UPDATES

വിപണി/സാമ്പത്തികം

ആര്‍ബിഐയില്‍നിന്ന് കിട്ടിയ പണം സര്‍ക്കാര്‍ എന്ത് ചെയ്യും?

ധനമന്ത്രാലയത്തിന് മുന്നില്‍ രണ്ട് വഴികള്‍

സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന സര്‍ക്കാരിന് ആര്‍ബിഐ നല്‍കിയ പണം വലിയ ആശ്വാസമാണെന്നാണ് അധികൃതര്‍ പറയുന്നത്. ആര്‍ബിഐയുടെ പണം നല്‍കിയതുമായി ബന്ധപ്പെട്ട വിവാദം തുടരുമ്പോഴും കേന്ദ്ര ബാങ്കില്‍നിന്നും കിട്ടിയ പണം എങ്ങനെ വിനിയോഗിക്കുമെന്നതു സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ തുടരുകയാണ്.

1.76 ലക്ഷം കോടി രൂപയാണ് റിസര്‍വ് ബാങ്ക് കേന്ദ്ര സര്‍ക്കാരിന് നല്‍കിയത്. സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകള്‍ സമ്പദ് വ്യവസ്ഥയില്‍ പ്രതിഫലിച്ചു തുടങ്ങിയ ഘട്ടത്തില്‍ ഈ തുക സമ്പദ് വ്യവസ്ഥയില്‍ ഉത്തേജക പദ്ധതി നടപ്പിലാക്കാന്‍ ഉപയോഗിക്കുമോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ല. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തില്‍ ജി 20 രാജ്യങ്ങളില്‍ ചിലത് സമ്പദ് വ്യവസ്ഥകളെ ഉത്തേജിപ്പിക്കാന്‍ ചിലവഴിച്ച തുകയെക്കാള്‍ കൂടുതലാണ് സര്‍ക്കാരിന് ഇപ്പോള്‍ കൂടുതലായി ലഭിക്കാന്‍ പോകുന്നത്.

രണ്ട് രീതിയില്‍ സര്‍ക്കാരിന് അതിന് ലഭിച്ച ഫണ്ട് ഉപയോഗിക്കാന്‍ കഴിയും. ഒന്ന് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് ഈ ഫണ്ട് ഉപയോഗിക്കാന്‍ കഴിയും. ഇതിനായി പുതിയ പദ്ധതികളൊ മറ്റോ പ്രഖ്യാപിക്കാം.  ഇങ്ങനെ വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ച് സമ്പദ് വ്യവസ്ഥയില്‍ പണത്തിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാറിന് കഴിയും. എന്നാല്‍ ഇങ്ങനെയൊരു സമീപനമാണോ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് വ്യക്തമല്ല.

മറ്റൊരു മാര്‍ഗം കടം വാങ്ങാന്‍ ലക്ഷ്യമിട്ടതില്‍ കുറവുവരുത്തുകയെന്നതാണ്. അതായത് കഴിഞ്ഞ ബജറ്റില്‍ കടം വാങ്ങുന്നതിലൂടെ കണ്ടെത്താന്‍ പദ്ധതിയിട്ട തുകയ്ക്ക് പകരമായി ഇത് ഉപയോഗിക്കുക.

അങ്ങനെ റവന്യു വരുമാനത്തിലുള്ള കുറവ് നികത്താന്‍ വേണ്ടി സര്‍ക്കാരിന് ഈ തുക ഉപയോഗിക്കാന്‍ കഴിയും. ഇങ്ങനെയെങ്കില്‍ കമ്മി കുറച്ചുനിര്‍ത്താന്‍ പറ്റും. രാജ്യത്ത് ഇപ്പോള്‍ നികുതി വരുമാനവും ചിലവും തമ്മില്‍ ഒരു ലക്ഷം കോടി രൂപയുടെ കമ്മിയുണ്ടെന്നാണ് കണക്കാക്കുന്നത്. ഇത് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 0.5 ശതമാനമാണ്.

ആര്‍ബിഐയുടെ പണം ഉപയോഗിച്ച് സര്‍ക്കാര്‍ ഉത്തേജക പദ്ധതി പ്രഖ്യാപിക്കാന്‍ സാധ്യത കുറവാണെന്നാണ് ചില സാമ്പത്തിക വിദഗ്ദര്‍ കരുതുന്നു. ധനക്കമ്മി പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നികുതി വരുമാനത്തിലുള്ള കുറവു നികത്താനാണ് ഇത് ഉപയോഗിക്കുകയെന്നാണ് സൂചനയെന്ന് ബ്ലൂംബര്‍ഗ് സാമ്പത്തിക വിദഗദരായ അഭിഷേക് ഗുപ്ത പറഞ്ഞു. ധനക്കമ്മി 3.3 ശതമാനമാക്കി നിലനിര്‍ത്താന്‍ സര്‍ക്കാരിന് ഇതുമൂലം കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ ബിമല്‍ ജലാല്‍ അധ്യക്ഷനായ കമ്മിറ്റിയാണ് പണം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് റിസര്‍വ് ബാങ്കിന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നതാണെന്ന ആരോപണമാണ് മുഖ്യമായും ഉയര്‍ന്നത്.

ഊര്‍ജ്ജിത് പട്ടേല്‍ റിസര്‍വ് ഗവര്‍ണറായപ്പോഴാണ് റിസര്‍വ് ബാങ്കിന്റെ റിസര്‍വ് ഫണ്ടിനുവേണ്ടിയുള്ള ശ്രമം കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയത്. സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് അദ്ദേഹം രാജിവെയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് സര്‍ക്കാരിന്റെ നിലപാടുകളുമായി യോജിപ്പുള്ള ശക്തികാന്ത ദാസിനെ ഗവര്‍ണറായി നിയമിക്കുന്നത്. തുടര്‍ന്ന് റിസര്‍വ് ബാങ്കിന്റെ ആസ്തിയുമായി ബന്ധപ്പെട്ട പഠനം നടത്താന്‍ നിശ്ചയിച്ച ബിമല്‍ ജലാലിന്റെ നിര്‍ദ്ദേശത്തെ അംഗീകരിച്ച് കേന്ദ്ര സര്‍ക്കാരിന് പണം നല്‍കാന്‍ തീരുമാനിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍