്‍ജ് വാല്ലസ് ഗവര്‍ണറായിരുന്ന അലബാമയില്‍ ജീവിക്കുന്ന സമയത്ത് താന്‍ നേരിട്ട് കണ്ട ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളുടെ അനുഭവം പങ്കിടുകയും അനീതിക്കെതിരെ പോരാടാന്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

‘നിങ്ങളുടെ ദൈനംദിന ജീവിത ചെലവുകള്‍ നിര്‍വഹിക്കുകയും അതേ സമയം നിങ്ങള്‍ക്ക് ശരിയെന്നും നീതിയുക്തമെന്നും തോന്നുന്ന കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങളെ പ്രാപ്തമാക്കുകയും ചെയ്യുന്ന ഒരു ജോലി കണ്ടെത്തുകയെന്ന വെല്ലുവിളിയാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്. നിങ്ങളുടെ ധ്രുവനക്ഷത്രത്തെ കണ്ടെത്തുക, ജോലിയിലും ജീവിതത്തിലും നിങ്ങളെയത് നല്ല വഴിയിലേക്ക് നയിക്കും.’ തടിച്ചു കൂടിയ 25,000 ഓളം വരുന്ന വിദ്യാര്‍ഥികളോട് കുക്ക് ഉപദേശിച്ചു.

‘എന്താണ് നല്ലതെന്നും ശരിയെന്നും തിരിച്ചറിയേണ്ട ആവശ്യം എന്റെ ജീവിതത്തിലുമുണ്ടായിട്ടുണ്ട്. അതൊരു യാത്രയായിരുന്നു, സത്യം തേടിയുള്ള തിരച്ചിലായിരുന്നുവത്. എന്റെ മാതാപിതാക്കളിലും പള്ളിയിലും പിന്നെ സ്വന്തം ഹൃദയത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ഗുണപാഠങ്ങളാണ് എന്റേതായ കണ്ടെത്തലുകളുടെ യാത്രയില്‍ എനിക്ക് കൂട്ടായുണ്ടായിരുന്നത്. പൊതുവായനശാലയില്‍ ഞാന്‍ കണ്ടെത്തിയ പുസ്തകങ്ങളെല്ലാം ഒരു സത്യത്തിലേക്കാണ് വിരല്‍ ചൂണ്ടിയത്. വാല്ലസിന്റെ ചിന്തകള്‍ തെറ്റായിരുന്നു, വര്‍ണ്ണ വിവേചനം പോലെ അനീതിയും ഈ ലോകത്തില്‍ നിന്നും തുടച്ചു മാറ്റേണ്ടതുമാണ്. സമത്വം നമ്മുടെ അവകാശമാണ്.

പതിനാറാം വയസ്സില്‍ ഒരു പ്രബന്ധ മത്സരത്തില്‍ ജേതാവായപ്പോള്‍ യു എസ് തലസ്ഥാനത്തേക്ക് നടത്തേണ്ടി വന്ന യാത്ര കുക്കിന്റെ ജീവിതത്തെ ആകെ മാറ്റി മറിച്ചു. സമ്മാനദാനച്ചടങ്ങിന്റെ മുഖ്യാതിഥിയായി വന്നിരുന്നത് വാല്ലസ് ആയിരുന്നു, ‘അദ്ദേഹവുമായി ഹസ്തദാനം നടത്തേണ്ട സമയം വന്നപ്പോള്‍ എനിക്കെന്റെ വിശ്വാസങ്ങളെ വഞ്ചിക്കുന്നതു പോലെ തോന്നി, ആത്മാവിനെ രണ്ടു വെള്ളിക്കാശിനു പണയം വച്ചവന്റെ അനുഭവമാണ് എനിക്കുണ്ടായത്,’ കുക്ക് പറഞ്ഞു.

ഇത്തരത്തിലുള്ള കുറിപ്പുകള്‍ സ്റ്റീവ് ജോബ്‌സിന്റെ പകരക്കാരനായി വര്‍ഷങ്ങളോളം കമ്പനിയിലുണ്ടായിരുന്നെകിലും പൊതുവെ നാണം കുണുങ്ങിയായ കുക്കിനെക്കുറിച്ചുള്ള പൊതുജനാഭിപ്രായം വര്‍ദ്ധിപ്പിക്കാന്‍ ഇത് കാരണമാവും. ഈയടുത്താണ് കുക്ക് പൊതു വേദികളില്‍ തന്നേക്കുറിച്ചും കമ്പനിയെക്കുറിച്ചും കൂടുതല്‍ വാചാലനാവാന്‍ തുടങ്ങിയത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നാം അദ്ദേഹത്തെക്കുറിച്ച് മനസ്സിലാക്കിയ കാര്യങ്ങളാണ് താഴെപ്പറയുന്നത്.

1) സമൂഹത്തില്‍ മാറ്റമുണ്ടാക്കാന്‍ കൊതിക്കുന്നവനാണ് അദ്ദേഹം
സ്വവര്‍ഗ്ഗാനുരാഗികളുടെ അവകാശമുള്‍പ്പെടെ അദ്ദേഹം വിശ്വസിക്കുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ക്കു വേണ്ടി പൊതുസമൂഹത്തിലുള്ള തന്റെ സ്ഥാനം നല്ല രീതിയില്‍ അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. ഒക്ടോബറില്‍ ജനങ്ങളെ അവരുടെ ലൈംഗിക പരിഗണനയുടെ പേരില്‍ സംരക്ഷിക്കാതിരിക്കുന്നതിനെതിരെ തന്റെ മാതൃ സംസ്ഥാനത്തെ കുറ്റപ്പെടുത്തിയ കുക്ക് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ബ്ലൂംബെര്‍ഗ് ബിസിനസ് വീക്കില്‍ താന്‍ സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ‘ദൈവം തന്ന ഏറ്റവും വലിയ സമ്മാനമായിട്ടാണ് എന്റെ സ്വവര്‍ഗ്ഗാനുരാഗത്തെ ഞാന്‍ കാണുന്നത്’ അദ്ദേഹം പറഞ്ഞു. 

ബിസിനസ്സുകാര്‍ക്ക് സ്വവര്‍ഗ്ഗാനുരാഗികളായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും മതത്തിന്റെ പേരില്‍ സേവനം നല്‍കാതിരിക്കാനുള്ള അവകാശം നല്‍കിയ ഇന്‍ഡിയാന സംസ്ഥാനത്തിനെതിരെ സിലിക്കോണ്‍ വാലിയിലെ നേതാക്കള്‍ മാര്‍ച്ചില്‍ നടത്തിയ പ്രതിഷേധത്തില്‍ കുക്കും പങ്കെടുത്തിരുന്നു. ഈ നിയമം പിന്നീട് പിന്‍വലിക്കപ്പെട്ടു.

2) തന്റെ പണം മുഴുവന്‍ ദാനം ചെയ്യാന്‍ പോകുകയാണ് അദ്ദേഹം
780 മില്ല്യന്‍ ഡോളറോളം വരുന്ന തന്റെ സമ്പാദ്യത്തിന്റെ മുഖ്യ പങ്കും അനന്തരവനന്റെ കോളേജ് ഫീസ് നല്‍കിയതിനു ശേഷം കാരുണ്യ പ്രവര്‍ത്തനത്തിനു വേണ്ടി ദാനം ചെയ്യാന്‍ തയ്യാറാണെന്ന രഹസ്യമാണ് ഒരു മാഗസീന്‍ മാര്‍ച്ചില്‍ പുറത്തുവിട്ടത്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

3) അവധിയെടുക്കുന്നതില്‍ പിശുക്കനാണ് അദ്ദേഹം
ഉപയോഗിക്കാതിരുന്ന അവധി കാരണം 56, 923 ഡോളറാണ് കഴിഞ്ഞ വര്‍ഷം ആപ്പിള്‍ കുക്കിന് നല്‍കേണ്ടി വന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 62 ശതമാനം കൂടുതല്‍.

4) അദ്ദേഹത്തിനു കുറച്ച് സുഹൃത്തുക്കളെ വേണം
മാര്‍ച്ച് ഒമ്പതിനു നടന്ന ആപ്പിള്‍ വാച്ച് പരിചയപ്പെടുത്തല്‍ വേദിയില്‍ എങ്ങനെ പ്രത്യേക ഹൃദയമിടിപ്പ് സന്ദേശമായ് അയക്കാം എന്നകാര്യം കുക്ക് വിശദീകരിച്ചു.  ‘നിങ്ങള്‍ മറ്റൊരാളെക്കുറിച്ച് എത്രമാത്രം ചിന്തിക്കുന്നുണ്ടെന്ന സന്ദേശം കൈമാറാന്‍ സാധിക്കുന്ന മനോഹരമായ സംവിധാനമാണിത്. എനിക്കും ആരെങ്കിലുമൊരാള്‍ ഇത്തരത്തിലൊരു സന്ദേശം അയക്കുമെന്ന് ഞാനും പ്രതീക്ഷിക്കുന്നു. ‘ കുക്ക് പറഞ്ഞു.

ബ്രെന്റ് ഷ്‌ലെണ്ടെറും റിക്ക് റ്റെറ്റ്സ്ലിയും കൂടി എഴുതുന്ന ‘ബിക്കമിങ്ങ് സ്റ്റീവ് ജോബ്‌സ് ‘ എന്ന പുസ്തക പ്രകാരം ഒരു സാമൂഹ്യ ജീവിയായി മാറാന്‍ സ്റ്റീവ് ജോബ്‌സ് കുക്കിനെ നിര്‍ബന്ധിച്ചു കൊണ്ടേയിരുന്നിരുന്നു, ഇടയ്ക്കിടെ അലബാമയിലുള്ള കുക്കിന്റെ അമ്മയുടെ വീട്ടില്‍ വിളിച്ച് വിവരങ്ങള്‍ തിരക്കാനും ജോബ്‌സ് മറക്കാറുണ്ടായിരുന്നില്ല.

5) ജോബ്‌സിന്റെ അഭാവം അദ്ദേഹത്തെ ഇപ്പോഴും വേദനിപ്പിക്കുന്നുണ്ട്
ജോബ്‌സിനോടുള്ള കുക്കിന്റെ സ്‌നേഹം വളരെ ഗാഢമായിരുന്നതുകൊണ്ടു തന്നെയാണ് ജോബ്‌സിന് കരള്‍ മാറ്റിവെക്കേണ്ട സാഹചര്യം വന്നപ്പോള്‍ കുക്ക് തന്റെ കരളിന്റെ ഒരു ഭാഗം നല്‍കിയത്. ജോബ്‌സിന്റെ നമ്പര്‍ തന്റെ ഐഫോണില്‍ നിന്നും ഇപ്പോഴും ഡിലീറ്റ് ചെയ്യാത്ത കുക്ക് തന്റെ ഉറ്റ സുഹൃത്തിന്റെ ഓഫീസ് അതേ പടി തന്നെ നിലനിര്‍ത്തിയിരിക്കുകയുമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍