UPDATES

ഉണ്ണി മാക്സ്

കാഴ്ചപ്പാട്

ഉണ്ണി മാക്സ്

ന്യൂസ് അപ്ഡേറ്റ്സ്

ഞങ്ങള്‍ക്കുമുണ്ട് അവകാശങ്ങളും പൊരുതാനുള്ള മനസും; സഹതാപം വേണ്ടതില്ല

കേരളം മുഴുവന്‍ വീല്‍ ചെയര്‍ ഫ്രണ്ട്‌ലി ആയ ഒരു സ്വപ്നം, അതിലേക്കാണ് എനിക്ക് വായനക്കാരെ ക്ഷണിക്കേണ്ടത്. കാറിന്റെ നാല് ചക്രങ്ങള്‍ക്കകത്തോ മുച്ചക്രത്തിന്റെ സുരക്ഷിതത്വത്തിലോ ഒക്കെ സാധാരണക്കാരുടെ മുന്‍പില്‍ വളരെ വ്യത്യസ്തരായി ഇരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് നേരെ വരുന്ന സഹതാപത്തിന്റെ കണ്ണുകള്‍ക്ക് സത്യമായിട്ടും ഞങ്ങളെ തളര്‍ത്താന്‍ ആകുന്നതല്ല. എന്നാല്‍ ഞങ്ങളില്‍ പലരും അത്തരം നോട്ടങ്ങളില്‍ അസ്വസ്ഥരാകുന്നുണ്ട്. ഇവിടെ ആരാണ് വ്യത്യസ്തര്‍? കണ്ണുകളില്‍ സഹാനുഭൂതി മാത്രം നിറച്ച് ഭിന്ന ശേഷിയുള്ളവരെ ‘ഇവരെ എന്തിനു കൊള്ളാം’ എന്ന രീതിയില്‍ നോക്കുന്നവരോ? അതോ ഞങ്ങളുടേതായ സ്വപ്നങ്ങളിലേക്ക് നടന്നടുക്കുന്ന, പറ്റുന്ന രീതിയിലൊക്കെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ചിലരോ?

കേരളത്തിലെ റോഡുകളിലൂടെ വീല്‍ചെയറില്‍ പോകാന്‍ പലവിധ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ഒന്നാമത് മികച്ച റോഡുകളുടെ പ്രശ്‌നം തന്നെ. ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ നാശമായി പോകുന്ന റോഡുകള്‍ നന്നായി കണ്ടിട്ട് അതുവഴി വീല്‍ചെയര്‍ ഉരുട്ടി പോകാം എന്നത് സ്വപ്നം മാത്രമായി അവശേഷിക്കുകയാണ് ഇപ്പോഴും. ഭിന്ന ശേഷിയുള്ളവര്‍ക്ക് മാസത്തിലൊരിക്കല്‍ ഔദാര്യം പോലെ ലഭിക്കുന്ന പെന്‍ഷനില്‍ അവസാനിക്കാനുള്ളതല്ല വീല്‍ചെയര്‍ ഫ്രണ്ട്‌ലി കേരള എന്ന കൂട്ടായ്മയുടെ ആഗ്രഹങ്ങള്‍. അവഗണനയുടെ പടുകുഴിയിലേക്ക് തള്ളപ്പെട്ട ഒരു വിഭാഗത്തിനെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്നതാണ് ചര്‍ച്ചാ വിഷയം. ഈ നാട്ടിലെ പൊതു ഇടങ്ങള്‍ ഒരു വിഭാഗത്തിന് മാത്രമായി സംവരണം ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഇവിടെ നിലനില്‍ക്കുന്ന വിവിധങ്ങളായ തടസങ്ങള്‍ ഇവരുടെ സാധാരണ ജീവിതത്തെ ബാധിക്കുന്നു. അറിഞ്ഞുകൊണ്ട് ആഘോഷങ്ങളില്‍ നിന്നും ആചാരങ്ങളില്‍ നിന്നും അനുഷ്ഠാനങ്ങളില്‍ നിന്നുമൊക്കെ മാറ്റി നിര്‍ത്തപ്പെട്ടവര്‍. പുറംകാഴ്ചകളില്‍ നിന്നും ബോധപൂര്‍വ്വം വിലക്കപ്പെട്ടവര്‍. തന്റേതല്ലാത്ത കാരണത്താല്‍ വീടിനകത്തെ കട്ടിലിലേക്ക് നാം കിടത്തിക്കൊടുത്ത ഒരുപാടു ജന്മങ്ങള്‍…

സിംഗപ്പൂരിലെ റോഡിലൂടെയും ബസിലൂടെയും മെട്രോ ട്രെയിനിലൂടെയുമൊക്കെ ഒറ്റയ്ക്ക് വീല്‍ചെയറില്‍ പോകുന്ന എത്രയോ മനുഷ്യരെ അവിടെ കഴിഞ്ഞ പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ കാണാന്‍ കഴിഞ്ഞു. അത് പകര്‍ന്ന ധൈര്യം കൊണ്ട് തന്നെ അത്തരം യാത്രകള്‍ ഞങ്ങള്‍ക്കു പകര്‍ന്ന അനുഭൂതി പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ല. വീല്‍ചെയര്‍ ഉപയോഗിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് എവിടെയും ഒരു രാജ്യം നല്‍കുന്ന മുന്‍ഗണന, അത് അനുസരിക്കുന്ന രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍… ഒരു നിമിഷം സ്വന്തം നാട്ടിലെ സഹതാപക്കണ്ണുകളെ ഓര്‍ത്തു പോയി. വലിയ കെട്ടിടത്തിലെ മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്ന വികലാംഗ ക്ഷേമവകുപ്പിന്റെ ഓഫീസിനെക്കുറിച്ചും ഓര്‍ത്തു പോയി. നമ്മുടെ അയല്‍ സംസ്ഥാനങ്ങളില്‍ പോലുമുണ്ട് പൊതുസ്ഥലങ്ങളില്‍ വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇതിലും സൗകര്യങ്ങള്‍.

ജീവിതത്തിന്റെ പരക്കം പാച്ചിലിനിടയില്‍ ഒരു നേരത്തെ അശ്രദ്ധ അല്ലെങ്കില്‍ ആരുടെയൊക്കെയോ കൈപ്പിഴ കൊണ്ട് ജീവിതത്തിന്റെ ഗതി മാറിപ്പോയവരാണ് ഞങ്ങളില്‍ പലരും. ഇന്നല്ലെങ്കില്‍ നാളെ ആര്‍ക്കും എപ്പോഴും സംഭവിക്കാവുന്ന കാര്യം. എല്ലാവരെയുംപോലെ എല്ലാത്തിനും അവര്‍ക്കും അര്‍ഹതയുണ്ട്, അവകാശമുണ്ട്. പിന്നെ എന്താണ് നാം പലപ്പോഴും അവര്‍ക്ക് സാധിച്ചു കൊടുക്കാത്തത്… എന്തിനാണ് നാം അവരെ മന:പൂര്‍വ്വമല്ലെങ്കില്‍ പോലും തഴയുന്നത്?

ജീവിതം ആ ഇരുളടഞ്ഞ മുറിയില്‍തന്നെ അവസാനിക്കാതെ അവരും ആസ്വദിക്കട്ടെ ഈ ലോകത്തിന്റെ സൗന്ദര്യം എന്ന് ആരും ചിന്തിക്കാത്തതെന്താണ്? ലോകത്തിന്റെ അനന്ത സാധ്യതകളുടെ കൂടെ പറ്റുന്നതുപോലെ അവരും ചലിക്കട്ടെ. അവരുടെ മുന്നേറ്റങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരുപാട് സംഘടനകളുണ്ട് നമുക്കിടയില്‍. അവരുടെ ഏറ്റവും അര്‍ഹമായ അവകാശങ്ങളെ നേടിയെടുക്കാന്‍ അവര്‍ക്കൊപ്പം ചേര്‍ന്ന് ചെയ്യാന്‍ ഒരുപാടുണ്ട് ഈ പൊതുസമൂഹത്തിന്. പക്ഷെ പലതും എത്തേണ്ടയിടത്ത് എത്തുന്നുണ്ടോ എന്ന് സംശയമാണ്; കാരണം, പുറത്തിറങ്ങിയാല്‍ നേരിടേണ്ടി വരുന്ന കണ്ണുകളെ ഓര്‍ക്കുമ്പോള്‍ പലരും പിന്നിലേയ്ക്ക് വലിയുന്നു. വിദേശ രാജ്യങ്ങളെ നാം ബഹുമാനിക്കേണ്ടത് ഇത്തരം അവസ്ഥകളിലാണ്. സൗകര്യം മാത്രമല്ല അവിടെ ഭിന്നശേഷിയുള്ളവര്‍ക്ക് നല്‍കപ്പെടുന്നത്, സാധാരണക്കാരായ മറ്റു ജനങ്ങളുടെ സ്‌നേഹവും ബഹുമാനവും നിറഞ്ഞ മുഖങ്ങളാണ്, അല്ലെങ്കില്‍ ശ്രദ്ധിക്കേണ്ടതില്ലാതെ കടന്നു പോകുന്നവരാണ്. ലക്ഷങ്ങളും കോടികളും മുടക്കി പണിയുന്ന കെട്ടിടങ്ങളില്‍ ആയിരങ്ങള്‍ മുടക്കി ഒരു റാമ്പ് പണിയാന്‍, ഒരു വാതിലെങ്കിലും പടി ഇല്ലാതെ നിര്‍മ്മിക്കാന്‍ ഒരുതരത്തിലും വൈമുഖ്യം കാണിച്ചുകൂടാ.

കേരളത്തില്‍ എത്ര സ്ഥാപനങ്ങളില്‍ വീല്‍ചെയര്‍ ആക്‌സസിബിലിറ്റിയുണ്ട്? സര്‍ക്കാര്‍ ആശുപത്രികള്‍ പോലും ഇക്കാര്യത്തില്‍ അനുകൂലമായ ഭാവം കാണിക്കുന്നില്ല. പുതിയതായി നിര്‍മ്മിക്കപ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് റാമ്പ് വേണമെന്ന നിയമം ഉണ്ടെങ്കില്‍ പോലും ഈ നിയമം നിസ്സാരമായി തന്നെ കെട്ടിടത്തിന്റെ ഉടമസ്ഥര്‍ അവഗണിക്കുന്നു. ഭിന്ന ശേഷിയുള്ളവരില്‍ നടക്കാന്‍ ആകില്ലാത്തവര്‍ ഉണ്ടെങ്കില്‍ തന്നെ അവരെന്തിന് ഒരു ആവശ്യത്തിന് ഇങ്ങോട്ടു കയറണം; അവര്‍ക്കു വേണ്ടി സഹായികള്‍ ആരെങ്കിലും ഉണ്ടാകുമല്ലോ എന്ന ചിന്ത. എന്തുകൊണ്ട് ഭിന്നശേഷിക്കാര്‍ക്ക് സ്വയം ഒരു കടയില്‍ കയറി അയാള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ സ്വയംവാങ്ങിക്കാന്‍ ആകുന്നില്ല? അതിനുള്ള ആഗ്രഹം ഉണ്ടെങ്കില്‍ പോലും സാഹചര്യങ്ങള്‍ അനുവദിക്കാത്തത് കൊണ്ട് സ്വയം പിന്‍വാങ്ങുന്നവരാണ് ഇപ്പോള്‍ ഉള്ളത്.

പൊതു ഇടങ്ങള്‍, ഷോപ്പിംഗ് സെന്റര്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ഓഡിറ്റോറിയങ്ങള്‍ മുതലായ സ്ഥലങ്ങളിലൊക്കെ ഭിന്നശേഷിക്കാര്‍ പലപ്പോഴും പുറംതള്ളപ്പെടുന്ന അവസ്ഥയാണിപ്പോള്‍. ആശുപത്രികളില്‍ വീല്‍ചെയര്‍ സൗകര്യത്തിന് പ്രത്യേക മുറി സൗകര്യം ഒരുക്കുന്നത് ഭിന്ന ശേഷിക്കാര്‍ക്ക് ലഭിക്കേണ്ട ഔദാര്യമല്ല, അവരുടെ അവകാശമാണ്. കാരണം മറ്റുള്ളവരെ പോലെ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തു സമ്മതിദാനം പരമാവധി ഉപയോഗിക്കാന്‍ ശ്രമിക്കുന്നവരാണ് ഇപ്പോള്‍ ഭിന്നശേഷിയുള്ളവര്‍. റാമ്പില്ലെങ്കില്‍ പോലും വീല്‍ ചെയര്‍ അകത്ത് കയറ്റാനുള്ള മാര്‍ഗ്ഗങ്ങള്‍ പാര്‍ട്ടിക്കാര്‍ ആ സമയത്ത് എന്തായാലും തരപ്പെടുത്തി തരുന്നത് കൊണ്ടുള്ള ഗുണമാണത്. അതുകൊണ്ടു തന്നെ ഒരു സാധാരണ പൗരന്റെ അവകാശങ്ങള്‍ എല്ലാം ഭിന്നശേഷിയുള്ളവര്‍ക്കും ലഭ്യമാകണം. സംസ്ഥാനത്തെ വോള്‍വോ ബസുകളില്‍ വീല്‍ ചെയര്‍ അകത്ത് കയറ്റുന്നതിനുള്ള റാമ്പുകള്‍ ഉണ്ടെങ്കില്‍ പോലും ബസിനുള്ളില്‍ കയറാനുള്ള പ്ലാറ്റുഫോമുകളുടെ അഭാവം ചിന്തിപ്പിക്കുന്നു.

ബസുകളും മറ്റു വാഹനങ്ങളും ഞങ്ങള്‍ക്ക് ഇപ്പോഴും കയ്യെത്താത്ത അകലത്തിലാണ്. പക്ഷെ ആ അകലം കുറയ്കാനാണ് All Kerala Wheelchair Rights Federation എന്ന കൂട്ടയ്മ ശ്രമിക്കുന്നതും പോരാടുന്നതും. ഭിന്നശേഷിയുള്ളവര്‍ക്കും പുറത്തിറങ്ങാനും ആവശ്യങ്ങള്‍ സ്വന്തമായി നിവര്‍ത്തിക്കാനുമുള്ള പരമാവധി സൗകര്യങ്ങളെ ഞങ്ങള്‍ക്ക് വേണ്ടൂ. അതിനുള്ള ഞങ്ങളുടെ അവകാശങ്ങളെ ആര്‍ക്ക് ചോദ്യം ചെയ്യാനാകും? വീല്‍ചെയര്‍ സ്വയം ഉരുട്ടി കയറ്റുന്ന സന്തോഷനിമിഷങ്ങളിലേക്ക് അവര്‍ നിങ്ങളെ ക്ഷണിക്കുന്നു. അവര്‍ക്ക് വേണ്ടത് സമൂഹത്തിലെ ഓരോ മനുഷ്യരുടെയും പിന്തുണയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍