UPDATES

അസം പൗരത്വ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് അപ്പീലിന് 120 ദിവസം, അതിലും പരാജയപ്പെട്ടാല്‍ അറസ്റ്റ്, ഡിറ്റെന്‍ഷന്‍ ക്യാമ്പുകള്‍

പൗരത്വപട്ടികയില്‍നിന്ന് പുറത്തായവരെ എന്ത് ചെയ്യും?

അസമിലെ പൗരത്വ പട്ടികയില്‍നിന്നും പുറത്തായ 19 ലക്ഷത്തിലെറെ ആളുകളുടെ ഭാവി ഇനി എന്താകും? അപ്പീലുകള്‍ പോകാന്‍ പുറത്താക്കപ്പെട്ടവര്‍ക്ക് 120 ദിവസത്തെ സാവകാശമാണ് നല്‍കിയിട്ടുള്ളത്. അസം പ്രസിദ്ധീകരിച്ച പൗരത്വപട്ടികയുമായി ബന്ധപ്പെട്ട് ആശങ്കയില്ലെന്ന് ബംഗ്ലാദേശ് വ്യക്തമാക്കിയെങ്കിലും അതിര്‍ത്തിയില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്, കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ബംഗ്ലാദേശ് പറഞ്ഞു. പൗരത്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞത്.

19,06,657 പേര്‍ക്കാണ് മതിയായ രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ പൗരത്വ പട്ടികയില്‍ ഇടം നിഷേധിച്ചത്. ബംഗ്ലാദേശ് രൂപികരിക്കപ്പെട്ട 1971 മാര്‍ച്ച് 24 ന് മുമ്പ് അസമില്‍ താമസമാക്കിയെന്ന് തെളിയിക്കുന്ന രേഖകളാണ് പൗരത്വം അനുവദിക്കുന്നതിന്റെ മാനദണ്ഡമാക്കിയത്. ഇത് തെളിയിക്കാന്‍ രേഖകള്‍ നല്‍കിയില്ലെന്നതിന്റെ പേരിലാണ് ഇവര്‍ക്ക് പൗരത്വം നിഷേധിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.

പൗരത്വ പട്ടികയില്‍നിന്ന് പുറത്തായവര്‍ക്ക് മുന്നിലുള്ള സാധ്യതകള്‍ എന്തൊക്കെയാണെന്നതാണ് ഇനിയുള്ള ഗൗരവമായ വിഷയം. യോഗ്യരായ പലര്‍ക്കും പട്ടികയില്‍ ഇടം ലഭിച്ചില്ലെന്നും എന്‍ആര്‍സി പട്ടികയില്‍ ക്രമക്കേട് ഉണ്ടെന്നുമുള്ള വാദം അസമിലെ മന്ത്രിതന്നെ ഉന്നയിച്ചുകഴിഞ്ഞു. അതുകൊണ്ട് ഇനിയുള്ള കാലം കോടതി വ്യവഹാരങ്ങളുടെതായിരിക്കും. സുപ്രീം കോടതിയുടെ മാർഗനിർദേശത്തിലാണ് അസമിൽ  പൌരത്വ പട്ടിക തയ്യാറാക്കിയത്.

പൗരത്വ പട്ടികയില്‍നിന്ന് ഒഴിവാക്കിയവര്‍ക്ക് തീരുമാനത്തിനെതിരെ അപ്പീല്‍നല്‍കാന്‍ കഴിയും. ഫോറിന് ട്രൈബ്യൂണലുകള്‍ക്ക് മുന്നിലാണ് ഒഴിവാക്കപ്പെട്ടവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ കഴിയുക. ഫോറിന്‍ ട്രൈബ്യൂണലിന്റെ തീരുമാനത്തിനെതിരെ കോടതികളെയും സമീപിക്കാന്‍ കഴിയും.

അസമില്‍ ഇപ്പോള്‍ 100 ഫോറിന്‍ ട്രൈബ്യൂണലുകളാണുള്ളത്. 200 ട്രൈബ്യൂണലുകള്‍ കൂടി ഉടന്‍ സ്ഥാപിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഫോറിന്‍ ട്രൈബ്യുണലുകള്‍ക്കും കോടതികള്‍ക്കും സമയ ബന്ധിതമായി പൗരത്വഹര്‍ജികള്‍ പരിഗണിക്കേണ്ടതുള്ളതുള്ളതുകൊണ്ട് തന്നെ കോടതികളുടെ ജോലി ഭാരം വര്‍ധിക്കുമെന്ന കാര്യം ഉറപ്പാണ്.

പൗരത്വം സ്ഥാപിക്കാനുള്ള ഹര്‍ജികളും തള്ളിക്കളഞ്ഞാല്‍ എന്തു സംഭവിക്കുമെന്നതാണ് മുഖ്യ ചോദ്യം. രാജ്യത്ത് അനധികൃതമായി താമസിക്കുന്നുവെന്ന് പറഞ്ഞ് ഇവരെ അറസ്റ്റ് ചെയ്യാം. ഡിറ്റെന്‍ഷന്‍ സെന്ററുകളിൽ അടയ്ക്കപ്പെടാം. ഇവരെ ബംഗ്ലാദേശിലേക്ക് നാടു കടത്താന്‍ സാധ്യതയില്ലെന്നാണ് വിദേശ കാര്യ മന്ത്രിയുടെ പ്രസ്താവന സൂചിപ്പിക്കുന്നത്. അസമില്‍ ഇപ്പോള്‍ തന്നെ ആറ് ഡിറ്റന്‍ഷന്‍ കേന്ദ്രങ്ങളുണ്ട്. കൂടുതല്‍ എണ്ണം നിര്‍മ്മിക്കപ്പെടാം. 3000 പേരെ താമസിപ്പിക്കാന്‍ കഴിയുന്ന മറ്റൊരു സെന്റര്‍ കൂടി നിര്‍മ്മിക്കാന്‍ ഇതിനകം സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്.

നാടുകടത്തപ്പെട്ടില്ലെങ്കില്‍ പൗരത്വമില്ലാത്തവര്‍ രാജ്യത്തെ രണ്ടാം കിടക്കാരായി കഴിയേണ്ടിവരും. ഇവര്‍ക്ക് വോട്ടവകാശമുള്‍പ്പെടെയുള്ള അവകാശങ്ങളുണ്ടായിരിക്കില്ല. പൗരത്വമില്ലാത്തവരെ ഇന്ത്യ അഭയാര്‍ത്ഥികളായല്ല കാണുന്നത്. ‘സ്റ്റേറ്റ്‌ലെസ്’ ആയ മനുഷ്യരെ സംബന്ധിച്ച് രാജ്യത്ത് വ്യക്തമായ നയമില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
പൗരത്വരേഖകളില്ലെന്ന് കണ്ടെത്തിയവരെ ബംഗ്ലാദേശിലേക്ക് നാടുകടത്തില്ലെന്നാണ് വിദേശകാര്യമന്ത്രി ജയശങ്കറിന്റെ പ്രസ്താവന നല്‍കുന്ന സൂചന. പൗരത്വ പ്രശ്‌നം ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്നും ഇക്കാര്യത്തില്‍ ബംഗ്ലാദേശിന് ആശങ്ക വേണ്ടെന്നുമാണ് മന്ത്രി പറഞ്ഞത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് അസമിലെ പൗരത്വവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ആശങ്കയില്ലെന്ന് ബംഗ്ലേദശ് വ്യക്തമാക്കിയത്.

Read- ‘എന്തുകൊണ്ട് അടുക്കളയില്‍ കയറില്ല? ഉള്ളംകാലില്‍ ഊതി നിദ്രയുടെ ആഴം അളക്കും…’-ഭവനഭേദനത്തിന്റെ ‘എന്‍ജിനിയറിങ്’ വിശദീകരിച്ച് ഒരു മുന്‍ കള്ളന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍