UPDATES

യാത്ര

തീരം മഴക്കാടുകളെ തൊടുമ്പോള്‍; ഒരു കോസ്റ്റാറിക്കന്‍ അനുഭവം

Avatar

ബ്രൂസ് ഹോറോവിറ്റ്സ്
(ദി വാഷിംഗ്ടന്‍ പോസ്റ്റ്) 

ഡോറിട്ടോസ് ചിപ്സ് പാക്കറ്റുമായി കടല്‍ക്കരയില്‍ പോയി കടല്‍പ്പക്ഷികള്‍ പറക്കുന്നത് നോക്കി കിടക്കുന്നത് രസമാണ്. 

എന്നാല്‍ കടല്‍ക്കരയില്‍ ഒരു ‘വൈറ്റ് ഫേസ് കപ്പുച്ചിന്‍’ കുരങ്ങ് നിങ്ങളുടെ കയ്യിലെ പഴം തട്ടിയെടുത്ത് ഓടുന്നത് നോക്കിയിരിക്കുന്നതോ?

ഇതാണ് മാനുവല്‍ അന്റോണിയോയിലെ ജീവിതം. മഴക്കാടുകള്‍ കടല്‍ത്തീരത്തെ തൊടുന്ന നാട്. കുടുംബങ്ങള്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം നടത്താനുദ്ദേശിക്കുന്ന തരം അവധിക്കാല യാത്രയ്ക്ക് പറ്റിയ സ്ഥലം. അത് നിങ്ങളുടെ ബാങ്ക് ബാലന്‍സ് അല്‍പ്പം വെളുപ്പിച്ചേക്കാം, എന്നാലും കാലിയാക്കില്ല. 

മദ്ധ്യ പസിഫിക് കടല്‍ത്തീര ഗ്രാമമായ കോസ്റ്റാറിക്കയിലെ മാനുവല്‍ അന്റോണിയിലേക്കായിരുന്നു കുടുംബം ഒന്നിച്ചുള്ള വെക്കേഷന്‍. അതൊരു ഗ്രൂപ്പ് ടൂറോ പെട്ടന്നുള്ള ആവേശത്തിന് നടത്തിയ യാത്രയോ ആയിരുന്നില്ല. ഞങ്ങളുടെ മകളെ കാണാത്ത വിഷമത്തില്‍ നിന്നുള്ള യാത്രയായിരുന്നു അത്. 

എന്‍റെ ഭാര്യ ഈവ്ലിനും 14 വയസ്സുള്ള മകള്‍ റബേക്കയും ഞാനും 18കാരിയായ ഞങ്ങളുടെ മകള്‍ റേച്ചലിനെ സന്ദര്‍ശിക്കുകയായിരുന്നു. അവള്‍ കോളേജിനു മുന്‍പെടുത്ത ‘gap year’ വോളന്‍റിയര്‍ ഇംഗ്ലിഷ് ടീച്ചറായി ചെലവിടുകയായിരുന്നു. ഈ യാത്ര അങ്ങനെ ഒരു ഒത്തുചേരലാകുമെന്ന് ഞങ്ങള്‍ കരുതി. പക്ഷേ പെട്ടന്നു തന്നെ കുടുംബത്തിന്‍റെ സാഹസികയാത്രയായി അതു മാറി. ചങ്ങാടങ്ങളിലെ യാത്രകളിലേക്കും സ്നോര്‍ക്കെലിങ്ങിലേക്കും വൈറ്റ് വാട്ടര്‍ റാഫ്റ്റിങ്ങിലേക്കും ബനാന ബോട്ടിങ്ങിലേക്കും പാരാസെയ്ലിങ്ങിലേക്കുമൊക്കെ ഞങ്ങളെ നയിച്ച ആ സാഹസിക സംസ്കാരത്തോട് ഞങ്ങള്‍ പരമാവധി ചേര്‍ന്നു നിന്നു, ഓരോന്നും പരീക്ഷിച്ച് ആസ്വദിച്ചു.

 

വിര്‍ജീനിയയിലെ ഫാള്‍ ചര്‍ച്ച് നഗരത്തിലെ ഞായറാഴ്ചകളില്‍ ഞങ്ങള്‍ ചെയ്യുന്നതരം കാര്യങ്ങളേ ആയിരുന്നില്ല അവ.

ഒന്നാം ദിവസത്തെ ചിന്തകള്‍ ഇങ്ങനെയായിരുന്നു: സജീവങ്ങളായ പല അഗ്നിപര്‍വ്വതങ്ങളും കോസ്റ്റാറിക്കയില്‍ കാണാനുണ്ട്. വനത്തിനുള്ളിലേക്ക് നയിക്കുന്ന ട്രെക്കിങ്ങുകളും. എന്നാല്‍ വസന്തകാലത്തെ പകല്‍ ചൂട് കൂടി നിന്ന ആ സമയത്ത് അന്തരീക്ഷത്തിലെ ഈര്‍പ്പവും (humidity) ഉയര്‍ന്നിരുന്നു. അതുകൊണ്ട് ഞങ്ങള്‍ അവിടെയുള്ള അഞ്ചു ദിവസവും ഏതെങ്കിലും തരത്തിലുള്ള ജലാശയങ്ങളെ ചുറ്റിപ്പറ്റി ചെലവിടാന്‍ തീരുമാനിച്ചു. 

മിക്ക ദിവസങ്ങളിലും വൈകുന്നേരം ഞങ്ങള്‍ മാനുവല്‍ അന്റോണിയോയിലെ മരത്തണലുകള്‍ നിറഞ്ഞ മനോഹരമായ പൊതു ബീച്ചില്‍ ഒത്തുകൂടി. കുരങ്ങന്‍മാരും കാട്ടു റാക്കൂണുകളും അവിടത്തെ സ്ഥിരം സന്ദര്‍ശകരായിരുന്നു. അവിടത്തുകാരില്‍ ഒരുപാടു പേര്‍ വൈകും വരെ ആ ബീച്ചിലിരുന്ന് സൂര്യാസ്തമയം കാണും. സന്ധ്യയുടെ നിറങ്ങള്‍ വിടര്‍ന്ന ആകാശത്തിനു കീഴെ കയ്യടിച്ച് കോസ്റ്റാറിക്കയിലെ ഏറ്റവും പ്രശസ്തമായ ആ വരി പാടും, “Pura vida” (pure life). ജീവിതത്തിലെ ചെറിയ സന്തോഷങ്ങളുടെ ആഘോഷം. 

ഈ യാത്രയിലെ എടുത്തുപറയേണ്ട കാര്യം ‘മാക്സിമോ നിവേലി’ല്‍ (Máximo Nivel) നിന്നു കിട്ടിയ കുറ്റമറ്റ ഉപദേശങ്ങളായിരുന്നു. വിദേശ പഠനം, കള്‍ച്ചറല്‍ എക്സ്ചേഞ്ച്, ഗ്രൂപ്പ് യാത്രകള്‍ എന്നിവ കൈകാര്യം ചെയ്യുന്ന, മിയാമി ആസ്ഥാനമായുള്ള മാക്സിമോ നിവേല്‍ ആണ് റേച്ചലിന്‍റെ ‘ഗ്യാപ്പ് ഇയര്‍’ പ്രോഗ്രാമും നോക്കുന്നത്. അവര്‍ ഞങ്ങളെ സാന്‍ജോസിലെ എം ആന്‍ഡ് ജെ ട്രാവല്‍ സര്‍വീസസുമായി ബന്ധപ്പെടുത്തി. എം ആന്‍ഡ് ജെ ഒരു യാത്രക്കാരന് 59 ഡോളര്‍ മുതല്‍ (മാനുവല്‍ അന്റോണിയോ നാഷണല്‍ പാര്‍ക്ക്) 175 ഡോളര്‍ വരെയുള്ള (ജെറ്റ് സ്കീയിങ്) അര്‍ദ്ധദിന, മുഴുദിന ടൂറുകള്‍ സംഘടിപ്പിക്കുന്നു. ഇതില്‍ ഒന്നോ രണ്ടോ നേരത്തെ ഭക്ഷണവും ധാരാളം സാഹസികതയും ഉള്‍പ്പെടും. 

ഇവര്‍ ലോക്കല്‍ യാത്രാ സൌകര്യങ്ങളും ഏര്‍പ്പാടാക്കിയിരുന്നു, പലപ്പോഴും ഞങ്ങളെ ഹോട്ടലില്‍ നിന്നു പിക്ക് ചെയ്തു. പക്ഷേ വാടകയ്ക്ക് കാര്‍ എടുത്തപ്പോളൊക്കെ ഞങ്ങള്‍ അതും നന്നായി ആസ്വദിച്ചു. ശരിയാണ്, റോഡുയാത്രകള്‍ പരുക്കനായേക്കാം എന്നു മുന്നറിയിപ്പ് കിട്ടിയിരുന്നു. ഡ്രൈവര്‍മാര്‍ ആവേശം കൂടുതലുള്ള കൂട്ടത്തിലാണ്. കൃത്യമായ മേല്‍വിലാസങ്ങള്‍ ഇല്ല, ശരിക്കും. ഫുള്‍ ഇന്‍ഷ്വറന്‍സ് ഉള്ള ഒരു എസ്യുവിയുടെ ദിവസവാടക 100 ഡോളറാണ്. പക്ഷേ കാര്‍ ഉള്ളപ്പോള്‍ ഒക്കെ ഞങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും എവിടെ വേണമെങ്കിലും പോകാം എന്ന ഗുണം കിട്ടി. പിന്നെ കാറിലെ എസിയും. അവിടത്തെ ചൂടില്‍ അതൊരു വലിയ കാര്യം തന്നെയായിരുന്നു. 

പക്ഷേ ഹോട്ടല്‍ സാന്‍ ബാദയില്‍ താമസിച്ചതായിരുന്നു ഞങ്ങളെടുത്ത ഏറ്റവും നല്ല തീരുമാനം. വസന്തകാലം തുടങ്ങിയ ദിവസങ്ങള്‍ അവിടം സന്ദര്‍ശിക്കാനുള്ള നല്ല സമയമായിരുന്നില്ല. മുറികള്‍ കിട്ടാനില്ല, കനത്ത വാടകയും. ഒരു മുറിയില്‍ താമസിക്കുന്നവരുടെ എണ്ണമനുസരിച്ചായിരുന്നു വാടക. ഞങ്ങള്‍ നാലുപേര്‍ക്ക് ഒരു രാത്രി 300 ഡോളര്‍, അത് വളരെ ന്യായമായിരുന്നു. ഹോട്ടലിനെ കുറിച്ച് ഒരു കുറ്റവും പറയാനുമില്ല. 

ഒന്നാമത്തെ കാര്യം, നാഷണല്‍ പാര്‍ക്കിലേക്കു കടക്കുന്നതിന് മുന്നിലാണ് അതിന്‍റെ സ്ഥാനം. എന്നും രാവിലെ ഞങ്ങളുടെ അഞ്ചാംനിലയിലെ ബാല്‍ക്കണിയില്‍ നിന്നു നോക്കിയാല്‍ താഴെ വിശാലമായ കടല്‍. മാത്രമല്ല തിങ്ങി വളര്‍ന്നു നില്‍ക്കുന്ന മരങ്ങളില്‍ കുരങ്ങന്‍മാരും റ്റൂക്കണ്‍ പക്ഷികളും. (കാട്ടിലെ കുരങ്ങന്മാരുടെ ശബ്ദങ്ങള്‍ കേട്ട് പലപ്പോഴും രാത്രിയില്‍ ഞെട്ടിയുണര്‍ന്നിട്ടുണ്ട് എന്നത് ശരിയാണ്. എന്നാലും ഞെട്ടി ഉണരാന്‍  ലോകത്ത് അതിലും മോശപ്പെട്ട ഒച്ചകള്‍ ഉണ്ടെന്നിരിക്കേ അതു വലിയൊരു പ്രശ്മല്ലല്ലോ) 

67 മുറികളുള്ള ഹോട്ടല്‍ വളരെ ഭംഗിയായി ഡിസൈന്‍ ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ്. പിന്നെ സന്തോഷം നല്‍കിയ ചെറിയ കാര്യങ്ങളും- റൂം സെര്‍വ് ചെയ്ത പരിചാരിക ഒരു കലാകാരി കൂടിയായിരുന്നു. എന്നും വന്ന് വൃത്തിയുള്ള ടവലുകള്‍ കുരങ്ങിന്‍റെയും കരടിയുടെയും മുയലിന്‍റെയും രൂപത്തില്‍ മടക്കി വച്ചിട്ടു പോകും.

ഞങ്ങളുടെ വാടകയില്‍ ഉള്‍പ്പെടുത്തിയിരുന്ന പ്രഭാത ഭക്ഷണത്തില്‍ ഫ്രെഷ് പഴങ്ങളും അവിടത്തെ ലോക്കല്‍ ഭക്ഷണവും ഒക്കെയുണ്ടായിരുന്നു. അളവു കൊണ്ട് നോക്കിയാല്‍ ഉച്ചഭക്ഷണം കൂടെ അതില്‍ തന്നെ ഒതുക്കാം. ഹോട്ടലില്‍ മൂന്നു പൂളുകളുണ്ട്. കുട്ടികള്‍ക്കുള്ളത്, ഫൌണ്ടനും ബാറും ഉള്‍പ്പെട്ട ഒരെണ്ണം മുറ്റത്ത്, ആറാംനിലയില്‍ ഒരു റൂഫ്ടോപ് പൂള്‍. പല അതിഥികളും അസ്തമയം കാണാന്‍ അവിടെ ഉണ്ടാകും. പിന്നെ, ടൌണിലെ ചെറിയ വ്യാപാര സ്ഥലത്തു നിന്ന്‍ നടക്കാവുന്ന ദൂരത്താണ് ഈ ഹോട്ടല്‍ .  അവിടെ വഴിയോര കച്ചവടക്കാര്‍ കൈകൊണ്ട് ചെത്തിയുണ്ടാക്കിയ ചിരട്ട, തടി രൂപങ്ങള്‍ വില്‍ക്കുന്നുണ്ട്. 

പാരാസെയ്ലിങ് അനുഭവം ആവേശകരമായിരുന്നു. ആഗ്വാസ് അസൂലിസാണ് (Aguas Azules) ഞങ്ങള്‍ തെരഞ്ഞെടുത്തത്. പതിനഞ്ചു മിനിറ്റിന് ഒരാള്‍ക്ക് 75 ഡോളര്‍ വച്ച് അവരുടെ നിരക്കുകള്‍ തുടങ്ങുന്നു. തന്‍റെ കോസ്റ്റാറിക്കക്കാരന്‍ ഭര്‍ത്താവൊന്നിച്ച് ഈ ബിസിനസ്സ് നടത്തുന്ന, അമേരിക്കയില്‍ അഭിഭാഷകയായിരുന്ന മെലാനി മോസ്സ് പറയുന്നത് മാന്‍ഹട്ടനിലെ കോര്‍പ്പറേറ്റ് ജോലി വേണ്ടെന്നു വച്ച് കടല്‍തീരത്തെ ഈ ബിസിനസ്സ് തുടങ്ങിയതില്‍ പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല എന്നാണ്. “ഇത് മറ്റുള്ളവരെ എന്നും സന്തോഷിപ്പിക്കുന്ന ജോലിയല്ലേ!”

എന്‍റെ അറുപത്തിമൂന്നാം വയസ്സ് പാരാസൈക്ലിങ്ങിന് പറ്റിയ പ്രായമൊന്നുമല്ല. എന്നാലെന്താ, നീല നിറത്തില്‍ പരന്നു കിടക്കുന്ന ഈ  പസിഫിക് സമുദ്രം കാണാന്‍ ഇതിലും നല്ല വഴിയേതാണുള്ളത്? പാരച്യൂട്ടിനോട് ഘടിപ്പിച്ച പ്രത്യേക ഹാര്‍ണസ്സ് ധരിച്ച് ഞാനും ഭാര്യയും ഒരുമിച്ചാണ് പറന്നത്. ഞങ്ങളെ കാത്തിരുന്ന ഏറ്റവും വലിയ അത്ഭുതം നിശ്ശബ്ദതയായിരുന്നു. ശക്തമായ കാറ്റു വീശുന്ന ശബ്ദമാണ് ഞാന്‍ പ്രതീക്ഷിച്ചതെങ്കിലും കടലിന് മുകളിലൂടെ പറക്കുമ്പോള്‍ അതൊന്നും കേള്‍ക്കാനുണ്ടായിരുന്നില്ല. സ്വന്തം വയറിരമ്പുന്ന ശബ്ദം കേട്ടാലായി, അത്ര തന്നെ. ഒരു പക്ഷേ അമേരിക്കയില്‍ ഇങ്ങനെ ഒരു സാഹസം ചെയ്യാന്‍ മക്കളെ ഞങ്ങള്‍ അനുവദിക്കുമായിരുന്നില്ല. എന്നാല്‍ ഒരു മദ്ധ്യ അമേരിക്കന്‍ അവധിക്കാലത്ത് ഞങ്ങള്‍ക്ക് ഒരു പേടിയും തോന്നിയില്ല. അവധിക്കാലത്തു മാത്രം കാണുന്ന ആവേശം ഞങ്ങളെയും ബാധിച്ചു.

മാനുവല്‍ അന്റോണിയോ നാഷണല്‍ പാര്‍ക്കിലെ സന്ദര്‍ശനം അതിലും ശാന്തമായിരുന്നു. ഗൈഡഡ് ടൂര്‍ ഉപേക്ഷിച്ച്, ഒരാള്‍ക്ക് 16 ഡോളര്‍ വീതമുള്ള ടിക്കറ്റ് വാങ്ങി ഞങ്ങള്‍ പണം ലാഭിച്ചു. പാര്‍ക്കിലെ മനോഹരമായ, ഇനിയും നാശമാകാത്ത ബീച്ചിലേക്കുള്ള വഴിയില്‍ ഞങ്ങള്‍ കുരങ്ങന്‍മാരേയും റാക്കൂണുകളെയും പാമ്പുകളെയും ഇഗ്വാനകളെയും പല്ലികളെയും മരത്തിനു മുകളില്‍ ഉറങ്ങുന്ന തേവാങ്കിനെയുമൊക്കെ കണ്ടു. പാര്‍ക്കിന്‍റെ പ്രധാന ഗേറ്റില്‍ നിന്ന് അര മണിക്കൂര്‍ കയറ്റം കയറിയെത്തുന്ന ബീച്ച് ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും മനോഹരമായ ഒന്നാണ്. പക്ഷേ കഴിക്കാന്‍ സാന്‍ഡ്വിച്ചും മുറിച്ച പഴങ്ങളും വെള്ളവും പിന്നെ സണ്‍സ്ക്രീനും ഒക്കെക്കൊണ്ടു വരിക. പാര്‍ക്കില്‍ ഒന്നും തന്നെ വില്‍പ്പനയില്ല. ചിപ്സ് പോലെയുള്ള സാധനങ്ങള്‍ അകത്തു കയറ്റില്ല (അവയുടെ ഒഴിഞ്ഞ പാക്കറ്റുകള്‍ ആള്‍ക്കാര്‍ പാര്‍ക്കില്‍ ഉപേക്ഷിക്കാം എന്നതിനാലാണിത്). തൊലി കളയാത്ത പഴങ്ങളും സമ്മതിക്കില്ല (പഴത്തൊലി കുരങ്ങന്‍മാര്‍ക്ക് കൊടുക്കാന്‍ തോന്നാം). 

പിറ്റേന്ന് അടുത്തുള്ള ടൌണായ ക്വിപ്പോസിലെ കടല്‍പ്പാലത്തില്‍ നിന്ന് ഞങ്ങള്‍ കട്ടമരം (ചങ്ങാടം) കയറാനും സ്നോര്‍ക്കെലിങ്ങിനും പുറപ്പെട്ടു. 79 ഡോളറാണ് ഒരാള്‍ക്ക്. ഞങ്ങളുടെ ബോട്ടിനെ ഒരുകൂട്ടം ഡോള്‍ഫിനുകള്‍ മൈലുകളോളം പിന്തുടര്‍ന്നു. അകലെയുള്ളത് കാണാന്‍ വിഷമമുള്ള ഞാന്‍ ഒരു പ്രിസ്ക്രിപ്ഷന്‍ മാസ്കാണ് ധരിച്ചത്. അതുകൊണ്ട് പല നിറങ്ങളിലെ എയ്ഞ്ചല്‍ മല്‍സ്യങ്ങളെ കണ്ണിന് മുന്‍പിലെന്ന പോലെ കാണാനായി. 

സവിഗ നദിയിലൂടെ മൂന്നു മണിക്കൂര്‍ നീണ്ട വൈറ്റ് വാട്ടര്‍ റാഫ്റ്റിങ്ങായിരുന്നു ഞങ്ങള്‍ ഏറ്റവും ആസ്വദിച്ചത്. ഒരാള്‍ക്ക് 98 ഡോളര്‍. ഇടയ്ക്കു ഒരു വെള്ളച്ചാട്ടത്തിനു താഴെയുള്ള ഭാഗത്ത് നീന്താനായി നിര്‍ത്തി. ഞങ്ങളെ പോലെ ആദ്യമായി വരുന്നവര്‍ക്ക് ഗൈഡിനെ ആശ്രയിച്ചിരിക്കും ട്രിപ്പിന്‍റെ രസം. ഞങ്ങളുടെ ഗൈഡ് മിഗെല്‍ വലിയ ആവേശക്കാരനായിരുന്നു. ശാന്തമായ ഒഴുക്കിലും ആള്‍ക്കാരെ ബോട്ടില്‍ നിന്ന്‍ വെള്ളത്തില്‍ വീഴ്ത്താന്‍ ഒരു വഴി മിഗെല്‍ കണ്ടുപിടിക്കും. ട്രിപ്പ് കഴിഞ്ഞപ്പോള്‍ മറ്റൊരു റാഫ്റ്റിലെ ടൂറിസ്റ്റ് അസൂയയോടെ പറഞ്ഞു, “നിങ്ങളുടെ കുടുംബം അധികസമയവും വെള്ളത്തില്‍ തന്നെയായിരുന്നല്ലോ.”

ഞങ്ങളുടെ കോസ്റ്റാറിക്ക യാത്രയിലെ എല്ലാ കാര്യങ്ങളും കുറവുകളില്ലാതെയായിരുന്നില്ല. കടുത്ത ചൂടായിരുന്നു, ഡ്രൈവര്‍മാര്‍ക്ക് അവര്‍ നിശ്ചയിക്കുന്നവയായിരുന്നു നിയമങ്ങള്‍. എല്ലാ ടോയിലറ്റുകളും ടോയിലറ്റ് പേപ്പര്‍ ഉപയോഗിക്കാവുന്നവ ആയിരുന്നില്ല. അവസാനമായി ഞങ്ങള്‍ നടത്തിയ, ടോര്‍ടുഗ ദ്വീപിലേയ്ക്കുള്ള ചങ്ങാട യാത്ര കൃത്രിമമായ ആവേശം നിറഞ്ഞതായി ആദ്യം തോന്നി. 

എന്നാല്‍- അതേ ചങ്ങാടത്തില്‍ പുണ്ഡറെനായിലേക്കുള്ള മടക്കയാത്രയില്‍ ഞങ്ങള്‍ നാലുപേരും ബോട്ടിന്‍റെ വക്കത്ത്, കോസ്റ്റാറിക്കയിലെ ഞങ്ങളുടെ അവസാന അസ്തമയം കാണുന്ന ഫോട്ടോ ക്യാപ്റ്റന്‍ എടുത്തു. വിട പറയുന്നതില്‍ ഞങ്ങള്‍ക്കുള്ള ദുഖം അദ്ദേഹത്തിന് മനസ്സിലായിക്കാണണം. ഓരോ തമാശകള്‍ പറഞ്ഞ് ഞങ്ങളെ ചിരിപ്പിച്ച ശേഷമാണ് ഒരു ക്രിസ്മസ് കാര്‍ഡിന് പറ്റിയ പോലെയുള്ള ആ മനോഹര ചിത്രം എടുത്തത്. അത് ഞങ്ങളെ ഉല്ലാസഭരിതരാക്കി, ഞങ്ങളുടെ മുന്‍പില്‍ അപ്പോള്‍ ഉണ്ടായിരുന്ന ആ തിളങ്ങുന്ന നിമിഷങ്ങള്‍ ആസ്വദിക്കാന്‍ ഓര്‍മ്മിപ്പിച്ചു. കോസ്റ്റാറിക്കയിലെ ഭാഷയില്‍ പറഞ്ഞാല്‍ “Pura vida” (pure life)!

സന്ദര്‍ശകര്‍ക്കായി

എവിടെ താമസിക്കാം:

Hotel San Bada

Adjacent to Manuel Antonio National Park

011-506-2777-5333

hotelsanbada.com

മാനുവൽ അന്റോണിയോ നാഷണൽ പാര്‍ക്കിനോട് ചേര്‍ന്നുള്ള ഏതാനും ഹോട്ടലുകളിലൊന്ന്. ഈ ഫോർ സ്റ്റാർ ഹോട്ടലിൽ മൂന്നു പൂളുകളുണ്ട്. ബീച്ചിലേയ്ക്കും ടൌണിലേക്കും നടക്കാവുന്ന ദൂരം മാത്രം. മുറിവാടക 200 ഡോളറിൽ തുടങ്ങുന്നു.

ഭക്ഷണം കഴിക്കാൻ:

Falafel Bar

Calle Principal, on the road to Quepos

011-506-2777-4135

എട്ടു ഡോളറിൽ താഴെ വിലയ്ക്ക് സ്വാദുള്ള ഫലാഫെൽ (falafel) വിളമ്പുന്നു. നല്ല അന്തരീക്ഷം.

Los Gemelos

ക്വിപ്പോസിലേക്കുള്ള പ്രധാന റോഡിൽ ഓററ്റീനയിലേക്കുള്ള പ്രവേശനകവാടത്തിനു മുന്‍പിൽ.

കടലിനു നേരെയുള്ള, സജീവമായ കഫേയും ബാറും. തനി കോസ്റ്റാറിക്കൻ ഭക്ഷണം; വില 12 ഡോളറിനുള്ളിൽ.

Sol Frozen Yogurt

On the road from Manuel Antonio National Park

011-506-8444-0014

solfrozenyogurt.com

പുതുമയുള്ള ഐസ്ക്രീം, ഫ്രോസൻ ഡ്രിങ്കുകൾ എന്നിവ ഏതാണ്ട് ആറു ഡോളറിന് ലഭിക്കുന്നു. (‘ഓറഞ്ച് ഡ്രീം’ പരീക്ഷിക്കണമെന്ന് ഞാൻ പറയും.)

ചെയ്യാൻ:

Aguas Azules Costa Rica

On Manuel Antonio beach next to Mary’s Chairs

011-506-2777-9192

costaricaparasailing.com

സ്പീഡ് ബോട്ടിനോട് ബന്ധിപ്പിച്ചിട്ടുള്ള പാരച്യൂട്ടിൽ 15 മിനുട്ടുള്ള പാരാസെയ്ലിങ് സെഷനുകൾ ഒരാള്‍ക്ക് 75 ഡോളറിൽ തുടങ്ങുന്നു (രണ്ടാള്‍ക്ക് 140 ഡോളർ).

Rancho Los Tucanes

Manuel Antonio

011-506-2777-0775

rancholostucanes.com

വൈറ്റ് വാട്ടര്‍ റാഫ്റ്റിങ്- മോഡറേറ്റ്. മുതിര്‍ന്നവര്‍ക്കും എട്ടു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കും രണ്ടര മണിക്കൂർ നീളുന്ന റാഫ്റ്റ് ട്രിപ്പുകൾ. Throwaway camera കരുതാം. മൊബൈല്‍ ഫോണ്‍ ക്യാമറ പറ്റില്ല.

വിവരങ്ങള്‍ക്ക്:

manuelantoniocostarica.com

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍