UPDATES

വായന/സംസ്കാരം

അക്കിലിനൊ റിബൈറോ: അതിജീവനത്തിന്റെ മനുഷ്യകഥനം

Avatar

രഘുനാഥ് കടവന്നൂര്‍

പോര്‍ച്ചുഗീസ് എഴുത്തുകാരന്‍ അകിലിനൊ രിബൈറോയുടെ ‘ചെന്നായ്ക്കള്‍ ഓരിയിടുന്ന സമയം’ എന്ന കൃതിയുടെ ആസ്വാദനം

തികച്ചും നിഗൂഢാത്മകമാണ് വിവര്‍ത്തന സാഹിത്യത്തിന്റെ സമ്പ്രദായങ്ങള്‍. എന്ത് കൊണ്ടാണ് ചില പുസ്തകങ്ങള്‍ മാത്രം എളുപ്പം വിവര്‍ത്തനം ചെയ്തു വിപണിയില്‍ എത്തപ്പെടുന്നത് എന്ന് ചിലരെങ്കിലും സംശയിച്ചു പോയിട്ടുണ്ടാവാം. പലപ്പോഴും വായിക്കപ്പെടേണ്ട പുസ്തകങ്ങള്‍ വളരെ വൈകി മാത്രമാണ് വിവര്‍ത്തനം ചെയ്യപ്പെടുക. പോര്‍ച്ചുഗീസ് എഴുത്തുകാരന്‍ അക്കിലിനൊ റിബൈറോയുടെ ‘ചെന്നായ്ക്കള്‍ ഓരിയിടുന്ന സമയം’ (ഇംഗ്ലീഷ്: When the Wolves Howl; When the Wolves Howl; പോര്‍ച്ചുഗീസ്: Quando Quando os Lobos Uivam os Lobos Uivam) എന്ന കൃതി വളരെ വൈകി മാത്രം വിവര്‍ത്തനം ചെയ്യപ്പെട്ട ഒരു കല്‍പിതകഥയാണ്. 1958ല്‍ എഴുതപ്പെട്ട ഈ നോവലിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം പ്രസിദ്ധീകരിക്കുന്നത് 1963ലാണ്. ഇത്ര വൈകി ഈ പുസ്തകം വിവര്‍ത്തനം ചെയ്യേണ്ടി വന്നതില്‍ വിവര്‍ത്തക പത്രീസിയ ലാന്‍സ പശ്ചാത്തപിക്കുന്നുണ്ട്. ഏകാധിപത്യ കാലത്ത്, സ്വന്തം നാട്ടില്‍ നിന്ന് പല തവണ ആട്ടിയോടിക്കപ്പെട്ട പോര്‍ച്ചുഗീസ് എഴുത്തുകാരില്‍ വളരെ പ്രധാനിയാണ് അക്കിലിനൊ റിബൈറോ. അന്റോണിയോ ഒലിവൈറ സലസാറിന്റെ ഭരണ കാലത്ത്, ഏകാധിപത്യത്തെ കൃത്യമായ ഭാഷയില്‍ വിമര്‍ശിച്ചു സാഹിത്യം എഴുതാന്‍ അക്കിലിനൊ റിബൈറോയെ പോലെ മനക്കരുത്തുള്ള എഴുത്തുക്കാര്‍ കുറവായിരുന്നു.

അക്കിലിനൊ റിബൈറോ എഴുതിയ അവസാന കൃതിയാണ് ‘ചെന്നായ്ക്കള്‍ ഓരിയിടുന്ന സമയം’. പരാജയപ്പെട്ട പ്രവാസിയായി ബ്രസീലില്‍ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ടി വന്ന കൃഷിക്കാരനായ മാനുവല്‍ ലോവ അദിയോഷിലൂടെയാണ് കഥ പുരോഗമിക്കുന്നത്. സ്വന്തം ഗ്രാമത്തില്‍ എത്തിപ്പെട്ട അദ്ദേഹത്തിനു പക്ഷെ അഭിമുഖീകരിക്കേണ്ടി വരുന്നത് ഗ്രാമവാസികളും സര്‍ക്കാരും തമ്മില്‍ നടക്കുന്ന, ഒരു വിജനമായ കുന്നിന്‍ പ്രദേശത്തിന് വേണ്ടിയുള്ള സമരമാണ്. സര്‍ക്കാരിന്റെ ഭാഷ്യത്തില്‍ തികച്ചും പിന്നാക്ക അവസ്ഥയിലുള്ള ഗ്രാമത്തിനെ വികസനത്തിന്റെ പാതയിലേക്ക് എത്തിക്കാന്‍ ഈ കുന്നിന്‍ പ്രദേശത്തു പുതിയ പദ്ധതികള്‍ കൊണ്ട് വരണം. എന്നാല്‍, ഈ പദ്ധതി വന്നാല്‍ തദ്ദേശ വാസികള്‍ കാലാകാലങ്ങളായി ഉപയോഗിച്ച് വരുന്ന നട വഴി എന്നന്നേക്കുമായി അടയ്ക്കപ്പെടുമെന്നും അങ്ങനെ ഭക്ഷണം തേടാനും, മഞ്ഞു കാലത്തേക്ക് വിറകു ശേഖരിക്കാനും കഴിയാതെ വരുമെന്നും ഗ്രാമീണര്‍ വാദിക്കുന്നു.

ആത്യന്തികമായി ഗ്രാമവാസികള്‍ ഇത് അവരുടെ സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ നടത്തുന്ന അധിനിവേശമായാണ് കാണുന്നത്. സംഘട്ടനങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ പുതിയ നിയമങ്ങളും, നിയന്ത്രണങ്ങളും പൊതു ജനത്തിനു മേല്‍ അടിച്ചേല്‍പ്പിക്കുന്നു. അതേസമയം, സര്‍ക്കാര്‍ നിയന്ത്രണങ്ങളെ അതിജീവിച്ചു പുതിയ സമര മുറകള്‍ ആസൂത്രണം ചെയ്യാനും, തങ്ങളുടെ സ്വാതന്ത്ര്യം പ്രതിരോധിക്കാനും ഗ്രാമീണ ജനത തയാറെടുക്കുന്നു. സ്വാഭാവിക പരിണാമത്തിലൂടെ മാനുവല്‍ ലോവ അദിയോഷ് ഈ സമരങ്ങളുടെ നേതൃ സ്ഥാനത്തേക്ക് വരുന്നതോടെ കഥ പുതിയ വഴിത്തിരിവില്‍ എത്തിച്ചേരുന്നു.

ഗ്രാമവാസികളുമായി വിട്ടു വീഴ്ചയ്ക്ക് തയാറാകാത്ത സര്‍ക്കാര്‍, ഈ മേഖലയുടെ വികസനത്തിനായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതോടെ, സംഘട്ടനം ആരംഭിക്കുന്നു. കായിക സംഘട്ടനം ഒഴിവാക്കാന്‍ മാനുവല്‍ ലോവ അദിയോഷ് പല വട്ടം ശ്രമിക്കുന്നുണ്ട്. എങ്കിലും, വിമത വിഭാഗം ഒരു ഉദ്യോഗസ്ഥനെ ആക്രമിക്കുകയും വെടി വെക്കുകയും ചെയ്യുന്നു. തെറ്റുക്കാരന്‍ അല്ലാതിരുന്നിട്ടും, മാനുവല്‍ അറസ്റ്റ് ചെയ്യപ്പെടുകയും വിചാരണയ്ക്ക് ഹാജരാക്കുകയും ചെയ്യപ്പെടുന്നു.

ഏകാധിപത്യ രാജ്യത്ത് കോടതികള്‍ പൊതുജന വിഷയങ്ങളോട് കാണിക്കുന്ന മുന്‍വിധിയും, സര്‍ക്കാരിനോടുള്ള വിധേയത്വവും കഥയില്‍ തുറന്നു കാണിക്കുന്നു. നിക്ഷ്പക്ഷമായ നീതിവ്യവസ്ഥ അക്കാലത്ത് നിലനിന്നിരുന്നില്ല. മാനുവലിനെയും അദ്ദേഹത്തിന്റെ അനുകൂലികളേയും കോടതിയില്‍ കൊണ്ട് വരുന്നതിനു മുന്നേ തന്നെ വിധി നിശ്ചയിച്ചു കഴിഞ്ഞിരുന്നു. മാനുവല്‍ ഒരു കമ്മ്യൂണിസ്റ്റ് ഒളി പോരാളിയാണെന്നും, രാജ്യത്ത് നിരോധിക്കപ്പെട്ട വിപ്ലവ പാര്‍ട്ടിയുടെ രഹസ്യ അംഗമാണെന്നും ജഡ്ജി വിധിക്കുന്നു.

ജഡ്ജിയെ സംബന്ധിച്ച് സര്‍ക്കാരിനെതിരെ ജനം സംഘടിക്കുന്നത് അചിന്തനീയമായ വിഷയമായിരുന്നു. സര്‍ക്കാര്‍ ഒരിക്കലും തെറ്റു പറ്റാത്ത സംവിധാനമാണെന്നും, ആ സംവിധാനത്തോടുള്ള വിധേയത്വം കാണിക്കലാണ് ജനങ്ങളുടെ ഉത്തരവാദിത്വം എന്നും സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നു.

അക്കിലിനൊ റിബൈറോ എഴുതിയ എല്ലാ പുസ്തകങ്ങളും ഞാന്‍ വായിച്ചിട്ടില്ല. വായിച്ച പുസ്തകങ്ങളില്‍ നിന്നെല്ലാം ‘ചെന്നായ്ക്കള്‍ ഓരിയിടുന്ന സമയം’ വ്യതസ്തമാവുന്നത് കഥാതന്തുവിന്റെ അസാമാന്യ കരുത്തുകൊണ്ടാണ്. പൊതു സമൂഹം, മതം, സര്‍ക്കാര്‍ , പോര്‍ച്ചുഗീസ് പൊതുജനത്തിന്റെ സങ്കുചിത മനസ്ഥിതി, സാംസ്‌ക്കാരിക പിന്നോക്കാവസ്ഥ തുടങ്ങിയ വിഷയങ്ങള്‍ എല്ലാം അക്കിലിനൊ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന കൃതി കൂടിയാണ് ഇത്. രാഷ്ട്രീയമായി തൊഴിലാളികള്‍ക്കും, കര്‍ഷകര്‍ക്കും ഒപ്പമാണ് താനെന്നു എഴുത്തുക്കാരന്‍ ഈ പുസ്തകത്തിലൂടെ ഒരിക്കല്‍ കൂടി അടിവരയിടുന്നു.

‘ചെന്നായ്ക്കള്‍ ഓരിയിടുന്ന സമയം’ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പങ്കു വയ്ക്കുന്ന ഒരു നോവല്‍ കൂടിയാണ്. അതിജീവനത്തിനു വേണ്ടിയാണ് മാനുവല്‍ ബ്രസീലിലേക്ക് കുടിയേറി പാര്‍ക്കുന്നത്. ജനിച്ച രാജ്യത്ത് ആത്മാഭിമാനത്തോടെ ജീവിക്കാന്‍ സാധിക്കാതെ വരുമ്പോഴാണ് ജനത അതിജീവനത്തിനായി മറ്റു വഴികള്‍ തേടുന്നത്. ആധുനിക കാലത്തും ഈ വിഷയങ്ങള്‍ അത് പോലെ തന്നെ നിലനില്‍ക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത്.

ജീവിച്ചിരുന്ന കാലഘട്ടത്തില്‍ ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരില്‍ ഒരാളാണ് അക്കിലിനൊ റിബൈറോ. ഒന്നിലധികം തവണ അദ്ദേഹത്തെ സാഹിത്യ നോബല്‍ സമ്മാനത്തിനു പരിഗണിച്ചിരുന്നു. മറ്റൊരു പോര്‍ച്ചുഗീസ് സാഹിത്യകാരനായ ജുസേ സരമാഗോയ്ക്ക് ഒപ്പമോ, അതിനു മുകളിലോ തന്നെയാണ് സാഹിത്യത്തില്‍ അക്കിലിനൊ റിബൈറോയുടെ സ്ഥാനം.

(മാധ്യമപ്രവര്‍ത്തകനായ ലേഖകന്‍ നിലവില്‍ പോര്‍ച്ചുഗല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പുസ്തകപ്രസാധന കമ്പനിയില്‍ പൊതുജന സമ്പര്‍ക്ക വിഭാഗത്തില്‍ ജോലി ചെയ്യുന്നു)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍